Image

വേനൽവിശേഷങ്ങൾ    (സുധീർ പണിക്കവീട്ടിൽ)

Published on 01 July, 2022
വേനൽവിശേഷങ്ങൾ    (സുധീർ പണിക്കവീട്ടിൽ)

വേനൽമാസത്തിലെ ആദ്യത്തെ വിയർപ്പു പൊടിഞ്ഞു. ഒരു കുസൃതിക്കാറ്റ് അത് ഒപ്പിയെടുത്ത് ഓടിമറഞ്ഞു. വേനൽ കാലമേ, സ്വാഗതം!!. മഞ്ഞു പൊഴിഞ്ഞല്ലോ, മാമ്പൂ പൊഴിഞ്ഞല്ലോ പിന്നെയും പൊൻവെയിൽ വന്നല്ലോ, നമുക്ക് കവിയോടൊപ്പം പാടാം. വസന്തം വിട പറഞ്ഞിട്ടും പൂങ്കുയിലുകൾ പാട്ടു നിർത്തുന്നില്ല. അവർ പ്രണയാർദ്രരാണ്. അസ്തമന്കിരണങ്ങൾ അഴക് പകരുന്ന സായന്തനവേളകളിൽ അവരുടെ പ്രണയഗാനങ്ങൾ ആപാത മധുരമാകുന്നു. ഈ പ്രേമഗായകർക്കൊപ്പെം മറ്റു കിളികളും അവരുടെ സ്വരരാഗസുധ പകരുന്നുണ്ട്. വീടിന്റെ പുറകിലെ വിശാലമല്ലാത്ത പറമ്പിനോട് ചേർന്ന പാറ്റിയോയിൽ  ഗാർഡൻ ചെയറിൽ ഇരിക്കുമ്പോൾ ചാറ്റുപാടും അനുഭൂതിദായകമായി തോന്നുന്നു. 

കൂട്ടുകാരി നട്ടുവളർത്തുന്ന പച്ചക്കറികൾക്കൊപ്പം ഒരു വാഴയുമുണ്ട്. രണ്ടു ഇലകളുള്ള വാഴയെ കിളികൾ ശല്യം ചെയ്യുന്നില്ലെങ്കിലും ഒരു കുഞ്ഞിക്കിളി  വാഴ ആദ്യം കാണുന്നത്കൊണ്ടായിരിക്കും അതിനു ചാറ്റും പറന്നു അവസാനം ഇലത്തുമ്പത്ത് ഒന്നിരിക്കാൻ നോക്കി ഊഞ്ഞാൽ ആടിയപോലെ ഒന്ന് താഴ്ന്നു പിന്നെ പറന്നുപോയി. പക്ഷെ അതിന്റെ കൗതുകം മാറുന്നില്ല അത് വീണ്ടും പറന്നുവന്നു അവസാനം വാഴക്കയിലിരുന്നു ചുറ്റും നോക്കി. ആരെയെങ്കിലും വിരുന്നുവിളിക്കണോ എന്ന് ചോദിക്കുമ്പോലെ  എന്നെ നോക്കി. ഇപ്പോൾ വിരുന്നുകാർ വേണ്ട ഏകാന്തതയെ പ്രണയിക്കുകയാണ് സുഖമെന്ന് കിളിയോട് പറഞ്ഞപ്പോൾ അത് മസ്സിലാക്കിയപോലെ കിളി ശബ്ദമുണ്ടാക്കി പറന്നുപോയി. പ്രകൃതിയുമായി നമ്മൾ ഇണങ്ങുമ്പോൾ അതിലെ ജീവജാലങ്ങളും നമുക്ക് ചുറ്റും ചുറ്റിപറ്റുന്നു. 

കിളി പറന്നുപോയപ്പോൾ ഒരു വണ്ട് വട്ടമിടാൻ തുടങ്ങി. അവൻ എന്റെ റൈറ്റിങ് പാഡിൽ കൂടി നടന്നു. നിറമുള്ള പേനയെ ഒന്ന് തൊട്ടു. വീണ്ടും എന്റെ തലക്ക് ചുറ്റും പറന്നു എന്തോ മൂളാൻ തുടങ്ങി. സൂര്യന് ചൂട് കൂടിയിരുന്നു. "വിശറി വേണോ" എന്നാണു ഞാൻ കേട്ടത്. വേണ്ട എന്ന് പറഞ്ഞപ്പോൾ മൂപ്പർക്ക് ദ്വേഷ്യം വന്നു. ഒരു ഹുങ്കാരം പുറപ്പെടുവിച്ചു. പിന്നെ വീണ്ടും ശാന്തനായി മൂളൽ ആരംഭിച്ചു. ശ്രദ്ധിച്ചപ്പോൾ മൂപ്പർ ചങ്ങമ്പുഴയുടെ കവിത പാടുകയാണ്. "ഇന്നലെ രാത്രി ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി".കാമുകന്മാർ അവരുടെ പ്രേമകഥകൾ പറയുമ്പോൾ നമ്മൾ കേൾക്കാൻ താൽപ്പര്യം കാണിച്ചില്ലെങ്കിൽ അവർക്ക് ദ്വേഷ്യം വരും. അതുകൊണ്ടു വണ്ടിനോട് പറഞ്ഞു. നീ ഭാഗ്യവാൻ വണ്ടേ, നീ പൂവിന്റെ മന്ദസ്മിതത്തിൽ ഉറങ്ങി പുലർകാലത്ത് പൂ നൽകിയ തേനും കുടിച്ച് മദോന്മത്തനായി മൂളി നടക്കയാണ്. നിർഭാഗ്യവശാൽ നിന്നെപോലൊരുത്തൻ പുവിനുള്ളിൽ രാവ് മുഴുവൻ പ്രഭാതം സ്വപ്നം കണ്ടുറങ്ങി ഒരു ഗജവീരൻ  അവനെ കൊന്നുകളഞ്ഞു.

മാനത്തേക്ക് നോക്കുമ്പോൾ ചിരിയുമായി ഭാസ്കരൻ മാഷ് മന്ത്രിക്കുന്നു. "അപാര സുന്ദര നീലാകാശം അനന്തതെ നിൻ മഹാസമുദ്രം"... അനാദികാലം മുതലേ ഈ അജ്ഞാതകാമുകനകലെ, ഏകാന്തതയുടെ മൗനഗാനമായ് ഏതോ കാമുകിയെ കാത്തിരിപ്പു.". കാത്തിരുന്ന കാമുകിയെപ്പോലെ പ്രകൃതി പൊന്നണിഞ്ഞു നിൽക്കുന്നു. ഭാരതീയ വധുവിനെപോലെ അവൾ സോല ശൃങ്കാർ (പതിനാറു അലങ്കാരങ്ങൾ/ ചമയങ്ങൾ) അണിഞ്ഞു അതീവസുന്ദരിയാകുന്നു. ഒരു മനുഷ്യസ്ത്രീയെപ്പോലെ വേനൽകന്യക പൊട്ടുതൊടുന്നു. മൂക്കുത്തിയണിയുന്നു. മുത്തുമാലകൾ ചാർത്തുന്നു. തലയിൽ പൂചൂടുന്നു, കാതിൽ ലോലാക്കണിയുന്നു, മോതിരവും, വളകളും, അരപ്പട്ടകളും, ചിലങ്കകളും, സുഗന്ധ തൈലങ്ങളും പൂശുന്നു. കണ്ണുകളിൽ മഴിയെഴുതുന്നു.  വസന്തകാലം മുതൽ വേനൽവരെയുള്ള കാലഘട്ടം പ്രകൃതിക്ക് താരുണ്യമാണ്‌. പ്രേമപൂജാ നേർച്ചയുമായി പ്രതിദിനമവൾ നിങ്ങൾക്കായി ഉണരുന്നു. അവളെ കുറിച്ച് മാത്രം ഓർക്കുക, അവളെ കുറിച്ച് മാത്രം എഴുതുക. ഖുർആൻ ഇങ്ങനെ പറയുന്നു. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (അൽ ഖുർആൻ 31 :27 ). അല്ലാഹുവിന്റെ സൃഷ്ടിയായ പ്രകൃതിയെപ്പറ്റി എഴുതിയാലും തീരുകയില്ല.

മാനത്ത് ഒരു തട്ടാനിരുന്നു പവനുരുക്കുന്നു എന്ന് ഭാരതീയ സങ്കല്പം. മഞ്ഞവെയിലിനു പത്തരമാറ്റ് പവന്റെ ശോഭ.ഒരു പകൽ എത്ര സുന്ദരമാണെന്നു നമ്മൾ അത് ശ്രദ്ധിക്കുമ്പോഴാണ് മനസ്സിലാക്കുക. പ്രകൃതിയെ നെഞ്ചിലേറ്റി ലാളിക്കണം. പ്രകൃതി സുന്ദരിയാണ്. കഴിഞ്ഞ രാത്രിയിൽ അവൾ നിര്ലജ്ജയായി രതിലീലകളിൽ ഏർപ്പെട്ടതുകൊണ്ട് രാവിലെ നീഹാരമെന്ന  ഗുംഗാട്ട് (veil)അണിഞ്ഞു അവൾ മറഞ്ഞുനിൽക്കുന്നു. സൂര്യൻ അവളുടെ മൂടുപടം മാറ്റി നവവധുവാക്കി നമ്മുടെ മുന്നിൽ നിർത്തുന്നു.  അവൾക്കണിയാൻ തട്ടാനിരുന്നു പണിയുന്നു മനോഹരമായ ആഭരണങ്ങൾ. നമ്മളിൽ കുറേപേർ അത് കാണുന്നു.

ഏതോ അപ്സരസ്സ് കഴുകിയിട്ട അവളുടെ വസ്ത്രം പോലെ ശുഭ്രമേഘങ്ങൾ നീലാകാശത്ത് പാറികളിച്ചുകൊണ്ടിരുന്നു. പരിസരം സുരഭില സുന്ദരം. പ്രകൃതി പുഷ്പാതാലമേന്തി മന്ദഹസിക്കുന്നു.  ഒത്തിരി പ്രണയഗാനങ്ങളുമായി വണ്ടുകൾ മൂളിപ്പറക്കുന്നുണ്ട്.  തേൻതുള്ളികളുമായി വിരിഞ്ഞുനിൽക്കുന്ന പൂക്കളെ കണ്ടു ആവേശഭരിതരായി തേനീച്ചകൾ ആർക്കുന്നു. വാക്കുകളെ തേനീച്ചകളുമായി കവികൾ ഉപമിക്കാറുണ്ട്. ചില വാക്കുകൾ മധു പകരുന്നു. ചിലത് കുത്തി നോവിക്കുന്നു. അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസൺ  അവരുടെ ഒരു കവിതയിൽ പ്രശസ്തിയെ   തേനീച്ചയോട് ഉപമിക്കുന്നു. തേനീച്ചയ്ക്ക്, കുത്താനുള്ള കൊമ്പുണ്ട്, പാട്ടുണ്ട്, ചിറകുണ്ട്.  പ്രശസ്തി അധികാരം നൽകുന്നതും അതേപോലെ മോഹിപ്പിക്കുന്നതുമാണ്. അത് ക്ഷണികവുമാണ്. ഒരു തേനീച്ചയെകണ്ടപ്പോൾ കവിമനസ്സിൽ എന്തെല്ലാം ചിന്തകൾ ഉയരുന്നു.  നമ്മൾ ചുറ്റുപാടും കണ്ണോടിക്കുമ്പോൾ കാണുന്നതെല്ലാം നമ്മെ എന്തെല്ലാം പാഠങ്ങൾ പഠിപ്പിക്കുന്നു.

മഞ്ഞനീരാളം ചുറ്റിനിൽക്കുന്ന സുന്ദരിയായ യുവതിയെപോലെ വേനൽ ദിനങ്ങൾ അഭൗമകാന്തിയിൽ മുങ്ങി നിൽക്കുന്നു. പച്ചക്കറികളും പൂച്ചെടികളും വശ്യമായ സുഗന്ധം വീശി ചുറ്റിലും പരത്തുന്നു. ഒരു അണ്ണാറക്കണ്ണൻ എന്തോ ചോദിക്കാനെന്ന ഭാവത്തിൽ മുന്നിൽ വന്നു നിൽക്കുന്നുണ്ട്. കിളികളും അണ്ണാനും വണ്ടുകളും പൂമ്പാറ്റകളും ഇപ്പോൾ സൗഹൃദത്തിലാണ്.  ഭാഷ തടസ്സമാകുന്നില്ല.  അവരുടെ ശബ്ദം എനിക്ക് മനസ്സിലാകുന്നു. പാടി തളര്ന്ന ഒരു പൂങ്കുയിൽ വന്നു അടുത്തിരുന്നു. ഈ പ്രദേശം ഇപ്പോൾ വടക്കേ ഇന്ത്യാക്കാരാൽ നിറഞ്ഞിരുക്കുന്നത്കൊണ്ട് കുയിൽ ഹിന്ദിയിലാണ് സംസാരിക്കുന്നത്. പ്രണയം മധുരമെങ്കിലും അതനുഭവിക്കുന്നതിനുമുമ്പുള്ള ബദ്ധപ്പാടുകൾ അത് വർണ്ണിച്ചു." പിന്നെ കണ്ടുമുട്ടിയ കൂട്ടുകാരിയെ വർണ്ണിച്ചു. Jaise subahon ka roop,Jaise sardi ki dhoop,Jaise veena ki taan,Jaise rangon ki jaan, Jaise balkhaaye bel, Jaise lehron ka khel, Jaise khushboo liye aaye thandi hava,  ഇങ്ങനെ പരിഭാഷ ചെയ്യാം. “അവൾ പുലർകാല ശോഭ പോലെ, ശിശിരമാസത്തിലെ സൂര്യന്റെ താപം പോലെ, വീണാനാദം പോലെ, ജീവിതത്തിന്റെ സപ്തവർണ്ണങ്ങൾ പോലെ, ചുറ്റിപ്പടരുന്ന മുന്തിരിവള്ളിപോലെ, കളിയാടുന്ന കല്ലോലങ്ങൾ പോലെ, മാലേയ മാരുതനെപോലെ. കുയിൽ സ്നേഹത്തോടെ അടുത്ത് വന്നു ഇടം വലം നോക്കി ചോദിച്ചു. "പ്രണയിച്ചിട്ടുണ്ടോ". ഇത് എന്തൊരു ചോദ്യം കുയിലേ "പ്രണയിക്കാത്തവർ ഈ ഭൂമിയിലുണ്ടോ".

പ്രകൃതിയുമായി പ്രണയത്തിലാകുന്നതും സുഖകരമാണ്. ഇയ്യിടെ ബൈബിളിലെ ജോബ് എന്ന അദ്ധ്യായം വായിക്കുമ്പോൾ അതിൽ ഇങ്ങനെ കണ്ടു.  മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും; അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും. യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?  സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു. (12 :7-10).വാസ്തവത്തിൽ പക്ഷികൾക്കും, മൃഗങ്ങൾക്കും, മറ്റു ജീവികൾക്കും നമ്മളുമായി ആശയവിനിമയം ചെയ്യാൻ താൽപ്പര്യമുണ്ട്.  അവരുമായി ഇടപഴകുമ്പോൾ അവർക്കും നമുക്കും ഇടയിലുള്ള ഭാഷാപ്രശ്‍നം തീരുന്നു.

പുല്ലു വെട്ടൽ എന്ന വേനൽക്കാല പതിവ് കഴിഞ്ഞു സുന്ദരമായിരിക്കുന്ന പുൽത്തകിടി രാവിലെ നനച്ച വെള്ളത്തിൽ കുതിർന്നു സൂര്യപ്രകാശത്തിൽ മരതകകാന്തി ഓളം വെട്ടിക്കുന്നു. കൊച്ചു കൊച്ചു പക്ഷികൾ പുല്ലിൽ എന്തോ തീറ്റ തേടി നടക്കയാണ്. അരികിൽ ഒരാൾ ഇരിക്കുന്നുവെന്ന ചിന്ത പക്ഷികൾക്കില്ല. ഒരു പക്ഷെ അരികത്തിരിക്കുന്നയാൾ കയ്യിൽ പേനയും കടലാസുമായി ധ്യാനിച്ചിരിക്കുന്നതുകൊണ്ടാകാം. അല്ലെങ്കിൽ അയാളുടെ രാശിചക്രങ്ങളുടെ പ്രഭാവമായിരിക്കാം. കാപ്രികോൺ രാശിക്കാർ പൊതുവെ ശാന്തരും സൗമ്യരുമായിരിക്കുമത്രേ. അവർ തെരുവുമൂലയിൽ നിന്നാൽ കപോതങ്ങൾ അവരുടെ ചുമലിൽ കൂടു കെട്ടാൻ ആരംഭിക്കുമെന്ന്.   ശരിയായിരിക്കാം ഇവിടെ ഇതാ പക്ഷികൾ സങ്കോചമില്ലാതെ അടുത്ത് വരുന്നു.  പക്ഷികളെ. ഇത് മനോഹരമായ ദിവസം. നിങ്ങളും ആസ്വദിക്കുക. സുന്ദരനായ ദിവാകരൻ തന്റെ രഥം മുന്നോട്ട് നീക്കുന്നുണ്ട്. വെയിലിനു ചൂട് കൂടുന്നു.  താഴെ സൂര്യകാന്തി പൂക്കൾ ഇല്ലെന്നു ദുഃഖം കൊണ്ടോ എന്തോ അദ്ദേഹത്തിന്റെ മുഖം മങ്ങി.  പിന്നെ ഇലകൾക്കിടയിലൂടെ സ്വർണ്ണനാണയങ്ങൾ പുൽത്തകിടിയിലേക്ക് എറിഞ്ഞുകൊടുത്ത് സുസ്മേരവദനനായി. കൺമുന്നിൽ കാണുന്നതെല്ലാം സുന്ദരമെന്നു തോന്നുന്നത് ജി പറഞ്ഞപോലെ "പ്രേമത്തിൻ  ചില്ലിൽ കൂടി നോക്കുമ്പോളേതും തോന്നും കാമനീയകത്തിന്റെ കളിവീടായിത്തന്നെ" എന്നതുകൊണ്ടാണോ എന്നറിയില്ല (തുടരാം)
ശുഭം

read more: https://emalayalee.com/writer/11

 

Join WhatsApp News
Jaydev Nambiar 2022-07-03 02:07:04
വായിക്കുമ്പോൾ ഒരു പരവതാനിയിലൂടെ നടക്കുന്നത്ര രസം. സുന്ദരമായ എഴുത്ത്. അഭിനന്ദനം.
Easow Mathew 2022-07-04 03:55:21
Congratulations to Sudhir Panickaveetil for a beautiful article on Summer. It is really poetic!
Raju Mylapra 2022-07-04 12:05:29
"സ്വർഗം താണിറങ്ങി വന്നതോ സ്വപ്നം പീലിനീർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതത്രയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ....."
G. Puthenkurish 2022-07-04 00:18:27
Missing Summer © Destinee The grass so green, the sun so bright. Life seems a dream, no worries in sight. The grass soon fades, leaves begin to fall. School replaces sleepovers. Oh, I'll miss it all. ഡെസ്റ്റിനീയുടെ 'മിസ്സിംഗ് സമ്മർ' എന്ന കവിതയിലെ രണ്ടു ശ്ലോകം സുധീറിന്റെ വേനൽ വിശേഷങ്ങൾ എന്ന ഗദ്ധ്യ കവിതയോട് (ഞാൻ അങ്ങനെ വിളിക്കുന്നു ) ചേർത്ത് വായിക്കാവുന്നതാണ്. വേനൽ കാലം എന്നും എന്നെ ചിന്താധീനനും അതോടൊപ്പം അത്ഭുതപ്പെടുത്താറുമുണ്ട്.. കൊടിയ ചൂടിൽ വിരിഞ്ഞു തലയാട്ടി നിൽക്കുന്ന കടലാസ്സ് മലർകുലകൾ, അതുപോലെ എത്രഎത്ര പൂക്കിലകൾ, അതിനെ ചുറ്റിപറക്കുന്ന വണ്ടുകൾ, പക്ഷികൾ എല്ലാം എല്ലാം തന്നെ നമ്മെ അത്ഭുതപ്പെടുത്താൻപോരുന്നവയാണ്. അടുത്ത ഇടയ്ക്കാണ് വീടിന്റ പുറകിൽ പാവയ്ക്കപ്പന്തലിന്റെ താഴെ ഒരു വലിയ തേനീച്ചകൂട്ടത്തെ കണ്ടത് . അതെ സുധീർപറയുന്നതുപോലെ പ്രകൃതി സന്തോഷ് തിമിർപ്പിലാണ്.കാരണം "പൊൻവെയിൽ വന്നല്ലോ" എന്ന ആഹ്‌ളാദത്തിലാണ്. ഈ സമയത്താണ് 'കദളിവാഴ കയ്യിലിരുന്നു കാക്ക വിരുന്നുകാരെ വിളിക്കുന്നതും' എല്ലാ ജീവജാലങ്ങൾക്കും സന്തോഷം പകരുന്ന ഈ വേനലകാലത്തെ, ചൂടിന്റെ ആധിക്യത്തിലും, അത് നൽകുന്ന നന്മകളെക്കുറിച്ചും' കാവ്യഭംഗിയോടെ ഈ ലേഖനം അവതരിപ്പിച്ച ശ്രീ സുധീറിന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനം. അതെ 'ഹരിതാഭയാർന്ന പുൽത്തകിടികൾ, ജ്വലിച്ചു നിൽക്കുന്ന സൂര്യൻ, ജീവതം സ്വപ്നതുല്യം, 'എന്റെ ദുഃഖങ്ങൾക്കിന്നു ഞാൻ അവധികൊടുത്തു' അതോടൊപ്പം മറ്റൊന്ന് എന്നെ വേദനിപ്പിക്കുന്നു ഈ പുൽത്തകിടിയുടെ ഹരിതാഭനിറം ഉണ്ടനെ മാഞ്ഞപോകും, ഇലകൾ കോഴിയും, ഇതെല്ലാം പെട്ടെന്ന് തന്നെ എനിക്ക് നഷ്ടമാകുമെന്ന' ചിന്ത.
Ninan Mathullah 2022-07-04 01:55:55
Appreciate the imagination (kaalpanikatha) of the writer in describing nature.
ജോണ്‍ വേറ്റം 2022-07-04 15:29:10
വേനല്‍ക്കാലത്തിന്‍റെ വര്‍ണ്ണഭാവങ്ങളെ വര്‍ണ്ണിക്കുന്ന ലേഖനം ആസ്വാദ്യവും മനോഹരവുമാകുന്നു. സുധീറിന് അഭിനന്ദനങ്ങള്‍!
Sudhir Panikkaveetil 2022-07-05 11:57:48
അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക