Image

കല്യാണമങ്ങനെ മംഗളമായി ( കഥ: രമണി അമ്മാൾ )

Published on 24 June, 2022
കല്യാണമങ്ങനെ മംഗളമായി ( കഥ: രമണി അമ്മാൾ  )

കുറച്ചു ദൂരെനിന്നായിരുന്നു ആ കല്യാണാലോചന.
പയ്യനല്പം പ്രായക്കൂടുതലുണ്ടെങ്കിലും
കാണാൻ സുമുഖനാണ്..
വിദേശത്ത് ജോലിയുണ്ട്. വലിയ പ്രാരാബ്ധങ്ങളില്ല,
സ്ത്രീധനമായിട്ട് ഒന്നും ചോദിക്കുന്നില്ല. 
എന്തെങ്കിലും,
നിവൃത്തിയുളളത് പെണ്ണിനു കൊടുത്തേക്കുക..!
സംഗതി കൊളളാമല്ലോ..!
പെണ്ണിന് എന്തുകിട്ടുമെന്നറിഞ്ഞതിനുശേഷംമാത്രം  

പെണ്ണുകാണലിനു തയ്യാറാവുന്നവർക്കിടയിൽ

ഇങ്ങനെയുമൊരാളോ....!


തൊട്ടടുത്ത ഞായറാഴ്ചതന്നെ
പെണ്ണുകാണൽ ചടങ്ങ് ഭംഗിയായി നടന്നു.. 
പെണ്ണും ചെറുക്കനും  പരസ്പരം കണ്ടു ബോധിച്ചു.. 
ചടങ്ങുകൾ മുറപോലെ നടക്കണം..


ചെറുക്കന്റെ വീടു കാണാൻ 
ഞങ്ങൾ ഒരഞ്ചാറുപേര്, ബസ്സിലാണു പോയതും വന്നതും..
റബ്ബർതോട്ടത്തിന്റെ അതിരിലൂടെ ഒരു കാറിനു കഷ്ടിച്ചു കടന്നു പോകാൻമാത്രം വീതിയുളള മൺറോഡ് അവസാനിക്കുന്നത് അടുത്തടുത്ത് മുഖാമുഖം നോക്കിനിൽക്കുന്ന 
ഒരുപോലെയുളള രണ്ടു വീടുകളുടെ മുറ്റത്തായിരുന്നു...
നേരത്തെ ആരും സൂചിപ്പിക്കാതിരുന്ന ഒരു കാര്യം അവിടെച്ചന്നപ്പോഴാണ് ഞങ്ങളറിയുന്നത്. 
പയ്യന്റെ അച്ഛനു രണ്ടു ഭാര്യമാരാണെന്ന്...
ചേട്ടത്തി രുഗ്മിണിയും  അനിയത്തി സത്യഭാമയും..
അച്ഛന്റെ പേര് ഗോപാലകൃഷ്ണനും...


വീട്ടുപേര്  "ദ്വാരക" എന്നുംകൂടിയായിരുന്നെങ്കിലെന്ന്

വെറുതേ വിചാരിച്ചു..
ചേച്ചിയെ കല്യാണം കഴിച്ച് വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാതിരുന്നപ്പോൾ
ചേച്ചിയുടെ സമ്മതത്തോടെ അനിയത്തിയേം കല്യാണം കഴിച്ചു.


അനിയത്തി വരാൻ കാത്തിരുന്നാലെന്നപോലെ ചേച്ചിയും അനിയത്തിയും കൂടി പ്രസവിക്കാൻ തുടങ്ങി...രണ്ടുപേരിലും
കൂടി ആണുംപെണ്ണുമായങ്ങനെ ഏഴുമക്കൾ. 
രണ്ടു വീടുകളിലായി
രമ്യതയിൽ കഴിഞ്ഞുകൂടുന്ന കുടുംബം.. 
അനിയത്തി, സത്യഭാമയുടെ മകനാണ് കല്യാണപ്പയ്യൻ..


ഇതൊരു കുറവായി കണ്ടു കല്യാണം  വേണ്ടെന്നുവയ്ക്കാൻ ഞങ്ങൾക്കു തോന്നിയില്ല...
"രണ്ടുമാസത്തെ  ലീവേയുളളൂ...കല്യാണം
കഴിഞ്ഞ് കുറച്ചുദിവസമെങ്കിലും ചെറുക്കനും പെണ്ണിനും ഒന്നിച്ചുകഴിയണ്ടേ.. അതുകൊണ്ട് എത്രയും പെട്ടെന്ന് കല്യാണം നടത്തണം..  

"എടുപിടീന്നൊരു കല്യാണമെങ്ങനാ..?  ഒരു പെണ്ണിനെ ഇറക്കിവിടുമ്പോൾ
അല്പം പൊന്നും പണ്ടോമൊക്കെ വേണ്ടേ...ഒരു ചിട്ടി ചേർന്നിട്ടുളളത് ലേലത്തിൽ പിടിക്കണം..അതിനൊരല്പം
സാവകാശം വേണം..."
പെണ്ണിന്റെ അമ്മാച്ചനങ്ങനെ പറഞ്ഞപ്പോൾ,
"പെണ്ണിന് അത്യാവശ്യം പൊന്നുംപണ്ടോം ഞങ്ങളിട്ടോളാം..
നിങ്ങളു കല്യാണത്തിനു നാളുകുറിച്ചോളീൻ...
കൊടുക്കലുകളും വാങ്ങലുകളുമൊക്കെ,
ഉളളപ്പോൾ ഉളളതുപോലെ നിങ്ങടെ കുട്ടിക്കു നിങ്ങളു കൊടുത്തോളീൻ.."
"ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കുഴപ്പമൊണ്ടോ മോനെ..?"
മകനോടായി അച്ഛൻ..
"ഇല്ലച്ഛാ..."


കല്യാണച്ചെക്കൻ ഞങ്ങളെ ബസു കയറ്റിവിടാൻ ജംങ്ഷൻവരെ വന്നു..
പിന്നെല്ലാം ശ്ശടപടേന്നായിരുന്നു..
അടുത്തുളള ക്ഷേത്രത്തിൽവച്ച് ഉറപ്പിന്റെ പത്താം ദിവസം, ഞായാറാഴ്ച കല്യാണം തീരുമാനിക്കപ്പെട്ടു..

ചെറുക്കൻവീട്ടുകാർ 
മാലയും
വളകളും, മോതിരവും  വാച്ചുമൊക്കെ അടങ്ങുന്ന 
ആഭരണപ്പെട്ടി കല്യാണത്തലേന്നേ പെൺവീട്ടിലെത്തിച്ചു വാക്കുപാലിച്ചു..
എടുപിടീന്നൊരു കല്യാണമങ്ങനെ മംഗളമായി നടന്നു.

.
വിചാരിച്ചതിലും നേരത്തെ
ചിട്ടിത്തുക കിട്ടിയതിനാൽ
പൊന്നുരുപ്പടികൾ വാങ്ങിവച്ച് 
നല്ലവിരുന്നിനു വന്നുപോകുമ്പോൾ 
പെണ്ണിനെ അണിയിച്ചുവിടാനും
പെൺവീട്ടുകാർക്കു കഴിയുകയും ചെയ്തു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക