നീ ജാരൻ ...(കവിത - ബിന്ദു ടിജി)

Published on 20 June, 2022
നീ ജാരൻ ...(കവിത - ബിന്ദു ടിജി)

രാത്രിയുടെ മറവിൽ എന്നെ  നീ
പിൻ കഴുത്തിൽ ചുംബിക്കുന്നു
ഞാൻ അടക്കിചിരിച്ച് വെളിച്ചത്തിലേയ്ക്കു
പാഞ്ഞു പോകുന്നു
മനുഷ്യരെന്നെ പകച്ചു നോക്കുന്നു

ഞാൻ വെറുമൊരു സ്നേഹമായി
നിന്റെ കാൽക്കൽ ചുരുണ്ടു കിടക്കുന്നു
എന്നിൽ മാന്ത്രിക  സിംഫണി  ഉയരുന്നു
മനുഷ്യരെന്നെ പകച്ചു നോക്കുന്നു

ഞാൻ എന്നെ നിന്നിൽ തളച്ചിടുന്നു
കാലങ്ങൾ കടപുഴകി വീഴുന്നു
എനിക്ക് ചുറ്റും ഒരു തെളിനീർ തടാകം ഉരുവം കൊള്ളുന്നു
ഞാനതിൽ നഗ്നയായി നീന്തി ത്തുടിക്കുന്നു
മനുഷ്യരെന്നെ പകച്ചു നോക്കുന്നു

മതി , ഇനി വരൂ നമുക്ക് പോകാം
മീനുകളും  നക്ഷത്രങ്ങളും മാത്രമുള്ള
ആർക്കും പകച്ചു നോക്കേണ്ടതില്ലാത്ത
നീ ജാരനല്ലാതാകുന്നൊരിടം തേടി !

Sudhir Panikkaveeetil 2022-06-20 15:02:09
സ്നേഹത്തിന്റെ മൂടുപടം അഴിച്ചുമാറ്റുകയാണ് കാമം ചെയ്യുന്നത്. ഈ കവിതയിൽ പ്രണയത്തിന്റെയും രതിയുടെയും മാറാല മറ കവയിത്രി അഴിച്ചുമാറ്റുന്നു, അതുകൊണ്ടാണ് മീനിന്റെയും നക്ഷത്രത്തിന്റെയും കഥ പറയുന്നത്. ഗ്രീക്ക് പുരാണത്തിലെ രാക്ഷസനായ ടൈഫനെ ഭയന്നോടിയ അഫ്രോഡൈറ്റും ഈറോസും (വീനസും കുപ്പിടും) അയാളിൽ നിന്നും രക്ഷപ്പെടാൻ മീനുകളായി. അവർ വിട്ടുപോകാതിരിക്കാൻ വാലുകൾ തമ്മിൽ കൂട്ടിക്കെട്ടി പിന്നെ അവർ നക്ഷത്രസമൂഹത്തിൽ പ്രത്യക്ഷപ്പെട്ടുന്നു. അവർ സ്നേഹത്തിന്റെ ദേവതയായ വീനസും കാമവികാരത്തിന്റെ, ആകർഷണത്തിന്റെ ഇഷ്ടത്തിന്റെ ദേവനായ കുപ്പിടുമാണ്. പ്രണയാരംഭത്തിലെ ചുറ്റിക്കളികളിൽ രതി എത്തിനോക്കുമ്പോൾ പരിസരം പകയ്ക്കുന്ന വിവരം അറിയുന്ന കമിതാക്കളിൽ കാമുകി, പ്രണയദേവതയും രതിദേവനുമുള്ള (Venus and Cupid)ഇടത്തേക്ക് കാമുകനെ വിളിക്കുന്നു.അവിടെ അവരുടെ അഭിലാഷങ്ങൾക്ക് യഥേഷ്ടം പൂവണിയാമെന്നു കവയിത്രി കരുതുന്നു. പ്രണയിതാക്കൾക്ക് ഇത് ഒരു സന്ദേശമാകാം ചുറ്റിക്കളികൾ വേണ്ട, ഒരിടത്ത് "കെട്ടി" കിടക്കുക. ശ്രീമതി ബിന്ദു റ്റിജിക്ക് അഭിനന്ദനങൾ.
Bindu Tiji 2022-06-21 06:18:56
Thank you for reading
Vayanakaran 2022-06-21 13:26:57
പ്രണയലോലയായ പെൺകുട്ടിക്ക് സമൂഹത്തിന്റെ അന്ധാളിപ്പിൽ സുരക്ഷ തോന്നുന്നില്ല അതുകൊണ്ട് അവൾ കാമുകനെ സ്വകാര്യതയിലേക്ക് ക്ഷണിക്കുന്നുവെന്ന സുധീറിന്റെ വ്യാഖ്യാനത്തോട് യോജിക്കുന്നു. അതോടൊപ്പം ഗ്രീക്ക് പുരാണവും. ബിന്ദു ടി ജിയുടെ കവിതകളിൽ കാണുന്ന ഒരു ജീവിതസ്പർശം ഇതിലുണ്ട്. കവയിത്രിക്ക് നന്ദി ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക