Image

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-12 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 01 July, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-12   (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

77
സിന്ധു സൂര്യകുമാര്‍

സിന്ധു സൂര്യകുമാറിന്റെ 'കവര്‍ സ്റ്റോറി'യില്ലാത്ത ന്യൂസ് ചാനല്‍ അല്‍പ്പസ്വല്‍പ്പം ബോറടിച്ചുതുടങ്ങിയപ്പോള്‍, പണ്ടെന്നോ കണ്ടുമറന്ന 'മഞ്ഞുരുകും കാല'ത്തിലേക്കു വീണ്ടും കൂപ്പുകുത്തി! കുഞ്ഞുജാനി വളര്‍ന്നതിനുശേഷം വിട്ടുകളഞ്ഞ ആ സീരിയല്‍ വീണ്ടും കണ്ടുതുടങ്ങി. എനിക്കിഷ്ടപ്പെട്ട രണ്ട് ആര്‍ട്ടിസ്റ്റുകളെക്കൂടി അതില്‍ കണ്ടപ്പോള്‍, വിട്ടുപോയ ഭാഗങ്ങളൊക്കെ തെരഞ്ഞുപിടിച്ചു കാണാന്‍ തുടങ്ങി.
ജാനിക്കുട്ടി ഇലക്ഷനു ജയിച്ച സമാധാനത്തിലിരിക്കുമ്പോഴാണ് സൂര്യമോളെ കാണാതായത്. ഇനി എന്താകുമോ എന്തോ!
എന്തായാലും കവര്‍ സ്റ്റോറിയുമായി സിന്ധു സൂര്യകുമാര്‍ തിരിച്ചെത്തിയത് വലിയ ആശ്വാസമായി. മുകളിലിരിക്കുന്നവര്‍ പറയുന്നതും ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ കാര്യങ്ങള്‍ വളരെ വ്യക്തമായും കൃത്യമായും പറയാനുള്ള അറിവും ധൈര്യവുമുള്ള സിന്ധു ഒരു മിടുമിടുക്കിതന്നെ! പണ്ടുപണ്ട്, ദൃശ്യമാധ്യമങ്ങളില്ലാതിരുന്ന കാലത്ത്, വ്യക്തമായ ധാരണയോടെ പുതുതലമുറയോട് അക്ഷരങ്ങളിലൂടെ സംവദിച്ച മിസ്സിസ് റെയ്ച്ചല്‍ തോമസിനോടു തോന്നിയ അതേ വികാരമാണ്, രാഷ്ട്രീയക്കാരുടെ മനസ്സിലിരുപ്പു മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുന്ന സിന്ധു സൂര്യകുമാറിനോടും തോന്നുന്നത്.

78
'ബാഹുബലി'യിലെ അമ്മയും മകനും

അമ്മ എന്ന വാക്കിനെ പൂര്‍ണമായി വ്യാഖ്യാനിക്കാനാവാതെ മനസ്സ് വല്ലാതെ കലങ്ങുന്നതായാണ് 'ബാഹുബലി' എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ എനിക്കു തോന്നിയത്.
കുഞ്ഞുങ്ങള്‍ വളരുന്നതിനൊപ്പം സ്‌നേഹത്തിനുമപ്പുറമായ ഒരു പ്രത്യേകവികാരം വളര്‍ന്നുവളര്‍ന്നു പന്തലിച്ച്, അളക്കാനാവാത്ത ഒരു മധുരനൊമ്പരമായി 'അമ്മ' എന്ന വാക്കിനൊപ്പം അവരുടെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. അതവരുടെ ഞരമ്പുകളിലൂടെ രക്തത്തോടൊപ്പമൊഴുകുന്ന വികാരമാണ്. അതിന്റെ തീവ്രത മനസ്സിലാക്കാതെ, കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതി എന്നു തെറ്റിദ്ധരിച്ച്, ഞാനടക്കം പല അമ്മമാരും ഉള്ളിലൊഴുകുന്ന കരുണയും വാത്സല്യവുമൊക്കെ അടക്കിവച്ച് രൗദ്രഭാവത്തോടെ പലപ്പോഴും അവരോടു പെരുമാറാറുണ്ട്. ഇന്നു ദുഃഖിച്ചാലും നാളെ എന്റെ കുഞ്ഞുങ്ങള്‍ ദുഃഖിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടുതന്നെയാണ് ഇല്ലാത്ത ദേഷ്യം അഭിനയിക്കുന്നത്. എന്നാല്‍, പ്രകൃതി കനിഞ്ഞുനല്‍കിയ സ്‌നേഹവാത്സല്യങ്ങള്‍ മൂടിവച്ചുള്ള വികലമായ ശാസനകള്‍ പ്രകൃതിക്കിണങ്ങുന്നവയാണോ എന്ന് ഒരിക്കല്‍ക്കൂടി ചിന്തിപ്പിക്കുന്നതായിരുന്നു, 'ബാഹുബലി' എന്ന ബ്രഹ്മാണ്ഡസിനിമയിലെ കഥാപാത്രങ്ങള്‍. പെറ്റമ്മയായാലും പോറ്റമ്മയായാലും, വളര്‍ത്തിയ അമ്മയോടുള്ള മകന്റെ കരുതലും സ്‌നേഹവുമാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. എന്റെ കുഞ്ഞുങ്ങളുടെ മനസ്സ് ഞാനതിലൂടെ കാണുകയായിരുന്നു.

79
ചായപ്പാര്‍ട്ടിയിലെ ചര്‍ച്ചകള്‍

ചൂടേറിയ വിഷയമായിരുന്നു ഇന്നു 'ചായ'യില്‍. ആര്‍ക്കും എന്തഭിപ്രായവും തുറന്നുപറയാവുന്ന വേദിയാണ് ചായപ്പാര്‍ട്ടി. ഇവിടുത്തെ കള്‍ച്ചറുമായി ഒത്തുപോകാന്‍ സാധിക്കാത്തവരുടെ വികാരപ്രകടനമായിരുന്നു കൂടുതല്‍. ഘോരഘോരമായ അഭിപ്രായപ്രകടനങ്ങള്‍ നടക്കുന്നതിനിടയില്‍ ആരോ പറയുന്നതു കേട്ടു, ഇവിടുത്തെ ജീവിതരീതി സഹിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ താമസിക്കരുതെന്ന്!
ഞാന്‍ വളരുന്നതിനിടെ പഠിച്ച കാര്യങ്ങള്‍ മാത്രമാണു ശരിയെന്നു വിചാരിച്ചാല്‍ അതിനെതിരായി കാണുന്ന കാര്യങ്ങളൊന്നും എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ദഹിച്ചെന്നു വരില്ല.
ഹൈസ്‌ക്കൂളിലെ നീന്തല്‍ക്കുളത്തില്‍ നീന്തല്‍വേഷത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും; ബാള്‍റൂം ഡാന്‍സ് പ്രാക്ടീസ് - എല്ലാം സ്‌ക്കൂളിലെ ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമായുള്ളത്.
കുഞ്ഞുങ്ങളെ പരിപാലിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍; ഭര്‍ത്താക്കന്‍മാരെക്കാള്‍ വരുമാനക്കൂടുതലുള്ള ഭാര്യമാര്‍- ആദ്യകാലങ്ങളില്‍ അമ്പരപ്പുണ്ടാക്കിയ ഇത്തരം കാഴ്ചകള്‍ക്കു വിശദീകരണം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അന്യദേശവാസം തൂവല്‍പോലെ മൃദുലവും മനോഹരവുമായിരിക്കും. അല്ലെങ്കില്‍ എന്തിനേയും ഏതിനേയും എതിര്‍ത്തും വെറുത്തും ഭയന്നുമൊക്കെ അന്യനാട്ടില്‍ ആശയറ്റവരെപ്പോലെ കഴിയുകയോ തിരികെപ്പോവുകയോ ചെയ്യും.
ഈയടുത്ത കാലത്തു നാട്ടില്‍ നടക്കുന്ന സ്ത്രീവിമോചനസമരങ്ങള്‍ ഇവിടെ അമ്പതും നൂറും വര്‍ഷങ്ങള്‍ക്കുമുമ്പു നടന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ആണും പെണ്ണും എന്ന വേര്‍തിരിവ് തുലോം കുറവാണ്. ഇവിടെ പെണ്ണിന്റെ ശരീരഘടന വലിയൊരു വിഷയമല്ല. അതു വിഷയമാകുന്നത് കൂടുതലും അന്യനാട്ടില്‍നിന്നു വരുന്നവര്‍ക്കാണ്.


അതുപോലെതന്നെ, ഒരു പെണ്‍കുട്ടിയുടെയോ ആണ്‍കുട്ടിയുടെയോ സ്വത്വവും സൗന്ദര്യവും അവരുടെ കോണ്‍ഫിഡന്‍സും മിടുക്കുമാണ്; അല്ലാതെ ഒരു ഗുണവുമില്ലാത്ത, തൊലിപ്പുറത്തെ നിറവും ശരീരത്തിന്റെ ഘടനയുമല്ല എന്ന സത്യം തിരിച്ചറിഞ്ഞത് ഇവിടെ വന്നതിനുശേഷമാണ്.

80
തലക്കെട്ടുകള്‍

അമേരിക്ക തകര്‍ന്നു; ഇന്ത്യ ഞെട്ടി; നാസ ഞെട്ടിച്ചു; സീമയും ഐ വി ശശിയും പിരിയുന്നു; പ്രമുഖനടന്‍ ഉടന്‍ അറസ്റ്റില്‍; മോഹന്‍ലാല്‍ മാപ്പു ചോദിച്ചു- ഇങ്ങനെയിങ്ങനെ എന്തെല്ലാം തലക്കെട്ടുകള്‍! തലക്കെട്ടുകള്‍ മെനയുന്നതിനു മാത്രം പ്രത്യേകപരിശീലനമുണ്ടെന്നു തോന്നുന്നു. കാരണം അവയ്ക്കടിയില്‍ കാര്യമായൊന്നും വേണ്ടതന്നെ! കൊമ്പുള്ള തലക്കെട്ടുകള്‍ക്കടിയില്‍ കാമ്പില്ലാത്ത വാര്‍ത്തകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ് ഓണ്‍ലൈന്‍ വാര്‍ത്താലോകം. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാലല്ലേ ഉള്ള വിശ്വാസം പോകാതിരിക്കൂ!

81
പ്രതികരണങ്ങള്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഏറ്റവും വലിയ ഗുണം, ആര്‍ക്കും എന്തിനോടും പ്രതികരിച്ചു സായൂജ്യമടയാമെന്നുള്ളതാണെന്ന് എല്ലാവരേയുംപോലെ എനിക്കുമറിയാം. പ്രമുഖരല്ലാത്തവരുടെ പ്രതികരണങ്ങള്‍ക്കു വലിയ വിലയൊന്നുമില്ലെങ്കിലും പ്രതികരണശേഷിയുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പ്രമുഖരുടെ പ്രതികരണങ്ങളോട് ജനങ്ങള്‍ കൂട്ടമായി പ്രതികരിക്കുമ്പോള്‍ അവ കൊള്ളേണ്ടിടത്തുതന്നെ കൊള്ളുന്നു!
ചില പ്രത്യേകവിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാവും ബുദ്ധി എന്നു പ്രമുഖന്‍ വിചാരിച്ചാല്‍, 'എന്തേ പ്രമുഖാ പ്രതികരിക്കാത്തത്' എന്നു ചാനലുകാര്‍ ഉറക്കെ ചോദിച്ചുതുടങ്ങും. അങ്ങനെ പ്രതികരിച്ചുപ്രതികരിച്ച് പ്രമുഖര്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൂടുകതന്നെ ചെയ്യുമെന്നാണ എന്റെ താഴ്മയോടെയുള്ള വിശ്വാസം.
ഇനി, പ്രമുഖരെല്ലാവരുംകൂടി ഒന്നിനോടും പ്രതികരിക്കേണ്ടെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കുമോ എന്നറിയില്ല. നാട്ടുകാര്‍ക്കുവേണ്ടി വെറുതെ മനഃസുഖം കളയേണ്ടല്ലോ!

82
തമസോ മാ ജ്യോതിര്‍ഗമയ

ഇന്നലത്തെ തീപിടിത്തം അത്ര ചെറുതൊന്നുമായിരുന്നില്ല. ഏക്കറുകളോളം കത്തിച്ചമര്‍ത്തിയ തീജ്ജ്വാലകള്‍ മണിക്കൂറുകളോളം തിമര്‍ത്താടി. തീയണഞ്ഞുവെന്ന് ഉറപ്പു കിട്ടുന്നതുവരെ ഉറക്കമിളച്ചിരുന്ന സമീപവാസികളില്‍ ഞാനുമുണ്ടായിരുന്നു. വരണ്ടുണങ്ങിക്കിടക്കുന്ന പുല്ലില്‍ കമ്പിത്തിരിയുടെ പൊരി വീണാലും അതു വലിയ തീഗോളമാകുമെന്ന് അറിയാത്തവര്‍ക്കു പറ്റിയ അബദ്ധം!
ഓരോരുത്തരുടെ അഭിപ്രായപ്രകടനങ്ങള്‍ തീഗോളംപോലെ അവരവരെത്തന്നെ വിഴുങ്ങുന്നത് നാം വാര്‍ത്തകളില്‍ക്കൂടി കണ്ടുകൊണ്ടിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ പറയുന്ന വാക്കുകള്‍ അവരവരുടെ ഉള്ളുകള്ളികള്‍ വെളിച്ചത്തു കൊണ്ടുവരികയാണെന്നു സ്വയം തിരിച്ചറിവുണ്ടായിവരുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും. പേരുള്ള പലര്‍ക്കും പറ്റിയതൊന്നും അബദ്ധമായിരുന്നെന്നു പലരും കരുതുന്നില്ല. 'കള്ളം പറന്നുവരും; നേരു നിരങ്ങിയേ വരൂ' എന്നു മുന്‍ഷി! നിരങ്ങിനിരങ്ങി, നേര് നേരല്ലാതാകാതിരുന്നാല്‍ മതിയായിരുന്നു.
ഒരു പ്രമുഖനെ അറസ്റ്റ് ചെയ്തു എന്നതിലുപരി, ഒരു പെണ്‍കുട്ടിക്ക് ആദ്യമായി നീതി ലഭിക്കുന്നതിന്റെ ആശ്വാസം വളരെവളരെ വലുതാണ്. ഇനി ഒരിരയുണ്ടാകാതിരിക്കട്ടെ. ഉണ്ടായാലും തലയുയര്‍ത്തിപ്പിടിച്ചു നേരിടുന്നതിനുള്ള തന്റേടം പകര്‍ന്നുകൊടുത്ത പ്രിയപ്പെട്ട നടിയുടെയും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആ കുട്ടിയെ പിന്തുണച്ച സകലരുടെയും പേരുകള്‍ മലയാളിമനസ്സുകളില്‍ സ്വര്‍ണവര്‍ണത്തില്‍ കുറിച്ചിടപ്പെടട്ടെ!

read more: https://emalayalee.com/writer/225

Join WhatsApp News
P Murali. 2022-07-02 01:23:05
Valare mikacha nilavaram pularthunna ormmakal nannaayirikkunnu .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക