Image

ജൂൺ 19 - വായനാവർത്തമാനം - 1 വിരലറ്റം - പ്രകാശൻ കരിവെള്ളൂർ

Published on 19 June, 2022
ജൂൺ 19 -  വായനാവർത്തമാനം - 1   വിരലറ്റം - പ്രകാശൻ കരിവെള്ളൂർ

നീലേശ്വരത്തെ സീ നെറ്റ് ചാനലിന് നടത്തിയ പുസ്തകപരിചയമത്സരത്തിന് സമ്മാനം കൊടുക്കാനുള്ള പുസ്തകങ്ങൾക്ക് വേണ്ടി പയ്യന്നൂർ ഡിസംബർ ബുക്സിൽ പോയപ്പോഴാണ് ജയദേവൻ ഒരു പുസ്തകം എടുത്തു തന്നത്. മടക്കയാത്രയിൽ ബസ്സിലിരുന്ന് തുടങ്ങിയ വായന രാത്രിയോളം നീണ്ടു. വാപ്പയുടെ മരണത്തെത്തുടർന്ന് പതിനൊന്നാം വയസ്സിൽ  
സഹോദരങ്ങളോടൊപ്പം  അനാഥവിദ്യാലയത്തിലെത്തി പത്തു വർഷം അവിടെ ജീവിച്ച് പഠിപ്പും ജീവിതവും പഠിച്ച് , കൽപ്പണിയും ഫാക്ടറിത്തൊഴിലും ചെയ്ത് പിന്നെ പ്യൂണായി, മാഷായി .... ഇടയിലൂടെ പഠിച്ച് ഡിഗ്രിയെടുത്ത് ഒടുവിൽ ഐ എ എസും എഴുതി ഇപ്പോൾ നാഗാലന്റിൽ കലക്ടറായി ജോലി ചെയ്യുന്ന നാല്പത്തിരണ്ട് വയസ്സുള്ള മലപ്പുറക്കാരൻ മുഹമ്മദലി ശിഹാബിന്റെ 
ആത്മകഥ . 1980 - 2000 കാലഘട്ടത്തിലെ ഏറനാടൻ ഗ്രാമീണതയുടെ നേർക്കാഴ്ച്ചയാണ് ശിഹാബിന്റെ ബാല്യ കൗമാരങ്ങൾ . സ്കൂൾ പഠിത്തത്തെക്കാൾ വാപ്പയുടെ മുറുക്കാൻ പീടികയെ സ്നേഹിച്ച ഒരു ബാലൻ അതു വഴി അനൗപചാരികമായി നേടിയത് മനുഷ്യരുടെയും പ്രകൃതിയുടെയും ജീവിതപാഠങ്ങളായിരുന്നു. ആസൂത്രിതമല്ലാതെ നേടിയ ഈ വിദ്യാഭ്യാസ മാണ് യഥാർത്ഥത്തിൽ അവന്റെ കൗമാര യൗവ്വന പ്രായത്തെ ജീവിതായോധനത്തിന് പ്രാപ്തനാക്കിയത്. മദ്രസപ്പഠിപ്പിനോടും സ്കൂൾ പഠിപ്പിനോടും ഒരു പോലെ ഇഷ്ടക്കേട് കാട്ടിയ ആ കുട്ടി വാപ്പയുടെ നിഴലായി നടന്ന് നാടിനെയും മനുഷ്യരെയും പഠിച്ചു. മതത്തിനപ്പുറം ജീവിതത്തിൽ വിശ്വസിക്കുന്ന എടവണ്ണപ്പാറയുടെ തുടിപ്പുകൾ അവന്റെ ഹൃദയമിടിപ്പുകളായി. അവതാരികയിൽ എൻ എസ് മാധവൻ സൂചിപ്പിച്ചത് പോലെ, "ഇത് ജീവിതം വെട്ടിപ്പിടിച്ചവന്റെ കഥയല്ല, ജീവിതം ജീവിച്ചു കൊണ്ട് നേരിടുന്നതിന്റെ കഥയാണ്. "
അതിലുപരി, എന്താണ് അനുഭവബന്ധിതവിദ്യാഭ്യാസം എന്ന് കൃത്യമായി തെളിയിക്കുന്നു ശിഹാബിന്റെ പ്രയാണങ്ങൾ . ലക്ഷങ്ങൾ ഫീസ് കൊടുത്ത് കോഴ്സിന് ചേർന്ന് പണവും പ്രതാപവും അധികാരവും മോഹിച്ച് സിവിൽ സർവീസ് പരീക്ഷയെഴുതുന്ന ബിരുദധാരികളും അവരെക്കൊണ്ട് അത് ചെയ്യിക്കുന്ന രക്ഷിതാക്കളും പഠിക്കേണ്ടുന്ന ഒരു മഹത്തായ പാഠം ശിഹാബിന്റെ വിരലറ്റത്തുണ്ട് "ജീവിതത്തേക്കാൾ വലിയ കോഴ്സില്ല . അതിൽ ചേരാൻ വേണ്ടത് വീടിനെയും നാടിനെയും ഉൾക്കൊള്ളാനുള്ള മനസ്സാണ്. "
അനുബന്ധമായി , ശിഹാബിന്റെ മുന്നേറ്റത്തിന് സഹായകമായി വർത്തിക്കുന്ന വായനാഭിമുഖ്യവും ശ്രദ്ധേയം. പുസ്തകങ്ങളോട് വലിയ ഇഷ്ടമായിരുന്നു. ലൈബ്രറിയിൽ പോയിരിക്കാൻ നേരവുമില്ലായിരുന്നു. എന്നിട്ടും എവിടെപ്പോയാലും അവിടെ നിന്ന്  കിട്ടുന്ന പഴയ പത്രങ്ങളും ആഴ്ച്ചപ്പതിപ്പുകളും രാത്രികളിൽ ഉറക്കൊഴിഞ്ഞിരുന്ന് വായിച്ച്, അവയെല്ലാം നിധി പോലെ സൂക്ഷിച്ചിരുന്നു അവൻ .
ഈ വിരലറ്റത്ത് നമുക്ക് സ്പർശിച്ചറിയാൻ കഴിയുന്നു ഇച്ഛാശക്തിയെന്തെന്നും അത് രൂപപ്പെടുന്നതെങ്ങനെയെന്നും അതിൽ വായന എങ്ങനെ സ്വാധീനം ചെലുത്തുമെന്നും .
വാപ്പയെ ശിഹാബ് വിളിച്ചിരുന്നത് വായിച്ചി എന്നാണ്. കാസർകോട്ട് - കുമ്പള ഭാഗത്തെ കുട്ടികളോട് വായിച്ചോ എന്ന് ചോദിക്കുമ്പോൾ അവരിൽ ചിലർ വായിച്ചിരുന്നു എന്നർത്ഥത്തിൽ "വായിച്ചി" എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അതെ, ശിഹാബിന് കുഞ്ഞുന്നാളിലേ ജീവിതം വായിച്ചിരുന്നു. അതുകൊണ്ടു കൂടിയാണ് മുതിർന്നപ്പോഴുള്ള ആ പുസ്തകവായന ഇത്രത്തോളം ലക്ഷ്യപൂർണമായത്.

ശിഹാബ് ആഖ്യാനം ചെയ്യുന്ന മിഴിവാർന്ന ജീവിതത്തിന് വരച്ചാർത്തുമായി പേജുകൾ തോറും കൂട്ടു നടക്കുന്നുണ്ട് ബാരഭാസ്കരന്റെ വര . വെറുതേയല്ല 2018 ജൂലായിൽ ഇറങ്ങിയ ഈ പുസ്തകം ഇക്കഴിഞ്ഞ മാർച്ചിലേക്ക് പത്താം പതിപ്പായത്. മനുഷ്യർ ശരിക്ക് ജീവിക്കുന്നുണ്ടെങ്കിൽ അതിൽ എഴുത്തും വായനയുമുണ്ട് എന്നോർമ്മിപ്പിക്കുന്നു വിരലറ്റം . ഇതിൽ തൂങ്ങി നടക്കാൻ വായനാബന്ധമില്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രയാസമുണ്ടാവില്ലെന്ന് തീർച്ച.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക