Image

ഭ്രമം-2 (നോവല്‍ അധ്യായം - 14:മുരളി നെല്ലനാട്‌)

Published on 18 June, 2022
ഭ്രമം-2 (നോവല്‍ അധ്യായം - 14:മുരളി നെല്ലനാട്‌)

കഥ ഇതു വരെ.
     

രവി കുമാറിനും പൂർണിമക്കും രണ്ടു മക്കളാണ്.അഖിലും നിഖിലയും. അഖിലിൻ്റെ ഭാര്യ മാളവിക. നിഖില കോളേജിൽ പഠിക്കുന്നു.ഈ സമയം പൂർണിമ ഒന്നുകൂടി അമ്മയാവുന്നു. അത് പ്രായപൂർത്തിയായ നിഖിലയ്ക്ക് അപമാനമായി. രഹസ്യമായി പ്രസവിച്ച പെൺകുഞ്ഞിനെ മക്കൾ ഇല്ലാതിരുന്ന ജയദേവൻ നിരുപമ ദമ്പതികൾക്ക് വളർത്താൻ കൊടുത്തു. നിരുപമ ഒരു ട്രാൻസ്ജെൻഡർ വുമൺ ആണ്. ജയദേവൻ മരിച്ച് നാല് വർഷം കഴിഞ്ഞപ്പോൾ നിരുപമ അതിനകം ഫിലിം സ്റ്റാർ ആയി . നിരുപമ അനൂട്ടി എന്ന് പേരിട്ട കുട്ടിയുമായി മുംബൈയിലേക്ക് ചേക്കേറി. നിരുപമയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മകളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അനൂട്ടിക്ക് പതിനെട്ട് വയസ്സായി. അവൾ മയക്കുമരുന്നിനു അടിമയായി. നിരുപമ മകളുമായി കൊച്ചിയിൽ എത്തുന്നു. നിരുപമ മകളുമായി എത്തിയ വിവരമറിഞ്ഞ് കൊച്ചിയിലുള്ള അഖിലിൻ്റെ വീട്ടിൽ പൂർണിമയും രവികുമാറും താമസിക്കാൻ എത്തി. അനൂട്ടിയും പൂർണിമയും അടുപ്പത്തിലാകുന്നു. അയൽ വീട്ടുകാരെ പറ്റി നിരുപമയ്ക്ക് ചില സംശയങ്ങൾ ഉണ്ടാകുന്നു. അനുട്ടി പഠിക്കുന്ന കോളേജിൽ അധ്യാപികയാണ് നിഖില. തൻ്റെ അനിയത്തി ആണ് അനൂട്ടി എന്ന് നിഖില തിരിച്ചറിയുന്നു.നിരുപമ ഷൂട്ടിങ്ങിന് ഹൈദരാബാദിൽ പോകുന്നു. ഈ സമയം മുംബൈയിലെ സുഹൃത്തുക്കൾ  നിശാപാർട്ടിക്ക് കൊച്ചിയിൽ വരുന്നു. അടുത്ത വീട്ടിലെ താമസക്കാർ ആരാണെന്നറിയാൻ നിരുപമ പറഞ്ഞുവിട്ട സെർവെൻ്റ് ട്രാപ്പിൽ ആവുന്നു.
                                       (തുടർന്നുവായിക്കാം.)

ജാസ്മിൻ ഫോണിൽ കോൺടാക്ട് ലിസ്റ്റ് തിരയാൻ തുടങ്ങി. ആരെയെങ്കിലും വിളിച്ചു വരുത്തിയാൽ വാതിൽ ചവിട്ടി തുറക്കാതെ അകത്ത് കടക്കാൻ പറ്റില്ലെന്ന് പെട്ടെന്ന് ജാസ്മിൻ ഓർത്തു. ആൾക്കാർ കൂടിയാൽ  മോഷ്ടിക്കാൻ കയറിയ കള്ളിയായി എല്ലാവരും കരുതും. പോലീസും വരും.ഈ വീട്ടുകാരെ പറ്റി ഒന്നും തനിക്കറിയില്ല. അവൾ നിരുപമയെ  വിളിച്ചെങ്കിലും കിട്ടിയില്ല.
 "എൻ്റെ കർത്താവേ.. ഇനി ഞാൻ എന്തു ചെയ്യും?"
പെട്ടെന്ന് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം ഗേറ്റിനു മുന്നിൽ കേട്ട് അവൾ ഓടിച്ചെന്ന് ജനലിലൂടെ നോക്കി. ഒരു യുവതി കാറിൽനിന്നിറങ്ങി ഗേറ്റ് തുറക്കുന്നു. കാർ അകത്തു വന്നു നിന്നു. അതിൽ നിന്ന് ഒരു യുവാവ് ഇറങ്ങി. അവർ വീട്ടിലേക്ക് കയറി വരുന്നത് കണ്ടതും ജാസ്മിൻ കിടുകിടെ വിറച്ചു.വാതിലിൻ്റെ ഹാൻഡിൽ ഉലയുന്നത് അവൾ അറിഞ്ഞു.
"എന്താ സീനു...വീട് ലോക്ക് ചെയ്യാൻ മറന്നു എന്ന് നീയല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ ലോക്ക് ആണല്ലോ.."
 പുരുഷ ശബ്ദം കേട്ടു.
"ചിലപ്പോ  കാറ്റടിച്ചപ്പോൾ വാതിൽ വന്ന് അടഞ്ഞു കാണും. അപ്പോൾ തനിയെ ലോക്കായതാ. സത്യമായും ഞാൻ ലോക്ക് ചെയ്യാൻ മറന്നതാ പ്രശാന്തെട്ടാ.."
സ്ത്രീ ശബ്ദം വന്നു. ജാസ്മിൻ കിടുങ്ങി വിറച്ച് നിൽക്കവെ വാതിൽ തുറന്ന് യുവാവും യുവതിയും അകത്തുകയറി. ജാസ്മിൻ വിറച്ചുകൊണ്ട് നിൽക്കുന്നത് കണ്ട് അവർ ഞെട്ടി.


" അയ്യോ... കള്ളി.."
യുവതി വിളിച്ചു പറഞ്ഞു.
"ഇവൾ മോഷ്ടിക്കാൻ കയറിയതാ.. പോലീസിനെയും ആൾക്കാരെയും വിളിക്ക് പ്രശാന്തെട്ടാ..."
"സത്യമായിട്ടും ഞാൻ മോഷ്ടിക്കാൻ കയറിയതല്ല.. എന്നെ വിശ്വസിക്കണെ. ഞാൻ പാർട്ട് ടൈം  ജോലിക്കാരിയാ.. ഇവിടെ പണിക്ക് ആളെ വേണോ എന്ന് അറിയാൻ വന്നതാ.വിളിച്ചിട്ട് ആരും വരാതിരുന്നിട്ടാ അകത്ത്കയറിയത്. അപ്പൊ വാതിലടഞ്ഞു.."
ജാസ്മിൻ വിറച്ചു കരഞ്ഞു പറഞ്ഞു. "പച്ചക്കള്ളം. അവളെ പോലീസിൽ ഏൽപ്പിക്കണം. വിടരുത്. എന്തൊക്കെ കട്ടെന്ന് ആർക്കറിയാം!"
യുവതി ഒച്ചവച്ചു.
" ഞാൻ കളളിയല്ല മാഡം. എന്നെ പോലീസിൽ പിടിപ്പിക്കരുത്."
ജാസ്മിൻ തൊഴുതു കരഞ്ഞു.
" എന്താടി നിൻ്റെ പേര്?"
യുവാവ്  ചോദിച്ചു.
" ജാസ്മിൻ.."
"അഡ്രസ്സ് പറ."
അവൾ വിവരങ്ങൾ പറഞ്ഞു. അയാൾ ഫോൺ എടുത്തു അതിൽ കുറിച്ചു.
 "നീ പറയുന്നതൊന്നും അങ്ങനെയങ്ങ് വിശ്വസിക്കാൻ പറ്റില്ല. ആദ്യം നിൻ്റെ ഫോട്ടോ എടുക്കട്ടെ. വല്ലതും പോയിട്ടുണ്ടെങ്കിൽ നിന്നെ പോലീസിന് കാട്ടി കൊടുക്കണമല്ലോ. നേരെ നിൽക്കെടി.."
അയാൾ അവളുടെ ചിത്രങ്ങൾ ഫോണിൽ എടുത്തു.
 "ഇനി നിന്നെ ഈ ഹൗസിംഗ് കോളനിയിൽ കണ്ടാൽ ആ നിമിഷം പോലീസിനു പിടിച്ചു കൊടുക്കും. എൻ്റെ ബ്രദർ പ്രകാശൻ ഇവിടത്തെ സി.ഐ ആണ്. ഈ ഹൗസിംഗ് കോളനിയിൽ നീ വരുമോ?"
"ഞാൻ വരില്ല സാറേ.. ഇവിടത്തെ വീടുകളിലെ പണികൾ ഞാൻ നിർത്തി വെച്ചോളാം.."
"എങ്കിൽ നിനക്ക് നല്ലത്. പെട്ടെന്ന് സ്ഥലം വിട്ടോ.."
"ഇവളെ വിടരുത്. എന്തെങ്കിലും കളവു പോയെന്നു നോക്കണ്ടേ..."
"പ്രകാശൻ ചേട്ടൻ വിചാരിച്ചാ ഇവളെ പൊക്കാനാണോ പ്രയാസം?"
ജാസ്മിൻ ഇറങ്ങി ഓടി. അത് കണ്ട് അവർ ചിരിച്ചു.

 • * *
  രാവിലെ എട്ട് മണിയോടെ അനൂട്ടിയുടെ സെൽ റിങ്ങ് ചെയ്തു. റൂമിൽ നിന്ന് ഇറങ്ങി വന്ന് ഫോണെടുത്തു. വിവേകിൻ്റെ കോൾ ആയിരുന്നു.
   "ഹലോ.. നിങ്ങൾ കൊച്ചിയിൽ എത്തിയോ?"
  " ഇന്നലെ രാത്രിയിൽ എത്തി. എല്ലാവരുമുണ്ട്. മറിയ, സോന, ഡിംപിൾ, പിന്നെ നീ പോയ ശേഷം നമ്മുടെ ഗ്യാങിൽ വന്ന രണ്ടു പേർ."
  " വൗ.. ഇന്ന് കാണാൻ പറ്റുമോ?"
  അനൂട്ടിക്ക് സന്തോഷം അടക്കാനായില്ല. 
  "ഓഫ് കോഴ്സ്. ഹോട്ടൽ റെഡിയാ. രാത്രി പതിനൊന്നിനാ പാർട്ടി. ആ സമയം നിനക്ക് പുറത്ത് വരാൻ പറ്റുമോ? നിന്നെ കാണാനാ ഞങ്ങൾ മുംബൈയിൽ നിന്ന് വന്നത്."
   " നിങ്ങൾ എന്നെ ഒന്ന് ഹെൽപ്പ് ചെയ്യണം. ഞാൻ വീടിനു പിന്നിൽ എത്താം, പക്ഷേ നിങ്ങൾ ഒരു വണ്ടിയും ആയി വരണം. വീട്ടിൽ സെക്യൂരിറ്റിക്കാർ ആരൊക്കെ ഉണ്ട്." "നീ ലൊക്കേഷൻ മാപ്പ് വിട്ടാൽ മതി. ഞങ്ങൾ വന്ന് പിക്ക് ചെയ്യാം."
  "ഓക്കേ ടാ.."
   അവൾ കോൾ കട്ട് ചെയ്തിട്ട് തുള്ളിച്ചാടി.  
  സോഫി അമ്മ വന്നോ എന്ന് അറിയാൻ അവൾക്ക് കൗതുകം തോന്നി.ഒന്ന് കാണാൻ മനസ്സിൽ വല്ലാത്തൊരു കൊതിതോന്നി. പൂർണിമയുടെ നമ്പരിൽ അവൾ വിളിച്ചു. 
  "മോളേ.."
   സ്നേഹവാത്സല്യം ഒഴുകുന്ന വിളി തേങ്ങൽ പോലെ കാതിലെത്തി. ഏത് ലഹരിയേക്കാൾ മേലെയാണ് ആ വിളി എന്ന് അനൂട്ടിക്ക് തോന്നി.
  "ഞാൻ മിണ്ടൂല ഇതുവരെയും വന്നില്ലേ.."

 •  "ഞാൻ ഇന്നലെ രാത്രി വൈകി വന്നു മോളേ. മോളെ കാണാനുള്ള കൊതി കൊണ്ട് ഓടി വന്നതാ.."
   "എന്താ സോഫി അമ്മേ നമുക്ക് രണ്ടു പേർക്കും കാണാൻ ഇങ്ങനെ ഒരു കൊതി തോന്നാൻ?"
  "ഞാൻ പറഞ്ഞില്ലേ.. എൻ്റെയാ മോള് അനൂട്ടിയായിട്ടാ..."
   ആ മറുപടി കേട്ട് അനൂട്ടിചിരിച്ചു.
  "എങ്കിൽ എന്നെ എടുത്തോ.."
 •  
 •  
 • " മോള് വന്നാൽ അമ്മ രണ്ടു കൈയും നീട്ടി
   സ്വീകരിക്കില്ലേ."
   അത് കേട്ടപ്പോൾ അനൂട്ടിക്ക് സങ്കടം വന്നു.
   "ബ്രേക്ഫാസ്റ്റിന് മോള് വരുമോ?"
  " പിന്നെ വരാതേ..എനിക്ക് പുട്ടും പപ്പടവും പയറും മുളക് വറുത്തതും തരുമോ?"
   "തരാലോ.. പൊന്നുമോള് വന്നാൽ മതി." 
  "അരമണിക്കൂറിനുള്ളിൽ എത്തും."
  ഫോൺ വെക്കുമ്പോൾ അനൂട്ടിയുടെ കണ്ണു നനഞ്ഞു. താൻ അവർക്ക് ആരുമല്ല. ഇങ്ങനെ സ്നേഹിക്കാൻ സോഫി അമ്മയ്ക്ക് എങ്ങനെ കഴിയുന്നു? അപ്പോൾ ശരിക്കും താൻ അവരുടെ മകൾ ആയിരുന്നെങ്കിലോ... സോഫി അമ്മയെ കെട്ടിപ്പിടിച്ച് തോളിൽ മുഖം വച്ച് നിൽക്കാൻ ചിലപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ഒരു മണമുണ്ട് സോഫി അമ്മയ്ക്ക്. അതായിരിക്കും അമ്മ മണം.. ബാഗുമായി അവൾ താഴെ വന്നു. ആച്ചി അമ്മ ഓടി വന്നു.
   "കാപ്പി കഴിക്കാതെ പോവാണോ മോളേ.. മോള് വാ.."
  " ഞാൻ സോഫി ആൻ്റിയുടെ വീട്ടിൽ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചോളാം.. അവർ വന്നിട്ടുണ്ട്.ശ്രീനി അങ്കിളിനോട് കാറുമായി അവിടെ വരാൻ പറഞ്ഞാൽ മതി."
  അവൾ നടന്നതും ആ സ്ത്രീ ഓടി മുന്നിൽ കയറി.
  "എൻ്റെ പൊന്നു മോളെ... ചതിക്കല്ലേ.. ഞാൻ നിൻ്റെ കാലു പിടിക്കാം."
   ആച്ചി അമ്മ കരഞ്ഞു പറഞ്ഞു.
  "അയ്യേ.. ആച്ചി അമ്മയ്ക്ക് നാണമില്ലേ? കൊച്ചുമോളുടെ പ്രായമുള്ള എന്നോട് ഇങ്ങനെ പറയാൻ. ഞാൻ അടുത്ത വീട്ടിൽ പോയെന്ന് മമ്മിയെ ആര് അറിയിക്കാനാണ്... ആച്ചി അമ്മ എങ്കിലും എനിക്ക് അല്പം സന്തോഷം താ.അല്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിച്ചു പോകും."

 •  അവൾ നടന്നു നീങ്ങി. ഗേറ്റിനു അടുത്തെത്തിയതും സെക്യൂരിറ്റിക്കാരൻ ഓടിവന്നു.
  "മോള് നടന്നു പോവാന്നോ?ശ്രീനി ഇപ്പൊ വരും. ഞാൻ അയാളെ വിളിക്കാം.പോവല്ലേ മോളേ..."
  അയാൾ വിരണ്ടു.
  "എനിക്ക് അടുത്ത വീട്ടിൽ കയറണം. ശ്രീനി അങ്കിളിനോട് അവിടെ വരാൻ പറഞ്ഞാൽ മതി."
  അവൾ വേഗം റോഡിലേക്ക് ഇറങ്ങി നടന്നു. അവളെ പിടിച്ചുനിർത്താൻ പറ്റാതെ അയാൾ ക്യാബിനിലേക്ക് ഓടി.മമ്മിയെ വിളിച്ചുപറയാൻ ആണെന്ന് അനൂട്ടിക്ക് മനസ്സിലായി.അനൂട്ടി ഗേറ്റിന് അടുത്തെത്തിയപ്പോൾ പൂർണിമ സിറ്റൗട്ടിൽ നിൽപ്പുണ്ടായിരുന്നു.
   "അമ്മേ..."
  അവൾ കൊച്ചു കുട്ടിയെ പോലെ ചിരിച്ച് ഓടിച്ചെന്നു പൂർണമയെ  മുറുകെ കെട്ടിപ്പിടിച്ചു.
 • "എൻ്റെ മോളെ...."
  പൂർണിമ വിതുമ്പിക്കൊണ്ട് അവളുടെ ശിരസ്സിൽ  ചുണ്ട് വച്ചു.
  " കരയാണോ സോഫി അമ്മ?"
   " വാ മോളെ...പൂർണിമ അവളെ ചേർത്തണച്ച്  ഹാളിൽ കയറിയപ്പോൾ രവികുമാർ നിൽപ്പുണ്ട്. 
  " ജെയിംസ് അങ്കിളും  ഇങ്ങ് പോന്നോ?" 
  അയാൾ അടുത്തുവന്നു അവളുടെ ശിരസ്സിൽ തഴുകി.
  " ഞാനും പോന്നു മോളേ.."
  അയാളുടെ കണ്ണുകൾ നനഞ്ഞു ഇരിക്കുന്നത് അവൾ കണ്ടു.
  " ഇതെന്താ സീൻ.. കണ്ണു നിറഞ്ഞല്ലോ."
  " മോളെ ഞങ്ങൾക്ക് അത്രയ്ക്ക് ഇഷ്ടമാ.അതു തന്നെ കാരണം."
  "എൻ്റെ ഒരു ഭാഗ്യം. ഇപ്പോൾ തോന്നുവാ മുംബൈയിൽ നിന്ന് വന്നത് നന്നായെന്ന്."
   അവൾ ചിരിച്ചു.
  "ദൈവമാ മോളെ ഇങ്ങോട്ട് കൊണ്ടുവന്നത്. വാ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.."
   എല്ലാവരും ഡൈനിങ് ഹാളിൽ ചെന്നു. അനൂട്ടി ചോദിച്ചത് ഒക്കെ അവിടെ തയ്യാറായിരുന്നു. ഓരോന്ന് കണ്ടതും അവൾ അത്ഭുതംകൂറി.
  " ഇത്ര പെട്ടെന്ന് അമ്മ ഇതൊക്കെ ഉണ്ടാക്കിയോ?"
  " മോള് മാനത്തെ അമ്പിളിമാമനെ പിടിച്ചു തരാൻ പറഞ്ഞാ അമ്മ അതും ചെയ്യും..." 
  രവികുമാർ ചിരിയോടെ പറഞ്ഞു. അവൾ പൊട്ടിച്ചിരിച്ചു. 
  മകൾക്കും അച്ഛനും ഭക്ഷണം വിളമ്പി അവർ കഴിക്കുന്നത് നോക്കി പൂർണിമയിരുന്നു. എന്നെങ്കിലും തൻ്റെ മോളെ തനിക്ക് ഇതുപോലെ സ്വന്തമായി കിട്ടുമോ? രുചിയോടെ അനുട്ടി പ്ലേറ്റിൽ വച്ചതെല്ലാം കഴിച്ചു. ഗേറ്റിൽ കാറിൻ്റെ ഹോൺ മുഴങ്ങി. പിന്നാലെ സെൽ റിങ്ങ് ചെയ്തു. അവൾ ഫോണിൽ നോക്കി.
  "മമ്മി അറിഞ്ഞു കഴിഞ്ഞു... മമ്മിയാ വിളിക്കുന്നത്."
  കോൾ എടുക്കാതെ അവൾ ഫോൺ സൈലൻ്റ് ആക്കി വെച്ചു.
  " പാവം ആച്ചി അമ്മയ്ക്ക് ചെവി നിറയെ കേൾക്കാം.."
  അവൾ കൈ കഴുകി വന്നു. പിന്നെ ഫോൺ എടുത്തു പൂർണിമയുടെ നേരെ പിടിച്ച് ഫോട്ടോകൾ എടുത്തു.
  "മോള് എന്താ കാട്ടണേ..."
  പൂർണിമ ഭയന്നു." മമ്മിക്ക് സോഫി അമ്മ ആരാണെന്ന് കാണണം. ഞാൻ ഈ ഫോട്ടോ അയച്ചു കൊടുക്കുന്നുണ്ട്."
  " അരുത്... മോള് അങ്ങനെ ചെയ്യരുത്...വേണ്ട മോളെ..."
  പൂർണിമ കെഞ്ചി.
  രവികുമാറിൻ്റെ മുഖത്ത്  ഉൽക്കണ്ഠ നിഴലിച്ചു.
  " മോള് അയക്കരുത്.. ഞങ്ങളെപ്പറ്റി ഒന്നു നിരുപമ അറിയരുത്."
  "അതെന്താ അങ്കിൾ?"
   അവൾ ഫോൺ ബാഗിലാക്കി. വീണ്ടും ഹോൺ മുഴങ്ങി. 
  " ഫോട്ടോ മമ്മിക്ക് അയക്കല്ലേ മോളേ.."
  പൂർണിമ യാചിച്ചു.
  " ശരി ഞാൻ അയക്കില്ല.. എനിക്ക് സോഫി അമ്മയെ കാണാൻ തോന്നുമ്പോൾ കാണാമല്ലോ."
  ചിരിയോടെ അവൾ പോയി. പൂർണിമയ്ക്ക് കൂടെ ചെല്ലാനുള്ള ശക്തിയില്ലായിരുന്നു.
   "രവിയെട്ടാ.. അവൾ നിരുപമക്കത് അയക്കും.എല്ലാം തകരാൻ പോവുകയാണ്."
  പൂർണിമ കരഞ്ഞു. ശിലപോലെ രവികുമാർ ഇരുന്നു.
 • * *
    ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോൾ അനൂട്ടിയുടെ അടുത്ത് ജോതിർമയി വന്നു. 
  "ഇന്ന് രാത്രി പാർട്ടിക്ക് നീ വരില്ലേ... വിവേകേട്ടനും കൂട്ടുകാരും എത്തിയിട്ടുണ്ട്.." അനൂട്ടി ചോദിച്ചു.
   "പിന്നെ വരാതെ.. കസിനോപ്പം ഹോസ്റ്റലിൽ പോകും എന്ന് പറഞ്ഞിട്ടാ വീട്ടീന്ന് ഇറങ്ങിയത്. ഇന്ന് ഇനി വീട്ടിലേക്കില്ല... നേരെ ഹോട്ടലിൽ പോകും. ഇന്ന് നമുക്ക് പൊളിക്കണം..."
   ജ്യോതിർമയി ചിരിച്ചു.
  " നിൻ്റെ വണ്ടി വന്നിട്ടുണ്ട്." കൂട്ടിക്കൊണ്ടുപോകാൻ വണ്ടി വന്നു കിടക്കുന്നത് അനൂട്ടി കണ്ടു. അങ്ങോട്ട് നടക്കുമ്പോൾ ബാഗും തൂക്കി കുറെ പുസ്തകങ്ങളും ആയി നിഖില വരുന്നത് അനൂട്ടി കണ്ടു. നിഖില വണ്ടി കാത്ത് ഒരു സ്ഥലത്തു നിന്നും. അനൂട്ടി നിഖിലയുടെ അടുത്തേക്ക് ചെന്നു.
  " ടീച്ചർ..."
   പുഞ്ചിരിയോടെ അവൾ വിളിച്ചു. നിഖില അവളെ അലക്ഷ്യമായി നോക്കി. 
   "എന്താ പോകുന്നില്ലേ?"
  " ടീച്ചർ എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത്? ഞാൻ ഇപ്പോൾ ടീച്ചർക്ക് ഒരു ശല്യം ചെയ്യുന്നില്ലല്ലോ.. എല്ലാം പഠിക്കുന്നുമുണ്ട്." 
  "തന്നോട് എനിക്ക് എന്ത് ദേഷ്യം?"
  "മമ്മിയും ടീച്ചറും പരിചയക്കാർ ആണെന്ന് അറിയാം.."
  " നിൻ്റെ മമ്മിസെലിബ്രിറ്റി അല്ലേ.."
  "എന്തു സെലിബ്രിറ്റി ടീച്ചർ... ഏറ്റവും വലിയ സെലിബ്രിറ്റി രണ്ട് കൂട്ടരാ. മാതാപിതാക്കളും ഗുരുക്കന്മാരും. ഡാഡിയെ കുറിച്ച് വലിയ ഓർമ്മ ഒന്നും എനിക്കില്ല. മമ്മി എനിക്ക് സെലിബ്രിറ്റിയായി തോന്നിയിട്ടുമില്ല.. എൻ്റെ സെലിബ്രിറ്റി ടീച്ചേഴ്സാ.. അതിൽ ഞാൻ കൂടുതലിഷ്ടപ്പെടുന്നത് ടീച്ചറെയാ..."
  നിഖില അവളെ തറപ്പിച്ചു നോക്കി. "കളിയാക്കിയതല്ല... ടീച്ചർക്കുള്ള അറിവിൻ്റെ നാലിലൊന്ന് മറ്റ് ടീച്ചേഴ്സിനില്ല. ഉണ്ടെങ്കിൽ അത് അവർ സ്റ്റുഡൻസിന് പകർന്നു നൽകുന്നില്ല. ടീച്ചർ കുട്ടികളോട് അല്പം ഇൻ്റിമസി കാണിച്ചാ മരിക്കുംവരെ നിഖില ടീച്ചർ അവരുടെ മനസ്സിൽ ഉണ്ടാവും... അവർക്ക് പേടിയാ ടീച്ചറെ. ആദ്യമൊക്കെ എന്നെക്കൊണ്ട് ഓരോ കുസൃതികൾ കാണിപ്പിച്ചത് അവരാ. ടീച്ചറിൻ്റെ ദേഷ്യം കൂടി ആയപ്പോൾ എനിക്കും രസമായി.. പിന്നെ ക്ലാസ്സ് കേട്ടിരിക്കുമ്പോൾ ടീച്ചർ ആരാണെന്ന് മനസ്സിലായത്. ഇപ്പോൾ ടീച്ചറിൻ്റെ ഒരു ക്ലാസും ഞാൻ മിസ്സ് ചെയ്യാറില്ല..ഞാൻ വായിച്ച് പല ബുക്കും അതുപോലെ അല്ല എന്ന് മനസ്സിലായത് ടീച്ചർ അതേ പറ്റി പറയുന്നത് കേട്ടിട്ടാ.."
   "താൻ നന്നായി വായിക്കാറുണ്ടോ?"
   നിഖില അയഞ്ഞു.
  " എനിക്ക് ഓർമ്മ വച്ച നാൾ മുതൽ മമ്മിയെ കാണുന്നത് തന്നെ അപൂർവമായിട്ടാ.. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ വായനയാണ്.കുറെ ബുക്കുകൾ വായിച്ചിട്ടുണ്ട്. എനിക്ക് ഒരു ടീച്ചർ ആവാനാ മോഹം. ഇപ്പോൾ റോൾ മോഡൽ നിഖില ടീച്ചറാ... പക്ഷെ ക്ലാസിൽ ഞാൻ ജോളിയായിരിക്കും."
   അവൾ ചുമൽ കൂപ്പി ചിരിച്ചപ്പോൾ അതിലെ ഭംഗി നിഖിലയുടെ മനസ്സിൽ തടഞ്ഞു.
  " മമ്മിയും ഞാനും തമ്മിൽ എന്നും ഫൈറ്റാ.. മമ്മിയുടെ സ്നേഹമൊന്നും എനിക്ക് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.  അങ്ങനെയാ ഞാൻ ഇങ്ങനെ ആയത്. പക്ഷേ ഇപ്പോൾ എനിക്ക് ഒരു അമ്മയുണ്ട്. സോഫി അമ്മ. ഞങ്ങളുടെ വീടിനടുത്താ ആ അമ്മ താമസിക്കുന്നത്."
  ആവേശത്തോടെ അനുകുട്ടി തുടർന്നു.
   "മമ്മിക്ക് ഞാനിവിടെ  പോകുന്നത് ഇഷ്ടമല്ല.  മമ്മി ഷൂട്ടിങ്ങിന് പോയിരിക്കാ.. ഞാൻ ബ്രേക്ക്ഫാസ്റ്റ് അമ്മയുടെ വീട്ടിന്നാ കഴിച്ചത്. ജെയിംസ് അങ്കിളും അവിടെ ഉണ്ട്. അവർക്ക് നാല് വയസ്സുള്ള ഒരു മകളെ  നഷ്ടമായത്രെ.. അത് ഞാനാന്നാ അവർ പറയുന്നത്.."
  അവൾ ചിരിച്ചു.

 • നിഖിലയുടെ നെറ്റി ചുളിഞ്ഞു.
  " അവർ ക്രിസ്ത്യൻസ് ആണോ?"
  "ങാ...  യാദൃശ്ചികമായി പരിചയപ്പെട്ടതാ അവരെ. സോഫി അമ്മയുടെ മകൻ വിവേക് ചേട്ടന് ഒരു സുന്ദരി മോൾ ഉണ്ട്. അമയ എന്നാ പേര്. ഒരു ദിവസം എൻ്റെ കാർ അവളുടെ സൈക്കിളിൽ മുട്ടി.അങ്ങനെയാ ഞാൻ അവരെ പരിചയപ്പെടുത്തിയത്." 
  "കുട്ടിയുടെ പേരെന്താ?"
  ഞെട്ടലോടെ നിഖില ചോദിച്ചു.
  " അമയ... വിവേക് ചേട്ടൻ്റെയും മായ ചേച്ചിയുടെയുംമോള്.."
   "ഈ വിവേക് എന്ന ആളിൻ്റെ  രൂപം എങ്ങനെയാ.."
  " പുള്ളിയെ കാണാൻ മുടിഞ്ഞ ലുക്കാ.. നീട്ടിയ താടിയും നീണ്ട മുടിയും. മുടി പിന്നിൽ കെട്ടി വച്ചിരിക്കും.."
   മൈ ഗോഡ്. 
  നിഖിലയുടെ ശരീരം വിറച്ചു. "അമയയുടെ പിക്ക് ഫോണിൽ ഉണ്ടോ?"
  " ഇല്ല ഇനി ഞാൻ എടുത്ത് ടീച്ചറെ കാണിക്കാം... പിന്നെ സോഫി അമ്മയുടെ പിക് ഉണ്ട്."
  " കാണട്ടെ..."
  അനൂട്ടി ഫോൺ എടുത്ത് പൂർണിമയുടെ ഫോട്ടോ കാണിച്ചു. അത് കണ്ടതും നിഖില കിടുകിടെ വിറച്ചു.
   അമ്മ!!  
  താനറിയാതെ അന്തർനാടകങ്ങൾ അരങ്ങേറിയിരിക്കുന്നു. എല്ലാം അറിഞ്ഞു കൊണ്ട് അമ്മ അവിടെ എത്തി. അക്കുവേട്ടനും മാളു ചേച്ചിയും പറഞ്ഞതൊക്കെ കള്ളമാണ്.
  " ഇത്ര അടുപ്പം കാണിക്കാൻ ഇവരെ പറ്റി എന്തെങ്കിലും ഇയാൾക്ക് അറിയോ?"
   "അങ്ങനെ ഒന്നും അറിയില്ല.. വിവേക് ചേട്ടനും മായ ചേച്ചിയും ബാങ്ക് എംപ്ലോയിസാ. ജെയിംസ് അങ്കിളിന് ബിസിനസാ.. കാഞ്ഞിരപ്പള്ളിക്കാരാ."
   സന്ദീപിൻ്റെ കാർ വന്നു നിഖിലയുടെ അടുത്തുനിന്നു. അയാൾ അവരെ നോക്കി. 
  "നിരുപമ മാമിൻ്റെ മോളല്ലേ കുട്ടി..."
  " അതേ സാർ."
  അയാൾ ഹൃദ്യമായി പുഞ്ചിരിച്ചു. നിഖില വേഗം കാറിൽ കയറി. 
  "ടീച്ചർ ബൈ ബൈ..."
   അനുട്ടി കൈവീശി. കാർ മുന്നോട്ടു പോകുമ്പോൾ റിയർവ്യൂ മിററിലൂടെ അവൾ അവിടെനിന്ന് കൈ വീശുന്ന നിഖില  കണ്ടു. 
  തന്നെ എല്ലാവരും തോൽപ്പിച്ചിരിക്കുന്നു.
   ഒന്നു പൊട്ടി കരയാൻ അവൾക്ക് തോന്നി.

* * *
  രാത്രി 9 മണിയായപ്പോൾ ഭക്ഷണം കഴിച്ചെന്നു വരുത്തി അനൂട്ടി റൂമിൽ കയറി വാതിൽ അടച്ചു.
സോഫി അമ്മയുടെ വീട്ടിൽ പോയ വിവരം സെക്യൂരിറ്റി പറഞ്ഞ് മമ്മി അറിഞ്ഞതും ആച്ചി അമ്മയെ ശകാരിച്ചതും അവർ പറഞ്ഞിരുന്നു. നിരുപമ പലതവണ വിളിച്ചിട്ടും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല. കാത്തിരുന്ന കോൾ വന്നു. മറിയ വിളിക്കുകയാണ്. അവൾ ഫോൺ എടുത്തു. 
"എടീ... നീ ലൊക്കേഷൻ മാപ്പ് അയക്ക്." 
"ഇപ്പോ വിടാം.."
 കോൾ കട്ട് ചെയ്തിട്ട് അവൾ വാട്ട്സാപ്പിൽ ലൊക്കേഷൻ അയച്ചു. നിരുപമയുടെ കോൾ വന്നു. അരിശം വന്ന് അവൾ കോൾ എടുത്തു.
" നീ ആ വീട്ടിൽ പോയല്ലെടീ..."
"അതേ പോയി.. നിങ്ങൾക്ക് സോഫി അമ്മയെ കാണണമല്ലേ.. ഞാൻ ഫോട്ടോ അയച്ചു തരാം. ഇനി എന്നെ വിളിച്ചേക്കരുത്." 
അനുട്ടി കോൾ കട്ട് ചെയ്തു. വാട്സാപ്പിൽ പൂർണിമയുടെ ഫോട്ടോ നിരുപമക്ക്അയച്ചു.

  പത്ത്മണിയായപ്പോൾ അവർ ഹൗസിങ് കോളനിയുടെ മുന്നിൽ എത്തിയ വിവരം കിട്ടി. അനൂട്ടി എഴുന്നേറ്റു. ചെറിയ ഷോൾഡർ ബാഗ് പിന്നിലിട്ടു. ഫോൺ സൈലൻറ് മോഡിൽ ആക്കി.  വാതിൽതുറന്നു,ശബ്ദമുണ്ടാക്കാതെ താഴെ വന്നു. 
കിച്ചണിൽ എത്തി വാതിൽ തുറന്നു വീടിൻ്റെ പിന്നിലൂടെ പുഴയുടെ അടുത്തുള്ള മതിലിനരുകിൽ എത്തി. അവിടെനിന്ന് സെക്യൂരിറ്റി ക്യാബിൻ കാണാം. വൈകുന്നേരം അവൾ ആ സ്ഥലം കണ്ടു വച്ചിരുന്നു. അവൾ മതിലിൽ വലിഞ്ഞു കയറി പുറത്തുചാടി. പിന്നെ മറിയയെ വിളിച്ചു.
" ഞാൻ പുഴയുടെ മുന്നിലെ റോഡിലുണ്ട്. എൻ്റെ വീട് കടന്നുവരണം."
"ഓക്കെ.. കോൾ കട്ട് ചെയ്യേണ്ട."
 അവിടെ ഒരു കാട്ടു ചെടിയുടെ മറ പറ്റി അവൾ നിന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു വാഹനത്തിന് ഹെഡ്ലൈറ്റ് പുഴയിലേക്ക് വീഴുന്നത് കണ്ടു. റോഡ് തിരിഞ്ഞ് പതുക്കെ വണ്ടി വന്നു.
" നീ എവിടെ? ഞങ്ങൾ നിൻ്റെ വീട് കഴിഞ്ഞ് പുഴയുടെ അടുത്തെത്തി.."
അത് പറഞ്ഞതും അനൂട്ടി റോഡിലിറങ്ങി. 
"ഓടിവാ..."
 മറിയ തല പുറത്തിട്ടു വിളിച്ചു.അനൂട്ടി കാറിൽ കയറി. എവിടെ മറിയ സോനാ എന്നിവർ ഉണ്ടായിരുന്നു.
" എടീ..."
രണ്ടുപേരും അവളെ മുറുകെ കെട്ടിപ്പിടിച്ചു. വിവേക് അല്പം കൂടി ചെന്ന് കാർ തിരിച്ച് വന്ന പോലെ തിരിച്ചു പോയി. 
വിശേഷങ്ങൾ എല്ലാം അവരോട് പറഞ്ഞു തീർന്നപ്പോൾ കായലിനരികിലുള്ള റിസോർട്ടിന് മുന്നിൽ കാർ എത്തിയിരുന്നു. അഞ്ചാറു പേർ എന്തിനും തയ്യാറെന്ന മട്ടിൽ അവിടെ നിൽപ്പുണ്ടായിരുന്നു.
" നിൻ്റെ കൂടെ ഒരു പാർട്ടിയിൽ കൂടിയിട്ട് എത്ര കാലമായെടീ."
അനുട്ടിയുടെ അരയിൽ ചുറ്റി പിടിച്ചു നടന്നപ്പോൾ മറിയ പറഞ്ഞു. 
അവർ അകത്തു ചെല്ലുമ്പോൾ പതിനഞ്ചോളം യുവതി-യുവാക്കൾ ഹാളിൽ ഉണ്ടായിരുന്നു. പലരും വിദേശികളാണ്. അരണ്ട കളർ വെളിച്ചം.പാർട്ടി നടക്കുകയാണ്.മ്യൂസിക്കിൻ്റെ കൂടെ ലഹരി ആസ്വദിച്ച് എല്ലവരും നൃത്തം ചെയ്യുന്നു. അകത്തെ ഒരു റൂമിൽ ആയിരുന്നു വിലകൂടിയ "സ്വീറ്റ് " വച്ചിരിക്കുന്നത്. ആദ്യ ഡോസ് ചെന്നപ്പോൾ അനുട്ടി പഴയ ഫോമിലായി. 
പിന്നെ ആനന്ദത്തിൻ്റെ ലോകമായിരുന്നു. അവൾ എല്ലാം മറന്ന് നൃത്തം ചെയ്തു.
പഞ്ഞി തുണ്ട് പോലെ അവൾ അനന്ത വിഹായസ്സിൽ പാറിപ്പറന്നു.
ലഹരിയും സംഗീതവും നിറഞ്ഞ മായാലോകം!

 പുറത്തു വൻ പോലീസ് സംഘം റിസോർട്ട് വളഞ്ഞത് അകത്തു ആടി തിമിർത്ത ആരുമറിഞ്ഞില്ല.. 
വാതിൽ തള്ളിത്തുറന്ന് നീട്ടിപ്പിടിച്ച റിവോൾവറുമായി ഡി സി പി വൈഗാമുഖി അകത്തേക്ക് കടന്നതും സ്വിച്ചിട്ടത് പോലെ എല്ലാം നിലച്ചു....        

(നോവൽ അടുത്ത ലക്കത്തിൽ അവസാനിക്കും.)

Read more: https://emalayalee.com/writer/217

ഭ്രമം-2 (നോവല്‍ അധ്യായം - 14:മുരളി നെല്ലനാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക