Image

ദൈവത്തെ പോലെ ഒരച്ഛൻ: ഏതു  മക്കളുടെയും ആഗ്രഹമതാണ് (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 18 June, 2022
ദൈവത്തെ പോലെ ഒരച്ഛൻ: ഏതു  മക്കളുടെയും ആഗ്രഹമതാണ് (ശ്രീകുമാർ ഉണ്ണിത്താൻ)

ജീവിതത്തിൽ കരുത്തും കരുതലുമായി നമുക്കൊപ്പം നിന്ന്, ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും വഴി കാണിക്കുന്ന അല്ലെങ്കിൽ കാണിച്ചിരുന്ന  അച്ഛനു വേണ്ടിയൊരു ദിവസം- ജൂൺ 19 ന് ലോകപിതൃദിനം.  നമ്മുടെ  സ്വപ്നങ്ങൾക്ക്‌ ചിറകുകൾ നൽകി പുതിയ ഒരു  ലോകത്ത്‌  പറന്നുയരുമ്പോൾ നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും  നൽകാൻ നമ്മുടെ   അച്ഛന്മാരോട് കടപ്പെട്ടിരിക്കുന്നു.

പത്തുമാസം ചുമന്നു നമ്മളെ നൊന്ത് പ്രസവിച്ച  അമ്മയുടെ കാര്യമോർത്താൽ  നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പും എന്ന കാര്യത്തിൽ യാതൊരുസംശയവുമില്ല. നമുക്ക് കാണപ്പെട്ട ദൈവം തന്നെയാണ്  അമ്മ.  എന്നാൽ അമ്മയുടെ ഉള്ളിൽ നാം ഒരു പൂമൊട്ടായി വിടരാൻ തുടങ്ങിയത് മുതൽ തൻ്റെയുള്ളിലും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും  പൂന്തോട്ടം വിരിയിക്കാൻ തുടങ്ങുന്ന അച്ഛനെയും ഓർക്കണം. അപ്പോൾ  നമ്മുടെ മനസ്സിലൂടെ  കടന്നുപോവുക ഒരു തണല്‍മരമായി നിന്ന  അച്ഛന്റെ ഓർമ്മകൾ ആയിരിക്കും.    അമ്മയുടെ ത്യാഗത്തിനും സ്നേഹത്തിനുമൊപ്പം അച്ഛന്റെ വിയര്‍പ്പും കഷ്ടപ്പാടും കൂടി ചേരുമ്പോഴാണ് ഓരോ കുഞ്ഞുങ്ങളുടെയും  ജീവിതം ധന്യമാകുന്നത്. ഓരോ കുടുംബവും  സന്തുഷ്‌ടമാകുന്നതും.

അച്ഛനെപറ്റി ഓർക്കുബോൾ   നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്ക് ആരെല്ലാമായി മാറിയിരുന്നു എന്ന്  പറഞ്ഞു തുടങ്ങുന്നതായിരിക്കും  ശരി. ഓരോ അച്ഛന്റയും  സ്വപ്നമാണ് നമ്മുടെ ജീവിതം. പിച്ചവെക്കാൻ തുടങ്ങുന്ന സമയം മുതൽ   നമ്മുടെ ആ കുരുന്നു കൈകൾ ഒപ്പം ചേർത്ത് പിടിച്ച് ആദ്യം പിച്ചവയ്ക്കാൻ പഠിപ്പിച്ചതും, ജീവിതത്തിൽ സ്വപ്നം കാണാൻ പഠിപ്പിച്ചതും, നമ്മെ നാം ആക്കിയതും  അച്ഛൻ അല്ലാതെ   മറ്റാരാണ്.  അച്ഛന്റെ കൈകളില്‍ മുറുക്കിപിടിച്ചാണ് ഓരോ കുഞ്ഞും ആരും പറയാതെ തന്നെ കരുതലിന്റെയും സുരക്ഷയുടെയും അര്‍ത്ഥം മനസ്സിലാക്കിയെടുക്കുന്നത്.    തണല്‍മരമായി അച്ഛന്‍ ഉണ്ടെന്ന തോന്നൽ  പോലും ഓരോ കുഞ്ഞുങ്ങൾക്കും നൽകുന്നത്  വലിയ  ആന്മവിശ്വാസമാണ്.

എന്റെ കുട്ടികൾക്ക് അമ്മയേക്കാൾ കുടുതൽ  ഇഷ്‌ടം എന്നോടാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ജോലി കഴിഞ്ഞു വന്നാൽ അവർ എന്റെ പിന്നാലെ കാണും.  ഉറക്കവും എല്ലാം എല്ലാം എന്നോടൊപ്പം തന്നെ. പലപ്പോഴും  ഭാര്യയുടെ വക ഒരു ചോദ്യം കേൾക്കാം,  മോനെ നിനക്കിഷ്‌ടം അച്ചനെയോ അമ്മയെയോ ...., ഇതിൽ പരിജയം എന്നും  ഏറ്റുവാങ്ങാറുള്ളത് ഞാൻ തന്നെയാണ്. കുഞ്ഞിന്  സ്നേഹം എന്നോടാണ്  എന്ന് തോന്നുമെങ്കിലും അവരുടെ ഉള്ളിൽ അമ്മയോടാണ് എന്നതാണ് സത്യം. അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല  രാവിലെ മുതൽ പകലന്തിയോളം  അവർക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന അവരുടെ അമ്മയെ  തള്ളിപറയാത്ത ആ  മനസ്സ്  നാം കാണാത്  പോകരുത്.

 ഇത്പോലെ മറ്റ് പല വീടുകളിലും ഈ  ഒരു   ചോദ്യം ഞാൻ കേട്ടിട്ടുണ്ട് .അന്നും ഇന്നും ഭൂരിഭാഗം മക്കളുടെയും വോട്ട് കിട്ടി ജയിച്ചു കയറുന്നത് 'അമ്മമാർ  തന്നെ. ഈ ഓട്ടമത്സരത്തിൽ  അച്ഛന് എന്തേ  എന്നും രണ്ടാം സ്ഥാനം എന്ന്  പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. "മൃദുല വികാരങ്ങൾ നഷ്ടപ്പെടുത്തി എന്നതാണ് അച്ഛന്മാരുടെ  പരാജയത്തിന്റെ വലിയ കാരണമായി പലരും  പറയുന്നത്".

മിക്കവാറും മക്കൾ പറയുന്ന  ഒരു കാര്യമുണ്ട്. അച്ഛൻ  എത്ര സ്നേഹം ഉണ്ടെങ്കിലും അതു പുറത്തു കാണിക്കില്ല.... പല കുട്ടികളും  അമ്മമാരോട്  ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, അമ്മയ്‌ക്ക്‌ വേറെ നല്ല  കെട്ടിയവനെ   കിട്ടിയില്ലേ..? ഇതെന്ത് അച്ഛനാണ്.. ഒരു സ്നേഹവും ഇല്ലത്ത അച്ഛൻ .. !!!!

അച്ഛൻമാർ  പല തരത്തിൽപെട്ടവരുണ്ട്, ചിലർ സ്നേഹം  വാരിക്കോരി നൽകും. മറ്റുചിലർ സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കും . പക്ഷേ  പൊതുവെ പറയുകാണെങ്കിൽ അച്ഛന്മാർ ഒരു ഇത്തിരി സീരിയസ് ആയിട്ടാണ് മിക്ക വീടുകളിലും കാണുന്നത് .

നമ്മുടെ കുടുംബജീവിതത്തിൽ മാതാപിതാക്കൾ  നായികയും നായകനും ആണെകിലും പലപ്പോഴും അച്ഛൻമാർ  വില്ലന്റെ വേഷം എടുത്തു അണിയുന്നത് കാണാം, അല്ലെങ്കിൽ അമ്മതന്നെ അച്ഛനെ ഒരു വില്ലനാക്കും ... പലപ്പോഴും കേൾക്കുന്ന ഒരു പദമാണ് അച്ഛൻ ഇങ്ങു വന്നോട്ടെ നിന്നെ ശരിയാകുന്നുണ്ട്....
മിക്ക കുട്ടികളിലും  ഒരു പേടി ഉടലെടുക്കുകയാണ് ഈ വരികൾ .

അമ്മയുടെ പരാതി കേട്ട്  അച്ഛൻ രണ്ടു അടി കൊടുത്താലോ 'അമ്മ അവിടെ രക്ഷകി ആയി ഓടി എത്തും . ഈ കലാപരിപാടിയൊക്കെ കഴിഞ്ഞ് അച്ഛൻ  പോകുബോൾ  നല്ലതിന് വേണ്ടിയല്ലേ അച്ഛൻ തല്ലിയത്' എന്നു പറഞ്ഞു അമ്മ ആശ്വസിപ്പിക്കും...

കെട്ടി പിടിച്ചു കിടക്കുകയും  ഉമ്മകൾനൽകി സ്നേഹം പ്രകടിപ്പിക്കുകയും  ചെയ്യും. അപ്പോൾ ഒരു ചോദ്യം ഉണ്ട്.  അച്ഛനെ കൊണ്ട് മക്കളെ തല്ലിച്ചത്  ആരാ ? ഇപ്പോ  മക്കളെ ആശ്വസിപ്പിക്കുന്നത് ആരാണ് ? അമ്മയുടെ  ഉദ്ദേശ്യം നന്മയായിരുന്നെങ്കിലും, അവസാനം മക്കളുടെ  മനസ്സിൽ  "അമ്മ അകത്തും  അച്ഛൻ പുറത്തുമാകും."

എല്ലാ കുട്ടികളെയും  പോലെ ഞാനും എന്തിനും ഏതിനും അച്ഛന്റെ അടുത്ത് ഓരോ ആവശ്യമായി ചെല്ലും ,
പരാതിപെട്ടി തുറക്കുമ്പോൾ ഒരു നേർത്ത ചിരിയിൽ എല്ലാം ഒതുക്കി കടന്നുപോകുന്ന അച്ഛൻ...  പുറമെ ഗൗരവം കാണിക്കുന്ന അച്ഛന്റെ  മനസിലെ അണയാത്ത സ്നേഹം അന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല.  പലപ്പോഴും ഞാനും വിചാരിച്ചിട്ടുണ്ട് ഈ അച്ഛനെന്തേ ഇങ്ങനെ ....
 
കുടുംബത്തിൽ ഉണ്ടാവുന്ന വിഷമങ്ങളും സന്തോഷങ്ങളും  ഒരുപോലെ ഏറ്റുവാങ്ങുന്ന ആളാണ് അച്ഛൻ.
തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞ് നിറവേറ്റാൻ  പരിശ്രമിക്കുന്ന ആളെന്ന നിലക്ക്  എല്ലാത്തിനും  മൂളാൻ  ചിലപ്പോൾ  സാമ്പത്തികം അനുവദിച്ചെന്ന് വരില്ല . സന്തോഷത്തിൽ കൂടെ ചേർന്ന് ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അച്ഛനെപ്പോലെ മറ്റാർക്ക് കഴിയും?  നമ്മുടെ  എല്ലാ ആഗ്രഹങ്ങളും  സാധിച്ചുതരാൻ  ഒരു പക്ഷേ  ഓരോ അച്ഛനും  കഴിയാത്തത് നമ്മുടെ ഇഷ്‌ടത്തെക്കാൾ നമ്മുടെ  നന്മയായിരിക്കും  അച്ഛന്റെ പ്രാധാന്യം , പക്ഷേ ഒരു പ്രശ്നത്തിൽ പെട്ടാൽ ഒരു മടിയും കൂടാതെ നമുക്ക്  ഓടി ചെല്ലാൻ കഴിയുക അച്ഛൻ്റെ അടുത്തേക്ക് മാത്രമാണ്. ആ  സാമിപ്യം, കരുതൽ മാത്രം  മതി നാമെത്ര സുരക്ഷിതരാണെന്ന് തോന്നാൻ.....

ജീവിതത്തിന്റെ  പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യുബോൾ   വഴികാട്ടാനായി തെളിഞ്ഞു കത്തുന്ന ഒരു മെഴുകുതിരിയായി അച്ഛനും അച്ഛൻറെ ഓർമ്മകളും എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും. നമ്മുടെ ജീവിതഘട്ടത്തിൽ ഉടനീളം തെറ്റുകൾ ഉണ്ടാവുമ്പോഴെല്ലാം നേർവഴി പറഞ്ഞുതരാനും ഒരു ചെറിയ കുട്ടിക്ക് എന്നപോലെ   അതിനെ ക്ഷമയോടെ ഏറ്റുവാങ്ങാനും  അച്ഛന് മാത്രമേ  കഴിയു.   ഒരു സുഹൃത്ത്‌ എന്ന പോലെ അച്ഛൻ പകർന്നു നൽകിയ സ്നേഹവും , പിന്തുണയും, പ്രചോദനവുമൊക്കെ  ഒരിക്കലും കെട്ടുപോകാതെ പ്രകാശിക്കുന്ന വെളിച്ചമായി നമുക്ക് മുന്നിൽ എന്നും നിലനിൽക്കും.

 പലരും പറയുന്നത് കേട്ടിട്ടുണ്ട് എന്നിക്ക് ദൈവത്തെ പോലെ ഒരച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് .....,നാം  ആഗ്രഹിക്കുന്നത് എന്തും നേടിത്തരുന്ന അച്ഛൻ .....  ശരിക്കും ഓരോ അച്ഛന്മാരും   ദൈവത്തിന്റെ കർത്തവ്യങ്ങൾ നമുക്ക് ചെയ്തു   തരുന്നവരാണ്. അച്ഛൻ നമുക്ക് വേണ്ടി എന്തൊക്കെ യാതനകൾ സഹിച്ചിട്ടുണ്ട് എന്ന് മനസ്സിലാകണമെങ്കിൽ ജീവിച്ചു ജീവിച്ചു നം അച്ഛന്റെ അവസ്ഥായിലൂടെ  കടന്ന്  പോകണം,  എങ്കിലെ  അത് മനസിലാവു.....

Read more: https://emalayalee.com/writer/187

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക