31
വോളിബോള്‍
ഇന്നു 'കരിങ്കുന്നം സിക്സസ്' എന്ന വോളിബോള്‍ ചിത്രം കണ്ടു. വോളിബോള്‍ പ്ലെയറായ ഡഗ്ലസിന്റെ വേഷത്തിലെത്തിയത് ബാബുവായിരുന്നു. അവരുടെ ടീം മുമ്പോട്ടു കുതിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ സന്തോഷംകൊണ്ടു നിറഞ്ഞു. ബാബുവിനു വോളിബോളിനോടുള്ള സ്നേഹം ഓരോ ഷോട്ടിലും വ്യക്തമായിരുന്നു.
അനിച്ചാച്ചനും തമ്പിച്ചാച്ചനും ബാബുവുമൊക്കെ മിന്നുന്ന വോളിബോള്‍ താരങ്ങളായിരുന്നു. അച്ഛായ്ക്ക് അതഭിമാനവും! പണ്ടൊരിക്കല്‍ പെരുമഴയത്തു നടന്ന അവരുടെ പൊരിഞ്ഞ മത്സരം കാണാന്‍ അച്ഛായ്ക്കൊപ്പം പോയത് മനസ്സില്‍ മായാതെ കിടക്കുന്നു. ഒരിക്കല്‍പ്പോലും ഞാന്‍ വോളിബോള്‍ കളിച്ചിട്ടില്ലെങ്കിലും എന്റെ രക്തത്തിലും ആ കളി അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നു വളരെ വൈകിയാണെങ്കിലും മനസ്സിലാക്കാന്‍ 'കരിങ്കുന്നം സിക്സസ്' വേണ്ടിവന്നു. പക്ഷേ ഇനിയുമൊരങ്കത്തിനു ബാല്യമൊട്ടില്ലതാനും!
33
രണ്ടു മിനിമാര്‍
വെള്ളയും നീലയുമിട്ട്, കാഞ്ഞിരപ്പള്ളി സെന്റ്മേരീസ് ഗേള്‍സ് ഹൈസ്ക്കൂളിലേക്ക് ഒരുപറ്റം പെണ്കിടാങ്ങള് പൊന്കുന്നത്തുനിന്ന് ഒരുമിച്ചായിരുന്നു യാത്ര. അതില്‍, മഞ്ഞിന്റെ നിറമുള്ള ഒരു പെണ്‍കുട്ടി എപ്പോഴും കണ്ണുകളില്‍ ഒരു മന്ദഹാസമൊളിപ്പിച്ചിരുന്നു. നീണ്ട പുരികവും നീട്ടിയെഴുതിയ വലിയ കണ്ണുകളും രണ്ടായിക്കെട്ടിയ നീളം കുറഞ്ഞ ചുരുണ്ട മുടിയും.
ഞാന്‍ ഒരുവര്‍ഷം ജൂനിയറായിരുന്നതുകൊണ്ടാവാം ആ മിനിക്ക് ഈ മിനിയോട് ഒരു പ്രത്യേക വാത്സല്യമുള്ളതായി തോന്നിയിട്ടുണ്ട്. തമാശകള്‍ പറഞ്ഞു ചിരിച്ചും ചിരിപ്പിച്ചുമൊക്കെ കടന്നുപോയ യാത്രകള്‍. ഹൈസ്ക്കൂള് വിട്ടതിനുശേഷം ഇന്നാദ്യമായി അണ്‍നോണ്‍ നമ്പറിലൂടെ മിനിയുടെ സ്വരം കേട്ടപ്പോള്‍ ഉള്ളിലെവിടെയോ ഒരു കുഞ്ഞു സന്തോഷം. ഒരിക്കല്‍ക്കൂടി അന്നത്തെ പാവാടക്കാരി അനിയത്തിക്കുട്ടിയായതുപോലെ!
34
'ലൈഫ് ഓഫ് പൈ' ഓര്‍മിപ്പിച്ചത്
ചെറുപ്പത്തില്‍ അച്ഛായ്ക്കൊപ്പം കുട്ടിക്കാനം, പീരുമേട്, മൂന്നാര്‍, കൂട്ടിക്കല്‍, കരുന്തരുവി എന്നീ സ്ഥലങ്ങളിലൊക്കെ കറങ്ങിനടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല, എന്റെ മനസ്സ് കാലാകാലം അവിടങ്ങളിലായി ചിതറിക്കിടക്കുമെന്നും പത്തുനാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം ആ യാത്രകളെക്കുറിച്ചൊക്കെ കുത്തിക്കുറിക്കുമെന്നും! എന്തുകൊണ്ട് അച്ഛായ്ക്കൊപ്പം ആ യാത്രകളില്‍ കൂടെക്കൂടിയെന്ന് വീണ്ടുംവീണ്ടും വെറുതേ ചിന്തിക്കാറുണ്ട്. കുട്ടികള്‍ക്കു രസകരമായിത്തോന്നുന്നതൊന്നും ആ സ്ഥലങ്ങളിലുണ്ടായിരുന്നില്ലെങ്കിലും കാടും കാട്ടാറും മലകളുമൊക്കെ എനിക്കെന്നും പ്രിയപ്പെട്ടവയായിരുന്നു. ഒറ്റയ്ക്കു ചുറ്റിനടന്നു കണ്ട കാഴ്ചകള്‍ തന്നെ പിന്നെയും പിന്നെയും കാണാനിഷ്ടമായിരുന്നു. മൂന്നാര്‍ ടൗണിനു നടുവിലുള്ള മലമുകളിലെ മനോഹരമായ കുഞ്ഞുപള്ളിയും തൂങ്ങിയാടുന്ന തൂക്കുപാലവും അടുക്കിപ്പെറുക്കി വച്ചിരിക്കുന്നതുപോലെയുള്ള തേയിലത്തോട്ടങ്ങളും കണ്ണും മനസ്സും നിറയ്ക്കുന്ന വലിയ റോസാപ്പൂക്കളും കുളിരുമടങ്ങിയ നനുത്ത ഓര്‍മകള്‍ എന്നും ഉള്ളില്‍ സൂക്ഷിച്ചിരുന്നു.
'ലൈഫ് ഓഫ് പൈ' എന്ന ഹോളിവുഡ് സിനിമയില്‍, മൂന്നാറിലെ മനോഹരമായ ആ കുഞ്ഞുപള്ളി നിനച്ചിരിക്കാതെ ഒരിക്കല്‍ക്കൂടി കണ്ടു!
35
പ്രാര്‍ത്ഥനയും ചൂരല്‍വടിയും
കുഞ്ഞുന്നാളിലെ സന്ധ്യാപ്രാര്‍ത്ഥനയുടെ ഓര്‍മകളില്‍ ഒരു ചൂരല്വടിയുമുണ്ടായിരുന്നു! സ്വീകരണമുറിയില്‍, പായ വിരിച്ചു നിലത്തിരുന്നായിരുന്നു പ്രാര്‍ത്ഥന. പായയുടെ അടിയില്‍ അമ്മച്ചി ഒരു വടി സൂക്ഷിച്ചിരുന്നു. പ്രാര്‍ത്ഥന തടസ്സപ്പെടുത്തുന്ന കുട്ടികള്‍ക്കു ചൂരല്ക്കഷായമുറപ്പ്! ഏറ്റവും ചെറുതു ഞാനായിരുന്നതുകൊണ്ട് കുസൃതി കൂടുതലെനിക്കായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ ആ വടി എനിക്കുവേണ്ടി മാത്രമുള്ളതായിട്ടാണു ഞാന്‍ കരുതിയിരുന്നത്. അങ്ങനെയിരിക്കെ, അനിച്ചാച്ചന്റെ കുഞ്ഞ്, ജൂലി, എനിക്കിളയതായി സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുതുടങ്ങി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രാര്‍ത്ഥനാസമയത്തെ അവളുടെ കളിയും ചിരിയും അമ്മച്ചിയടക്കം എല്ലാവരും ആസ്വദിക്കാന്‍ തുടങ്ങി!
പതിയെപ്പതിയെ, കുടുംബപ്രാര്ത്ഥനതന്നെ ഇല്ലാതായി. പ്രാര്‍ത്ഥിക്കേണ്ടവര്‍ ഒറ്റയ്ക്കും പെട്ടെയ്ക്കുമൊക്കെ ചൊല്ലിത്തുടങ്ങി. കുടുംബപ്രാര്‍ത്ഥന കുറച്ചുകാലത്തേക്കെങ്കിലും നിന്നുപോയതില്‍ നിഗൂഢമായൊരു സന്തോഷം ഞാനന്നനുഭവിച്ചിരുന്നു!
പിന്നീട്, കന്യാസ്ത്രീകള്‍ നടത്തുന്ന കോളേജ് ഹോസ്റ്റലുകളില്‍ രാവിലത്തെ കുര്‍ബാനയും വൈകിട്ടത്തെ കൊന്തയും കൂടണമെന്നുള്ളത് അലംഘനീയമായ നിയമമായിരുന്നു. ഹോസ്റ്റലിലെ ചാപ്പലില്‍, പുറത്തുനിന്നൊരു ഫാദര്‍ വന്നു കുര്‍ബാന ചൊല്ലുമായിരുന്നു. ഫാദറിനു വരാന്‍ സൗകര്യപ്പെടാത്ത പ്രഭാതങ്ങളായിരുന്നു അക്കാലത്ത് എനിക്കേറ്റവും പ്രിയപ്പെട്ട പ്രഭാതങ്ങള്‍!
വാര്‍ഡന്റെ അനുവാദത്തോടുകൂടി, മൂടിപ്പുതച്ചുറങ്ങാന്‍ കിട്ടുന്ന ഇത്തരം അവസരങ്ങള്‍പോലും നഷ്ടപ്പെടുത്തി, അടുത്തുള്ള ഹോസ്റ്റലിലെ ചാപ്പലില്പ്പോയി നിന്നുകൊണ്ടുറങ്ങി കുര്‍ബാന കൂടുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു! ഒന്നാംക്ലാസ്സുമുതല്‍ ബോര്‍ഡിംഗില്‍ എല്ലാ ദിവസവും കുര്‍ബാനകൂടി ശീലിച്ചുപോയതുകൊണ്ട് ഒരു ദിവസംപോലും കുര്‍ബാന വേണ്ടെന്നുവയ്ക്കാന്‍ ആനിയമ്മയ്ക്കാവുമായിരുന്നില്ല. ഇന്നിപ്പോള്‍ ടെലിവിഷനില്‍, മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സന്ധ്യാപ്രാര്‍ത്ഥന കുടുംബത്തോടൊപ്പം വളരെയധികം താല്‍പ്പര്യത്തോടെ ചൊല്ലുമ്പോള്‍ വെറുതേ പണ്ടത്തെ ചൂരല്‍ക്കഷായത്തിന്റെ ഓര്മ വരും!
36
കടലമിഠായി
അങ്ങോട്ടുള്ള യാത്രയില്‍, മഴയില്‍ കുളിരണിഞ്ഞുനിന്ന മാമലകള്‍ തിരിച്ചുള്ള യാത്രയില്‍ തിളങ്ങി, തളിരണിഞ്ഞുനില്ക്കുന്നു. ഇന്ത്യന്സ്റ്റോറില്നിന്ന് എള്ളുണ്ടയും കടലമിഠായിയും വാങ്ങുന്ന 'തരികിട'പ്പരിപാടിയൊക്കെ നിര്‍ത്തി, ക്രാകെ ജാക് നുണഞ്ഞു കാറിലിരിക്കുമ്പോള്‍, അസംപ്ഷന്‍ കോളേജ് ഹോസ്റ്റലിന്റെ പിന്നിലെ ഇടവഴിയിലുള്ള, കടലമിഠായി ഉണ്ടാക്കിവില്ക്കുന്ന ഒരു കുഞ്ഞുകുടില്‍ ഓര്‍മവന്നു. ഘോരഘോരം പഠിക്കുന്ന പഠിപ്പിസ്റ്റുകളെയൊക്കെ പിന്തള്ളിക്കൊണ്ട്, ആ കുടിലില്‍ കടലമിഠായിയുണ്ടാക്കുന്ന പെണ്‍കുട്ടി ഒന്നാംറാങ്കു വാങ്ങിയെന്നറിഞ്ഞപ്പോള്‍ ചെറുതായൊന്നുമല്ല അന്നു ഞെട്ടിയത്. ആ പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി കണ്‍കുളിര്‍ക്കെ കാണണമെന്നൊരാഗ്രഹം അന്നുണ്ടായിരുന്നു. എന്തോ, നടന്നില്ല.
അതിനൊക്കെപ്പണ്ട്, എന്റെ വീടിന്റെ തൊട്ടടുത്തുള്ള 'കുട്ടി'യുടെ കടയായിരുന്നു മിഠായികളുടെ കേന്ദ്രം. വെള്ളമുണ്ടും, തോളില്‍ വെള്ളത്തോര്‍ത്തും ധരിച്ചിരുന്ന, 'കുട്ടി'യെന്നു പേരുള്ള ആ വലിയ മനുഷ്യന്, ഏതു കൊച്ചു കുട്ടി വന്നാലും എഴുന്നേറ്റുനിന്നാണ് മിഠായി വിതരണം ചെയ്തിരുന്നത്. ആ കുട്ടിയും തൊട്ടടുത്ത വൈദ്യശാലയിലെ, വെളുത്തുനീണ്ടു മെലിഞ്ഞ തോമാച്ചന്വൈദ്യരുമൊക്കെ ചിരഞ്ജീവികളാണെന്നാണു ഞാന്‍ കരുതിയിരുന്നത്.
ഡാന്‍സ് പഠിപ്പിക്കുന്ന ജാനമ്മ ടീച്ചറിന്റെയും സിനിമാനടി ശാരദയുടെ ഛായയുള്ള രാധയുടെയും കുടുംബങ്ങള്‍ കടകളുടെ താഴത്തെ നിലയിലെ ഒരുപാടു കുടുസ്സുമുറികളുള്ള വീടുകളില്‍ താമസിച്ചിരുന്നു. ഇരുകൂട്ടര്‍ക്കുംകൂടി, നടുവിലായി ഒരു സുന്ദരന്‍ കിണറുമുണ്ടായിരുന്നു.
ഇന്നു രാവിലെ ഉണര്ന്നപ്പോള്ത്തന്നെ, നാട്ടിലെ ഞങ്ങളുടെ പറമ്പിലെ താഴത്തെ കിണറ്റില്‍നിന്ന് ഒരുതൊട്ടി വെള്ളം കോരാന്‍ മോഹം തോന്നി.
37
കളിവീട്
പണ്ടേ വെള്ളത്തിനു ക്ഷാമമുള്ള നാടാണു പൊന്‍കുന്നം. ചുറ്റുപാടുമുള്ള സകലകിണറുകളും വറ്റിവരണ്ടു കിടക്കുമ്പോഴും അനിതയുടെ വീട്ടിലെ കിണര്‍ മാത്രം അക്ഷയപാത്രംപോലെ എത്ര കോരിയാലും അടുത്ത പാളയ്ക്കുവേണ്ടി ഒരുതുടം വെള്ളം അവശേഷിപ്പിക്കും! ഏതു സമയത്തും കോരിയെടുക്കാവുന്ന തെളിനീര്! നാട്ടുകാര്‍ സ്വന്തമെന്നതുപോലെ ഉപയോഗിക്കുന്ന കിണര്‍!
ഒരുപാടു പ്രത്യേകതകളുള്ള ആ വീടും തൊടിയും ഞങ്ങള്‍ കുട്ടികള്‍ക്കു പതിച്ചുകിട്ടിയതുപോലെ ആയിരുന്നു. സ്ക്കൂള് വിട്ടാല്‍ എല്ലാവരും ഒത്തുചേരുന്ന സ്ഥലം. മറ്റൊരു കളിസ്ഥലത്തേക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമില്ല.
അടുക്കളയില്‍നിന്നു മൂന്നുനാലു നടകള്‍ കയറിവേണം ഊണുമുറിയിലെത്താന്. അവിടെനിന്നു നടകള്‍ കയറി ഇടനാഴിയിലേക്ക്. ഇടനാഴിയില്‍നിന്നു കോണിപ്പടികള്‍ കയറി മുകളിലെ സ്വീകരണമുറിയിലേക്ക്. അടുക്കളയില്‍നിന്നു മുകളിലെ മുറി വരെയുള്ള ഓട്ടംതന്നെ രസമുള്ള ഒരു കളിയായിരുന്നു! പിന്നെ, സാറ്റു കളിക്കുമ്പോള്‍ ഒളിച്ചിരിക്കാന്‍ ഇഷ്ടംപോലെ അറകളും കോണുകളും! കുട്ടിപ്പട്ടാളം അരങ്ങുതകര്‍ക്കുന്ന, അയല്പക്കത്തെ കളിവീട്!
38
മണവാട്ടി
അന്നുരാവിലെയുണര്ന്ന്, മണവാട്ടിയാകാന്‍ അണിഞ്ഞൊരുങ്ങുമ്പോള്‍ മനസ്സിലൊരു ശൂന്യതയായിരുന്നു. പേടിയോ പിരമുറുക്കമോ ഒന്നും തോന്നിയതേയില്ല. പെണ്‍കുട്ടികള്‍ ഒരിക്കല്‍ സ്വന്തം വീടുവിട്ടിറങ്ങേണ്ടതാണെന്ന യാഥാര്‍ത്ഥ്യം നേരത്തേതന്നെ ഉള്ക്കൊണ്ടിരുന്നതുകൊണ്ടാകാം ഒരു വിഷമവും തോന്നിയില്ല. പിന്നീട്, കൂട്ടുകാരും വീട്ടുകാരുമൊക്കെ ചുറ്റും കൂടിയപ്പോള്‍ ഉള്ളില്‍ ചിരിയുടെ ചെറിയൊരു മണികിലുക്കം കേട്ടുതുടങ്ങിയതായോര്ക്കുന്നു.
സ്തുതി പറയാന്‍നേരം അച്ഛായുടെ മുഖത്തേക്ക് ഒരുനിമിഷം ഒന്നു പാളിനോക്കിയതും എന്റെ അറിവോ സമ്മതമോ കൂടാതെ ഉള്ളില്‍നിന്ന ഒരു തേങ്ങല്‍ ശക്തിയോടെ പുറത്തേക്കൊഴുകിയതും ഒരുമിച്ചായിരുന്നു. എന്റെ കണ്ണുകള്‍ കരകവിഞ്ഞൊഴുകി.
മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അറിയാതെ ഒരു തേങ്ങല്‍ പിടിവിട്ടുതിര്ന്നുവീഴുന്നു.
'ഈ സാരി ഇതേ സ്ഥലത്തു പോയപ്പോള്‍ ഉടുത്തിട്ടുള്ളതാണ്, ഇതങ്ങു മാറ്റിക്കോളൂ' എന്നുപപറഞ്ഞുതരാന്, പുതിയ വീട്ടില്‍ എനിക്കു കൂട്ടായി ഏഴുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരുപാടൊരുപാടു സ്നേഹത്തോടെ എന്റെയാ കൊച്ചുകൂട്ടുകാരിയെ ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു.
39
കൊച്ചുവര്‍ത്തമാനങ്ങള്‍
കുര്‍ബാന പകുതിയായപ്പോള്‍ത്തന്നെ പതിവില്ലാതെ പള്ളിയില്‍നിന്നു പുറത്തിറങ്ങി ഇളംകാറ്റേറ്റു നിന്നു. കഴിഞ്ഞ കുറേ മണിക്കൂറുകളായി അച്ഛായോടു കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനെക്കുറിച്ചുതന്നെയായിരുന്നു ചിന്ത. അച്ഛായുടെ മുറിയായിരുന്നു വീട്ടിലെ പ്രധാനമുറി. മക്കളും മരുമക്കളും കൊച്ചുമക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെ മാറിമാറി സഭ കൂടുന്ന സ്ഥലം!
തിരക്കൊക്കെ ഒഴിഞ്ഞുകഴിയുമ്പോള്‍ മേശയുടെ വശത്തുള്ള കസേരയില്‍ ഒരുപാടുനേരം അച്ഛായുമായി സംസാരിച്ചിരിക്കും. ബിസിനസ് കാര്യങ്ങള്‍ മുതല്‍ നാട്ടുകാര്യവും വീട്ടുകാര്യവുമൊക്കെയാവും വിഷയങ്ങള്‍. വീട്ടിലെ ഏറ്റവും ചെറുതായിരുന്ന എന്റെ അഭിപ്രായങ്ങള്‍ക്കുപോലും അച്ഛാ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
ചങ്ങനാശ്ശേരിവീട്ടിലെ ചാച്ചി മിക്കവാറും വരാന്തയിലെ ചാരുകസേരയിലിരിക്കുന്നുണ്ടാവും. അവിടെയാണ് എല്ലാവരും സഭ കൂടാറുള്ളത്. അവിടത്തെ തിരക്കൊഴിയുമ്പോള്‍ വരാന്തയുടെ നടയില്‍ ഞാന്‍ ചെന്നിരിക്കും. ലോകകാര്യങ്ങളെക്കുറിച്ച് ചാച്ചിക്കു ചാച്ചിയുടേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. പഴയതും പുതിയതും വരാനിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചു ഞങ്ങള്‍ വളരെനേരം സംസാരിച്ചിരിക്കും.
ഇന്നെന്തോ, ഒരിക്കല്‍ക്കൂടി ഇവരോടൊക്കെ സംസാരിച്ചിരിക്കാന്‍ കൊതി തോന്നി. കാര്വാഷിലൂടെ ഒന്നു കയറിയിറങ്ങിയപ്പോഴാണ് മനസ്സിന്റെ വിങ്ങല്‍ മാറി ഒരു തെളിച്ചം കിട്ടിയത്.
Read more: https://emalayalee.com/writer/225