Image

ജ്വാലയാകുന്നവർ (രേഖ ഷാജി. മുംബൈ)

Published on 19 June, 2022
ജ്വാലയാകുന്നവർ (രേഖ ഷാജി. മുംബൈ)

കുടുംബവിളക്കിന്റെ എണ്ണയാകുന്നവൻ
ആദിത്യനെപ്പോലെ ആശ്രയമായവൻ
കാർക്കശ്യക്കാവലിൻ ലാളനത്തൂവലായ് 
ജീവിതവീഥിയിൽ തണൽ പരത്തുന്നവൻ

ആഴിപോലലലറുന്ന ആയിരം കദനങ്ങൾ
മനസ്സിൽതിരതല്ലിയാകെത്തകർക്കുമ്പോൾ
മക്കൾക്കു കരുതലിൻ വാത്സല്യവർണ്ണമായ്
 ജീവിതത്തോണി തനിയേ തുഴഞ്ഞവൻ

മന്ദസ്മിതം തൂകി മന്ത്രമാകുന്നവൻ
സത്യക്കരുത്തിന്റെ അഗ്നി കൊളുത്തിയോൻ
നിറയെ സുഗന്ധം പരത്തുന്ന കാറ്റു പോൽ
നീഹാരശീകരക്കുളിരു പകർന്നവൻ

മാകന്ദമധുരമായ് ഹർഷം തുളുമ്പുന്ന
ആനനം നിത്യവും മനസ്സിൽ നിറയ്ക്കണേ
അച്ഛന്റെകരളായിയെന്നും കഴിഞ്ഞിടാ-
നിച്ഛയേകീടനെ ലോകത്തിനീശനേ

അമ്മയ്ക്കു മുൻപേ മനസ്സിന്റെയാഴത്തിൽ
താരാട്ടു പാട്ടിന്റെ താളമായ് മാറിയോൻ
നാരിതൻ നരനായിയമ്മയ്ക്കു പുണ്യമായ്
പ്രാർത്ഥനക്കാവലായ് കാലം കഴിച്ചവൻ

ഹൃദയം നിറയ്ക്കുന്ന സ്നേഹാക്ഷരങ്ങളാൽ
കദനം കഴുകുന്ന സാന്ത്വനമേ...
താതന്റെ ത്യാഗക്കരുത്തിന്റെയോർമ്മയെൻ
ജീവിതംസാർഥകമാക്കീടണേ...
എന്റെ ജീവിതംസാർഥകമാക്കീടണേ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക