MediaAppUSA

പിതൃസ്മരണയിലീയാത്രാ.... (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 18 June, 2022
പിതൃസ്മരണയിലീയാത്രാ.... (കവിത: മാര്‍ഗരറ്റ് ജോസഫ്)

പരമപിതാവാം ദൈവത്തെ,
കണികാണാത്ത മനുഷ്യര്‍ക്ക്,
നല്‍ക്കത്തിയേകുന്നിരു ദൈവം,
അച്ഛനുമമ്മയുമീ മന്നില്‍.
ഉത്തമജന്മനിയോഗത്താല്‍,
അപ്പന്‍, അപ്പം നല്‍കിയവന്‍,
ഒളിമങ്ങാത്ത വെളിച്ചമായ്
നിത്യവുമെന്നെ നയിക്കുന്നു.
ഹൃദയക്കോവിലിലിന്നോളം,
നിര്‍വൃതിദായകമാം പൂജ,
പിതൃസ്മരണയിലീയാത്ര,
ദിനരാത്രങ്ങളില്‍ മുന്നോട്ട്....
അറിവിന്‍ കൈത്തിരി കത്തിച്ച,
അര്‍ത്ഥതലങ്ങള്‍ തുറന്നിട്ട,
വാത്സല്യത്തില്‍ കണ്ണുകളില്‍ ഞാന്‍,
വലുതായിട്ടും 'കൊച്ചായി';
കഥകള്‍ കേട്ട് രസീച്ചീടാന്‍,
ഫലിതം കേട്ട് ചിരിച്ചിടാന്‍,
ഉപദേശങ്ങള്‍ ശ്രവിച്ചിടാന്‍,
പ്രതിസന്ധികളില്‍ മുന്നേറാന്‍,
വായനയുള്ളില്‍ ഹരമാകാന്‍,
അപ്പന്‍, അപ്പം നല്‍കിയവന്‍,
അരനൂറ്റാണ്ടു കഴിഞ്ഞിട്ടും,
ശക്തി പകരുന്നവനായി,
ശക്തിപകരുന്നവനായി,
വിശ്രമതീരം പൂകിയവന്‍,
അരൂപിയായ് കരുത്തേകുന്നോ?
ഇടയ്ക്കിടെ കുളിരോളങ്ങള്‍,
ഇടക്കിടുന്ന മുഖചിത്രം,
മനസ്സിന്‍ കണ്ണാടിയിലൂടെ,
എത്ര മഹത്തരമാം ദൃശ്യം!
പതിനെട്ടിന്‍ പടിവാതില്ക്കല്‍,
ഏറ്റം വിരഹാതുരയാക്കി,
മരണത്തിന്‍ മഞ്ചലിലേറി,
മറഞ്ഞു കാണാമറയത്ത്,
അദ്ധ്്വാനത്തിന്‍ പ്രതിപുരുഷന്‍,
പ്രിയങ്കരനാം ഗുരുനാഥന്‍
നിശ്ശബ്ദതയുടെ സംഗീതം,
പൂമഴയാകും നിമിഷങ്ങള്‍
സ്മരണാഞ്ജലിയോടീപുത്രി,
തിരയുന്നങ്ങേ പദമുദ്ര

read more: https://emalayalee.com/writer/143

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക