Image

ലോക കേരള സഭ: പുറം ചൊറിയലിന്റെ സാക്ഷിപത്രം (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്-42)

ബാബു പാറയ്ക്കല്‍ Published on 25 June, 2022
ലോക കേരള സഭ: പുറം ചൊറിയലിന്റെ സാക്ഷിപത്രം (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്-42)

"എന്താടോ ഇയ്യാള്‍ തിരുവനന്തപുരത്തു നിന്നുമാണോ വരുന്നത്?"
"ഞാനെന്തിനാ പിള്ളേച്ചാ തിരുവനന്തപുരത്തിന് പോകുന്നത്?"
"അല്ല, ഇയ്യാള്‍ ലോക കേരള സഭയിലെ അംഗമൊന്നുമല്ലേ?"
"എന്റെ പിള്ളേച്ചാ, ഞാന്‍ അത്ര വലിയ ആളൊന്നുമല്ലല്ലോ."
"വലിയ ആളൊന്നുമാകേണ്ട ആവശ്യമില്ലേടോ. കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടാല്‍ മതി."
"ഹേയ്, ഇതിലങ്ങനെയൊന്നുമില്ല. എല്ലാം കൃത്യമായി അര്‍ഹതപ്പെട്ടവര്‍ മാത്രം."
"ഉവ്വ്. വരവ് വച്ചിരിക്കുന്നു. എടോ നിങ്ങളുടെ അമേരിക്കയില്‍ നിന്നു പോലും വന്നവരെ നോക്ക്. ഏതാണ്ട് പത്തു പതിനേഴു പേര്‍ വന്നിട്ട് അവരുടെ പ്രതിനിധി ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ വെട്ടിത്തുറന്നു പറഞ്ഞില്ലേ, വെറും മൂന്നു നാല് പേര്‍ മാത്രമേ അര്‍ഹതപ്പെട്ടവര്‍ ഉള്ളൂ എന്ന്. ബാക്കിയൊക്കെ അപ്പോള്‍ പ്രാഞ്ചിയേട്ടന്മാരായി കടന്നു കൂടിയവരല്ലേ? ഇവിടെ നിന്നും ഒരു വി ഐ പി അവിടെ സന്ദര്‍ശനത്തിലല്ലായിരുന്നോ. അന്ന് പലരെയും അദ്ദേഹം കണ്ടു. അങ്ങേരു തിരിച്ചു പോന്നപ്പോഴാണ് പലരുടെയും പേരുകള്‍ ഇതില്‍ ഉള്‍പ്പെട്ടത്."
"അതെന്തെങ്കിലുമാകട്ടെ പിള്ളേച്ചാ. നമുക്കെന്തു കാര്യം?"
"അല്ലെടോ, ഇത് ധൂര്‍ത്താണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ എല്ലാ പ്രവാസികളും വിമര്‍ശിച്ചപ്പോള്‍ അതെല്ലാവര്‍ക്കും നാണക്കേടായില്ലേ?"
"പിന്നെ, ഇത്ര മഹത്തായ ഒരു സമ്മേളനം നടന്നപ്പോള്‍ അവര്‍ വന്നില്ലെന്ന് മാത്രമല്ല, ഇതെല്ലം വെറും ധൂര്‍ത്താണെന്നു പറയുക കൂടെ ചെയ്താല്‍ ആരാണ് സഹിക്കുക!"
"അദ്ദേഹം പറഞ്ഞതിലെന്താണ് തെറ്റ്?"
"എന്താ പിള്ളേച്ചന്‍ ഇങ്ങനെ പറയുന്നത്? പ്രവാസികളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി ഇവിടെയെത്തിയ പ്രവാസികള്‍ സര്‍ക്കാര്‍ ചെലവില്‍ അല്പം ഭക്ഷണം കഴിക്കുന്നതിനെ 'ധൂര്‍ത്ത്' എന്ന് വിളിച്ച  അങ്ങേരെ എങ്ങനെയാണ് ന്യായീകരിക്കുക?"
"എടോ, ഭക്ഷണം കഴിക്കുന്നതിനല്ലല്ലോ അദ്ദേഹം ധൂര്‍ത്തെന്നു പറഞ്ഞത്! അത് ചിലര്‍ വളച്ചൊടിച്ച കാര്യമാണ്. നിയമസഭാ സമുച്ചയത്തില്‍ പെട്ട ഈ ഹാള്‍ നല്ല സൗകര്യമുണ്ടായിട്ടും നവീകരിക്കുന്നതിന് ചെലവാക്കിയതെത്രയാടോ? 16 കോടി! ഈ സമ്മേളനത്തിന് മാത്രം ചെലവായത് 3 കോടി!"
"അത് പിന്നെ, ഈ വരുന്നവരൊക്കെ വലിയ നിലയില്‍ കഴിയുന്ന പ്രവാസികളാണ്. അവര്‍ക്കു പിന്നെ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസവും പഞ്ച നക്ഷത്ര നിലയിലുള്ള ഭക്ഷണവും കൊടുക്കണ്ടേ? അവര്‍ക്കു പിന്നെ കഞ്ഞിയും പയറുമാണോ കൊടുക്കേണ്ടത്?"
"എടോ, വിശപ്പിന്റെ പരമ കാണ്ഡത്തില്‍ ഒരു പാവപ്പെട്ടവന്‍ നാല് അരിമണി മോഷ്ടിച്ചതിന് അവനെ തല്ലിക്കൊന്ന നാടാണിതെന്നോര്‍ക്കണം. ഇവിടെ കേരള സഭയില്‍ ആകെ വന്ന 351 പേരില്‍ പ്രവാസികള്‍ വെറും 177 പേരായിരുന്നു എന്നാണ് കേട്ടത്. രണ്ടു ദിവസത്തെ അവരുടെ താമസത്തിനും ഭക്ഷണത്തിനുമാണോടോ 3 കോടി ചെലവായത്?"
"എല്ലാം ഈ നാടിന്റെ സാമ്പത്തികം പിടിച്ചു നിര്‍ത്തുന്ന പ്രവാസിക്ക് വേണ്ടിയാണല്ലോ എന്ന് സമാശ്വസിക്കാം."
"എന്നിട്ടിവിടെ എന്തു കാര്യങ്ങളാണെടോ പ്രവാസികള്‍ക്കു വേണ്ടി ഉലുത്തിയത്? ഇത് വെറുതെ അന്യോന്യം പുറം ചൊറിയാനായി നികുതി ദായകരുടെ വിയര്‍പ്പിന്റെ പണമെടുത്തു ധൂര്‍ത്തടിക്കാന്‍ ഉളുപ്പില്ലാത്തതാണ് ഭയങ്കരം. ഇവിടെ നിന്ന് അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും മന്ത്രിമാരും എംപി മാരും എം എല്‍ എ മാരുമൊക്കെ ചെല്ലുമ്പോള്‍ അവരെ താമസിപ്പിക്കാനും കൊണ്ട് നടക്കാനും സ്വീകരണ യോഗങ്ങള്‍ നടത്താനുമൊക്കെ മുന്നിട്ടിറങ്ങുന്നവര്‍ക്കൊരു പ്രതിഫലം! നന്ദി സൂചകമായി ഒരു പുറം ചൊറിയല്‍, ഒരു തലോടല്‍, അത്ര തന്നെ!"
"എങ്കില്‍ പിന്നെ ഇതിനു ചെലവായ പണമുണ്ടായിരുന്നെങ്കില്‍ എത്ര പാവപ്പെട്ടവര്‍ക്കു താമസ സൗകര്യം ഒരുക്കാമായിരുന്നു! എത്ര മധുമാരുടെ വിശപ്പ് മാറ്റാമായിരുന്നു!"
"അപ്പോള്‍ പിന്നെ ഈ പ്രവാസികളായ പ്രാഞ്ചിയേട്ടന്മാരുടെ ഫോട്ടോ എങ്ങനെ പത്രത്തില്‍ വരുമെടോ? ഉളുപ്പില്ലാത്തവര്‍ക്കു ചിലേടത്തൊക്കെ ആലു കിളുത്താല്‍ അതും ഒരു തണലാകുമെന്നു കേട്ടിട്ടില്ലേ?"
"നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ല പിള്ളേച്ചാ. ചിലരങ്ങേനെയാ!"
വിട്ടേരെടോ, പിന്നെ കാണാം."
"ശരി പിള്ളേച്ചാ."

Join WhatsApp News
Reji Philip 2022-06-25 12:00:18
Shari aaya Vila iruthal aanu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക