Image

ഭ്രമം-2 (അധ്യായം - 15-മുരളി നെല്ലനാട്)

Published on 24 June, 2022
ഭ്രമം-2 (അധ്യായം - 15-മുരളി നെല്ലനാട്)

READ MORE: https://emalayalee.com/writer/217
കഥ ഇതു വരെ.
      രവി കുമാറിനും പൂർണിമയ്ക്കും രണ്ടു മക്കളാണ്.അഖിലും നിഖിലയും. അഖിലിൻ്റെ ഭാര്യ മാളവിക. നിഖില കോളേജിൽ പഠിക്കുന്നു.ഈ സമയം പൂർണിമ ഒന്നുകൂടി അമ്മയാവുന്നു. അത് പ്രായപൂർത്തിയായ നിഖിലയ്ക്ക് അപമാനമായി. രഹസ്യമായി പ്രസവിച്ച പെൺകുഞ്ഞിനെ മക്കൾ ഇല്ലാതിരുന്ന ജയദേവൻ നിരുപമ ദമ്പതികൾക്ക് വളർത്താൻ കൊടുത്തു. നിരുപമ ഒരു ട്രാൻസ്ജെൻഡർ വുമൺ ആണ്. ജയദേവൻ മരിച്ച് നാല് വർഷം കഴിഞ്ഞപ്പോൾ അതിനകം ഫിലിം സ്റ്റാർ ആയി നിരുപമ, അനൂട്ടി എന്ന് പേരിട്ട കുട്ടിയുമായി മുംബൈയിലേക്ക് ചേക്കേറി. നിരുപമയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മകളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അനൂട്ടിക്ക് പതിനെട്ട് വയസ്സായി. അവൾ മയക്കുമരുന്നിനു അടിമയായി. അത് അറിഞ്ഞ നിരുപമ മകളുമായി കൊച്ചിയിൽ എത്തുന്നു. നിരുപമ മകളുമായി എത്തിയ വിവരമറിഞ്ഞ് കൊച്ചിയിലുള്ള അഖിലിൻ്റെ വീട്ടിൽ പൂർണിമയും രവികുമാറും താമസിക്കാൻ എത്തി. അനൂട്ടി പൂർണിമയുമായി അടുപ്പത്തിലാകുന്നു. അയൽ വീട്ടുകാരെ പറ്റി നിരുപമയ്ക്ക് ചില സംശയങ്ങൾ ഉണ്ടാകുന്നു. അനു പഠിക്കുന്ന കോളേജിലെ അധ്യാപികയാണ് നിഖില. തൻ്റെ അനിയത്തി ആണെന്ന് അനൂട്ടി എന്ന് നിഖില തിരിച്ചറിയുന്നു.നിരുപമ ഷൂട്ടിങ്ങിന് ഹൈദരാബാദിൽ പോകുന്നു. ഈ സമയം മുംബൈയിലെ സുഹൃത്തുക്കളെ കൂടി അനൂട്ടി നിശാപാർട്ടിക്ക് കൊച്ചിയിൽ വരുന്നു. അടുത്ത വീട്ടിലെ താമസക്കാർ ആരാണെന്നറിയാൻ നിരുപമ പറഞ്ഞുവിട്ട സെർവെൻ്റ് ട്രാപ്പിൽ ആവുന്നു. ലഹരിക്കായി കൊതിച്ച  അനൂട്ടി കൂട്ടുകാർകൊപ്പം നിശാ പാർട്ടിക്ക് പോകുന്നു. വിവരം അറിഞ്ഞ DCP വൈഗ മുഖിയുടെ നേതൃത്വത്തിൽ പോലീസ് റിസോർട്ട് വളയുന്നു.
                        കഥ തുടരുന്നു...
  അഖിൽ ഉറങ്ങാനായി ബെഡ്റൂമിന്റെ വാതിൽ കടന്നപ്പോൾ അമ്പരന്നുപോയി. മാളവിക ജീൻസും ടോപ്പും ധരിച്ച് ആരോടോ ഫോണിൽ ധൃതിപ്പെട്ട് സംസാരിക്കുന്നു. ഒരു കൈകൊണ്ട് അവൾ മുടി ചീകുന്നു.
"കിരൺ സമയമില്ല. നമ്മുടെ ക്രൂ റെഡി ആയിക്കോ. ഞാൻ ആലുവയിലേക്ക് വരാം.... ഓക്കേ."
"നീ ഈ നേരത്ത് റിപ്പോർട്ട് ചെയ്യാൻ പോവുകയാണോ?"
അഖിൽ ചോദിച്ചു.
" ഡിസിപി വൈഗാമുഖിയുടെ ഒരു കോൾ എനിക്ക് വന്നു. എന്തോ വലിയ സംഗതിയാ. കാര്യം മാത്രം പറയുന്നില്ല. വൈഗ എന്നെ വിളിക്കണമെങ്കിൽ നാളത്തെ സെൻസേഷണൽ  ന്യൂസ് തന്നെയാവും. മറ്റാരെയും വിട്ടു കവർ ചെയ്യാൻ പറ്റില്ല.  സംസാരിച്ചു നിൽക്കാൻ സമയമില്ല. അക്കുവേട്ടൻ എന്നെ ആലുവയിൽ ഒന്ന് ഡ്രോപ്പ് ചെയ്യുമോ.. ചാനൽ വണ്ടി അവിടെ എത്തും. വൈഗ പറഞ്ഞ ലൊക്കേഷൻ അതിനടുത്താ."
ഷോൾഡർ ബാഗ് എടുത്തു ചുമലിൽ തൂക്കി മാളവിക പുറത്തേക്ക് ഓടി. അവൾ ചെന്ന് പൂർണിമയുടെ മുറിയുടെ വാതിൽ മുട്ടി. 
"ആൻ്റി... ആൻ്റി."
വാതിൽ തുറന്ന് പൂർണിമ പുറത്തുവന്നു.
 "എന്താ മോളെ രാത്രിയിൽ?"
ബെഡിൽ രവികുമാറും അമയ മോളും ഉറങ്ങി കിടപ്പുണ്ടായിരുന്നു.
"ആൻ്റി എനിക്കൊരു ന്യൂസ് കവർ ചെയ്യാൻ ഉണ്ട്.അക്കുവേട്ടൻ ആലുവ വരെ എന്ന ഡ്രൈവ് ചെയ്യാൻ വരും."
അഖിൽ നിന്ന വേഷത്തിൽ വന്നു. അവൻ്റെ പിന്നാലെ ഷോൾഡർ ബാഗ് തൂക്കി മാളവിക ഓടി.
* * *
    മറിയ ഓടി അനൂട്ടിയുടെ അടുത്ത് വന്നു.
 "ഇന്നു എല്ലാം തീർന്നു.നമ്മുടെ പാർട്ടി ആരോ പോലീസിന് ഒറ്റിക്കൊടുത്തു. അതു നാളെ പത്രത്തിലും ചാനലിലും ഒക്കെ വരും... ഇവിടെ നമ്മളെ സഹായിക്കാൻ ആരുമില്ല."
മറിയ കരയാൻ തുടങ്ങി.
"എന്തു ചെയ്യനാ.. നമ്മളെ വെടിവച്ചു കൊല്ലുമോ? നീ എന്തിനാ പേടിക്കുന്നത്?"
 അനൂട്ടി  ലഹരിയിൽ പറഞ്ഞു
" ആരും നിന്നിടത്ത് നിന്ന് ചലിച്ചു പോകരുത്. സെർച്ച്..."
വൈഗാമുഖി അലറി. പൊലീസുകാർ അകത്തേക്ക് കുതിച്ചു.
" ആ ചാനലുകാരെ വിളിക്ക്... ലോകം മുഴുവനും കാണട്ടെ. ഒരാളെപ്പോലും രക്ഷപ്പെട്ടുപോകാൻ അനുവദിച്ചുകൂടാ."
ഒരു പോലീസുകാരനോട് പറഞ്ഞിട്ട് വൈകാമുഖി മുന്നോട്ടുവന്നു. പോലീസുകാരൻ പുറത്തേക്ക് ഓടി.
"നിരന്നു നിൽക്ക്.."
വൈഗാമുഖി ഓരോരുത്തരെ ഊക്കോടെ തള്ളി നീക്കി. അനൂട്ടിയെ തള്ളിയതും അവൾ ചീറി.
 "യൂ.. തൊട്ടുപോകരുത് എന്നെ. ഷോ കാണിക്കാൻ നീ ആരാ?"
പറഞ്ഞു തീരും മുമ്പേ അടി വീണു. അവളുടെ മുടിക്ക് കുത്തി പിടിച്ചു വൈഗാമുഖി റിവോൾവർ നെറ്റിയിൽ കുത്തി.
"നീ ഏത് കൊമ്പന്റെ മോളായാൽ എനിക്കെന്താടി പുല്ലേ.. പുകച്ചു കളയും നിന്നെ ഞാൻ. പിന്നാലെ വരുന്നുണ്ട് നർക്കോട്ടിക് സെൽ.."
അകത്തേക്ക് വന്ന ന്യൂസ് റിപ്പോർട്ടർ  മാളവിക ആയിരുന്നു. ആ കാഴ്ച കണ്ട് മാളവിക ഞെട്ടിത്തരിച്ചു. 
 "അനൂട്ടി..."
മാളവിക വൈഗാമുഖിയുടെ അടുത്തെത്തി. 
"മാഡം...പ്ലീസ് മാഡം.. അവളെ ഒന്നും ചെയ്യരുത്.. ഷി ഈസ് മൈ കസിൻ.. ഞാൻ കാലു പിടിക്കാം."
 വൈഗാമുഖി തലവെട്ടിച്ച് മാളവികയെ നോക്കി.
"മാളവിക വാട്ട് യു മീൻ? "
വൈഗാമുഖി റിവോൾവർ പിൻവലിച്ചു. അനൂട്ടി മാളവികയെ കണ്ടു.കഴുത്തിൽ തൂക്കിയിട്ട ടാഗ്. അവളുടെ കയ്യിൽ മൈക്ക്. തല കുടഞ്ഞു അവൾ ഒന്നുകൂടി നോക്കി.   ഇതു മായ ചേച്ചി അല്ലേ! സോഫി അമ്മയുടെ മരുമകൾ. ഇവരെന്താ ഇവിടെ?
"മായ ചേച്ചി എന്താ ഇവിടെ?"
"യു ബ്ലഡി..."
മാളവിക അനൂട്ടിയുടെ ചെകിട്ടത്തടിച്ചു.
"നീ ഇത്തരക്കാരി  ആണോടീ.. നശിച്ചവളേ!"
വൈഗാമുഖി അമ്പരന്ന് നിന്നു. മാളവിക അനൂട്ടിയുടെ ദേഹത്ത് തള്ളി അടുത്ത മുറിയിലേക്ക് കൊണ്ടുപോയി.
"മാളു.. നീ എന്താ കാണിക്കുന്നത്?"
വൈഗാമുഖി കൂടെ ചെന്നു.
"നിനക്കെന്താടീ ഇവിടെ കാര്യം.. എന്നെ തല്ലാൻ നീ ആരാടീ.."
അനൂട്ടി കയർത്തു.
" മാളു എന്താ ഇത്? ലഹരി പാർട്ടി നടക്കുന്നതെന്ന് വിവരം കിട്ടിയ ഞങ്ങൾ റെയിഡ് ചെയ്തത് . എംഡിഎംഎ ഉൾപ്പെടെ പലരും ഇവിടെയുണ്ട്. ലഹരി അടിച്ചാ ഇവൾ അഴിഞ്ഞാടുന്നത്.."
"മാഡം.. എനിക്ക് വേണ്ടി ഒരു ഹെൽപ്പ്  ചെയ്തേപറ്റൂ. ഞാൻ കാലു പിടിക്കാം."
" മാളു എന്താ ഇങ്ങനെ ഇമോഷണൽ ആവുന്നത്?"
" ഇവൾ എൻ്റെ കസിനാ മാഡം.. ഇനിയൊരു ആവശ്യത്തിനും ഞാൻ മാഡത്തിന്റെ അടുത്ത് വരില്ല..ഇത് എൻ്റെ ജീവിതമാ മാഡം."
"ഞാൻ എങ്ങനെയാ ടീ നിൻ്റെ കസിൻ ആവുന്നത്? നീ മായ അല്ലേ?"
അനൂട്ടി ചീറി.
"നാവടക്കടീ...ഞാൻ നിൻ്റെ ചേട്ടൻ്റെ ഭാര്യയാ. വിവേക് എന്ന് നീ കരുതിയവൻ നിൻ്റെ സഹോദരനാ. അഖിൽ എന്നാ അവൻ്റെ പേര്. അവൻ്റെ പെങ്ങളാ നീ." 
അനൂട്ടി മാളവികയെ തറപ്പിച്ചു നോക്കി. 
"മാം.. ഇവളെ അവർക്കൊപ്പം കൊണ്ടുപോകരുത്.എൻ്റെ അപേക്ഷയാണ്. സ്വബോധം നഷ്ടമായാ ഇവൾ നില്ക്കുന്നത്".
"മാളു അതെങ്ങനെ ശരിയാവും. ഒരെണ്ണത്തിനെ രക്ഷപ്പെട്ടു പോകാൻ ഞാൻ സമ്മതിക്കില്ല.കണ്ടില്ലേ അവളുടെ അഹങ്കാരം."
"ആരോ ചതിച്ച് അവളെ ഇവിടെ കൊണ്ടുവന്നതാ മാം. ആത്മഹത്യ അല്ലാതെ എൻ്റെ കുടുംബത്തിന് വേറെ വഴിയില്ല. ഞാൻ കാലു പിടിക്കാം ഒറ്റത്തവണ
 ഇവളോട് മാഡം ക്ഷമിക്കണം.."
"എന്നെ രക്ഷിക്കാൻ നീ ആരാ? ഇവരെന്നെ കൊണ്ടുപോയി ജയിലിൽ ഇടട്ടെ. എനിക്കതാ സുഖം. ഓഫീസർ.. ഇവർ പറയുന്നത് കള്ളമാ..ഞാൻ ഇവരുടെ ആരുമല്ല. എനിക്ക് സ്വന്തക്കാരാരുമില്ല. എന്നെ ഇവർ രക്ഷിക്കാനാ നോക്കുന്നത്. എന്നെ എൻ്റെ ഫ്രണ്ട്സിൻ്റെ  അടുത്തേക്ക് കൊണ്ടുപോ.."
അനൂട്ടി ഹാളിലേക്ക് പോകാൻ തുടങ്ങിയതും മാളവിക അവളെ പിടിച്ചു മുഖത്തടിച്ചു.
" ഇനി ഒച്ചവച്ചാ നിന്നെ കൊന്നുകളയും.
 അനൂട്ടി ചീറി കൊണ്ട് മാളവികയുടെ നേരെ വന്നു.
" നീ എന്നെ പിന്നെയും തല്ലിയോടീ.." 
വൈഗാമുഖി അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു  ചുവരിൽ ചേർത്തുവച്ചു ഞെരിച്ചു.
"കുരയ്ക്കുന്നോടി..പട്ടിച്ചീ"
മാളവിക ഓടി മുന്നോട്ടുവന്നു.
 "എടീ... ഞാൻ ആരാന്ന് ശരിക്കും പറഞ്ഞുതരാം. ഡയറക്ടർ ഹരി ബാബു എന്നൊരു പേര് നീ കേട്ടിട്ടുണ്ടോ? ഹരിബാബുവിൻ്റെ മോളാടി ഞാൻ. നിരുപമയെ സിനിമയിൽ കൊണ്ടുവന്ന ഹരിബാബു എന്നൊരു പേര് നീ കേൾക്കാതിരിക്കുമോ?ഞങ്ങൾ നീ താമസിക്കുന്ന കോളനിയിൽ വന്നത് വാടകയ്ക്ക് താമസിക്കാൻ അല്ല. നിന്നെ നിൻ്റെ അമ്മയ്ക്ക് കാണിച്ചുകൊടുക്കാന. നാലാം വയസ്സിൽ ഒരു സ്ത്രീ അപഹരിച്ചു കൊണ്ടുപോയതാ നിന്നെ. അവൾ ആരാണ് ഞാൻ പറയണോ?"
അനൂട്ടിയുടെ കഴുത്തിലെ പിടി വൈഗാമുഖി വിട്ടു.അനൂട്ടി കുറെ നേരം ചുമച്ചു.
" ആ വീട്ടിൽ നീ കണ്ട സോഫി ആൻ്റിയും ജെയിംസ് അങ്കിളും ശരിക്കും ആരാന്ന് അറിയോ നിനക്ക്? നിന്നെ ജനിപ്പിച്ച നിൻ്റെ അമ്മയും അച്ഛനും. അവരുടെ പേരുകൾ പൂർണിമ എന്നും രവികുമാർ എന്നുമാ."


അനൂട്ടി തല കുടഞ്ഞു മാളവികയെ നോക്കി. അവളുടെ സിരകളിൽ പടർന്നു ലഹരി കെട്ടടങ്ങാൻ തുടങ്ങിയിരുന്നു. ഒരു പോലീസുകാരൻ റൂമിൻ്റെ വാതിൽക്കൽ വന്നു.
"മാഡം എല്ലാവരെയും വണ്ടിയിൽ കയറ്റി. തെളിവും കിട്ടിയിട്ടുണ്ട്. നർക്കോട്ടിക് സെൽ സ്ഥലത്തെത്തി കഴിഞ്ഞു."
"നിങ്ങൾ ചെല്ല്." 
അയാൾ പോയി.
" മാഡം ഇവളെ എനിക്ക് വിട്ടു തരണേ. പ്ലീസ്..."
" തന്നോട് ഞാനെന്തു പറയാനാ.. ഇവൾ ഒന്നും നന്നാവില്ല മാളു. ഒരു ചാൻസ് ഞാൻ തരാം. എനിക്കറിയാം ഇവൾ എൻ്റെ കയ്യിൽ വന്നു ചാടുമെന്ന്..ഇന്ന് കൊണ്ട് പൊയ്ക്കോ. കൊണ്ടുപോകുന്നത് നിങ്ങളുടെ കൂട്ടത്തിൽ ആവണം. പുറത്ത് ആർക്കും സംശയം തോന്നരുത്. മീഡിയയെ മാളു ഹാൻഡിൽ ചെയ്യണം."
 വൈഗാമുഖി പുറത്തേക്ക് പോയി.
  "എന്തൊക്കെയാണ് നിങ്ങൾ പറയുന്നത്? നിങ്ങൾ ആരാ?"
അനൂട്ടി ചോദിച്ചു.
"ശബ്ദിക്കാതെ എൻ്റെ കൂടെ വാ.." 
മാളവിക അവളുടെ കയ്യിൽ പിടിച്ചു.

* * *
    നിരുപമയ്ക്ക് ഭ്രാന്ത് തന്നെയായിരുന്നു. വാട്സപ്പിൽ പൂർണിമയുടെ ഫോട്ടോ കണ്ട നിമിഷം വെട്ടി വിറച്ചു പോയി. സംശയിച്ചത് സത്യമായിരുന്നു. തൻ്റെ കുഞ്ഞിനെ ഉന്നംവച്ച് തന്നെയാണ് അവർ അവിടെ വന്നത്.രാത്രി തന്നെ പുറപ്പെടാൻ മനസ്സ് കുതിച്ചതാണ്. ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്താൻ ഫ്ലൈറ്റ് കിട്ടാതെ പറ്റില്ല. നാളെ ടിക്കറ്റിന് ട്രൈ ചെയ്യാമെന്ന് പ്രൊഡക്ഷൻ കൺട്രോളർ വെങ്കിടി പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ഉണ്ടാവില്ലെന്ന് അറിയാം. തന്നെ അവർ വിടില്ല. അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളെ വച്ച് ഒരു സീൻ ആണ് നാളെ ചെയ്യുന്നത്. ആ സീൻ മൂന്നു ദിവസത്തെ ഷൂട്ട് ആണ്. ചെയ്യാൻ കഴിയുന്നത് ഒന്നാണ് അനൂട്ടിയെ നാളെ കൊച്ചിയിൽ നിന്ന് മാറ്റണം. അവളെ ഹൈദരാബാദിൽ എത്തിക്കണം. ഇനി കേരളത്തിലേക്ക് ഇല്ല.ദുബായിയിൽ ചേക്കേറണം. നിരുപമ മൂന്നാമത്തെ പെഗ് വോഡ്കയും വിഴുങ്ങി.
* * *
   കാർ നിന്നപ്പോൾ അനൂട്ടി കണ്ണുതുറന്നു. അവളുടെ ഡ്രസ്സ് നനഞ്ഞുകുതിർന്നിരുന്നു.
അവളും മാളവികയും പിൻ സീറ്റിൽ ആയിരുന്നു. മാളവിക അവളെ കൈപിടിച്ചു ഇറക്കി.അത് സുകൃതം ആണെന്ന് അവൾക്ക് മനസ്സിലായി.
"ചേച്ചി ഞാൻ പോട്ടെ..."
മുന്നിലിരുന്ന് ക്യാമറാമാൻ കിരൺ ചോദിച്ചു. 
"ശരി..നിങ്ങൾ വിട്ടോ. ഇതൊന്നും ചാനലിൽ അറിയരുത്."
"ചേച്ചി ധൈര്യമായി ചെല്ല്.ആർക്കും ഈ വിഷ്വൽസ് കിട്ടിയിട്ടില്ല. നമ്മളല്ലേ ആദ്യം എത്തിയത്...മറ്റുള്ളവർ വരുമ്പോ ചേച്ചി അവിടെ നിന്ന് പോയതല്ലേ."
വാതിൽ തുറന്നു പൂർണിമയും രവികുമാറും സിറ്റൗട്ടിൽ വന്നു.പിന്നാലെ അഖിലും വന്നു. കാർ പുറത്തേക്ക് പോയി. പൂർണിമക്കും രവികുമാറിനും മാളവികക്കൊപ്പം ഉള്ളത് ആരാന്ന് മനസ്സിലായില്ല. അനൂട്ടിയുടെ കൈപിടിച്ച് അവൾ കയറി വന്നതും പൂർണിമയും രവികുമാറും ഞെട്ടി.
" അയ്യോ.. ഈ നേരത്ത് മോളെ എവിടുന്നാ കിട്ടിയത്?"
 പൂർണിമ ചോദിച്ചു.മാളവിക അനൂട്ടിയെ മുന്നോട്ടു തള്ളി.
"ചെല്ലടീ... നിൻ്റെ തന്തയും തള്ളയുമാ." 
പൂർണിമയും രവികുമാറും ഞെട്ടി തരിച്ചു നിന്നു.പൂർണിമയെ നോക്കി അനുട്ടി തേങ്ങിക്കരഞ്ഞു.
" അമ്മേ...."
" എൻ്റെ മോളെ...നിനക്കെന്താ പറ്റിയത്? നനഞ്ഞിരിക്കുന്നല്ലോ...മാളു..എന്താ?" 
"റോഡ് വക്കിൽ വണ്ടി നിർത്തി ഒന്ന് കുളിപ്പിച്ച് എടുത്തതാ." 
 മാളു അകത്തേക്ക് പോയി. പൂർണിമയുടെ കൈപിടിച്ച് അനുട്ടി ഏങ്ങലടിച്ചു കരഞ്ഞു.
" മോളേ... എൻ്റെ മോൾക്ക് എന്താ പറ്റിയേ?"
രവികുമാർ അനുട്ടിയെ പിടിച്ചു.
" അച്ഛാ...."
 ഉറക്കെ കരഞ്ഞു അനൂട്ടി അയാളുടെ നെഞ്ചിൽ വീണു. ഇതൊരു സ്വപ്നമാണെന്ന് ഓർത്തു അവർ സ്തംഭിച്ചുനിന്നു. അനൂട്ടിയേയും കൊണ്ട് അവർ ഹാളിൽ ചെല്ലുമ്പോൾ മാളവിക തളർച്ചയോടെ സെറ്റിയിൽ ഇരിപ്പുണ്ട്.
" നീ ഇവളെ എവിടെ വച്ചാകണ്ടത്?"
 അഖിൽ ചോദിച്ചു.
" ഒരു നിശാ പാർട്ടി റെയിഡ് ചെയ്യുന്ന റിപ്പോർട്ട് എടുക്കാനാ d cp വൈഗ എന്നെ വിളിച്ചത്. ഒരു കായൽ റിസോർട്ടാ.. അവിടെ ലഹരി നുണഞ്ഞ് ഡാൻസ് ചെയ്യുന്നവരുടെ കൂട്ടത്തിൽ അക്കുവേട്ടൻ്റെ അനിയത്തിയും ഉണ്ടായിരുന്നു."
എല്ലാവരും ഞെട്ടിത്തരിച്ചു. പൂർണ്ണിമയുടെ നെഞ്ചിൽ മുഖം ചേർത്ത് അനൂട്ടി കരഞ്ഞു. "ആരും സംശയിക്കേണ്ട..അവൾ ആരാ.. എന്താ എന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാം അവൾക്കറിയാം. നിരുപമ അവളെയും കൊണ്ട് മുംബൈയിൽ നിന്ന് വരാനുള്ള കാരണം അവളുടെ ഈ സ്വഭാവം തന്നെ. അവളെ കുറ്റം പറയാനും പറ്റില്ല. ഒരു തടവറ സൃഷ്ടിച്ചു വച്ചാ നിരുപമ അവളെ വളർത്തിയത്. സത്യത്തിൽ അവളോട് ഈ പാവം ചെയ്യുന്നത് നിങ്ങളൊക്കെയാണ്.".
 "മോളേ..."
അനുട്ടിയുടെ മുഖം പിടിച്ചുയർത്തി പൂർണിമ തെരുതെരെ ചുംബിച്ചു.
" മോൾ ഇനി എങ്ങും പോകരുതേ.. അമ്മയെ വിട്ടു പോകരുതേ.. പോയാൽ ഞാൻ മരിച്ചു കളയും. ഗതികേടുകൊണ്ടാ  മോളെ, അന്ന് അമ്മ അങ്ങനെ ചെയ്തു പോയത്. നിഖില നിൻ്റെ ചേച്ചിയാ. നീ ആരാണെന്ന് അവൾക്കറിയാം."
 മകളെ പിന്നെയും നെഞ്ചിലൊതുക്കി പൂർണിമ കരഞ്ഞു.
"ആൻ്റി കൊണ്ടുപോയി അവളുടെ ഡ്രസ്സ് മാറ്റി കൊടുക്ക്. എനിക്ക് ഒന്നിനും കഴിയുന്നില്ല.അക്കുവേട്ടാ എൻ്റെ പുതിയൊരു ഡ്രസ്സ് എടുത്ത് അവൾക്ക് കൊടുക്ക്."
പൂർണിമ അനുട്ടിയേയും കൊണ്ട് റൂമിലേക്ക് പോയി. അക്കു ഒരു പുതിയ ചുരിദാർ കൊണ്ടുവന്നു കൊടുത്തു.
അന്ന് രാത്രി പൂർണിമയ്ക്ക് ഒപ്പമാണ് ശേഷിച്ച രാത്രി അനുട്ടി ഉറങ്ങിയത്. അമയ മോളേ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന മകൾക്കൊപ്പം കണ്ണിമചിമ്മാതെ പൂർണിമയും രവികുമാറും ഇരുന്നു നേരം വെളുപ്പിച്ചു.

 • * *
     രാവിലെ കിച്ചണിൽ എത്തിയ ആച്ചി അമ്മ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു ഞെട്ടി പോയി.
  " എൻ്റെ ദൈവമേ... വാതിലടച്ചതാണല്ലോ.. വല്ല കള്ളന്മാരും വീട്ടിൽ കയറിയോ? അയ്യോ.. മോളേ..."
  ആച്ചി അമ്മ ഓടി സ്റ്റെയർ കയറി. അനുട്ടിയുടെ മുറിയുടെ മുന്നിലെത്തി വാതിൽ തുറന്നതും അവളെ കണ്ടില്ല.അവർ ഭയം കൊണ്ടു വിറച്ചു.
  "മോളെ...അനുട്ടി...മോളേ..."
   വീട് മുഴുവനും അവർ ഓടി നടന്നു. മുറ്റത്തിറങ്ങി വിളിച്ചപ്പോൾ സെക്യൂരിറ്റിക്കാരൻ ഓടിവന്നു.
  " എന്താ?"
  " കുഞ്ഞിനെ കാണുന്നില്ല.. മോളോട് ഞാൻ എന്തുപറയും ഭഗവാനേ.. കുഞ്ഞിനെ കാണാനില്ല..."
  അയാൾ അകത്തേക്ക് ഓടി. പിന്നാലെ ആച്ചി അമ്മയും . ഹാളിൽ എത്തിയതും ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.
  " നിങ്ങൾ അത് എടുക്ക്."
  അയാൾ പറഞ്ഞു.
  ആച്ചിയമ്മ വിറച്ചുകൊണ്ട് ചെന്ന് റിസീവർ എടുത്തു.
  "ആച്ചി അമ്മേ ഞാനാ നിരുപമ.. മോളെ ഇന്ന് കോളേജിൽ വിടണ്ട.അവളെ കൂട്ടിക്കൊണ്ടു പോകാൻ രണ്ടു പേർ വരും."
  "മോളേ...കുഞ്ഞിനെ ഇവിടെ കാണുന്നില്ല." 
  കരച്ചിലോടെ ആച്ചി അമ്മ പറഞ്ഞു.
  "എങ്കിൽ അവള് ആ വീട്ടിൽ കാണും. വേഗം ചെല്ല്. അവളെ എത്രയും വേഗം വീട്ടിലേക്ക് കൊണ്ടുവാ..."
   ഫോൺ വച്ചിട്ട് ആച്ചി അമ്മ പുറത്തേക്കോടി. 
  * * *
  സുകൃതത്തിൻ്റെ മുറ്റത്തു വന്നു നിന്ന കാറിൽ നിന്ന് സന്ദീപും നിഖിലയും മകൻ സച്ചിയും ഇറങ്ങി. അവർ അകത്തേക്ക് വന്നപ്പോൾ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. പൂർണിമയുടെ മടിയിൽ തലവച്ച് ചുരുണ്ട് കിടക്കുകയായിരുന്നു അനൂട്ടി. അവൾ മെല്ല എഴുന്നേറ്റിരുന്നു. "കൊള്ളാമല്ലോ അളിയാ... ഒരു സിനിമയെ വെല്ലുന്ന കഥ പോലുണ്ട്.അളിയൻ വീട്ടിൽ വന്നിട്ടും എന്നിൽ നിന്നും മറച്ചു വെച്ചത് ശരിയായില്ല.."
  സന്ദീപ് പറഞ്ഞു.
  " അളിയനെ മറച്ചത് അളിയൻ്റെ ഭാര്യയെ പേടിച്ചിട്ടാ..ഞങ്ങൾക്കവളെ കൈവിട്ടു  കളയേണ്ടിവന്നത് നിഖില കാരണമാ. അവൾക്ക് നാണക്കേടും അപമാനവും വരുമെന്ന് പറഞ്ഞു വീടുവിട്ട് പോകാൻ നിന്നാൽ അച്ഛൻ എന്തു ചെയ്യും?"
  അഖിൽ ചോദിച്ചു.
  "നന്നായി ഞാൻ കൊടുത്തിട്ടുണ്ട്. ഇനി എന്തായാലും നമ്മൾ ഇവളെ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല..."
  സന്ദീപ് ഉറച്ചു പറഞ്ഞു.അനൂട്ടിയുടെ അടുത്ത് ചെന്നിരുന്ന നിഖിലയുടെ കണ്ണുകൾ നനഞ്ഞിരുന്നു. മെല്ലെ അനുട്ടിയുടെ ശിരസിൽ കൈ വെച്ചു. 
  "ക്ഷമിക്ക് കുട്ടി..."
  " ചേച്ചി..."
  അനുട്ടി വിതുമ്പി. 
  നിഖില അവളെ തന്നോട് ചേർത്തു. പൂർണിമ പൊട്ടിക്കരഞ്ഞു. രവികുമാറിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അകത്തേക്ക് ആച്ചി അമ്മ കയറി വന്നു. 
  "മോള്...എപ്പോഴാ ഇങ്ങോട്ട് പോന്നത്? വാ...മമ്മി ദേഷ്യത്തിലാണാ.."
  ആച്ചി അമ്മ പറഞ്ഞു.
  "നിങ്ങൾ ചെല്ല്. അവള് വന്നോളും."
   മാളവിക പറഞ്ഞു.
  " കുഞ്ഞിനെയും കൊണ്ടേ ഞാൻ പോകൂ."
  ആച്ചി അമ്മ വന്നു അനൂട്ടിയുടെ കയ്യിൽ പിടിച്ചു.
  "ആച്ചി അമ്മ പൊയ്ക്കോ.. കുറച്ചു കഴിഞ്ഞ് ഞാൻ വരാം. ഇവിടെ അതിനുവേണ്ടി നിൽക്കണ്ട... പറയുന്നത് അനുസരിച്ചാ ഞാൻ വരും. അല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും പോകും..."
  "മോളെ കൂട്ടിക്കൊണ്ടുപോകാൻ മമ്മി ആളെ വിട്ടിട്ടുണ്ട്. മോള് വാ..."
  ആച്ചി അമ്മ അപേക്ഷിച്ചു.
  " ഞാൻ വരാം എന്നു പറഞ്ഞു കഴിഞ്ഞു. പിന്നെ എന്തിനാ നിങ്ങൾ ഇവിടെ നിൽക്കുന്നത്? ഇത് മമ്മിയുടെ വീടല്ല. ഇവിടെ ഉള്ളവർക്ക് പ്രൈവസി വേണം. ഇറങ്ങി പൊയ്ക്കോ.."
  ഒന്ന് അറച്ചിട്ട് ആച്ചി അമ്മ പോയി.
   "അമ്മയുടെ ഫോട്ടോ അറിയാതെ ഞാൻ മമ്മിക്ക് അയച്ചുപോയി. എന്നെക്കൊണ്ട് പോകാനാ ആളെ വിട്ടിരിക്കുന്നത്."
  "നിനക്ക് പോണോ? നിൻ്റെ അച്ഛനെയും അമ്മയെയും ഏട്ടനേയും ചേച്ചിയെയും വിട്ടു വീണ്ടും നശിക്കാൻ നിനക്ക് പോണോ?" മാളവിക ഉറക്കെ ചോദിച്ചു.
  "എനിക്ക് എൻ്റെ അമ്മയുടെ മോളായി ജീവിച്ചാൽ മതി. ഒരു കൂട്ടുകെട്ടിലും ഞാൻ പോവില്ല.. സ്നേഹം കിട്ടിയാൽ മതി. ചേച്ചിയെ പോലെ എനിക്കൊരു ടീച്ചറായ മതി. എന്നെ പറഞ്ഞു വിടല്ലേ..."
  അനൂട്ടി എല്ലാ മുഖങ്ങളിലും നോക്കി കരഞ്ഞു.
  പൂർണിമ നിയന്ത്രണം വിട്ട് കരഞ്ഞു.
  "ഇതൊക്കെ നീ ചെയ്തതിൻ്റെ ശിക്ഷയാടീ.. നിൻ്റെ കൂടപ്പിറപ്പ് കേഴുന്നത്."
  സന്ദീപ് നിഖിലയെ നോക്കി പറഞ്ഞു. 
  നിഖില അവളുടെ മുഖം പിടിച്ചു.
  "എൻ്റെ മോളെ ആർക്കും വിട്ടുകൊടുക്കില്ല. നിന്നെ ഞങ്ങൾക്ക് വേണം.."
  നിഖില അനൂട്ടിയുടെ നെറ്റിയിൽ ചുംബിച്ചു.
   "അനൂട്ടിയുടെ ബാഗിൽ ഫോൺ ഇല്ലേ? എടുത്തു നിൻ്റെ മമ്മിയെ വിളിക്ക്. ഞാൻ സംസാരിക്കാം അവളോട്. വിളിക്കുന്നത് വീഡിയോ കോളിൽ മതി."
  മാളവിക പറഞ്ഞു. അനുട്ടി പോയി ഫോൺ കൊണ്ടുവന്നു. ഫോൺ സ്വിച്ച് ഓൺ ചെയ്തു. അനൂട്ടി നിരുപമക്ക്  വീഡിയോ കോൾ ചെയ്തു.ഉടൻ നിരുപമടെ കോപം പൂണ്ട മുഖം തെളിഞ്ഞു.
  "നിന്നെ ഇനി അവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ആ വീട് ഞാൻ വിൽക്കാൻ തീരുമാനിച്ചു. മുംബൈയിൽ നിന്ന് റോയിയും ഡെയ്സിയും നിന്നെ കൂട്ടിക്കൊണ്ടുവരാൻ വരും. അവർക്കൊപ്പം നീ മുംബൈയ്ക്ക് പോകണം. എവിടാടി നീ? അയൽപക്കം നിരങ്ങാൻ പോയോ?"
  മാളവിക ഫോൺ വാങ്ങി നേരെ പിടിച്ചു.
   "നീയല്ലേ നിരുപമേ സിനിമയിൽ നിരങ്ങാൻ പോയത്..എന്തിനാ നീ ഇവളെയും കൊണ്ട് ഇവിടെ വന്നതെന്ന് ഞങ്ങൾ അറിയാൻ വൈകിപ്പോയി. നിൻ്റെ കുത്തഴിഞ്ഞ ജീവിതത്തിനിടയിൽ നീ വളർത്തിക്കൊള്ളാമെന്ന് സമ്മതിച്ച് വാങ്ങിച്ചു കൊണ്ടുപോയ ഞങ്ങളുടെ കുട്ടി മയക്കുമരുന്നിനു അടിമപ്പെട്ടു. അതല്ലേ നീ കൊച്ചിക്ക് വന്നത്..."
  ഒരു നടുക്കം നിരൂപമയിൽ കണ്ടു.
  "യൂ..."
  നിരുപമ അലറി.
  "നാവടക്കടീ.. നിൻ്റെ അട്ടഹാസം എന്നോട് വേണ്ട.. എറണാകുളത്ത് ഒരു കൊറിയർ കമ്പനിയിൽ 7000 രൂപയ്ക്ക് ജോലി ചെയ്തിരുന്ന നീ ഫിലിംസ്റ്റാർ നിരുപമയായ കഥ ഒന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.  നിന്നെ നീ ആക്കിയ ഒരു ഡയറക്ടറുടെ മോളാ ഞാൻ... നിൻ്റെ മോൾ ഇന്നലെ രാത്രി എവിടെയായിരുന്നുന്ന് നിനക്ക് അറിയണ്ടേ? അവൾ നിൻ്റെ വീട്ടിൽ ആയിരുന്നില്ല." നിരുപമയുടെ മുഖത്ത് ഞെട്ടൽ ഉണ്ടായി.
  ഇന്നലെ രാത്രി എറണാകുളത്ത് ഒരു റിസോർട്ടിൽ ലഹരി പാർട്ടി നടക്കുന്നത് അറിഞ്ഞ് പോലീസ് റെയ്ഡ് ഉണ്ടായി.അത് റിപ്പോർട്ട് ചെയ്യാൻ പോയതാ ഞാൻ.. മുംബൈയിൽ നിന്നു വന്ന നിൻ്റെ മോളുടെ പഴയ കൂട്ടുകാർക്കൊപ്പം നിൻ്റെ മോള് അവിടെ ഉണ്ടായിരുന്നു. രാവിലെയുള്ള ടിവി ന്യൂസ് നീ ഒന്ന് വെച്ച് കാണ്. അതിൽ നിൻ്റെ മോൾ ഉണ്ടായേനെ.. പോലീസിൻ്റെ കാലുപിടിച്ചാ ഞാൻ അവളെ രക്ഷിച്ചു കൊണ്ടു വന്നത്.. എന്തിനാടി മോൾ എന്നു പറഞ്ഞു നീ അവളെ വളർത്തുന്നത്? വിൽക്കാനും നീ മടിക്കില്ല..."
  നിരുപമ സ്തംഭിച്ചിരുന്നു. 
  ആരും ശബ്ദിച്ചില്ല.
  "ഇവിടെ എല്ലാവരും ഉണ്ട്. നീ കാണ്.." 
  മാളവിക ഫോൺ എല്ലാവരുടെ നേരെയും പിടിച്ചു. നിഖിലയെ കെട്ടിപ്പിടിച്ച് അനുട്ടി കരയുന്നതും നിരുപമ കണ്ടു. ഫോൺ മാളവിക അനുട്ടിയുടെ നേരെ കൊണ്ടുചെന്നു.
  " പറയെടീ നിന്റെ സിനിമ നടി മമ്മി യോട് "
  "നിങ്ങളുടെ കൂടെ ഞാൻ വരില്ല... നിങ്ങൾ എൻ്റെ ആരുമല്ല.നിങ്ങളെ വെറുപ്പാ എനിക്ക്... എനിക്ക് ജീവിക്കണം. എൻ്റെ അച്ഛൻൻ്റെയും അമ്മയുടെയും ചേച്ചിയുടെയും ഏട്ടൻ്റെയും കൂടെ.. എന്നെ വെറുതെ വിട്..നിങ്ങൾ എന്നെ കൊണ്ടുപോയാൽ ഞാൻ മരിക്കും."
  അനുട്ടി പൊട്ടിക്കരഞ്ഞു. ചലനമറ്റ് നിരുപമ ഇരുന്നു. 
  പൂർണിമ ഫോൺ വാങ്ങി. നിരുപമയും പൂർണിമയും മുഖാമുഖം കണ്ടു. അതൊരു നിമിഷമായിരുന്നു !! "നിരുപമേ...നിനക്കൊരു നല്ല അമ്മയാവാൻ കഴിയില്ല. അതിനു നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല.നിൻ്റെ ജോലി അങ്ങനെ ആയിപോയി. എൻ്റെ മോളെ ഞാൻ തിരിച്ചെടുക്കുന്നത് നിന്നിൽ നിന്ന് തട്ടിയെടുത്തല്ല. അവൾ നാശത്തിൻ്റെ പടുകുഴിയിൽ ചെന്ന് വീണിട്ടാ... അവളെ ഒന്ന് കണ്ടു മടങ്ങാൻ മാത്രമാണ് ഞങ്ങൾ ഇവിടെ വന്നത്. പക്ഷേ അവൾ സ്നേഹത്തിന് കൊതിക്കുന്നത് കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാൻ തോന്നീല്ല...
  ഇനി എനിക്ക് എൻ്റെ മോളെ നിനക്ക് വിട്ടു തരാൻ പറ്റില്ല...അവളുടെ നാശമാണ് നീ കാണാൻ ആഗ്രഹിക്കുന്നത് എങ്കിൽ നിനക്ക് എന്തും ചെയ്യാം. പക്ഷേ ഞങ്ങൾ അവളെ കൊണ്ട് പോവുകയാണ്."
  അഖിൽ ഫോൺ വാങ്ങി.

 • "നിരുപമ ചേച്ചിക്ക് ചെയ്യാവുന്നത് ചെയ്യ്. ലീഗലായി എന്തും നേരിടാൻ ഞങ്ങൾ തയ്യാറാണ്. അമ്മ പ്രസവിച്ച ഹോസ്പിറ്റലിൽ നിന്ന് ഞങ്ങൾ റെക്കോർഡ് കണ്ടെത്തി കൊള്ളാം. കുഞ്ഞിനെ നിങ്ങൾക്ക് വളർത്താൻ തന്നതാന്ന് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റിൻ്റെ സഹായം കിട്ടും. പിന്നെ അനുട്ടിയുടെ മൊഴി.. പ്രായപൂർത്തി വന്ന പെണ്ണാ അവൾ. ചേച്ചി തോറ്റു പോകും..പറയാൻ ഒരുപാട് കഥകൾ അവൾക്ക് ഉണ്ടാവും. മമ്മിക്ക് നേരേ അവള് കൈ ചൂണ്ടും. തുറന്ന മനസ്സോടെ നിങ്ങൾ ഇത് അംഗീകരിക്കൂ. അവൾ സ്നേഹം എന്താണെന്ന് അറിഞ്ഞു വളരട്ടെ... ഒരിക്കലും ഞങ്ങൾ അവളെ നിങ്ങളിൽ നിന്ന് മറച്ചു പിടിക്കില്ല. കാണാൻ തോന്നിയ വന്നു കാണാം... അവൾ ഒരു എതിർപ്പും കാട്ടാതെ ഞാൻ നോക്കിക്കോളാം. നിങ്ങൾ മനസ്സിലാക്കൂ.. നിങ്ങൾക്ക് ഒരു നല്ല അമ്മയാവാൻ കഴിയില്ല. നല്ലൊരു കലാകാരി ആവാനേ കഴിയൂ..ആ ബന്ധം വച്ച് നിങ്ങളെ ഉൾക്കൊള്ളാൻ ഞങ്ങൾ തയ്യാറാണ്." 
  അഖിൽ ഹൃദയ സ്പർശിയായിപറഞ്ഞു.
  നിരുപമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അഖിൽ കണ്ടു. കുറെ നേരം നിരുപമ മിണ്ടാതെ കരഞ്ഞു. അഖിലിന് വേദന തോന്നി.
   " ഇത് അംഗീകരിക്കു ഞാൻ നിങ്ങളുടെ മനസ് കാണുന്നുണ്ട്. പക്ഷേ ചേച്ചി നമുക്ക് അവളെ തിരിച്ചു പിടിക്കണ്ടെ? അവൾ നശിച്ചു പോവും" "കൊണ്ടുപോയ്ക്കോ അഖിലേ...ഞാൻ തടയാനില്ല. തോറ്റു പോയവളാണ് ഞാൻ..." നിരുപമ ഏങ്ങലടിച്ചു കരഞ്ഞു.
  അത് കേട്ട് എല്ലാവരും പകച്ചിരുന്നു.
  "ഒന്ന് കാണാൻ തോന്നിയാൽ ഞാൻ വരും. അവളോട് മുഖം തിരിഞ്ഞിരിക്കരുതെന്ന് പറയണം. 18 വർഷം വളർത്തിയതല്ലെ..."
  നിരുപമ ചേച്ചിക്ക് എപ്പോഴും ഞങ്ങളുടെ വീട്ടിലേക്ക് വരാം. നിങ്ങൾ ഞങ്ങളിൽ ഒരാളാ..."
  കോൾ കട്ടായി.
  * * *
  ഒരു മണിയോടെ സുകൃതത്തിൽ നിന്ന് രവികുമാറിൻ്റെ കാർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.  പിന്നിൽ പൂർണിമയും അനുട്ടിയും ഉണ്ടായിരുന്നു. പൂർണിമയുടെ കെട്ടി  പിടിച്ചാണ് അവൾ ഇരുന്നത്. 18 വർഷം മുമ്പ് കൈവിട്ടു പോയ ഒരു മകളെ ചേർത്തുപിടിച്ചു മടങ്ങുകയായിരുന്നു ഒരമ്മ... സ്നേഹം കൊതിച്ച ഒരു മകൾക്ക് അച്ഛനുമമ്മയും കൂടപ്പിറപ്പുകളും ഉണ്ടാവുകയായിരുന്നു. 
  ഏത് ലഹരിയെകാളും മനസ്സുകൾ കീഴടക്കുന്ന സ്നേഹത്തിൻ്റെ ലഹരിയിലേക്കുള്ള ഒരു പെൺകുട്ടിയുടെ യാത്ര....
                                                      നോവൽ അവസാനിച്ചു.

(പ്രിയ വായനക്കാർക്ക് നന്ദി. സ്നേഹപൂർവം മുരളി നെലനാട് . കടപ്പാട് ശ്രീ KA ഫ്രാൻസിസ്)

Join WhatsApp News
Sandeep 2022-06-25 06:18:09
കുട്ടി പൂർണിമയുടേതായി വളരുക എന്നതായിരുന്നു ഭ്രമം 1 വായിച്ച എല്ലാവരുടേയും ആഗ്രഹം. 18 വർഷങ്ങൾക്കിപ്പുറം ആണെങ്കിലും അത് സംഭവിച്ചതിൽ വളരെ സന്തോഷം..💖 നിരുപമയുടെ അഹങ്കാരത്തിന് ഏറ്റ തിരിച്ചടി തന്നെയാണത്. അവസാന അധ്യായത്തിൽ പ്രഭേട്ടനും കൂടി വേണമായിരുന്നു. ഭ്രമത്തിൽ ഒരുപാട് ഇഷ്ടമുള്ള ഒരു കഥാപാത്രമായിരുന്നു പ്രഭാചന്ദ്രൻ.
Ashitha P.S 2022-06-26 07:26:33
ഭ്രമണം നോവൽ രണ്ടാം ഭാഗം മുഴുവൻ വായിച്ചു.15 അദ്ദേഹത്തോട് കൂടി നോവൽ അവസാനിച്ചത് ഭയങ്കര വിഷമം ആയി. ഒരു അദ്ധ്യായം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന് അഭ്യർത്ഥിക്കുന്നു.ഒരു അധ്യായം കൂടി എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു.അതിൽ എല്ലാ കഥാപാത്രങ്ങളെയും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക