MediaAppUSA

ഇളകിമറിയുന്ന വിചാരങ്ങൾ (കഥ : രമണി അമ്മാൾ)

Published on 30 June, 2022
ഇളകിമറിയുന്ന വിചാരങ്ങൾ (കഥ : രമണി അമ്മാൾ)

അത്യാവശ്യം വീട്ടുജോലികൾ ധൃതിയിൽ ചെയ്തുതീർത്ത് കുളിയും കഴിഞ്ഞ് എന്നത്തേയുംപോലെ കടയിലേക്കു ചെല്ലുമ്പോൾ
പരിചയമില്ലാത്ത രണ്ടുപേർ, ദമ്പതികളായിരിക്കും,
സാധനങ്ങൾ വാങ്ങിച്ചുകൊണ്ടുനിൽക്കുന്നു.. എവിടെയോ പോയിട്ടുവരുന്ന വഴിയോ, എവിടേക്കോ പോകുന്ന വഴിയോ ആവാം..
അവരു വന്ന കാർ റോഡുസൈഡിലുണ്ട്.

.
കൂട്ടത്തിലെ സ്ത്രീ എന്നോടൊന്നു ചിരിച്ചു....
ഞാനും..
"ആരാ... അമ്മയാണോ..?"
അവരുടെ പെട്ടെന്നുളള ചോദ്യമെന്നെ ഞെട്ടിച്ചു.. ഞാൻ എന്റെ ഭർത്താവിന്റെ അമ്മയാണോന്ന്. 
വല്ലായ്മ മറച്ചുകൊണ്ട് 
"അയ്യോ...അല്ല.....ഭാര്യയാണ്... "
"ഓ..സോറി. കേട്ടോ..."


കടയ്ക്കുളളിലേക്കു കയറാൻ തോന്നാതെ എന്റെ കാലുകൾ വീടിനുളളിലേക്കു പിൻവലിഞ്ഞു.. കിടപ്പുമുറിയിലെ 
വലിയ കണ്ണാടിയിലെ എന്റെ പ്രതിബിംബം എന്നെ നോക്കി വിഷണ്ണ ഭാവത്തിൽ നില്ക്കുന്നു..
തലമുടി ഏതാണ്ടു മുഴുവനും നരച്ചു..
ഹെയർ ഡൈ അലർജിയായതു
കൊണ്ടല്ലേ ഡൈചെയ്തു മുടി കറുപ്പിക്കാത്തത്...!
മുഖത്തും കഴുത്തിലുമൊക്കെ  ചുളിവു വീഴാനുളള ആരംഭമോ.. . 
കണ്ണിനുചുറ്റും  തളംകെട്ടിനില്ക്കുന്ന കരിവാളിപ്പ്. വരണ്ടുണങ്ങിയ ചുണ്ടുകൾ..
വേഷമോ 
പഴകി നിറംമങ്ങിയ അയഞ്ഞ നൈറ്റിയും...!

 
"പലരു വരുകയും പോകയും ചെയ്യുന്ന കടയല്ലേ അല്പം വൃത്തിയായിട്ടൊക്കെ നിനക്കു നടന്നൂടേ.."
നേരത്തെയൊക്കെ ചേട്ടനിങ്ങനെ ചോദിക്കുമായിരുന്നു..


മുരടിച്ചുപോയ മനസ്സും ശരീരവും..
അഞ്ചു വയസ്സിനു മൂത്തതാണു ചേട്ടൻ.
അങ്ങുമിങ്ങുമൊക്കെ ചെറിയ നരകൾ
പ്രത്യക്ഷപ്പെടാൻ
തുടങ്ങിയെങ്കിലും 
കണ്ടാൽ ഒട്ടും പ്രായം മതിക്കില്ല.
വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിരണ്ടുവർഷം കഴിഞ്ഞിരിക്കുന്നു..
ഒരു കുഞ്ഞിക്കാൽ കാണാനുളള ഭാഗ്യമുണ്ടായില്ല.. പരിശോധനകളിൽ രണ്ടാൾക്കും  കുഴപ്പമൊന്നുമില്ലെന്നായിരുന്നു..എന്നിട്ടും....
മരുന്നും മന്ത്രവും,പരിശോധനകളും
കാലങ്ങളോളം തുടർന്നു..
ഒരു കുഞ്ഞിനെ ദത്തെടുക്കാൻ പലരും ഉപദേശിച്ചിട്ടും
മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. 
"കുട്ടികളെത്രടംവരെയായി, ആണോ..  പെണ്ണോ..?പരിചയമില്ലാത്ത  അന്വേഷണങ്ങളിൽനിന്നൊക്കെ
പരമാവധി ഒഴിഞ്ഞുമാറി നടക്കും.. നാലാളുകൂടുന്ന 
ആഘോഷങ്ങളിൽ പങ്കെടുക്കാതെ കടയുടെ പേരും പറഞ്ഞൊഴിഞ്ഞുകളയും..


പുതിയ രീതിയിൽ എന്തൊക്കെയോ ചികത്സകളുണ്ടെന്ന്
ആയിടയ്ക്കൊക്കെ പറഞ്ഞു കേട്ടിരുന്നു 
പ്രായമൊന്നും ഒരു പ്രശ്നമല്ലെന്നും..
ഒരുപാടു പണച്ചിലവുളള 
പരീക്ഷണത്തിനു മുതിരാനുളള ധൈര്യക്കുറവുമുണ്ടായി
രുന്നു.  

ഈ ജന്മം ഇങ്ങനെയാവണമെന്നാവും...സമാധാനിക്കാൻ
ശ്രമിക്കും...


വീടും കടയും ഒരുമിച്ചായതുകൊണ്ട്
വീട്ടിനകത്തിരുന്നാലും
കടയിലേക്കു വരുന്നവരെയും പോകുന്നവരേയും കാണാം..
ഉച്ചഭക്ഷണ സമയമായിട്ടും ചേട്ടൻ വരുന്നില്ലല്ലോ..
ഏതോ ഒരു സ്ത്രീ 
രാവിലെ കയറിവന്ന് സ്വന്തം ഭാര്യയെ
അമ്മയാണെന്നു തെറ്റിദ്ധരിച്ചതിലുളള വല്ലായ്മ ഇനിയും മാറിയില്ലാന്നുണ്ടോ..!


ഉള്ളിൽ ഇളകിമറിയുന്ന സംശയങ്ങളോടെ കടയിലേക്ക് എത്തിവലിഞ്ഞു നോക്കി.
മൂന്നാലു പേർ അവിടെയുണ്ട്. ഹോൾസെയിൽ കാരൻ വന്ന വണ്ടിയിൽ നിന്ന് സാധനങ്ങളിറക്കി കടയിലേക്ക് വയ്ക്കുന്നു.
അവൾ വറുത്തുവെച്ച മീൻ ഒന്നുകൂടി ചൂടാക്കാനൊരുങ്ങി..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക