Image

ദേവകി വാര്യർ സ്മാരക സാഹിത്യ അവാർഡ് സമ്മാനിച്ചു

സിൽജി ജെ ടോം Published on 13 June, 2022
ദേവകി വാര്യർ സ്മാരക സാഹിത്യ അവാർഡ് സമ്മാനിച്ചു

 

സ്വാതന്ത്ര്യസമര സേനാനിയും നവോത്ഥാന നായികയും സാമൂഹിക പ്രവർത്തകയും സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന ദേവകി വാര്യരുടെ സ്മരണയ്ക്കായി ദേവകി വാര്യർ സ്മാരകം ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ അവാർഡ് വിതരണം ഇന്നലെ തിരുവനന്തപുരത്ത് , നന്ദാവനം എൻ.കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു.
 
സംസ്ഥാനാടിസ്ഥാനത്തിൽ ചെറുകഥയിലായിരുന്നു ഇത്തവണ മൽസരം. 84 പേർ പങ്കെടുത്ത മൽസരത്തിൽ കണ്ണൂരിൽ നിന്നുള്ള സിജി.എം.കെ. (ഒന്നാം സ്ഥാനം) , ആൻസി സാജൻ (കോട്ടയം), അന്നമ്മ പോൾ (കോട്ടയം) എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കഥാകാരി ചന്ദ്ര മതിയും കവയത്രി റോസ് മേരിയുമാണ് ജേതാക്കൾക്ക്  അവാർഡ് കൈമാറിയത്.
 
ദേവകി വാര്യർ സ്മാരക പ്രസിഡന്റ് അനസൂയ അധ്യക്ഷത വഹിച്ച സമ്മേളനം മുൻമന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. 
റോസ് മേരി , ചന്ദ്രമതി,വിനോദ് വൈശാഖി , സുജ സൂസൻ ജോർജ്ജ്, പാർവതി ദേവി, സിജി.എം.കെ, ആൻസിസാജൻ, അന്നമ്മ പോൾ, തുടങ്ങിയവർ പ്രസംഗിച്ചു.
 
ദേവകി വാര്യർ സ്മാരകവും വർക്കിങ് വിമൻസ് അസ്സോസിയേഷനും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.
 
 
അന്തേവാസികൾക്കുള്ള സഹായധന വിതരണവും നടന്നു.
രോഗി പരിപാലനത്തിനും വൃദ്ധജന സംരക്ഷണത്തിനും സ്ത്രീമുന്നേറ്റ പ്രവർത്തനങ്ങൾക്കുമായി നിലകൊള്ളുന്ന ചാരിറ്റബിൾ ട്രസ്റ്റാണ് ദേവകി വാര്യർ സ്മാരകം. സ്മാരക സെക്രട്ടറി ടി. രാധാമണി , സ്മാരകത്തിന്റെ പ്രവർത്തനങ്ങളും പരിപാടികളും സ്വാഗതപ്രസംഗത്തിൽ വിശദീകരിച്ചു. ജോ. സെക്രട്ടറി ആർ. ബി. രാജലക്ഷ്മി നന്ദി പറഞ്ഞു.
 
സമ്മേളനത്തിനു മുമ്പ് സി. എൻ. സ്നേഹലത അവതരിപ്പിച്ച രണ്ടിടങ്ങഴി എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക