കഥ ഇതുവരെ
രണ്ടാഴ്ച്ച പ്രായമുള്ള കുഞ്ഞിനെ രവികുമാർ പൂർണിമ ദമ്പതികൾ ജയദേവനും നിരുപമയ്ക്കും വളർത്താൻ കൊടുക്കുകയായിരുന്നു. അതിന് കാരണം ജീവിതത്തിൻ്റെ മധ്യാഹ്നത്തിലാണ് അവർക്ക് ആ കുഞ്ഞ് ജനിച്ചത്. മൂത്ത മകൻ അഖിൽ വിവാഹിതനും മകൾ നിഖില ഡിഗ്രി സ്റ്റുഡൻ്റും. നിഖിലയുടെ പിടിവാശി കാരണമാണ് കുട്ടികൾ ഇല്ലാതിരുന്ന ജയദേവൻ നിരുപമ ദമ്പതികൾക്ക് ആ പെൺകുഞ്ഞിനെ നൽകിയത്. ജയദേവനും പൂർണമായും കോളേജ് പഠനകാലത്ത് പ്രണയത്തിലായിരുന്നു.പൂർണിമയുടെ സഹോദരൻ പ്രഭാ ചന്ദ്രൻ പൂർണിമയെ രവികുമാറിനു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. കുറെ കാലം നിരാശനായി നടന്ന ജയദേവൻ ട്രാൻസ്ജെൻഡർ വുമൺ എന്ന് അറിഞ്ഞു വച്ച് നിരുപമയെ വിവാഹംചെയ്തു. കന്യാകുമാരിയിൽ വച്ച് നടന്ന പഴയ സഹപാഠികളുടെ ഗെറ്റുഗദറിൽ ജയദേവനും പൂർണമായും പങ്കെടുക്കുന്നു. അവിടെവച്ച് ജയദേവനിൽ ജനിച്ചതാണ് കുഞ്ഞ് എന്ന വാദവുമായി നിരുപമ രംഗത്ത് വരുന്നു. അത് വിജയിക്കുന്നില്ല.എങ്കിലും രവികുമാർ കുഞ്ഞിനെ ജയദേവനും നിരുപമക്കും വളർത്താൻ കൊടുത്തു. അനൂട്ടി എന്ന് പേരിട്ട് വളർത്തിയ കുഞ്ഞിന് നാലു വയസ്സുള്ളപ്പോൾ ജയദേവൻ മരണപ്പെട്ടു. കുട്ടിയുമായി അതിനകം സിനിമ സ്റ്റാർ ആയ നിരുപമ മുംബൈയിലേക്ക് പോയി.പിന്നെ അനൂട്ടിയെ പറ്റി ആർക്കും ഒരു വിവരവും ഇല്ലാതായി. ബോളിവുഡിലെ മിന്നും താരമായി നിരുപമ.14 വർഷങ്ങൾക്ക് ശേഷം നിരുപമ മകളുമായി കൊച്ചിയിൽ താമസിക്കാൻ എത്തുന്നു. നിരുപമയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മയക്കുമരുന്നിന് അടിമപ്പെട്ട മകളെ വീണ്ടെടുക്കാനുള്ള വരവായിരുന്നു അത്. ഈ വിവരം പൂർണിമയും രവികുമാറും അറിയുന്നു.അനൂട്ടിയെ ഡിഗ്രി ചേർത്ത കോളേജിലെ അധ്യാപികയായിരുന്നു നിഖില.ഭർത്താവ് സന്ദീപും അവിടെ ലെക്ചർ ആണ്.നിഖിലക്ക് അനൂട്ടിയെ മനസ്സിലാകുന്നു. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറി ചാനലിൽ ജോലിയുള്ള അഖിലും മാളവികയും എത്തുന്നു .പൂർണിമയുടെ മനസ്സറിഞ്ഞ് അഖിൽ നിരുപമ യുടെ ഹൗസിംഗ് കോളനിയിൽ ഒരു വാടക വീട് എടുക്കുന്നു. ഒപ്പം പൂർണിമയെ കൂട്ടുന്നു. ആ ദിവസം തന്നെ അനൂട്ടിയെ കാണാൻ കഴിയുന്നു.ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് സമയം പൂർണിമയെ അത്ഭുതപ്പെടുത്തി അനൂട്ടി കയറിവരുന്നു. അനുട്ടിക്കൊപ്പം പ്രാതൽ കഴിക്കാൻ കഴിഞ്ഞത് ജയകുമാറിനും പൂർണിമയും കിട്ടിയ അസുലഭ നിമിഷം ആയിരുന്നു.ആൻ്റി എന്ന വിളിയിൽ നിന്ന് അനൂട്ടിയെ അമ്മ എന്ന വെളിയിലേക്ക് മാറ്റിയെടുക്കാൻ പൂർണിമയ്ക്ക് കഴിഞ്ഞു. പാർടൈം ജോലിക്കാരി ജാസ്മിനിൽ നിന്ന് അനുട്ടി ഒരു വീട്ടിൽ കയറിയ വിവരം നിരുപമ അറിയുന്നു. 'സുകൃതം'ആ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അമർത്തി നിരുപമ കാത്തുനിൽക്കുന്നു. നിരുപമയെ കണ്ടതും പൂർണിമ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. സംശയം മനസ്സിൽ വച്ച് പോയ നിരുപമ ആർക്കിടെക്റ്റ് ഹരിശങ്കറിനെ വിളിച്ചു "സുകൃതം" വീട്ടിലെ താമസക്കാർ ആരെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുന്നു. നിരുപമയെ ഭയന്ന് അഖിലും മാളവികയും നിഖിലയുടെ വീട്ടിലെത്തുന്നു. നിരുപമയുടെ മകൾ മടങ്ങി വന്ന വിവരം പൂർണിമ അറിയരുതെന്ന് നിഖില മാളവികയോട് പറയുന്നു. രാത്രി ഹരിശങ്കറിൻ്റെ കോൾ പൂർണിമയ്ക്ക് വരുന്നു. വീടിനടുത്തെ പുതിയ താമസക്കാരെ പറ്റിയുള്ള സംസാരം നിരുപമയിൽ സംശയം ബലപ്പെടുന്നു. ഷൂട്ടിങ്ങിന് പങ്കെടുക്കേണ്ടി വരുന്നതിനാൽ നിരുപമ തിരക്കിട്ട് ഹൈദരാബാദിലേക്ക് പോകുന്നു. അനൂട്ടി കൂട്ടുകാരെ വിളിച്ചു സ്വാതന്ത്ര ആയതിന്റെ സന്തോഷം പങ്കുവെക്കുന്നു.
കഥ തുടർന്നു വായിക്കം.
പിറ്റേന്ന് രാവിലെ എട്ടര മണിക്ക് നിരുപമ ഹൈദരാബാദിൽ എത്തി. വിവാന്ത ഹോട്ടലിലായിരുന്നു നിരുപമക്കുള്ള താമസം ഒരുക്കിയത്. റൂമിൽ എത്തിയ ഉടൻ ആച്ചിയമ്മയെ വിളിച്ചു.
" അവൾ എന്തു ചെയ്യുന്നു ആച്ചിയമ്മേ..?"
"ഇതുവരെയും എണീറ്റില്ല മോളെ..ഇന്നലെ പിണക്കം ഒന്നും ഉണ്ടായില്ല."
നിരുപമ മൂളി.
" ജാസ്മിൻ വന്നാൽ അവളെ ആ വീട്ടിൽ പറഞ്ഞു വിടണം.അവരുടെ ആരുടെയെങ്കിലും ഒരാളുടെ ഫോട്ടോ എനിക്ക് അയച്ചു തരാൻ പറയണം. അവർ തിരിച്ചു വരാതിരിക്കില്ല. ഞാൻ ജാസ്മിനെ ഇപ്പോൾ തന്നെ വിളിച്ചു പറയുന്നുണ്ട്. ഫ്രണ്ട്സിനോട് സംസാരിച്ചപ്പോഴാണ് ഓർത്തത് ഒരു ലേഡി ബോഡിഗാർഡിനെ മോൾക്കൊപ്പം വെക്കേണ്ടത് ആയിരുന്നു. ."
"മോള് കോളേജിൽ അല്ലേ പോകുന്നുള്ളൂ. കൂടെ ശ്രീനിയും ഉണ്ട്. പിന്നെ അടുത്ത വീട്ടിൽ അവൾ പോകുന്നെങ്കിൽ ഇനി ഞാനും കൂടെ ചെന്നോള്ളാം..."
പിന്നിൽ അനുട്ടി വന്നു നിന്നത് ആച്ചിയമ്മ കണ്ടില്ല. അവർ സംസാരം അവസാനിപ്പിച്ച് ഫോൺ വെക്കാൻ തുടങ്ങിയതും അവൾ തിരിഞ്ഞുനടന്നു.
അവൾ മുകളിലെ ബാൽക്കണിയിലേക്ക് ചെന്നു. മരത്തിൻ്റെ മറപറ്റി ഒഴുകുന്ന പുഴയിലേക്ക് നോക്കിയിരുന്നു. പുഴയിൽ വെയിൽ എത്താൻ പത്ത് മണി എങ്കിലും ആവും.
അന്നേരം അവൾ നിഖില ടീച്ചറെ ഓർത്തു.
ഒരു പുഴ ഒരിക്കലേ ഒഴികു എന്ന് ടീച്ചർ പറഞ്ഞത് അവൾ ഓർത്തു. അവർ വിശദീകരിച്ചപ്പോൾ അത് സത്യം ആണെന്ന് തോന്നി. ഓരോ തവണ നോക്കുമ്പോഴും ആ വെള്ളം ഒഴുകിപ്പോയിരിക്കും. വെള്ളത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കളും കടന്നുപോകും. പിന്നെ കാണുന്നത് അടുത്ത പുഴ തന്നെയാണ്. നിഖില ടീച്ചറിൻ്റെ ക്ലാസിനെ പറ്റി കുട്ടികൾക്ക് നല്ല അഭിപ്രായമാണ്. അവർ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നുണ്ട്. നല്ല അറിവാണ്. അവർ കുട്ടികളുമായി അടുത്തിടപഴകുന്നില്ല എന്നതാണ് അവരും കുട്ടികളും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം. കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നത് ദോഷമായി നിഖില ടീച്ചർ കാണുന്നു. തന്നോട് മാത്രമായി വെറുപ്പും പകയും അവർ കാണിക്കുന്നതിൻ്റെ കാരണം മനസ്സിലാകുന്നില്ല. മമ്മിയെ കാണാൻ വരികയും രണ്ടുകൂട്ടരും ഒന്നും വിട്ട് പറയുകയും ചെയ്തില്ല.ഒന്നുകിൽ മമ്മിയെ മുമ്പേ ടീച്ചർക്ക് അറിയാം. അതേപ്പറ്റി പരാതി പറയാൻ വന്നതെങ്കിൽ മമ്മി തനിസ്വരൂപം തന്നോടു കാണിച്ചേ. അവരോട് സെൻറിമെൻസിൽ ഒന്ന് മുട്ടിയാലോ എന്ന അനൂട്ടി വിചാരിച്ചു.
അവൾ കിച്ചണിൽ വന്നപ്പോൾ ആച്ചി അമ്മയെ കണ്ടില്ല. അവൾ വർക്ക് ഏരിയയിൽ വന്നു. അവിടെ സ്ലാബിൽ ഇരുന്ന് ആച്ചിയമ്മ കറിക്ക് നുറുക്കുകയാണ്.
അവളെ കണ്ട് അവർ ചിരിച്ചു.
"ചായ മുറിയിൽ കൊണ്ടു വച്ചത് മോളു കുടിച്ചോ?"
അവൾ മൂളി.
"നമുക്ക് ഇന്ന് പുഴയിലിറങ്ങി കുളിച്ചാലോ ആച്ചി അമ്മേ.."
"അയ്യോ അങ്ങനെയുള്ള ചിന്തയൊന്നും വേണ്ട. മോളുടെ മമ്മി ഇവിടെയില്ല."
ആച്ചിയമ്മ ഭയന്നു.
" അതുകൊണ്ടല്ലേ ഞാൻ ഒരു ആഗ്രഹം പറഞ്ഞത്.ആച്ചിയമ്മയ്ക്ക് പേരക്കുട്ടികൾ ഇല്ലേ.?"
"ഉണ്ടല്ലോ.. മോളുടെ പ്രായത്തിൽ രണ്ടുപേർ."
" എന്നെപ്പോലെ കൂട്ടിലിട്ടാണോ ആച്ചി അമ്മയുടെ മക്കൾ അവരെ വളർത്തുന്നത്? ആരോടും മിണ്ടരുതെന്ന് പറഞ്ഞ്."
" മോള് വലിയ ഒരു അമ്മയുടെ മോളല്ലേ."
" അതുകൊണ്ട് എൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ വേണ്ടെന്നു വയ്ക്കണോ? അടുത്ത വീട്ടിൽ നല്ല കുറച്ചുപേരുണ്ട് അവിടെ പോയി അവരോട് സംസാരിച്ചാ എനിക്ക് സന്തോഷം കിട്ടുമെങ്കിൽ അത് പാടില്ല എന്ന് പറയുന്നത് ശരിയാണോ? അവിടെ ആൺകുട്ടികൾ ആരുമില്ല. ഒരു മോളുണ്ട്. അമയ. അവളോട് കളിക്കുകയും ചിരിക്കുകയും ചെയ്യാനാ ഞാൻ അവിടെ പോകുന്നത്. അവിടെ ഉള്ളവർക്ക് എന്നെ ഇഷ്ടാ. അതു പോലും പാടില്ല എന്ന് പറഞ്ഞാൽ എന്നെ ജയിലിൽ ഇടുന്നതല്ലേ നല്ലത്."
ആച്ചി അമ്മയുടെ മുഖത്ത് സങ്കടം നിഴലിച്ചു.
"എനിക്ക് നാട്ടിൽ ജീവിക്കാനാ ആഗ്രഹം. എല്ലാവരോടും സംസാരിച്ചും ചിരിച്ചും സന്തോഷമായി കഴിയണം. അങ്ങനെ ആഗ്രഹിക്കുന്ന എന്നെ തടവറയിൽ ഇട്ടു വളർത്തിയാ ഞാൻ ചീത്ത കുട്ടിയായി പോവില്ല ആച്ചി അമ്മെ..?."
അവൾ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് ആച്ചി അമ്മയ്ക്ക് തോന്നി. തൻ്റെ വീട്ടിൽ എല്ലാവരും അയൽ വീട്ടിൽ പോകാറുണ്ട് .അവിടത്തെ കുട്ടികൾക്കൊപ്പം കൂട്ടുകൂടാറുണ്ട്.
" ആച്ചി അമ്മ നോക്കിക്കോ. ഒരു ദിവസം എൻ്റെ റൂമിൽ നിങ്ങൾ വരുമ്പോൾ ഞാൻ കെട്ടിത്തൂങ്ങി മരിച്ചു നിൽക്കും."
" അയ്യോ കുഞ്ഞേ..."
ആച്ചി അമ്മ നിലവിളിച്ചു.
" എന്തിനാ ഞാൻ ജീവിക്കുന്നത്? ആച്ചി അമ്മ പറ.മമ്മിയുടെ പെറ്റിൻ്റെ വിലയില്ലേ എനിക്കുള്ളൂ.ആ പട്ടിയും ഞാനും തമ്മിലുള്ള വ്യത്യാസം എന്നെ കോളേജിൽ സെക്യൂരിറ്റിക്കൊപ്പം വിടുന്നു. കൂട്ടിക്കൊണ്ടു വരുന്നു എന്നതലേ ? ആ വീട്ടിലെ ആൻറിയെ ഞാൻ ഫോണിൽ വിളിച്ചതിനാ മമ്മി ബഹളമുണ്ടാക്കിയത്. ഒരു സ്ത്രീയാണ് അവർ. ആച്ചി അമ്മയെ പോലെ ഒരു അമ്മ. അല്ലാതെ ആൺകുട്ടിയോട് അല്ല ഞാൻ സംസാരിച്ചത്. അങ്ങനെയുള്ള കൂട്ടും എനിക്ക് ഇല്ല."
ആച്ചി അമ്മ നേരിയത് പിടിച്ച് കണ്ണു തുടച്ചപ്പോൾ മരുന്ന് ഫലിച്ചു തുടങ്ങി എന്ന് അനൂട്ടി ഓർത്തു.
"മുംബൈയിലും ഇതായിരുന്നു അവസ്ഥ. കൂടെ പഠിച്ച ഫ്രണ്ടിൻ്റെ കൂടെ നടന്നതിനു ഞാൻ ചീത്ത കൂട്ടുകെട്ടിൽ ആയി എന്ന് പറഞ്ഞാ ഇങ്ങോട്ട് കൊണ്ടുവന്നത്.എൻ്റെ അവിടത്തെയും ഇവിടത്തെയും കോളേജിൽ കൂടെ പഠിക്കുന്ന കുട്ടികളെത്ര ഹാപ്പിയായി ജീവിക്കുന്നു. അവർ സിനിമയ്ക്ക് പാർക്കിലും ബീച്ചിലും പോകുന്നു. അവരുടെ ഡാഡിമാരും മമ്മിമാരും കൊണ്ടുനടക്കുന്നു. ഞാൻ മാത്രം വീടിനുള്ളിൽ."
ആച്ചി അമ്മ ഫ്ലാറ്റായെന്ന് മുഖം കണ്ടപ്പോൾ അനൂട്ടിക്ക് മനസ്സിലായി.
"എന്തിനാ ആച്ചി അമ്മേ ഞാൻ ജീവിക്കുന്നത്. എനിക്ക് പാവപ്പെട്ട വീട്ടിൽ ജനിച്ച മതിയായിരുന്നു."
"മോള് ഈ പാവം തള്ളയോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും?"
" ഞാൻ സൗകൃതത്തിൽ പോയി അവിടത്തെ മോളെയും ആ അമ്മയോടും ഒന്നു മിണ്ടിക്കോട്ടെ.. മമ്മിയോട് പറയാതിരുന്നാൽ മതി."
ആച്ചി അമ്മ ഞെട്ടി.
"ആച്ചി അമ്മ എൻ്റെ കൂടെ അവിടെ വന്നാ അവർ നല്ല മനുഷ്യരാന്ന് മനസ്സിലാകും. മമ്മിക്ക് അവരോടൊക്കെ പുച്ഛമാ. എന്നെ എൻ്റെ അഛൻ്റെ ബന്ധുക്കളുടെ വീട്ടിൽ പോലും കൊണ്ടുപോയിട്ടില്ല. അവർ ആരാണെന്ന് എനിക്കറിയില്ല. അവിടെ എനിക്ക് ആച്ചി അമ്മയെ പോലെ ഒരു മുത്തശ്ശിയോ മുത്തച്ഛനെ കാണും. എൻ്റെ പ്രായത്തിൽ കുട്ടികൾ ഉണ്ടാവും. അവരെ കാണാൻ എനിക്ക് കൊതിയാവുന്നു. അതൊക്കെ തടഞ്ഞു വെച്ചിരിക്കുന്നത് ദ്രോഹം അല്ലേ.."
ആച്ചി അമ്മയുടെ കണ്ണുകൾ തുളുമ്പി.
"നിയന്ത്രണം വിട്ടു പോകുമ്പോഴാ ഞാൻ ഓരോന്ന് ചെയ്യുന്നത്.മമ്മിക്കും ബന്ധുക്കൾ ഉണ്ട് ഡാഡിക്കും ബന്ധുക്കൾ ഉണ്ട്. മമ്മിക്ക് അവരോടൊക്കെ വെറുപ്പ് ആണ്. അതിനു ഞാൻ എന്ത് പിഴച്ചു. ഇപ്പോൾ എനിക്കൊരു കൂട്ട് കിട്ടിയത് ആ വീട്ടിലെ മോളും അവിടത്തെ ആൻ്റിയുമാ. ഞാൻ അവിടെ പോകും.ആച്ചിയമ്മ അതൊന്നും വിളിച്ചു മമ്മിയോട് പറയരുത്."
"അവരുടെ വിവരങ്ങൾ അറിയാൻ തിടുക്കപ്പെട്ട് നടക്കാ മോളുടെ മമ്മി. അവരുടെ ഫോട്ടോ എടുത്ത് അയച്ചു കൊടുക്കാൻ ജാസ്മിനോട് പറയാനും പറഞ്ഞു. ഞാൻ ജാസ്മിനോട് പറഞ്ഞില്ലെങ്കിലും മോളുടെ മമ്മി അവളെ വിളിച്ചു പറയും."
"പറയട്ടെ അവൾ ചെന്ന് അവരുടെ ഫോട്ടോയെടുത്ത് മമ്മി കൊടുത്താൽ സമാധാനമാവുമെങ്കിൽ നല്ലതല്ലേ. എന്നോട് പറഞ്ഞെങ്കിൽ ഞാൻ എടുത്ത് കൊടുത്തേനെ."
ആച്ചി അമ്മ സങ്കടത്തോടെ ജോലി തുടർന്നു. ആച്ചി അമ്മ ഇനി തടസ്സം പിടിക്കില്ലെന്ന് പുഞ്ചിരിയോടെ അനുകുട്ടി ഓർത്തു.
* * *
ഊണും ഉറക്കവും നഷ്ടമായ നിലയിൽ കഴിച്ചു കൂട്ടുകയായിരുന്നു പൂർണിമ. ഓരോ കോൾ വരുമ്പോഴും അത് അനൂട്ടിയുടെതാവും എന്ന് കരുതി ഓടിച്ചെന്ന് എടുക്കും. അന്നത്തെ വീഡിയോ കോളിനു ശേഷം പിന്നെ അവൾ വിളിച്ചില്ല.
പെട്ടെന്ന് സെൽ റിങ് ചെയ്തു. രാവിലെ അനുട്ടി വിളിക്കില്ല എന്നറിയാം. എങ്കിലും ഫോൺ എടുക്കുമ്പോൾ വല്ലാത്തൊരു തിടുക്കം ഉണ്ടായി. അത് അനൂട്ടിയുടെ കോൾ തന്നെയായിരുന്നു.
" രവിയേട്ടാ... നമ്മുടെ മോള്..."
പൂർണിമ വിളിച്ചു പറഞ്ഞു.പിന്നെ കോൾ എടുത്തിട്ട് സ്പീക്കർ ഓൺ ചെയ്തു.
" മോളേ..."
"അമ്മ തിരിച്ചു വന്നോ?"
"ഇല്ല മോളേ.. മോളുടെ മമ്മി പോയോ?"
" മമ്മി ഇന്നലെ പോയി. ഇനി രണ്ടാഴ്ച ഞാൻ ഫ്രീയാ. രാവിലെ കോളേജിൽ പോണ വഴി അവിടെ കയറാം എന്നുവച്ച് വിളിച്ചതാ."
" ഞാൻ നാളെ വരും മോളെ...പിന്നെ അന്ന് മോൾ കോൾ ചെയ്തത് മമ്മി പിടിച്ചല്ലെ ?വഴക്ക് ഞാൻ കേട്ടു.."
" സോഫിഅമ്മ എന്താ മമ്മിക്ക് മുഖം കാണിച്ചു കൊടുക്കാതിരുന്നത്. സോഫി അമ്മയെ മമ്മി കണ്ടെങ്കിൽ ഒന്നടങ്ങിയേനെ..."
അത് കേട്ട് രവികുമാർ കിച്ചനിൽ വന്നു. പൂർണ്ണിമയെ നോക്കി രവികുമാർ തലയാട്ടി ചിരിച്ചു.
" അത് മോളെ...നിരുപമ വലിയ ആളല്ലേ. അമ്മയ്ക്ക് ഒരു പേടി തോന്നി."
രവികുമാർ ചായപ്പൊടി ഇട്ടു.
" എന്തിന് അവരെ അമ്മ പേടിക്കണം? ഞാൻ മനസ്സിലാക്കുന്നത് അവരെക്കാൾ ഒരുപാട് ഉയരത്തിലാ സോഫി അമ്മ എന്നാ."
നിറകണ്ണുകളോടെ പൂർണിമ രവികുമാറിനെ വീക്ഷിച്ചു.
"അമ്മയെ കണ്ടിരുന്നെങ്കിൽ മമ്മി ഒതുങ്ങിയേനെ. സുകൃതത്തിൽ ഉള്ളവരുടെ ഫോട്ടോ എടുത്ത് അയച്ചു കൊടുക്കാൻ മമ്മി സെർവെൻ്റ് ജാസ്മിൻ ചേച്ചിയെ ഏർപ്പാടാക്കി വച്ചിരിക്കുവാ . സോഫി അമ്മ വന്നാലുടൻ ജാസ്മിൻ ചേച്ചി എത്തും. സോഫി അമ്മയുടെ പടം അറിയാതെയാവും ജാസ്മിൻ ചേച്ചി എടുക്കുക. ചിലപ്പോൾ വീഡിയോ ആവും. ഒന്ന് പോസ് ചെയ്ത് കൊടുത്തേക്കണേ.."
അനൂട്ടിയുടെ ചിരി കേട്ടു.
" എന്തിനാ മോളെ നിരുപമ ഇങ്ങനെ പേടിക്കുന്നത്? മോള് കൈവിട്ടു പോകും എന്ന് പേടിക്കാൻ എന്താ ഉള്ളത്? ഞങ്ങൾ അയൽക്കാർ അല്ലേ..."
"അതാ സോഫി അമ്മേ എനിക്ക് മനസ്സിലാവാത്തത്. ഇനി ഞാൻ അവരുടെ മോളല്ലേ എന്തോ.."
തമാശ പറഞ്ഞതുപോലെ അനുകുട്ടി പൊട്ടിച്ചിരിച്ചു. പൂർണിമക്ക് തിരിച്ചൊന്നും പറയാൻ കഴിയാതെയായി.
"കോളേജിൽ പോകാൻ സമയമായി സോഫി അമ്മേ.. ഒന്ന് വേഗം വാ. ഞാൻ വയ്ക്കുവാ.."
" ശരി മോളേ.."
കോൾ കട്ടായി.
" അവൾ പറഞ്ഞത് കേട്ടില്ലേ... അവൾക്ക് തന്നെ സംശയം തോന്നി തുടങ്ങി അവൾ നിരുപമയുടെ മകൾ അല്ലെന്ന്.."
വെട്ടിത്തിളക്കുന്ന തേയില വെള്ളത്തിൽ നോക്കി രവികുമാർ നിന്നു.
" നിരുപമ ഇല്ലാത്ത ഈ രണ്ട് ആഴ്ച നമുക്ക് വിലപ്പെട്ടതാണ് പൂർണിമേ...നമ്മുടെ മോളുടെ വില തന്നെയാ ആ ദിവസങ്ങൾക്ക്."
അയാൾ മന്ത്രിക്കും പോലെ പറഞ്ഞു.
"ഒരു ജോലിക്കാരിയുടെ കാര്യം അവൾ പറഞ്ഞില്ലേ. അവൾ വന്ന് ഫോട്ടോ എടുത്താലോ?"
ഉത്കണ്ഠയോടെ പൂർണിമ ചോദിച്ചു.
"നിരുപമ ആരെയോ ഭയപ്പെടുന്നു എന്നത് സത്യമാണ്. അതല്ലേ നമ്മൾ ആരെന്നറിയാൻ അവൾ സുകൃതത്തിൽ വന്നത്.നിരുപമ ഭയപ്പെടുന്നത് നമ്മളെ തന്നെയാണ്. അവിടെയുള്ളത് നമ്മൾ അല്ലെന്ന് അവൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. ഞാൻ അഖിലിനെ വിളിച്ച് വിവരം പറയാം. അവിടത്തെ കാര്യങ്ങൾ ഒന്ന് കലങ്ങി തെളിഞ്ഞിട്ടു നമ്മൾ അങ്ങോട്ട് പോയാൽ മതി."
രവികുമാർ പൂർണിമയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അവിടെനിന്നു പോയി. സങ്കടത്തിൽ പൂർണിമ നിന്നു
*
ക്ലാസ് കഴിയുന്നതുവരെ അനൂട്ടി ഒന്ന് ശബ്ദിക്കുക പോലും ചെയ്യാതെ നിഖിലയെ നോക്കി ശ്രദ്ധയോടെ ഇരുന്നു.നിഖിലയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവൾ ക്ലാസ് ശ്രദ്ധിക്കുക ആണോ മറ്റേതോ ലോകത്ത് ആണോ എന്ന് നിഖിലക്ക് സംശയം ഉണ്ടായിരുന്നു. അനൂട്ടി നിഖിലയിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കെ എപ്പോഴോ അവളോട് ഒരു ഇഷ്ടം അവൾക്ക് തോന്നി തുടങ്ങി.അനൂട്ടി ആലോചിക്കാൻ തുടങ്ങി. തമ്മിൽ പൊരുത്തപ്പെടാത്തവർക്കിടയിലാണ് എപ്പോഴും നല്ല പൊരുത്തം ഒളിഞ്ഞിരിക്കുന്നുണ്ടാവുക. വഴക്കിടുന്നവർ സത്യത്തിൽ ബാഹ്യമായി നടത്തുന്ന ഒരു പ്രകടനം മാത്രമാണ്. അവർ പോലും അറിയാതെ ഉള്ളിൽ രണ്ട് കാന്തങ്ങൾ പ്രവർത്തിക്കുന്നുണ്ടാവും. തമ്മിൽ വലിച്ചടുപ്പിക്കുന്ന കാന്തികശക്തി വഴക്ക് അടിച്ച് അവർ അകറ്റിനിർത്തും. കാത്തിരിക്കുമ്പോൾ കാണാൻ തോന്നും. കണ്ടാൽ ലഹളയായി. അതുതന്നെയല്ലേ തനിക്ക് ഈ സ്ത്രീയോടും തോന്നുത്, എന്ന് ഓർത്തപ്പോൾ അനൂട്ടി പുഞ്ചിരിച്ചു. തൻ്റെ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ കാരണം എന്താണെന്ന് നിഖിലക്ക് മനസ്സിലായില്ല. അത്പരിഹാസ ചിരിയായി നിഖിലക്ക് തോന്നിയില്ല. മുന്നിൽ കണ്ണിമവെട്ടാതെ നോക്കിയിരിക്കുന്നത് ഒരു വിദ്യാർത്ഥി മാത്രമല്ല, തൻ്റെ അനിയത്തിയാണ്. അവൾക്ക് അമ്മയ്ക്ക് തുല്യയാണ് ചേച്ചി. ക്ലാസ്സിൻ്റെ കടിഞ്ഞാൺ കൈവിട്ടു പോകുന്നത് പോലെ നിഖിലക്ക് തോന്നി. അതിന് കാരണമുണ്ട്.മൂന്നുദിവസം അഖിലും മാളവികയും വീട്ടിലുണ്ടായിരുന്നു. നിരഞ്ജന എന്ന അനുട്ടി തന്നെയായിരുന്നു മാളു ചേച്ചിയുടെ ചർച്ചാവിഷയം. പലതവണ താനതിൽ നീരസവും വെറുപ്പും പ്രകടമാക്കി .എങ്കിലും നിൻ്റെ അനിയത്തി എന്ന് പറഞ്ഞ് സ്ഥാപിക്കാനാണ് മാളുചേച്ചി ശ്രമിച്ചത്. ക്ലാസ് തുടരാൻ കഴിയാതെ പുസ്തകം നിവർത്തിപ്പിടിച്ച് നിഖില നിന്നു.വരികൾ ഒന്നും കണ്ണിൽ തെളിഞ്ഞില്ല. മാളവികയുടെ സ്വരം കാതിൽ മുഴങ്ങി.
"അമ്മയോ അച്ഛനോ ഒന്നും അറിയേണ്ട.നീ അവളോട് മനസ്സിൽ എങ്കിലും സ്നേഹം കാണിക്കണം നീലു.. ഒരു കുഞ്ഞു ഭൂമിയിൽ പിറക്കുന്നത് അതിൻ്റെ കുറ്റമാണോ? ആ മനുഷ്യജന്മം ഒരു തെറ്റും ചെയ്തില്ല. അവൾ സ്വത്വം തിരിച്ചറിയാതെ ജീവിക്കുന്നു. അവളോട് ഒന്നും പറയണ്ട. അനിയത്തി ആണെന്ന തോന്നൽ നിനക്ക് എന്താ വരാത്തത്?ഒരു പാട് പുസ്തകം വായിക്കുന്നതല്ലേ നീ..ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നത് അല്ലേ . നീ പഠിപ്പിക്കുന്നതും, കഥകളും കവിതകളും ആണ്. അല്ലാതെ ശാസ്ത്രഗ്രന്ഥങ്ങൾ അല്ല. നീ പഠിപ്പിക്കുന്നത് മനുഷ്യൻ്റെ ജീവിതമാണ്.ആ നിനക്കെങ്ങനെ സ്വന്തം ചോരയിൽ പിറന്ന സഹോദരിയെ വെറുക്കാൻ കഴിയും?"
ഒരു ഞെട്ടലോടെ നിഖില മുഖമുയർത്തി. തനിക്ക് പെട്ടെന്ന് വന്ന മാറ്റം കുട്ടികൾ ശ്രദ്ധിച്ചതായി നിഖിലക്ക് തോന്നി.
"എന്തെങ്കിലും ഡൗട്ട് ക്ലിയർ ചെയ്യാൻ ഉണ്ടോ?"
നിരുപമ പെട്ടെന്ന് ചോദിച്ചു.
" മാഡം "The possessed" ആരുടെ പുസ്തകമാണ്?"
ലയ ചോദിച്ചു.
"എന്താ അത് ചോദിക്കാൻ?"
"ഒരു ക്വസ്റ്റ്യൻ പേപ്പറിൽ കണ്ടിരുന്നു."
"ഉത്തരം ആർക്ക് പറയാം ?"
നിഖില ചോദിച്ചു. ആരും പറഞ്ഞില്ല . അനൂട്ടി കൈ ഉയർത്തി. അത് കണ്ടു കുട്ടികൾക്കിടയിൽ അമർത്തിപ്പിടിച്ച ചിരി ഉണ്ടായി. നിഖില ടീച്ചറെ വട്ട് പിടിപ്പിക്കാനുള്ള ശ്രമമാണ് നിരഞ്ജനയുടെത് എന്ന് അവർക്ക് അറിയാമായിരുന്നു. നിഖില ഗൗനിക്കാതെ ഇരുന്നപ്പോൾ അനൂട്ടി കൈ താഴ്ത്തി.
"നിരഞ്ജന കൈയുയർത്തി മാം." ജ്യോതിർമയി പറഞ്ഞു.
" ഉത്തരം പറയാതെ തന്നെ എനിക്ക് അറിയാം. ഞാനല്ല എന്ന് പറയാനില്ലേ... ഇതൊക്കെ ഞാൻ ഒരുപാട് കേട്ടതാ.."
നിഖില തിരിച്ചടിച്ചു.
കുട്ടികൾ ചിരിച്ചു. അനുട്ടി വീണ്ടും കൈയുയർത്തി.
" കോമഡി കാട്ടാനാ ഭാവം എങ്കിൽ ഞാൻ തന്നെ പുറത്താക്കും."
നിഖില അനൂട്ടിക്ക് മുന്നറിയിപ്പ് കൊടുത്തു.
"ഉത്തരം കറക്റ്റ് ആണെങ്കിൽ ടീച്ചറ് അപ്പ്രീഷിയേറ്റ് ചെയ്യുമോ?"
അനൂട്ടി ചോദിച്ചു.
നിഖില മിണ്ടിയില്ല.
" പുറത്താക്കാൻ തയ്യാറെടുത്തു നിന്നാൽ ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ അഭിനന്ദിക്കാനും മനസു കാണിക്കണം. അതാ ഒരു നല്ല ടീച്ചർ ചെയ്യേണ്ടത്." വെല്ലുവിളിപോലെ അനൂട്ടി പറഞ്ഞു. ഇവളെയാണ് അനിയത്തിയായി കാണേണ്ടതെന്ന് മാളു ചേച്ചി ഉപദേശിച്ചത് എന്ന നിഖില വെറുപ്പോടെ ഓർത്തു.
"നിരഞ്ജനയോട് പറയാൻ പറഞ്ഞു കൂടെ ടീച്ചർ.."
ലയ റിക്വസ്റ്റ് ചെയ്തു.
എഴുന്നേൽക്കാൻ നിഖില ചൂണ്ടുവിരൽ ഉയർത്തി കാണിച്ചു.അനൂട്ടി എഴുന്നേറ്റ് നിന്നു.ചിരിക്കാൻ തയ്യാറായി കുട്ടികളും.
"ഫയഡോർ ദസ്തയേവ്ക്സ്കി."
അനൂട്ടി പറഞ്ഞു.
നിഖില അല്പനേരം അവളെ നോക്കി നിന്നു. ചെറുപുഞ്ചിരിയോടെ അനൂട്ടി നിന്നു. കുട്ടികൾ ശബ്ദിച്ചില്ല.
" ഉത്തരം ശരിയാണെന്നതിന് എന്താ ഉറപ്പ്?"
നിഖില ചോദിച്ചു.
"ദസ്തയേവ്സ്കിയുടെ കുറെ ബുക്കുകൾ ഞാൻ വായിച്ചിട്ടുണ്ട്. ഉത്തരം തെറ്റെന്ന് ടീച്ചർ പറഞ്ഞാൽ ടീച്ചർക്ക് അറിയില്ല എന്നേ ഞാൻ കരുതുന്നു."
അപ്പോഴും അവൾ പുഞ്ചിരിച്ചു.
നിഖില മെല്ലെ തലയാട്ടി.
" യെസ്..കറക്റ്റ് ആൻസർ. ഗുഡ്.."
" താങ്ക്യൂ ടീച്ചർ."
ബെൽ മുഴങ്ങി.
പുസ്തകങ്ങൾ എടുത്ത് നിഖില നടക്കവെ
അനൂട്ടിയെ അറിയാതെ നോക്കി.
അവൾ കൈ താഴ്ത്തി പുഞ്ചിരിയോടെ ടാറ്റ കാണിച്ചു.
********
അഖിൽ കണ്ണാടിക്ക് മുന്നിൽ നിന്നു തല മുടി ചീകി പിന്നിൽ കെട്ടി വച്ചു. ചീർപ്പ് എടുത്ത് താടി ചീകി പുറത്തേക്ക് വന്നപ്പോൾ മാളവിക അങ്ങോട്ട് വന്നു.
"സർവെൻ്റിനു ഒരു പണി കൊടുക്കാതെ നമുക്ക് അങ്ങോട്ട് പോകാൻ പറ്റില്ല അക്കുവേട്ടാ..ഇന്ന് വൈകിട്ട് സുകൃതത്തിൽ പോയേ പറ്റൂ."
മാളവിക പറഞ്ഞു.
"അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ തന്നെ അവൾക്ക് ഒരു പണി ഞാൻ വച്ചു കഴിഞ്ഞു. നിരുപമയുടെ ചാര പണിയുമായി ഇനി അവള് ആ ഹൗസിംഗ് കോളനിയിൽ വരില്ല.." അഖിൽ ചിരിച്ചു.
" എന്ത് പണിയാ?"
"വാ പറയാം.."
അഖിലിനു പിന്നാലെ മാളവിക കൗതുകപെട്ട് നടന്നു..
സമയം ജാസ്മിൻ ഡിയോ സ്കൂട്ടറിൽ സുകൃതത്തിനു മുന്നിൽ എത്തിയിരുന്നു. അവൾ സ്കൂട്ടർ നിർത്തി ചുറ്റും നോക്കി. എതിർവശത്തെ വീടുകളിൽ ആരുമില്ല. സുകൃതത്തിൻ്റെ ഗേറ്റ് പാതി തുറന്നു കിടക്കുകയാണ്.
"നിരുപമ മാം പറഞ്ഞാൽ ജീവൻ കളഞ്ഞു ഞാനത് ചെയ്യും."
ജാസ്മിൻ സ്കൂട്ടറിൽ നിന്ന് ഇറങ്ങി. അവൾ ഫോൺ എടുത്ത് ഗേറ്റ് കടന്ന് സിറ്റൗട്ടിൽ കയറി.വാതിൽ അല്പം ആയി തുറന്നു കിടപ്പുണ്ട്. അവൾ കോളിംഗ് ബെല്ലടിച്ചു. ആരും വരാതിരുന്നപ്പോൾ വാതിൽ തുറന്നു തലനീട്ടി. ടിവി ഓൺ ആക്കി വെച്ചിട്ടുണ്ട്.
"ഇവിടെ ആരുമില്ലേ."
ജാസ്മിൻ വിളിച്ചു ചോദിച്ചു. മറുപടി വരാതായപ്പോൾ അവൾ അകത്തു കയറി.
"മാഡം..."
ജാസ്മിൻ വിളിച്ചു. കിച്ചണിൽ പാത്രം മുഴങ്ങുന്ന ഒച്ച കേട്ടു. ആ സ്ത്രീ മാത്രമേ അവിടെ ഉള്ളു എന്ന് കരുതി അവൾ കിച്ചണിലേക്ക് ചെന്നു. അവിടെ ആരും ഇല്ലായിരുന്നു.
" മാഡം... ആരുമില്ലേ.."
ജാസ്മിൻ ചോദിച്ചു.
ആരെയും കാണാതിരുന്നപ്പോൾ അകത്ത് നിൽക്കുന്നത് ശരിയല്ല എന്ന് കരുതി അവൾ ഹാളിൽ വന്നു.തുറന്നു കിടന്ന വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടു വേഗം ചെന്ന് വാതിൽ തുറക്കാൻ നോക്കി. അത് പുറത്തു നിന്ന് ആരോ ലോക്ക് ചെയ്തെന്ന് മനസ്സിലായതും അവൾ ഞെട്ടിപ്പോയി. വീണ്ടും വാതിൽ തുറക്കാൻ അവൾ ശ്രമിച്ചു.
"അയ്യോ ആരെങ്കിലും ഒന്ന് വായോ..."
ഓടിച്ചെന്ന് സ്റ്റെയറിന് മുന്നിൽ നിന്ന് അവൾ ഉറക്കെ വിളിച്ചു . ആരെയും പുറത്തു കണ്ടില്ല. അവൾ കരച്ചിലോടെ ഓടിച്ചെന്ന് ജനൽ കർട്ടൻ വകഞ്ഞു പുറത്തു നോക്കി. തുറന്നുകിടന്ന ഗേറ്റ് അടഞ്ഞിരിക്കുന്നു. പെട്ടു പോയെന്ന് മനസ്സിലായതും ജാസ്മിൻ കരയാൻതുടങ്ങി.
എൻ്റെ കർത്താവേ... ഇനി ഞാൻ എന്തു ചെയ്യും? ആരെ വിളിച്ചു വിവരം പറയും? വരാൻ പോകുന്നത് പോലീസ് ആണെന്ന് നടുക്കത്തോടെ ഓർത്തതും ജാസ്മിൻ കരഞ്ഞുകൊണ്ട് ഹാളിലേക്ക് ഓടി. കിച്ചണിൽ നിന്ന് പിന്നിലുള്ള വാതിൽ കണ്ടുപിടിച്ചു. അതും പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുന്നു.! ജാസ്മിൻ ഓടി മുന്നിൽ വന്നു. എലിക്കെണിയിൽ വീണ എലിയെ പോലെ അവൾ ഉഴറി ..
. (തുടരും.)
read more: https://emalayalee.com/writer/217