പക്ഷികളുടെ ദ്വീപിലെത്തിയത് ഒരു മധ്യാഹ്നത്തിലായിരുന്നു.
ഇളംനീല ആകാശദിവസത്തിൽ വെൺമുകിലുകളുടെ സഞ്ചാരം കണ്ട് മോഹിതയായി ഇറങ്ങിത്തിരിച്ചതാണ് ഞാൻ.
കുറെ ദൂരം താണ്ടി ഒരു വിജനമായ കടവിലെത്തി.
ഒരു കടത്തുകാരൻ നിറഞ്ഞൊഴുകുന്ന പുഴയെ നോക്കി കടവിലിരുപ്പുണ്ടായിരുന്നു.
ഏതൊരു കടത്തുകാരൻ്റെയും മുഖത്തെന്നപോലെ
ജീവിതത്തിൻ്റെ അറിവും അർത്ഥവും അയാളുടെ മുഖത്ത് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
നദി കണ്ടപ്പോൾ എനിക്ക് കാലത്തെക്കുറിച്ച് ഓർമ വന്നു.
കാലം എന്ന നദിയുടെ തീരത്ത് കടത്തുകാരൻ അങ്ങനെ ഇരിക്കുകയാണ്.
"തുരുത്തിലേയ്ക്കാണോ?"
അഗാധമായ ശബ്ദത്തിൽ അയാൾ ചോദിച്ചു.
കടത്തുകാരൻ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി.
അകലെ ഒരു ദ്വീപ്.
പുഴ രണ്ടായി പിരിഞ്ഞ് അതിനെ പുണർന്നൊഴുകുന്നു.
അനുരാഗമേഘങ്ങൾ ദ്വീപിന് മുകളിൽ തൂങ്ങുന്നുണ്ട്.
അതെയെന്ന് ഞാൻ തലയാട്ടിയപ്പോൾ കടത്തുകാരൻ ചെറുപുഞ്ചിരിയോടെ തോണിയിലേക്ക് ക്ഷണിച്ചു.
പുഴയുടെ ഞൊറിവുകൾ മെല്ലെ മുറിച്ചുകൊണ്ട് തോണി
നീങ്ങി..
പക്ഷികളുടെ രാജ്യത്ത് കാലുകുത്തിയ എന്നെ
മാന്ത്രിക കഥയിലെന്ന പോലെ ചക്രവാകപ്പക്ഷികളാണ് വരവേറ്റത്.
" സ്വാഗതം പ്രിയ ചങ്ങാതി ,
മനുഷ്യരിൽ ലക്ഷ്യമില്ലാത്ത സഞ്ചാരികളും സ്വപ്നാടകരും മാത്രമാണ്
ഇവിടെ വരാറുള്ളത്. "
എണ്ണമറ്റ പക്ഷികളെ കണ്ട് ഞാൻ അമ്പരന്നു.
ഇതുവരെ കാണാത്തതും മായിക ഭംഗിയുള്ള പക്ഷികളുമായിരുന്നു കൂടുതലും .സ്വദേശികളും വിദേശികളും അവിടെ ഇടകലർന്ന് ജീവിച്ചു.
അവയുടെ പാട്ടുകൾ,
ആരവങ്ങൾ, പ്രണയം, ആഹ്ലാദങ്ങൾ..
നർത്തകരായ മരങ്ങളും പുഷ്പിത വല്ലികളും പൊന്തപ്പടർപ്പുകളും തെളിനീരും കാറ്റിൻ്റെ അലകളും നിറഞ്ഞ ആ ഹരിതഗൃഹത്തിലെ ഹൃദ്യമായ ഏകാന്തത അനുഭവിച്ചുകൊണ്ട് ഞാൻ നടന്നു.
ആ പക്ഷികൾ എത്രപെട്ടെന്നാണ് എൻ്റെ ചങ്ങാതിമാരായത്.
കാടുകാണുമ്പോൾ നിശ്ശബ്ദനാകുന്ന ഒരു മനുഷ്യന് പക്ഷികളുടെ ഭാഷ സ്വന്തമാകുമെന്ന് എനിക്ക് മനസ്സിലായി.
യാത്ര ആരംഭിച്ച നിമിഷത്തിനും ഈ ദ്വീപിനെ എനിക്ക് പ്രത്യക്ഷമാക്കിയ കടത്തുകാരനും പുളകിതയായി ഒഴുകുന്ന പുഴയ്ക്കും ഞാൻ സങ്കീർത്തനങ്ങൾ ചൊല്ലി.
ചില പക്ഷികൾക്ക് ചില മരങ്ങളോട് സവിശേഷമായ ബന്ധമുണ്ടെന്ന് എനിക്ക് മനസ്സിലായി.
വൃക്ഷങ്ങൾ പ്രണയപൂർവം ക്ഷണിക്കുമ്പോഴാണ് പക്ഷികൾ വരുന്നത്.
പൂവും ഫലങ്ങളും പക്ഷികൾക്കുള്ള പ്രണയാർച്ചനയാണ്.
പക്ഷികളെയും അവയുടെ വീടുകളെയും കുടുംബത്തെയും ആഹ്ലാദത്തോടെ ചുമന്നു നിൽക്കുന്ന വൻമരങ്ങൾ..
പക്ഷികൾ പ്രണയിക്കുന്ന ,ചേക്കേറുന്ന മരങ്ങളേക്കാൾ പൂർണ്ണമായ മറ്റൊരു കാഴ്ച്ചയില്ല.
കാറ്റിനോടും കിളികളോടും കൂട്ടുകൂടിയും വൃക്ഷങ്ങളെ സ്പർശിച്ചും ഞാൻ നടന്നു.
പക്ഷികളുടെ ദ്വീപ് കൂടുതൽ ഗാഢഹരിതമായി എനിയ്ക്കുഭവപ്പെട്ടു.
ദ്വീപിൻ്റെ മധ്യത്തിലെ ഒരു വൃക്ഷതാപസൻ്റെ അരികിൽ ഞാനെത്തി.
ആ ധ്യാനവൃക്ഷത്തെ വന്ദിച്ചുകൊണ്ട് അതിൻ്റെ ചുവട്ടിലെ ഇലകളുടെ മെത്തയിൽ ഞാനിരുന്നു.
പഴുത്തൊരില എൻ്റെ അരികിൽ വന്നു വീണു.
ഞാനതിനെ എടുത്തു നോക്കി.
ജീവിതത്തിൻ്റെ നിഗൂഢസത്യം ആ ഇലയിൽ അടങ്ങിയിരിക്കുന്നതായി എനിക്ക് തോന്നി. ജനിമൃതികൾ ..
ക്ഷണികത..
അനേകം ശബ്ദങ്ങളാൽ ചുറ്റപ്പെട്ട സവിശേഷ മൗനം അനുഭവിച്ചുകൊണ്ട് ഞാനിരുന്നു.
സുഗന്ധവിശറിയുമായി ഒരു കാറ്റ് ഓടിയെത്തി.
താഴെയ്ക്കിറങ്ങി വന്ന ചില്ലകൾ സ്നേഹത്തോടെ പൂങ്കുലകൾ നീട്ടി.
വിശ്രാന്തിയുടെ തീരത്ത് എത്തിയ പോലെ എൻ്റെ കണ്ണുകളടഞ്ഞു ..
അല്പം കഴിഞ്ഞപ്പോൾ ദ്വീപ് മെല്ലെ നീങ്ങുന്നതായി എനിയ്ക്കനുഭവപ്പെട്ടു.
പുഴയും പച്ചത്തുരുത്തും അതിലെ ജീവിതവും എൻ്റെയൊപ്പമുണ്ട്.
നീലവാനത്തിലെ മേഘമാലകൾ മുൻപെ സഞ്ചരിക്കുന്നുണ്ട്.
അതെ, യാത്ര തുടരുകയാണ്..
നാളുകൾക്ക് ശേഷം ഒരു മഞ്ഞുകാലത്തിൻ്റെ ആരംഭത്തിൽ ഒരു ഋതു പക്ഷി ആ ദ്വീപിലെത്തി.
ആ ദേശാടനക്കാരന് ചുറ്റും വിശേഷങ്ങൾക്കായി മറ്റു പക്ഷികൾ തിരക്കുകൂട്ടി.
വിദൂരദേശങ്ങൾ കടന്നു വന്ന ആ പക്ഷി പല കഥകളും പറഞ്ഞു.
നീലമലകളുടെ നിഴൽ പതിഞ്ഞ ശലഭങ്ങളുടെ ഒരു താഴ് വാരത്തിൽ വെച്ച് കണ്ടു മുട്ടിയവളെക്കുറിച്ച് പറഞ്ഞപ്പോൾ ദ്വീപിലെ മാടത്തകളും വർണ്ണ തത്തകളും കുഞ്ഞാറ്റകളും അവളെ തിരിച്ചറിഞ്ഞു