MediaAppUSA

രാഷ്ട്രീയ പക പോക്കലോ, കള്ളപ്പണവേട്ടയോ?(പി.വി.തോമസ് :ദല്‍ഹികത്ത് )

പി.വി.തോമസ് Published on 16 June, 2022
 രാഷ്ട്രീയ പക പോക്കലോ, കള്ളപ്പണവേട്ടയോ?(പി.വി.തോമസ് :ദല്‍ഹികത്ത് )

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷ, സോണിയ ഗാന്ധിയും മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) വലയില്‍ പെട്ടിരിക്കുകയാണ്. സോണിയഗാന്ധിയെ ചോദ്യം ചെയ്യുവാനായി ഇ.ഡി.യുടെ ദല്‍ഹി ഓഫീസിലേക്ക് വിളിച്ചിരുന്നെങ്കിലും കോവിഡാനന്തര പ്രശ്‌നങ്ങള്‍ മൂലം ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ജൂണ്‍  ഇരുപത്തി മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ ചോദ്യം ചെയ്യലാകട്ടെ ജൂണ്‍ പതിമൂന്നു മുതല്‍ ആരംഭിച്ചു. അത് മൂന്നാം ദിവസവും പിന്നിട്ടു ഇതെഴുതുമ്പോള്‍. ആദ്യദിവസം പത്തുമണിക്കൂറും രണ്ടാം ദിവസം പന്ത്രണ്ടു മണിക്കൂറും രാഹുലിനെ ചോദ്യം ചെയ്യുകയുണ്ടായി. രാജ്യെ എമ്പാടും കോണ്‍ഗ്രസുകാര്‍ ഇളകി വശായി. ആയിരക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ദേശീയതലത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടു പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നു. ദല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കന്മാരായ പി.ചിദംബരം(മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി), അശോക് ഗലോട്ട്(രാജസ്ഥാന്‍ മുഖ്യമന്ത്രി), ഭൂപേഷ് ബാഗേല്‍(ഛാത്തീസ്ഘട്ട് മുഖ്യമന്ത്രി എ്ന്നിവരെ 15 ലോകസഭ, 11 ര്ാജ്യസഭ അംഗങ്ങള്‍ക്കൊപ്പവും അഞ്ചു എം.എല്‍.എ.മാര്‍ക്കൊപ്പവും അറസ്റ്റു ചെയ്തു നീക്കി. പലര്‍ക്കും പരിക്കേറ്റു. ഏറെ നാളുകള്‍ക്കുശേഷം കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ ഒരു ഉണര്‍വ്വ് പ്രകടമായി. ഈ സംഭവം കോണ്‍ഗ്രസിന് ഒരു പുതുജീവന്‍ നല്‍കിയിട്ടുണ്ട്. ഇത് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിചേക്കും.
കോണ്‍ഗ്രസിന്റെ മുഖ്യപത്രമായ നാഷ്ണല്‍ ഹെറാള്‍ഡും അതിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണ്ണല്‍സ് ലിമിറ്റഡ്(എ.ജെ.എല്‍) യങ്ങ് ഇന്‍ഡ്യന്‍ എന്ന എന്‍.ജി.ഒ.യും ഡോടെക്‌സ് മെര്‍ക്കന്റയ്‌സ്, കൊല്‍ക്കട്ടയും ഉള്‍പ്പെടുന്നതാണ് ഗാന്ധിമാര്‍ക്കെതിരായിട്ടുള്ള രണ്ടായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. നാഷ്ണല്‍ ഹെറാള്‍ഡും എ.ജെ.എല്ലും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ചത് ആണ്. യംങ്ങ് ഇന്‍ഡ്യന്‍ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും കൂടെ 2010-ല്‍ സ്ഥാപിച്ച ഒരു നോണ്‍-പ്രോഫിറ്റ് മേക്കിംങ്ങ് കമ്പനിയാണ്. ഇതിന്റെ 76 ശതമാനം ഓഹരികളും സോണിയയുടെയും രാഹുലിന്റെയും പേരിലാണ്. ബാക്കിയുള്ള 24 ശതമാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ മോട്ടിലാല്‍ വോറയുടെയും ഓസ്‌ക്കര്‍ ഫെര്‍ണണ്ടസിന്റെയും പേരിലും. സോടെക്‌സ് എന്ന കൊല്‍ക്കട്ട കമ്പനിയുടെ ബന്ധം ആണ് ഇവിടെ ദുരൂഹമായി ചിത്രീകരിക്കപ്പെടുന്നത്. യംങ്ങ് ഇന്‍ഡ്യന്‍ എ.ജെ.എല്ലിന്റെ ആയിരക്കണക്കിനു കോടി രൂപ വിഴുങ്ങി എന്നാണ് ആരോപണം. യംങ്ങ് ഇന്‍ഡ്യന്റെ ഡയറക്ടര്‍മാരായ സോണിയയും രാഹുലും ഇങ്ങനെയാണ് കേസില്‍പെട്ടത്. യംങ്ങ് ഇന്‍ഡ്യന്‍ എ.ജെ.എല്‍ വാങ്ങിയതാണ് ആരോപണപ്രകാരം സാമ്പത്തീക ക്രമക്കേടുകളുടെ കാരണം. ഗാന്ധി കുടുംബത്തിന്റെ സുഹൃത്തുക്കളായ സുമന്‍ ദുബയും(മാധ്യമപ്രവര്‍ത്തകന്‍), സാം പിത്രോഡയും(സാങ്കേതിക വിദഗ്ധന്‍) ഈ കേസിലെ മറ്റ് പ്രതികള്‍ ആണ്.
കേസിന്റെ വിശ്വാസ്യതയെ ചില കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്യാനുള്ള കാരണം ബി.ജെ.പി. ഗവണ്‍മെന്റ് വ്യാപകമായി രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുവാനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ്. അതുകൊണ്ടുമാത്രം ഈ കേസ് വ്യാജം ആകണമെന്ന് നിര്‍ബ്ബന്ധം ഇല്ല. ഗാന്ധിമാര്‍ ഇ.ഡി.യുടെ ചോദ്യങ്ങള്‍ക്ക്് ഉത്തരം പറയണം. ഇ.ഡി.യും ഗവണ്‍മെന്റും ജനങ്ങളുടെയും ചോദ്യങ്ങള്‍ക്കും.
ഈ കേസിന്റെ ആധാരം 2013-ല്‍ ബി.ജെ.പി. എം.പി.ആയ സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഒരു പരാതി ആണ്. സോണിയയുടെയും രാഹുലിന്റെയും യംങ്ങ് ഇന്‍ഡ്യന്‍ ഭീമമായ സാമ്പത്തീക തട്ടിപ്പു നടത്തി എ.ജെ.എല്‍. സ്ഥാപനത്തില്‍ എന്നാണ് സ്വാമിയുടെ ആരോപണം. ചതി, ഗൂഢാലോചന, വഞ്ചന എന്നീ വാക്കുകള്‍ ആണ് പരാതിക്കാരന്‍ ഉപയോഗിച്ചത്. ഗാന്ധിമാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ സ്വാമിയുടെ ആരോപണങ്ങള്‍ അസമയത്തുള്ള ദുര്‍വ്യാഖ്യാനങ്ങളുടെ ഫലം ആണെന്ന് പറഞ്ഞു.
നെഹ്‌റുവിന്റെ എ.ജെ.എല്‍ 5000 സ്വാതന്ത്ര്യസമര സേനാനികളുടെ ഓഹരിനിക്ഷേപത്തിന്റെ ഫലം ആയിരുന്നു. ഈ കമ്പനിയാണ് 2010-ല്‍ സ്ഥാപിച്ച യംങ്ങ് ഇന്‍ഡ്യന്‍ നിസാര വിലയ്ക്ക് ഏറ്റെടുത്തതായി ആരോപിക്കപ്പെടുന്നത്. എ.ജെ.എല്‍. നാഷ്ണല്‍ ഹെറാള്‍ഡു കൂടാതെ ക്വമി ആവാസ് എന്ന ഒരു പത്രവും പബ്ലീഷ് ചെയ്തിരുന്നു. ഹെറാള്‍ഡ് 2008-ല്‍ പൂട്ടി. കാരണം ഏംജെ.എല്‍. കടത്തില്‍ മുങ്ങി. ഇതിനിടയില്‍ നാഷ്ണല്‍ ഹെറാള്‍ഡ് പുനര്‍പ്രസിദ്ധീകരിച്ചതും കോടിക്കണക്കിനു രൂപ മുന്‍ ജോലിക്കാര്‍ക്ക് ശമ്പളകുടിശിഖ ഇനത്തില്‍ നല്‍കിയതും ചരിത്രം ആണ്. എ.ജെ.എല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും 90.25 കോടിരൂപ പലിശയില്ലാത്ത കടം ആയി എടുക്കുകയും ഉണ്ടായി. എ.ജെ.എല്‍.യംങ്ങ് ഇന്‍ഡ്യന്‍ ഇടപാടിനെക്കുറിച്ച് ഒരറിവും ഇല്ലെന്ന് ചില ഓഹരി ഉടമകള്‍ പരാതിപ്പെടുകയുണ്ടായി. ശാന്തിഭൂഷന്‍ (മുന്‍ നിയമമന്ത്രി) ജസ്റ്റീസ് മാര്‍ക്കാണ്ടേയ കാട്ജു എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എ.ജെ.എല്‍-യംങ്ങ് ഇന്‍ഡ്യന്‍ ഇടപാടുകള്‍ സുതാര്യം ആയിരുന്നോ എന്ന് ഗാന്ധിമാര്‍ പറയണം. ഇതിനു മറുപടിയായി കോണ്‍ഗ്രസ് പറഞ്ഞത് യംങ്ങ് ഇന്‍ഡ്യന്‍ ഒരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണെന്നും എ.ജെ.എല്‍-യംങ്ങ് ഇന്‍ഡ്യന്‍ ഇടപാടുകള്‍ സാമ്പത്തീക-കച്ചവട അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്നും ആണ്. ഇത് വലപ്പോകുമോ എന്ന് അറിയണം.
ഈ കേസ് രാഷ്ട്രീയപ്രേരിതം ആണോ? ഇ.ഡി.യെ കേന്ദ്രഗവണ്‍മെന്റ് രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുകയാണോ? 2013-ല്‍ സ്വാമി ഗാന്ധിമാര്‍ക്കെതിരെയുള്ള പരാദി സമര്‍പ്പിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. അപ്പോള്‍ യു.പി.എ.യുടെ ഭരണം ആയിരുന്നു. 2014 ഓഗസ്റ്റില്‍ ഇ.ഡി.ഈ കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുവാനായി ആരംഭിച്ചു. അപ്പോള്‍ ഭരണം മാറിയിരുന്നു. 2015-ല്‍ ദല്‍ഹി ഹൈക്കോടതി ഈ കേസില്‍ കുറ്റകരമായ ഉദ്ദേശം ഉണ്ടെന്ന് പരാമര്‍ശിച്ചുകൊണ്ട് അപ്പീല്‍ തള്ളി. 2016-ല്‍ സുപ്രീം കോടതി പ്രതികളുടെ വ്യക്തിപരമായ സാന്നിദ്ധ്യം കേസ് വിസ്താരണ വേളയില്‍ ഒഴിവാക്കിയെങ്കിലും കേസ് തള്ളിക്കളയുവാന്‍ വിസമ്മതിച്ചു. ഇതിനിടയില്‍ 2015-ല്‍ ഇ.ഡി. ഈ കേസ് നിറുത്തിവെച്ചെങ്കിലും ഉടന്‍ തന്നെ ഉന്നത സമ്മര്‍ദ്ദം മൂലം പുനരാരംഭിച്ചു. 2018-ല്‍ ഗവണ്‍മെന്റ് നാഷ്ണല്‍ ഹെറാള്‍ഡിനെതിരെ നടപടി ആരംഭിച്ചു. ഒഴിപ്പിക്കല്‍ നടപടി സുപ്രീംകോടതി നിറുത്തി വയ്പ്പിച്ചു. എന്നാല്‍ ഇ.ഡി.മുംബൈയില്‍ എ.ജെ.ല്ലെിനുണ്ടായിരുന്ന 64 കോടിരൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടി. 2020-ല്‍ മുംബൈയില്‍ 16.38 കോടിരൂപയുടെ പതിനൊന്നു നില കെട്ടിടം കണ്ടുകെട്ടി.
ഇ.ഡി.ഡോടെക്‌സ് എന്ന കൊല്‍ക്കട്ട കമ്പനിയും യംങ്ങ് ഇന്‍ഡ്യനും തമ്മിലുള്ള കടമിടപാടുകള്‍ രാഹുലില്‍ നിന്നും തെരഞ്ഞതായറിയുന്നു. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് ചോദ്യോത്തരങ്ങള്‍ നടക്കുന്നത്. ചോദ്യത്തെ തുടര്‍ന്ന് ഒരു പക്ഷേ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കാമെന്ന പ്രചരണങ്ങള്‍ ദല്‍ഹി തെരുവുകളെ കലുഷിതമാക്കുകയുണ്ടായി. ഇ.ഡി.യും ഗാന്ധിമാരും സത്യം വെളിപ്പെടുത്തണം.
നാഷ്ണല്‍ ഹെറാള്‍ഡ് കേസ് ഗാന്ധി കുടുംബത്തെ കുടുക്കുവാനുള്ള ഒരു രാഷ്ട്രീയഗൂഢാലോചന ആണോ? ബി.ജെ.പി. എം.പി. സുബ്രമണ്യന്‍ സ്വാമി ആണ് 2013-ല്‍ പരാതി നല്‍കിയത്. അന്വേഷണം ഊര്‍ജ്ജിതമായതും അവസാനിപ്പിച്ചതും വീണ്ടും തുടര്‍ന്നതും മോദി ഭരണത്തിലാണ്. ഇതൊരു രാഷ്ട്രീയ ഗൂഢാലോചന ആണെങ്കില്‍ ഗവണ്‍മെന്റും ഇ.ഡി.യും മറുപടി പറയേണ്ടിവരും. അതല്ല നാഷ്ണല്‍ ഹെറാള്‍ഡ് കേസ് ഗുരുതരമായ സാമ്പത്തീക ക്രമക്കേടുകളുടെ ഉറവിടം ആണെങ്കില്‍ ഗാന്ധിമാരും അതിന് ഉത്തരം നല്‍കേണ്ടിവരും. സോണിയയുടെയും രാഹുലിന്റെയും യംങ്ങ് ഇന്‍ഡ്യന്‍ എ.ജെ.എല്‍.ഏറ്റെടുത്തതില്‍ സാമ്പത്തീക ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അത് ഇ.ഡി.വ്യക്തമാക്കണം.
ഭരണം മാറുമ്പോള്‍ വാദിപ്രതിയും പ്രതി വാദിയും ആകുന്നത് ഇന്‍ഡ്യയുടെ രാഷ്ട്രീയത്തില്‍ സംഭവിക്കാറുണ്ട്. ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, അ്ത ഈ.ഡി. ആയാലും സി.ബി.ഐ. ആയാലും, അന്വേഷിക്കുന്നത് ബി.ജെ.പി.യുടെ എതിരാളികളെ ആണ്. ബി.ജെ.പി. നേതാക്കന്മാര്‍ക്കും എതിരെ പരാതികള്‍ ഉണ്ട്. അതൊന്നും ഇപ്പോള്‍ അന്വേഷിക്കുകയില്ല. അതാണ് അന്വേഷണത്തിന്റെ രാഷ്ട്രീയം. കൂട്ടില്‍ അടച്ചിട്ട തത്ത എന്ന് സുപ്രീം കോടതി സി.ബി.ഐ.യെ വിശേഷിപ്പിച്ചത് അതിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലുള്ള പരിമിതിയെ കണക്കാക്കിയാണ്. ഈ വക അന്വേഷണങ്ങള്‍ ഇങ്ങനെ യജമാനന്റെ രാഷ്ട്രീയം അനുസരിച്ചാണെങ്കില്‍ വലിയ അപരാധം ആണ്. ഗാന്ധി കുടുംബത്തെ നിയമത്തിന്റെ മുമ്പില്‍ തെറ്റുക്കാരാക്കി തേജോവധം ചെയ്തു കുറ്റവാളികള്‍ ആക്കി ചിത്രീകരിച്ചാല്‍ ബി.ജെ.പി.ക്ക് അത് രാഷ്ട്രീയമായി വലിയ ഗുണം ചെയ്‌തേക്കാം. ചിലപ്പോള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവിനുള്ള വഴിയും. ഹെറാള്‍ഡ് കേസിന്റെ പേരില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറി മുതിര്‍ന്ന നേതാക്കന്മാരെ നായാടി പിടിച്ചതും മറ്റുള്ളവരെ തെരുവിലിട്ട് തല്ലിചതച്ചതും ജനാധിപത്യ മര്യാദക്ക് ചേര്‍ന്നതല്ല. ഇതു ഫാസിസ്റ്റ് മുറയാണ്. ഹെറാള്‍ഡ് കേസിലെ സത്യം തെളിയട്ടെ. ഗാന്ധിമാര്‍ നിരപരാധികള്‍ ആണെങ്കില്‍ അതും തെളിയട്ടെ.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക