MediaAppUSA

നിരാഷ്ട്രീയതയുടെ അശ്ളീലങ്ങൾ - പ്രകാശൻ കരിവെള്ളൂർ

Published on 11 June, 2022
നിരാഷ്ട്രീയതയുടെ അശ്ളീലങ്ങൾ - പ്രകാശൻ കരിവെള്ളൂർ

പൊതുതാല്പര്യങ്ങളാൽ പ്രചോദിതമായി സേവനസന്നദ്ധവും ത്യാഗോജ്ജ്വലവുമായ രാഷ്ട്രീയ പ്രവർത്തനത്തിന് കച്ചകെട്ടിയിറങ്ങിയ നിരവധി നേതാക്കന്മാരും അനുയായികളുമുണ്ടായിട്ടുണ്ട് ഓരോ രാഷ്ട്രീയപ്പാർട്ടിയിലും . സ്വാതന്ത്ര്യസമരനാളുകളിൽ അത് കോൺഗ്രസ്സിനെയും തൊഴിലാളി - കർഷക സമര കാലഘട്ടങ്ങളിലൂടെ അത് കമ്യൂണിസ്റ്റ് പാർട്ടിയേയുമാണ് സജീവമാക്കിയത് . രണ്ടിലും റോളില്ലാത്ത , വർഗീയാഭിമുഖ്യം മാത്രം മുടക്കുമുതലാക്കി ഭരണവ്യവസായം നടത്തുന്ന ബിജേപി മുന്നണിയുടെ കൈകളിലേക്കാണ് മുൻകാല ഭരണ-പ്രതിപക്ഷങ്ങൾ രാജ്യത്തെ വലിച്ചെറിഞ്ഞിരിക്കുന്നത്.

കേരളത്തിൽ ആ ഭരണ - പ്രതിപക്ഷങ്ങൾ മാറിമാറി അധികാരത്തിലെത്തുന്ന ജനാധിപത്യോന്മുഖമായ ഭേദക്കാഴ്ച്ചയാണ് ആറു പതിറ്റാണ്ടോളം ഇവിടെ സാമാന്യം പ്രബുദ്ധമെന്ന് ആശ്വസിക്കാവുന്ന ഒരു രാഷ്ട്രീയമണ്ഡലം വികസിച്ചു വരാൻ കാരണമായത്. പൊതു വിദ്യാഭ്യാസത്തിന്റെ സാർവത്രികതയും തൊഴിലവകാശബോധവും   ക്ളബ്ബ് - വായനശാലാ - നാടക പ്രവർത്തനങ്ങളും അഭിമാനകരമായ ഒരു പുരോഗമന രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചെടുത്തിരുന്നു കേരളത്തിൽ . അങ്ങനെ ഇന്ത്യയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യബോധം രൂപപ്പെട്ടതിന്റെ സൽഫലങ്ങളിൽ ചില തെല്ലാമാണ് ഇന്നും കേരളത്തെ അൽപമെങ്കിലും ഉയർത്തി നിർത്തുന്നത്.

എന്നാൽ അക്കാര്യത്തിൽ അവശേഷിക്കുന്ന നന്മകളെയും മേന്മകളേയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനുള്ള വാമനാവതാരങ്ങളാണ് ഇന്ന് ഓരോ കക്ഷിയുടെയും നിലപാടും ഇടപാടും നിർണയിക്കുന്നത്. ഏത് വേഷത്തിൽ വന്നാലും മൂവടി കൊണ്ട് മുപ്പാരുമളക്കുന്ന ആ കുടിലാധികാര നിഗൂഢതകളിൽ നേർ വഴികൾ അവഹേളിതവും ആശയാദർശങ്ങൾ പരിഹാസ്യവുമാവുകയാണ്. മൂലധനവിധേയത്വത്തിന്റെ വ്യത്യസ്തത അളന്ന് ഇനി നമുക്ക് ഇടതും വലതും വിവേചിക്കാൻ സാധ്യമല്ല.

ആരാണിവിടെ പണത്തിന്റെ ശക്തികൾക്ക് (സ്വദേശ - വിദേശഭേദമില്ലാതെ ) വഴിപ്പെടാത്തത്. മാർക്സ് ആ ചൂഷണ ശക്തിയെ ദാസ് കാപ്പിറ്റൽ എന്ന് ചൂണ്ടിക്കാട്ടി. നമ്മൾ മിക്കവരും ഇന്ന് ക്യാപിറ്റലിന്റെ ദാസന്മാരായി ! ഫണ്ടിങ്ങ് പദ്ധതികളെല്ലാം വികസനത്തെ മുൻ നിർത്തി പൊതുമണ്ഡലത്തെ മൊത്തം അരിഞ്ഞ് കുടിക്കുന്നു. അന്താരാഷ്ട്ര മൂലധനത്തിന്റെ സാമന്തന്മാർ സ്വന്തം ജനതയ്ക്ക് മുന്നിൽ കുത്തകാധികാരികളെപ്പോലെ ഞെളിയുന്നു !

ഇതിനെല്ലാം പുകമറയിടാൻ രാഷ്ട്രീയമാഫിയയുടെ കരുക്കളായി വർത്തിക്കുന്നത് വംശീയലീലാ വിലാസങ്ങളാണ്. മാധ്യമവ്യവസായം കൊണ്ടും കൊടുത്തും ഇര തേടുകയും ഇരയാവുകയും ചെയ്യുന്നുണ്ട്. മുംബൈയിലെ സിനിമാ അധോലോകം മയക്കുമരുന്നും സെക്സ് റാക്കറ്റുമായി എറണാകുളത്തും കോഴിക്കോട്ടും എത്തിയത് പോലെ , ഇന്ത്യൻ രാഷ്ട്രീയ ചളിത്തൊഴുത്ത് ജാതിമത ലൈംഗികകേളികളുമായി കേരളത്തിലുമെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു.

മറിയം റഷീദയെ വച്ച് നമ്പി നാരായണൻ എന്നൊരു സാത്വിക ശാസ്ത്രജ്ഞനെ ജീവനോടെ ദഹിപ്പിച്ച രാഷ്ട്രീയ-മാധ്യമ മാഫിയ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീമിൽ കുളിപ്പിച്ച് മുസ്ളീം ലീഗിനെ കോൺഗ്രസ് മുന്നണിയിലെ പുലിയാക്കി വളർത്തിയെടുത്തത് എങ്ങനെ എന്ന് നമ്മൾ കണ്ടതാണ്. എന്നാൽ അവിടെ ഇന്ത്യാവിഷൻ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾക്ക് ഒരു ആദർശാത്മകമുഖമുണ്ടായിരുന്നു. എന്നാൽ സോളാർ പാനലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സരിത - ഉമ്മൻ ചാണ്ടിക്കളിയാക്കി ആ വിഷയത്തെ രാഷ്ട്രീയ ബാഹ്യ ലൈംഗിക വൃത്താന്തമാക്കി അധ:പതിച്ചതിൽ അന്നത്തെ പ്രതിപക്ഷത്തിനും വലിയ പങ്കുണ്ട് .

ഇന്നിപ്പോൾ പി സി ജോർജിനെപ്പോലെയുള്ള വികലകോമാളിത്ത വിഷവും സ്വപ്നമസാലയും സമം ചേർത്ത് വേവിക്കുന്ന ബിരിയാണി ഭരിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇടതുപക്ഷേതരരെല്ലാം ഒരുമിക്കുമ്പോൾ ഒന്നോർക്കുക , പാഠങ്ങൾ പലതിന്റെയും ആദിരൂപം എവിടെ നിന്ന് എങ്ങനെ പിറക്കുന്നു ?
സുതാര്യത എന്നത് സ്വന്തം കക്ഷിയുടെ കമ്മറ്റികൾക്കകത്ത് പോലും പുലർത്താൻ കഴിയാത്ത കോൺഗ്രസ്സ് - ബീ ജേ പി വലതുപക്ഷ ഹിപ്പോക്രസിയുടെ രോഗാണുക്കൾ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സിനെയും ബാധിക്കുകയാണോ ? അല്ല അവിഹിതമായി ഒന്നും ചെയ്ത് ശീലമില്ലാത്ത പുരോഗമന രാഷ്ട്രീയ സംസ്കാരം കോൺഗ്രസിനെയും ബീ ജേ പിയേയും മര്യാദ പഠിപ്പിക്കുകയാണോ ?

എന്താണ് ശരിക്കും നടക്കുന്നത്. നോബൽ സമ്മാനം സ്വീകരിച്ച കാലത്ത് നമ്മുടെ നാട്ടിൽ വന്ന അമർത്ത്യ സെൻ പറഞ്ഞതോർക്കുന്നു - കേരളത്തിൽ വലതു രാഷ്ട്രീയ കക്ഷികൾക്ക് പോലുമുണ്ട് ചെറിയൊരു ഇടതുപക്ഷ സംസ്കാരം. കാൽ നൂറ്റാണ്ട് കൊണ്ട് അതെങ്ങനെ ഇത്രയും തകിടം മറിഞ്ഞു ? ഈ നിരാഷ്ട്രീയആഭാസങ്ങൾക്ക് മുന്നിൽ രാഷ്ട്രീയം എന്ന സംവിധാനത്തെ ആദരിക്കുന്നവർ എങ്ങനെ നിരാശരാവാതിരിക്കും ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക