MediaAppUSA

കുതിരാനിലെ തങ്കച്ചൻചേട്ടൻ : ജിജോ സാമുവൽ അനിയൻ

Published on 28 June, 2022
കുതിരാനിലെ തങ്കച്ചൻചേട്ടൻ : ജിജോ സാമുവൽ അനിയൻ

ഇതാണ് ആ ചായപ്പീടിക!!!
നടന്മാരായ മമ്മൂട്ടിയുടെയും, ജഗതി ശ്രീകുമാറിന്റെയും, രാജന് പി ദേവിന്റെയും ഒക്കെ പ്രിയപ്പെട്ടവനായിരുന്ന തങ്കച്ചൻചേട്ടന്റെ, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കട.
തൃശൂർ പാലക്കാട് ഹൈവേയിൽ കുതിരാൻ മലയിൽ ഇരുമ്പ് പാലത്തിന് സമീപമാണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കടയുള്ളത്.
ഒരിക്കൽ തന്റെ കടയിലെ സന്ദർശകനായി എത്തിയ നടൻ മമ്മൂട്ടിക്ക്
തങ്കച്ചൻചേട്ടൻ തയ്യാറാക്കി കൊടുത്ത ചായ പിൽക്കാലത്ത് "മമ്മൂട്ടിച്ചായ" എന്ന പേരിൽ പ്രസിദ്ധമായി. കട്ടൻചായയും, പാൽ ചായയും ഇതേ പേരിൽ ഇവിടെ ലഭിക്കും. രണ്ടും മമ്മൂട്ടിക്ക് പ്രിയപ്പെട്ടതാണ്. ഇന്നും ഇവിടെ "മമ്മൂട്ടിച്ചായക്ക്" ആവശ്യക്കാരേറെയാണ്.

സവാളയും പച്ചമുളകും കറിവേപ്പിലയും കൊത്തിയരിഞ്ഞ് ദോശക്കല്ലിൽ പയ്യെ വാട്ടി, കുരുമുളകിന്റെ നേർത്ത 
രുചിയിൽ വരട്ടി എടുക്കുന്ന ബീഫ് ഫ്രൈയുടെയും, പൊറോട്ടയുടെയും, ഗ്രേവിയുടെയും ആരാധകനായിരുന്നു ജഗതി ശ്രീകുമാർ.  ഇവിടെ വന്നാൽ ജഗതിക്കും മമ്മൂട്ടിച്ചായ നിർബന്ധമാണ്.

കോയംബത്തൂരിൽ ബിസിനസ് ആരംഭിച്ച 
കാലം മുതൽ ഞാൻ,ഈ വഴിയിലെ സ്ഥിരം കാർയാത്രക്കാരനായിരുന്നു.
എല്ലാ ദിവസവും അതിരാവിലെ എറണാകുളത്ത് നിന്നും കോയംബത്തൂർക്ക് യാത്ര തിരിക്കും,
തിരികെ എറണാകുളത്തേക്ക് വൈകിട്ടും.
രണ്ട് യാത്രയിലും ആകെയുള്ള ഹോൾട്ട് കുതിരാനിലെ തങ്കച്ചൻചേട്ടന്റെ കടയായിരുന്നു. ചില ദിവസങ്ങളിൽ രാത്രി
വരാൻ താമസിച്ചാൽ, തങ്കച്ചൻചേട്ടന്റെ ഫോൺ വിളി വരും "എവിടെയെത്തിയെടാ" എന്ന് ചോദിച്ച്


രാത്രി ഒൻപതുമണിയോടെ കടയിൽ നല്ല തിരക്കാവും, തങ്കച്ചൻചേട്ടനും, ഭാര്യയുമാണ് അവിടെ പ്രധാന പണിക്കാർ.
രാത്രിയിൽ കടയിൽ എത്തിയാൽ മിക്കവാറും ഞാൻ തങ്കച്ചൻചേട്ടനെ സഹായിക്കും. സപ്ലെയറുടെ പണി. തങ്കച്ചൻചേട്ടന്റെ കടയിൽനിന്ന് എനിക്ക് ഒരുപാട് സൗഹൃദങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നേരത്തെ സിനിമ മേഖലയിൽ ജോലിചെയ്തപ്പോഴുള്ള പരിചയക്കാരെ ഒക്കെ
രാത്രികാലങ്ങളിൽ ഇവിടെ കാണാറുണ്ട്.
തിരക്കുള്ള ഒരു രാത്രിയിൽ തങ്കച്ചൻചേട്ടനെ സഹായിച്ച്
കടയിൽ നിൽക്കുമ്പോൾ പുറത്ത് ഒരു കാർ നിർത്തിയതിന്റ
പുറകേ നീട്ടി ഒരു വിളി കേട്ടു.
"എടാ.. തങ്കച്ചോ....."
രാജൻ പി ദേവാണ്. ജുബ്ബയുടെ അടിയിലൂടെ കൈകടത്തി മുണ്ട് മുറുക്കി ഉടുത്തുകൊണ്ടാണ് വരവ്.
"എനിക്ക് വിശക്കുന്നടാ.. കപ്പ ബിരിയാണി ആയിക്കോട്ടെ.." അങ്ങേരു കൈയ്യും കഴുകി വന്ന് ഇരുപ്പായി.
"എടാ.. ആദ്യമൊരു മമ്മൂട്ടിച്ചായ തന്നേക്ക്, കട്ടൻ"
"ഓ.. ആയിക്കോട്ടെ.." തങ്കച്ചൻചേട്ടൻ പറഞ്ഞു.
തങ്കച്ചൻചേട്ടൻ എടുത്ത ചായ ഞാനാണ് രാജൻ പി ദേവിന്
ടേബിളിൽ എത്തിച്ചത്.
ചായ ഊതിക്കുടിച്ചുകൊണ്ട് അങ്ങേര് എന്നെ
അടിമുടി ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു.
"ഇതാരാടാ തങ്കച്ചാ"
"ഓ.. പുതിയ പണിക്കാരനാ ചേട്ടാ, പണി ഒന്നും ഇല്ലാതെ വട്ടം ചുറ്റി വന്നതാ, ഞാനിവിടെ നിന്നോളാൻ പറഞ്ഞു"
എന്റെ ഷൂസും, ജീൻസും, ഷർട്ടും, വാച്ചും ഒക്കെ ഒന്ന് സുക്ഷിച്ചു നോക്കിയിട്ട് അങ്ങേര് പറഞ്ഞു
"കാലം മോശമാ, ഊരും പേരും അറിയാത്തോനെ 
ഒക്കെ പിടിച്ചു കൂടെനിർത്തീട്ട്, വല്ലതും പറ്റിയിട്ട്,
പിന്നെ കണാ കുണാന്ന്  പറഞ്ഞിട്ട് കാര്യമില്ല."
തങ്കച്ചൻചേട്ടൻ അപ്പോൾ  ഒരു വളിച്ച ചിരിയും 
പാസാക്കി നിൽക്കുകയാണ്.
കപ്പബിരിയാണി കഴിക്കുമ്പോൾ എന്നെ നോക്കിയിട്ട്
രാജന്. പി ദേവ് പറഞ്ഞു
"എടോ സപ്ലെയറേ.. ഒരു ഹോട്ടലിൽ ഒരാൾ കഴിക്കാൻ വന്നാൽ ആദ്യം 
കൊടുക്കേണ്ടത് എന്താ.. വെള്ളം"
ഞാൻ വേഗം തന്നെ സ്റ്റീൽ ഗ്ലാസ് 
സാമോവാറിലെ ചൂടുവെള്ളത്തിൽ
കഴുകി വൃത്തിയാക്കി, വെള്ളം കൊടുത്തു.
ആഹാരം കഴിച്ച് കൈയ്യും കഴുകി കാശ് കൊടുക്കുമ്പോൾ രാജൻ പി ദേവ് തങ്കച്ചൻ ചേട്ടനോട് പറഞ്ഞു.
"1993 ഒക്ടോബറിലാവണം, ഞാൻ വേണു നാഗവള്ളിയുടെ ആയിരപ്പറയിൽ  അഭിനയിക്കുമ്പോൾ, കവിയും വേണുവിന്റെ അസിസ്റ്റന്റുമായിരുന്ന   കോന്നിയൂർ ഭാസിനൊപ്പം
ആലപ്പുഴയിൽ നിന്നും ചേർത്തലയിലെ എന്റെ വീട്ടിലേക്ക്
ഇവന്റെ കാറിൽ, ഇവനോടൊപ്പം യാത്ര ചെയ്തതാ, അന്ന് എന്റെ കെട്ടിയവള് ശാന്തമ്മ ഉണ്ടാക്കിക്കൊടുത്ത കട്ടൻചായയും കുടിച്ചേച്ചാണ് ഇവന്മാർ അന്ന് എറണാകുളത്തിന് പോയത്. വർഷം പന്ത്രണ്ട് കഴിഞ്ഞു."
പുറത്തേക്കിറങ്ങിയ രാജന് പി ദേവ് ഒന്ന് 
തിരിഞ്ഞ് നിന്നിട്ട് പറഞ്ഞു
"എടാ.. തങ്കച്ചാ, നിനക്ക് ഈ പണിക്കാരനെ 
വേണ്ടെങ്കിൽ എനിക്ക് തന്നേക്ക്, ഒന്നുമില്ലെങ്കിലും കോട്ടയത്തെ അറിയപ്പെടുന്ന പത്രകുടുംബത്തിലെ ഇളംതലമുറയെ എന്റെ വീട്ടിൽ പണിക്കു നിർത്തുന്നത് എന്റെ കുടുംബത്തിന് ഒരു അന്തസ്സാ.."
കടയിൽ നിന്ന് ഇറങ്ങി കാറിന്റെ  ഡോറ് തുറന്ന് അകത്തു കയറുന്നതിന് മുമ്പായി ചിരിച്ചു കൊണ്ട് നിൽക്കുന്ന  എന്നേനോക്കി നാക്കു കടിച്ചിട്ട്, രാജേട്ടൻ പറഞ്ഞു.
"നീ അങ്ങോട്ട് വന്നേക്ക്, കേട്ടോടാ, അനിയന്റെ മോനേ.."

ഓർമ്മകൾ ഒരുപാട് ഉറങ്ങുന്ന കുതിരാനിലെ ഈ കടയിൽ ഇടക്ക് എത്തുമ്പോൾ തങ്കച്ചൻചേട്ടന്റെ മകൻ, ബാബു തങ്കച്ചൻ ഇപ്പോഴും പഴയ കഥകളുടെ കെട്ടുകളഴിക്കും.

രാജേട്ടൻ എന്ന രാജൻ പി ദേവിനും, 
കുതിരാനിലെ തങ്കച്ചൻ ചേട്ടനും
സ്മരണാഞ്ജലികൾ...

 

കുതിരാനിലെ തങ്കച്ചൻചേട്ടൻ : ജിജോ സാമുവൽ അനിയൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക