കെ-റെയിൽ ഉപേക്ഷിക്കൂ. കെ-എയർ കൊണ്ടുവരൂ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-40)

Published on 13 June, 2022
കെ-റെയിൽ ഉപേക്ഷിക്കൂ. കെ-എയർ കൊണ്ടുവരൂ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-40)

"എന്താ പിള്ളേച്ചാ മുഖത്തെ മാസ്‌ക് മറിച്ചു വച്ചിരിക്കുന്നത്? ഇതിന്റെ പുറം വശം അകത്താണ് വേണ്ടത്?"
"അറിയാൻ വയ്യാഞ്ഞിട്ടല്ല. ഇതിന്റെ ശരിക്കുള്ള വശം പുറം കറുപ്പാണെടോ. അത് വല്ല പോലീസുകാരും കണ്ടാൽ ഈ വയസു കാലത്തു ഞാൻ ഉണ്ട തിന്നേണ്ടി വരും. അത് കൊണ്ടാണ് അത് അകത്താക്കി വച്ചത്."
"കയ്യിലെന്താ ഈ ബിരിയാണി ചെമ്പുമായി നടക്കാൻ ഇറങ്ങിയത്?"
"ഹോ! ഇത് ബിരിയാണി ചെമ്പൊന്നുമല്ല. പശുവിനു വെള്ളം കൊടുത്ത പാത്രമാണ്. ഇപ്പോൾ എന്ത് കണ്ടാലും ആളുകൾക്ക് ബിരിയാണി ചെമ്പാണ്."
"എന്തായാലും പിള്ളേച്ചാ ഇപ്പോൾ ബിരിയാണി ചെമ്പാണ് താരം. ഈ പെണ്ണ് പറയുന്നത് വല്ലതും സത്യമാണോ?"
"സത്യമാണെന്നു ഞാൻ വിശ്വസിക്കില്ലായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് അതിൽ എന്തോ കഴമ്പുണ്ടെന്നാണല്ലോ."
"അങ്ങനെ അദ്ദേഹം എപ്പോൾ പറഞ്ഞു?"
"പറയാതെ പറയുകയല്ലേ? അല്ലെങ്കിൽ ഈ ആരോപണങ്ങളൊക്കെ അദ്ദേഹം നിഷേധിക്കേണ്ടതല്ലേ? അത് ചെയ്യാത്തിടത്തോളം സാധാരണ ജനങ്ങൾക്കു വിശ്വസിക്കാതെ പറ്റുമോ?"
"അങ്ങനെ ഈ സ്വർണ്ണം കടത്തിയതൊക്കെ ശരിയാണെങ്കിൽ അത് ആര് കൊടുത്തുവിട്ടു, ആർക്കുവേണ്ടി കൊടുത്തുവിട്ടു, ഇതിൽ കൃത്യമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കെന്താണ്, മുഖ്യൻ നേരിട്ട് ഇടപെട്ടിട്ടുണ്ടോ, ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ?"
"ആരാണ് അന്വേഷിക്കുക? കേരളാ പൊലീസോ? എടോ, കേന്ദ്ര ഏജൻസികൾ എത്രയെണ്ണമാണ് കേരളത്തിൽ വന്ന് 'ഇപ്പോൾ എന്തോ സംഭവിക്കും' എന്ന മട്ടിൽ തേരാപാരാ ഓടിനടന്നത്! എന്നിട്ടെന്തു സംഭവിച്ചു? അന്വേഷിച്ചിട്ട് എന്താണ് കണ്ടതെന്നാരെങ്കിലും പറഞ്ഞോ? ഇപ്പോൾ അതിനെപ്പറ്റി ആരും പറഞ്ഞു പോലും കേൾക്കുന്നില്ല!"
"അപ്പോൾ ഇതിന്റെയൊക്കെ അർഥം എന്താണ് പിള്ളേച്ചാ?"
"ഇയ്യാൾ ഊഹിച്ചോളൂ. പേടിക്കേണ്ട, കേരളത്തിലെ ജനങ്ങൾ മുഴുവൻ ഇയ്യാളെപ്പോലെ തന്നെ ഊഹിച്ചു കൊണ്ടിരിക്കയാണ്."
"അപ്പോൾ സ്വപ്‌ന കൊടുത്ത 164 സ്റ്റേറ്റ്മൻറ്റോ? അതിൽ എന്തായിയ്ക്കും കൃത്യമായി?"
"കൃത്യമായി എന്താണെന്ന് എനിക്കോ തനിക്കോ അറിയില്ല. പക്ഷേ, എന്തൊക്കെയോ ഉണ്ടായിരിക്കാമെന്നു ചിലരൊക്കെ ഭയപ്പെടുന്നുണ്ട്. അതു കൊടുത്തുകഴിഞ്ഞപ്പോൾ മുതൽ നമ്മുടെ മുഖ്യമന്ത്രി എന്തിനാണ് ഈ ഹാലിളകിയതുപോലെ പെരുമാറുന്നത് എന്നാണു മനസ്സിലാകാത്തത്."
"അത് പിന്നെ ജനങ്ങൾ തെരുവിലിറങ്ങി യാതൊരടിസ്ഥാനവുമില്ലാതെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ പിന്നെ ആർക്കാണ് ദേഷ്യം വരാത്തത്? അതുകൊണ്ടല്ലേ ധൈര്യമായി അദ്ദേഹം പറഞ്ഞത്, 'ആ വെരുട്ടലൊന്നും ഇങ്ങോട്ടെടുക്കേണ്ട' എന്ന്. അതാണ് 'ഇരട്ടചങ്കൻ' എന്നു ജനങ്ങൾ അദ്ദേഹത്തെ വിളിക്കുന്നത്!"
"എടോ, സത്യം പറയട്ടെ. നമ്മുടെ മുഖ്യൻ വളരെ ഗൗരവ മുഖം മാത്രമുള്ള ആളാണെന്നാണ് ഞാൻ ഇക്കഴിഞ്ഞ ദിവസം വരെ ചിന്തിച്ചിരുന്നത്. മാധ്യമങ്ങളും അങ്ങനെയൊരു ധാരണയാണ് പരത്തിയിരുന്നത്. എന്നാൽ അദ്ദേഹം ഒരു നല്ല തമാശക്കാരനാണെന്ന് ഇന്നലെ എനിക്ക് മനസ്സിലായി. ഈ കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും നല്ല തമാശയല്ലേ അദ്ദേഹം പൊട്ടിച്ചത്! ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിപ്പോയി!"
"അതെന്താണ് പിള്ളേച്ചാ?"
"എടോ, മുഖ്യമന്ത്രിയുടെ സുരക്ഷാവലയം സാധാരണ ഗതാഗതം പൂർണമായി മണിക്കൂറുകൾ മുൻപേ നിരോധിച്ചു. മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തി. കറുത്ത നിറത്തിലുള്ളതൊന്നും കാണാൻ പാടില്ല. പുറമെ നൂറു കണക്കിന് പോലീസുകാർ, മുന്നിലും പിന്നിലും അനേക അകമ്പടി വാഹനങ്ങൾ, ആംബുലൻസ്, മെഷീൻഗൺ ഏന്തിയ നിരവധി കമാൻഡോകൾ, ദ്രുതകർമ സേന, ഫയർഫോഴ്‌സ്, ഇരുവശങ്ങളിലുമായി നടക്കുന്ന സ്പെഷ്യൽ ഫോഴ്‌സ് വേറെയും! എന്നിട്ട് അതിന്റെ നടുവിൽ നിന്നു തള്ളുകയാണ്, 'വിരട്ടാൻ നോക്കേണ്ട. അങ്ങനെയൊന്നും വിരളുന്ന ആളല്ല ഞാൻ' എന്ന്! ചിരിക്കാതിരിക്കാൻ പറ്റുമോ?"
"എന്തായാലും വിമാനത്തിനകത്തു വച്ച് പ്രതിഷേധിച്ചത് തെറ്റാണ്. അവരെ കൺവീനർ തള്ളി താഴെയിട്ടത് നന്നായി. അവന്റെയൊക്കെ പേരിൽ ജാമ്യമില്ലാത്ത വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്."
"എടോ, വിമാനത്തിനകത്തു വച്ച് ആരെങ്കിലും 'പ്രതിഷേധം പ്രതിഷേധം' എന്ന് പറഞ്ഞാൽ അവരെ തള്ളി താഴെയിടാൻ മറ്റൊരാൾക്ക് ആരാണധികാരം കൊടുത്തത്? പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുത്താൽ തള്ളി താഴെയിട്ട ആളിനെതിരെയും കേസ് എടുക്കണം."
"ഇങ്ങനെയുള്ള സംഭവങ്ങൾ ഒഴിവാക്കാനാണ് പറയുന്നത്, പ്രധാനമന്ത്രിക്കുള്ളതുപോലെ നമ്മുടെ മുഖ്യമന്ത്രിക്കു യാത്ര ചെയ്യാനും ഒരു പ്രത്യേക വിമാനം വേണമെന്ന്. ഒരു കേരളാ എയർ-1 വാങ്ങിക്കട്ടെ."
"അതൊരു നല്ല നിർദ്ദേശമാണ്. കേരളം പോലെ ഇത്രയും വലിയ ഒരു സംസ്ഥാനത്തു നെടുനീളത്തിൽ ഓടി കാര്യങ്ങൾ നടത്തണമെങ്കിൽ അത് വളരെ ആവശ്യമാണ്. പഴയ യു.എസ്. എയർ ഫോഴ്‌സ്-1 കിട്ടിയാലും മതിയാരുന്നു. പ്രത്യേകിച്ച് കേരളത്തിന്റെ ട്രെഷറിയിൽ കാശ് കുമിഞ്ഞു കൂടി കിടക്കുമ്പോൾ!"
"അതുകൊണ്ടാണ് പിള്ളേച്ചാ കെ-റെയിൽ വരേണ്ടത് ആവശ്യമാണെന്നു പറയുന്നത്. അതുണ്ടായിരുന്നെങ്കിൽ ഈ അനുഭവം ഒഴിവാക്കാമായിരുന്നില്ലേ?"
"അത് വേണ്ട. ഇനി 'കെ-റെയിൽ ഉപേക്ഷിക്കൂ. പകരം കെ-എയർ കൊണ്ടുവരൂ' എന്നാകട്ടെ മുദ്രാവാക്യം. അതാകുമ്പോൾ കുറ്റി നാട്ടുകയും വേണ്ട സർവ്വേ നടത്തുകയും വേണ്ട!”
"അത് നല്ല ആശയമാണ്."
"എന്നാൽ പിന്നെ കാണാമെടോ."
"ശരി പിള്ളേച്ചാ.”

read more: https://emalayalee.com/writer/170

Mallu 2022-06-13 19:26:12
We needed K-road.
Sudhir Panikkaveetil 2022-06-13 22:01:59
ശ്രീ പാറക്കൽ- നിരീക്ഷണങ്ങൾ നന്നാവുന്നുണ്ട്. ജനസേവനത്തിനു വേതനം ഇല്ല ഇനിമേലിൽ എന്ന് മുദ്രാവാക്യം മുഴക്കാൻ ജനാധിപത്യചിന്തഗതിക്കാർക്ക് ധൈര്യമുണ്ടോ? എന്തായാലും രാഷ്ട്രീയത്തിൽ കയറുന്നത് കട്ട് മുടിക്കാനാണ്. അപ്പോൾ പിന്നെ ഖജനാവിലെ പണം കൂടി കൊടുക്കുന്നത് എന്തിനു. വേതനമില്ലാതെ ജനസേവനം ചെയ്യാൻ തയ്യാറുള്ളവരെ തിരഞ്ഞെടുക്കുക. കൈക്കൂലി വാങ്ങുന്നവനെ കയ്യോടെ മാറ്റി വേറെ ഒരാളെ നിയമിക്കുക. ഇങ്ങനെയൊക്കെ മാറ്റങ്ങൾ വരുത്താൻ പൊതുജനമെന്ന കഴുതയ്ക്ക് കഴിഞ്ഞാൽ കേരളവും ഇന്ത്യയും നന്നാവും. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപെടുന്നവൻ കൂലി വാങ്ങാതെ സേവനം ചെയ്യണം. അതിനു തയ്യാറല്ലാത്തവന്മാർക്ക് വോട്ടു ചെയ്യാതിരിക്കുക. ശ്രീ പാറക്കൽ ആ possibility പിള്ളേച്ചനുമായി ചിന്തിച്ച് ഞങ്ങളെ അറിയിക്കുക.
david 2022-06-14 12:43:57
മോനാ ബാബു നിന്റ പെര്മിസ്സഷൻ വാക്കിയിട്ടു അല്ലെ ഗെയ്‌ൽ പൈപ്പ്‌ലൈൻ നടപ്പാക്കിയത് ,കെ ഫോൺ ,കൊച്ചി മെട്രോ ,മലയോര ഹൈവേ ,കോളാസ്റ്റൽ ഏരിയ ഹൈവേ,വാട്ടർമെട്രോ ..പറയുന്നത് വിജയൻ ആണ് ...എതിർപ്പിക്കല് ഉണ്ടാക്കാം ...ഉപേദശം അങ്ങു വീട്ടിൽ മതി ...വെല്ല കുറ്റി പറക്കാനോ ...വീഡിയോ ഉണ്ടാക്കാനോ,കൈയേറ്റം,നിങ്ങള് പോലെ ഉള്ള തലത്തിരിക് ചിന്തിക്കുന്നവർ ഉള്ളത് കൊണ്ട് അമേരിക്കൻ ഇക്കോണമി ഇ നിലയിൽ എത്തിയത് ...കെ.Sudakkaranu ബൂദ്ധി ഉപദേശകുന്ന മോനെ ശശി ...വീണ്ടും ശശി ആയി...
Babu Parackel 2022-06-17 03:34:33
പ്രതികരിച്ച എല്ലാവർക്കും നന്ദി. സുധീർ സാറിന്റെ നിർദ്ദേശം നന്നായി. നാടിന്റെ മുഖഛായ മാറും. ഞാൻ പിള്ളേച്ചനോട്‌ ചോദിക്കാം. അദ്ദേഹം അഭിപ്രായം പറഞ്ഞാൽ തീർച്ചയായും അറിയിക്കാം. നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക