MediaAppUSA

അഗസ്റ്റിന്, സ്നേഹപൂർവം : ഡോ. കുഞ്ഞമ്മ ജോർജ്ജ് ( മെഡിക്കൽ ഡയറി - 10 )

Published on 02 July, 2022
അഗസ്റ്റിന്, സ്നേഹപൂർവം : ഡോ. കുഞ്ഞമ്മ ജോർജ്ജ് ( മെഡിക്കൽ ഡയറി - 10 )

"ഞങ്ങൾ പ്രകൃതിക്കെതിരെ നീന്തുകയായിരുന്നു മാഡം" 

എന്തെഴുതുവാനും എനിക്കൊരു കാരണം വേണം. മനസ്സിൽ തൊടാതെ എങ്ങനെ എഴുതും ....?

'ഹരിദാസ് ഉറങ്ങുകയായിരുന്നില്ല' എന്നൊരു മെഡിക്കൽ ഡയറി ഞാൻ എഴുതിയിരുന്നു. എഴുത്തിലുടനീളം എന്നോടൊപ്പം സഞ്ചരിച്ച മറ്റൊരാളുണ്ട്, Augustine. കൂടെ കുടുബവും - Dr.cessy, മക്കളായ അനു, അനൂപ്. രണ്ടുപേരും ഇപ്പോൾ ഡോക്ടേഴ്സ്. സെസി ഇപ്പോൾ കോന്നി മെഡിക്കൽ കോളേജിൽ അനാട്ടമി  പ്രൊഫസർ. ദീർഘകാലം കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു. ഞാൻ ഭയപ്പെട്ടതുതന്നെ സംഭവിച്ചു.

ഹരിദാസിനെ വായിച്ച സെസി കമന്റ്‌ ബോക്സിൽ വന്നു."Madam your naration soo touching. Remembered Joy through out while reading this - can never forget you and Angel visiting us". ഈ വരികൾ മനസ്സിൽ കൊണ്ടുനടന്നു ഞാൻ... കുറേ ദിവസം.   

സെസിയ്ക്കല്പസമയം കിട്ടുന്ന ഒരു സൺ‌ഡേ ഞാൻ സെസിയെ വിളിച്ചു. ആ... മാഡം...എന്നു സെസി സ്വതസിദ്ധയായി.... കുറച്ചു വിശേഷങ്ങൾ മക്കളെക്കുറിച്ച് ഞങ്ങളിരുവരും കൈ മാറി. അവരെ അഭിനന്ദിക്കാൻ വാക്കുകൾക്കായി ഞങ്ങൾ ബദ്ധപ്പെട്ടു. 

ഞാൻ പറഞ്ഞു ..
Augustine സ്വർഗത്തിലിരുന്നു പ്രാർത്ഥിക്കുന്നുണ്ട്, അതുകൊണ്ടല്ലേ മക്കൾ രണ്ടാളും നല്ല നിലയിലായത്..

സെസി പറഞ്ഞു, മാഡത്തിന്റെ മോളൊരു angel ആണ്,മോൾക്കു നല്ലതേ വരൂ... 

ഞാനതങ്ങു സമ്മതിച്ചു, ഇനി അതിലൊരു തർക്കം വേണ്ട. കാര്യത്തിലേക്കു കടന്നു.

ഹരിദാസിന്റെ എപ്പിസോഡിൽ സെസി ഇട്ട കമന്റ്‌ കണ്ടുട്ടോ. ശരിക്കും ഞാൻ അഗസ്റ്റിനെ മെഡിക്കൽ ഡയറിയിൽ പരിചയപ്പെടുത്തട്ടെ? 
അതിനെന്താ മാഡം തീർച്ചയായും എഴുതണം, ജോയിക്ക് അതു സന്തോഷമായിരിക്കും. 
എത്രയോ പേരുടെ കരുണയും പ്രാർത്ഥനയും കൊണ്ടാണ് ഞങ്ങൾ ആ കാലം കടന്നു പോന്നത്...

ഓർമ്മകൾ പിന്നോട്ടോടി..അല്പ നേരത്തെ ഞങ്ങൾക്കിടയിലെ നിശ്ശബ്‍ദത..

എന്തൊക്കൊയായിരിക്കും ഞങ്ങളിരുവരും ഓർമ്മിച്ചെടുക്കുവാൻ ശ്രമിച്ചത്?

സെസിയും കുഞ്ഞുങ്ങളുമാകുമ്പോൾ ഞാൻ 'ഏകദേശങ്ങൾ' എഴുതിക്കൂടാ, എല്ലാം കറക്റ്റ് ആയിരിക്കണം. ഞാൻ ചെറിയചെറിയ സംശയങ്ങൾ ചോദിച്ചു... സെസി നിലയ്ക്കാത്ത ഉത്തരങ്ങളിൽ കുടുങ്ങിപ്പോയി ....

ഞാൻ പക്ഷേ ഒരു നല്ല ശ്രോതാവായി ഇരുന്നു കൊടുത്തു. സാധാരണ  അങ്ങിനെയല്ല. അതെന്റെ ബലഹീനത. അരമണിക്കൂറിൽ തീർക്കാവുന്ന ഒന്നിൽ സെസി എനിക്ക് ഒരു മണിക്കൂർ കൂട്ടായി. സത്യമായും ഒരു നല്ല ശ്രോതാവിനെ ആരാണാഗ്രഹിക്കാത്തത്? 
വല്ലപ്പോഴും ഞാൻ സെസിയെ വിളിച്ചിരുന്നെങ്കിലും കുറച്ചു കൂടി frequent ആയി വിളിക്കേണ്ടിയിരുന്നു എന്ന് എനിക്കു കുറ്റബോധം തോന്നി. ഇടയ്ക്കൊക്കെ ഒന്നുചെന്നു കാണാവുന്ന ദൂരമേ ഞങ്ങളുടെ വസതികൾക്കിടയിൽ ഉണ്ടായിരുന്നുള്ളു.. എന്റെ പിഴ... 

ഇതിനിടയിൽ സെസി മൂക്കു പിഴിയും പോലെ എനിക്കു തോന്നി...

ചെറിയചെറിയ വാക്കുകളുടെ ഇടവേളകൾക്കിടയിൽ സെസിയുടെ ജോയി (ഞങ്ങളുടെ ആഗസ്റ്റിൻ ) സ്വർഗ്ഗലോകത്തേയ്ക്ക് ചിറകു കുടഞ്ഞുപോയ ആ ദിവസത്തെ സെസി ഇങ്ങനെ ഓർമ്മിച്ചുതന്നു.... "2012സെപ്റ്റംബർ ഒന്ന്‌ - ഉച്ചയോടുകൂടി ആയിരുന്നു മാഡം".
എല്ലാം എനിക്കറിയാവുന്നവ തന്നെ.

അഗസ്റ്റിൻ ഒരു Engineer, College of Engineering ൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു. അദ്ദേഹം കടന്നു പോകുമ്പോൾ പ്രായം വെറും അൻപത്തിരണ്ടു വയസ്സ്... മൂന്നര വർഷത്തെ ഐ. സി. യു ജീവിതം, വെന്റിലേറ്ററിലും അല്ലാതെയും. സ്ഥിരമായ tracheostomy tube ശ്വസനത്തിന്.

അഗസ്റ്റിൻ നല്ല വെളുത്തിട്ടായിരുന്നു, ചെറുതായി ചുരുണ്ട അല്പം നരവീണ മുടിയും. ചിരിച്ചാലും, കരഞ്ഞാലും അഗസ്റ്റിന്റെ മുഖം ചുവന്നു തുടുക്കും. ഇതു രണ്ടും ഞാൻ കണ്ടിട്ടുണ്ട്.. സംസാരശേഷി കഷ്ടി, കൈകൾ മെല്ലെ അനക്കാം. അവിടെയും ഇവിടെയും പലപല ട്യൂബുകൾ. കരയരുതേ, മോൻ കാണും എന്നു ഞാൻ പലപ്പോഴും പറഞ്ഞു പോയി.
സംഭവങ്ങളുടെ തുടക്കം 2009 ഏപ്രിൽ മാസം.
സെസിയെ പാമ്പാടിയിലെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിലാക്കിയ ശേഷം അഗസ്റ്റിൻ തിരിച്ചു വീട്ടിലെത്തുന്നു. അന്നൊരു ശനിയാഴ്ച ആയിരുന്നു. അപ്പനും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മോൻ അനൂപിനും അന്നവധി ആയിരുന്നു. മുറ്റത്തേക്ക് വിരലുകൾ നീട്ടിനിന്ന കിളിഞ്ഞിൽ മരത്തിന്റെ കമ്പുകളിൽ ഒന്നു വെട്ടി മാറ്റാൻ അഗസ്റ്റിൻ ഒരു ഏണിയുടെ വെറും രണ്ടു പടികൾ കയറിനിന്നു. കമ്പുവെട്ടി മരത്തിൽ നിന്നും അറ്റ് വീഴാറായപ്പോൾ  അഗസ്റ്റിൻ അതു പിടിച്ചു വലിച്ചിടാൻ ഒരു ശ്രമം നടത്തി. നിനച്ചിരിക്കാതെ കമ്പിന്റെ മരത്തോട് ചേർന്നു നിന്ന ഭാഗം നെറ്റിയിൽ വന്നടിച്ച് ബാലൻസ്തെറ്റി അഗസ്റ്റിൻ താഴേക്ക് വീണു.

ശിരസ്സും കഴുത്തും മുറ്റത്ത് തറയിൽ അടിച്ചു. കഴുത്തിനു പിറകിലെ അഞ്ചാമത്തെ കശേരു (C5 vertebra)പൊട്ടി അകത്തേക്ക് നീങ്ങി സുഷുമ്നയിൽ ക്ഷതമുണ്ടാക്കി. ആ നീർക്കെട്ട് മുകളിലേക്കും താഴേക്കും വ്യാപിച്ചു. അക്ഷരാർത്ഥത്തിൽ ആഗസ്റ്റിന്റെ കഴുത്തിലെ സുഷുമ്ന C3-C7 മരവിച്ചു പോയി. ഇത്തരം accident ൽ ബോധം മറയാം, മറയാതിരിക്കാം. കഴുത്തിനു താഴേയ്ക്ക്  ഐസ് കോരിയിട്ടമാതിരി ഒരു തണുപ്പ്. Spinal shock എന്നൊക്കെ ഈ അവസ്ഥയെ പറയാറുണ്ട് . സംഭവിച്ചതെന്തെന്നു അദ്ദേഹത്തിന് നന്നായി മനസ്സിലായി. അദ്ദേഹം കഴുത്തനക്കാതെ  കിടന്നു.ആഗസ്റ്റിൻ മോനേ എന്നു നീട്ടി വിളിച്ചു. മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട സെസി ബസ്സിനുള്ളിലായിരുന്നു. വിവരമറിഞ്ഞ സെസി ഒരു ബന്ധുവിനെ വിളിച്ചു വിവരമറിയിച്ചു. അയാൾ മോനോടൊപ്പം അഗസ്റ്റിനു വെള്ളം കൊടുത്തും കുടചൂടിച്ചും കൂട്ടിരുന്നു. കയ്യുടെ ചെറുവിരൽ പോലും ചലനശേഷി ഇല്ലാതെ ആയിരുന്നു ആ കിടപ്പ്. 
സെസി അപ്പോൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ambulance അകമ്പടിയോടെ അഗസ്റ്റിന്റെ  അരികിലെത്തി.   

കഴുത്തനക്കാതെ മുൻകരുതലുകൾ എടുത്ത് അദ്ദേഹത്തെ ഉടൻ ഡോക്ടേഴ്സിന്റെ അകമ്പടിയോടെ എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. അവിടെ spine surgery ചെയ്ത് പൊട്ടിയ കശേരുവിനെ fix ചെയ്തു. അടുത്ത മൂന്നു മാസങ്ങൾ അവിടെ ഐ. സി. യു.വെന്റിലേറ്ററിൽ. 

മൂന്നു മാസങ്ങളിലെ അവിടത്തെ തീവ്രപരിചരണത്തിനും ട്രെയിനിങ്ങിനുമൊടുവിൽ വെന്റിലേറ്റർ മാറ്റാമെന്ന സ്ഥിതിയായി. ശ്വാസനിരക്ക് അല്പം  കൂട്ടി ചെറിയ ചെറിയ ശ്വസനങ്ങൾ മതിയായിരുന്നു  രക്തത്തിൽ അത്യാവശ്യം ഓക്സിജൻ ലെവൽ നിലനിർത്താൻ. അതൊരു ഭാഗ്യമായി.
മൂന്നര മാസത്തെ ഇവിടുത്തെ ചികിത്സക്ക് ശേഷം അഗസ്റ്റിനെ CMC വെല്ലൂരിലേക്ക് ഫ്ലൈറ്റ് ആംബുലൻസ് ഉപയോഗിച്ച് ഷിഫ്റ്റ്‌ ചെയ്തു. ഏഷ്യയിലെതന്നെ ഒന്നാമത്തേത് ആയ വെല്ലൂരിലെ പ്രശസ്ത റീഹാബിലിറ്റേഷൻ സെന്ററിൽ അവർ നീണ്ട ഒരു വർഷമാണ് ജീവിച്ചു തീർത്തത്. 
ഇവിടെ അഗസ്റ്റിൻ കടന്നു പോകാത്ത രോഗാവസ്ഥകളില്ല. പലപ്പോഴും ന്യൂമോണിയ, സെപ്റ്റിസീമിയ, രക്തത്തിലെ പല ഘടകങ്ങളും ക്രമാ തീതമായി കുറഞ്ഞു പോവുക ഇവയിൽ ചിലതു മാത്രം. 
സെസിയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു വെജിറ്റേറ്റീവ് സ്റ്റേജ്. "ഞങ്ങൾ പ്രകൃതിക്കെതിരെ 
നീന്തുകയായിരുന്നു മാഡം". ഒരു വർഷത്തിനു ശേഷം കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ അവർ കോട്ടയത്തേക്ക് തിരിച്ചുവരുന്നു. 
അടുത്ത രണ്ടു വർഷങ്ങൾ ഒരു രണ്ടാം ഘട്ടമാണ്. പുതുപ്പള്ളിയിലെ വീട്ടിൽ നിന്നും താമസം മെഡിക്കൽ കോളേജ് ക്വാർട്ടേഴ്‌സിലേക്കായി. ക്വാർട്ടേഴ്സിലെ ഒരു റൂം ഒരു മിനി ഐ. സി. യു. ആക്കി മാറ്റി. അന്നത്തെ പ്രിൻസിപ്പൽ ഡോ. മെഹറുന്നീസയെ  സെസി നന്ദിയോടെ സ്മരിക്കുന്നു. സെസി , അഗസ്റ്റിനെ പല ചികിത്സകൾക്കും വിധേയനാക്കി. പന്ത്രണ്ടു പച്ചിലകൾ മുലപ്പാലിൽ അരച്ചു കൊടുക്കുന്ന ആയുർവേദ ചികിത്സകളും ഇതിൽ പെടും. അഗസ്റ്റിന്റെ കൈ എങ്കിലും ഒന്നു ചലിച്ചു കാണുവാൻ സെസി വല്ലാതെ മോഹിച്ചു. അടുത്തുള്ള സെയിന്റ് ലൂക്സ് ചാപ്പലിലെ അലോഷ്യസ് അച്ചൻ വിശുദ്ധ കുർബാനയുമായി വരുമ്പോൾ ഈ പച്ചിലകളിൽ ചിലതു കൂടി കരുതിയിരുന്നു എന്ന് സെസി സന്തോഷത്തോടെ ഓർമ്മിക്കുന്നു. മരുഭൂമിയിൽ മരുപ്പച്ചതേടും പോലെയാണ് നീണ്ടകാല വേദന അനുഭവിക്കുന്നവരും കിടപ്പിലായിപ്പോയവരും. അവസാനത്തെ ആ കച്ചിത്തുരുമ്പ് ശക്തിയോടെ അണച്ചു പിടിക്കാൻ പാടുപെടുന്നവർ.. വീട്ടുകാരുടെ മനസ്സും മറ്റൊന്നല്ല. നമ്മുടെ പ്രിയപ്പെട്ടവരെ അങ്ങനെയങ്ങു വിധിക്കു വിട്ടു കൊടുക്കുവാൻ നാം തയ്യാറല്ല. 

ഒരു  പാടുപേരുടെ കരുണയായിരുന്നു അന്നത്തെ ഞങ്ങളുടെ ജീവിതമെന്ന് സെസി വീണ്ടും വീണ്ടും നന്ദിയോടെ ഓർക്കുന്നു. ഇത്രയ്ക്കധികമൊന്നും ഇനി ഓർത്തു വയ്ക്കരുതെന്നു ഞാൻ സെസിയെ ഉപദേശിച്ചു..
ഈ രണ്ടു വർഷത്തെ കാലയളവിലാണ് ഞാൻ അഗസ്റ്റിനെ കൂടുതൽ പരിചയപ്പെടുന്നത്. കൂടെ മോൻ അനൂപിനെയും. എന്റെ ഹോസ്പിറ്റലിലേക്കുള്ള പോക്കുവരവ് സെസിയുടെ ക്വാർട്ടേഴ്സിന് മുൻപിലുള്ള റോഡ് വഴിയായിരുന്നു. മടക്കയാത്രയിൽ അഗസ്റ്റിനു വേണ്ട ഹോസ്പിറ്റൽ ഐറ്റംസ് കൊടുക്കുക കൂടുതൽ സൗകര്യം എനിക്കായിരുന്നു..
മേരി മാഡം എന്നെ ഏൽപ്പിച്ച 'ജോലി'വളരെ ലഘുവായിരുന്നു. ഞാനത് ആഹ്ലാദത്തോടെ തന്നെ ചെയ്തു പോന്നു.. മേരി മാഡം തന്നെ ഒരു കൂടിനുള്ളിലാക്കി ചെറിയ ഗോസ് പീസുകൾ, പാഡുകൾ, സിറിഞ്ച്, ഐ. വി ഫ്ലൂയിഡ്സ്, ഐ. വി. Canula ഇവ അടങ്ങിയ കവർ ഞങ്ങളുടെ റൂമിൽ വച്ചിരിക്കും. "കുഞ്ഞേ, അഗസ്റ്റിനുള്ളത് അവിടെ വച്ചിട്ടുണ്ട്‌" എന്നിടയ്ക്ക് എപ്പോഴെങ്കിലുംഎന്നേ ഓർമിപ്പിക്കും. എന്റെ ജോലി അങ്ങനെ വളരെ ലളിതമായിരുന്നു. അഗസ്റ്റിന്റെ കാര്യത്തിൽ മാറ്റാരെക്കാൾ ശ്രദ്ധാലുവായിരുന്നു ഞങ്ങളുടെ അന്നത്തെ അന്നേസ്തെഷ്യ പ്രൊഫസർ . ഡോ. മേരി ആൽബർട്ട്. അഗസ്റ്റിനു ഇടക്കിടെ ചെറിയ ചെറിയ സർജിക്കൽ procedures വേണ്ടി വന്നിരുന്നു. ആമാശയത്തിലേക്കുള്ള ഫീഡിങ് ട്യൂബ് മാറ്റിയിടുക, Tracheostomy Tube മാറ്റിയിടുക തുടങ്ങിയവയ്‌ക്കെല്ലാം മേരി മാഡം തന്നെയാണ് അന്നേസ്തെഷ്യ നൽകിയിരുന്നത്.മേരിമാഡത്തിനെപ്പറ്റി പറയുമ്പോൾ സെസിയ്ക്കു നൂറു നാവ്..അതു പോലെ ഞങ്ങളുടെ പി ജി Dr.Febin.,Husband, Dr. Aneez Musthafa ഇവരുടെ emergency സേവനങ്ങളും സെസി ഓർമ്മിച്ചെടുക്കുന്നു.
മേരിമാഡം ഒരുക്കി വച്ചിരിക്കുന്ന കവർ, സിസിയുടെ ക്വാർട്ടേഴ്സിൽ എത്തിക്കുക, അഗസ്റ്റിനോട് അല്പം കുശലം പറയുക, ശ്വാസം നീട്ടി വലിപ്പിക്കുക, ശ്വാസത്തിനുള്ള ട്യൂബിനു ബ്ലോക്കില്ല എന്നുറപ്പാക്കുക, ചിലപ്പോൾ ഒരു I V Canula ഇടുക, തീർന്നു എന്റെ 'ഡ്യൂട്ടി'.
മിക്കവാറും സെസി കാണുകയില്ല, ഡ്യൂട്ടിയിലായിരിക്കും. ചിലപ്പോൾ ഉണ്ടാവും. മാഡം... ഇപ്പോൾ കൈ കുറേശ്ശേ അനങ്ങുന്നുണ്ട്, ശബ്ദത്തിന് കുറച്ചുകൂടി ക്ലാരിറ്റി ഉണ്ട് എന്നൊക്കെ പറയും സിസി . പ്രതീക്ഷകൾ അസ്തമിക്കുന്നില്ല......
അവധി ദിനമാണെങ്കിൽ മോൻ അനൂപ് അവിടെ കാണും. മോനന്ന് Tenth  പ്ലസ് വൺ,  ഒക്കെ പഠിക്കുന്ന കാലം. അവനിപ്പോൾ നഷ്ടമായിരിക്കുന്നത് അവന്റെ അപ്പാ മാത്രമല്ല, സുഹൃത്തും കളികൂട്ടുകാരനും കൂടിയാണ്. ഒരിക്കൽ തളർന്നു കൂനിപ്പിടിച്ചിരുന്ന അവനെ ഞാൻ വീടിനു വെളിയിലേക്ക് കൂട്ടി, തോളിൽ തട്ടി. 'മോനിതൊന്നും കണ്ട് സങ്കടപ്പെട്ട് പഠിക്കാതിരിക്കരുത്. പഠിച്ചു മിടുക്കനാവണം, അപ്പോഴേക്കും അപ്പാ മെല്ലെ, മെല്ലെ സുഖം പ്രാപിക്കും. പഠിച്ചൊരു ഡോക്ടർ  ആകൂ..' ഞാൻ പറഞ്ഞു.

മോനൊരു NASA Engineer ആകണമെന്നായിരുന്നു അഗസ്റ്റിന്റെ 
ആഗ്രഹം. എന്നാൽ അപ്പായുടെ അവസ്ഥ അവനെ ഒരു ഡോക്ടർ ആകാൻ പ്രേരിപ്പിച്ചു. അമ്മയും അതു സപ്പോർട്ട് ചെയ്തു. ചേച്ചി അനു അപ്പോൾ MBBS first year join ചെയ്തിരുന്നു.
ക്വാർട്ടേഴ്സിലെ ബെഡ്ഡിൽ അങ്ങനെ കിടക്കുമ്പോഴും അഗസ്റ്റിൻ അവരുടെ എല്ലാക്കാര്യങ്ങളിലും ബദ്ധശ്രദ്ധനായിരുന്നു.. House Surgency ചെയ്തിരുന്ന എന്റെ മോൾ ആഗസ്റ്റിനെ കേട്ടു കേട്ട് ഒരിക്കൽ എന്നോടൊപ്പം കൂടി."എനിക്കും അഗസ്റ്റിൻ അങ്കിളിനെ കാണണം". ഞങ്ങൾ ചെല്ലുമ്പോൾ ആഗസ്റ്റിന്റെ മുഖം ചുവന്നു തുടുത്തിരുന്നു. കണ്ണിൽ നനവ്. അഗസ്റ്റിൻ കരയുകയായിരുന്നു.  
Wisdom tooth extract ചെയ്ത സെസി  വേദനകൊണ്ട് പുളയുന്നു. അഗസ്റ്റിന്റെ നിസ്സഹായതയുടെ കണ്ണുനീർ. അതായിരുന്നു ഞാൻ കണ്ടത്..
ഞാൻ സെസിക്കു വേണ്ടി ചില വേദനസംഹാരികൾ കുറിച്ചു കൊടുത്തു. അവസരബോധമുള്ള എന്റെ മകൾ എന്നെ തോണ്ടി വിളിച്ചു. "വാ, നമുക്കു മരുന്നു വാങ്ങി വരാം, ഈ കുറിപ്പ് തിന്നാലൊന്നും ആന്റിയുടെ വേദന മാറില്ല".ഞാനവളെ മിഴിച്ചു നോക്കി, മരുന്നു വാങ്ങി വന്നു.
അങ്ങനെ വേദനശമിച്ച സെസിയെ നോക്കി, ശേഷം ഞങ്ങളെ നോക്കി അഗസ്റ്റിൻ ഒന്നുചിരിച്ചു. ഈശ്വരാ , ആ ചിരിയിൽ ഇനി എന്തായില്ലാത്തത് . . !അങ്ങനെയാണ് എന്റെ മോൾ അവരുടെ 'Angel'ആയത്.

മെഡിക്കൽ കോളേജിനടുത്തു അഗസ്റ്റിനുവേണ്ടി എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് പിറവി കൊള്ളുന്നുണ്ടായിരുന്നു. ICU Bed കയറ്റി ഇറക്കാൻ പറ്റിയ വാതിലുകൾ, വീൽചെയറിനു പറ്റിയ റാമ്പുകൾ, നിറയെ പൂക്കളും പച്ചപ്പുമുള്ള മുറ്റത്തെ പൂന്തോട്ടം. പാലുകാച്ചിന്  ഞാനും പോയിരുന്നു. അലോഷ്യസച്ചൻ കൈ പിടിച്ച് അഗസ്റ്റിൻതന്നെ വിളക്കു കൊളുത്തി. എല്ലാവർക്കുമൊപ്പം അഗസ്റ്റിൻ തീൻമെശയ്ക്കരികിൽ സന്തോഷവാനായി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെങ്കിൽക്കൂടി എട്ടാം ദിവസം ഒരു ശ്വാസം മുട്ടലിനെ തുടർന്ന് ആഗസ്റ്റിൻ ഈ ഭൂമിയെ കടന്നു പോയി.
കുടമാളൂർ പള്ളി സെമിത്തേരി യിൽ അവസാനിച്ച ആ യാത്രയിൽ ഞാനും പങ്കെടുത്തു. നാൽപ്പത്തൊന്നിന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ മേരി മാഡം എന്നെ സ്നേഹപൂർവ്വം പറഞ്ഞേൽപ്പിച്ചു.. 'ആഗസ്റ്റിന്റെ ഏറ്റവും അടുത്ത സുഹൃത്തല്ലേ' എന്നു ന്യായം പറയാൻ മാഡം മറന്നില്ല.

കല്ലറയിൽ  ഒന്നും അങ്ങനെ അവസാനിക്കുന്നില്ലല്ലോ. അഗസ്റ്റിന്റെ യാതനകളുടെ എഴുത്തായി ഇതിനെ ആരും കാണരുത്. വിധിയോട് സമരസപ്പെട്ട ഒരാളായിരുന്നു അഗസ്റ്റിൻ . ഒപ്പം ഭാര്യക്കും മക്കൾക്കും ധൈര്യവും പ്രത്യാശയും നൽകിയവൻ. 

ഈ കുറിപ്പ് പ്രധാനമായും സെസിയുടെയും മക്കളുടെയും അതിജീവനത്തിന്റെ കഥ കൂടിയാണ്. ലക്ഷപ്രഭുക്കൾ വരെ വിയർത്തു പോകുന്ന സാമ്പത്തിക ആരാജകത്വം, അനാഥത്വം, കുട്ടികളുടെ പഠിപ്പ് എല്ലാം അവർ കൂട്ടായി അതിജീവിക്കുക തന്നെ ചെയ്തു..

മകൾ  Dr. Anu Community medicine MD ചെയ്തു. ഇപ്പോൾ കാസർകോട് covid 19 area nodal officer ആണ്. വിവാഹം കഴിഞ്ഞു.
മരുമകൻ Dr. Ciril Jacob കോട്ടയം മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ. മകളുടെമകൾ (കൊച്ചുമകൾ )
എമ്മ എന്ന അഞ്ചു വയസ്സുകാരി .
മകൻ Dr. Anoop M.D psychiatry കഴിഞ്ഞു, ഇപ്പോൾ De addiction Psychiatry യിൽ  Nimhans ൽ D M ചെയ്യുന്നു.  
Dr. Cessy -- The proud mother of two dedicated 'full time' Doctors.

ഇവിടെയാണ് ഈ ഡയറിക്കുറിപ്പ് സുഗന്ധപൂരിതമാകുന്നത്..!

മറ്റൊരു ലോകത്തിരുന്ന് അഗസ്റ്റിനും കാണുന്നുണ്ടല്ലോ ഇതെല്ലാം.. അഗസ്റ്റിനെ ഓർമ്മിക്കാതെ എനിക്കീ മെഡിക്കൽഡയറി അടച്ചു വയ്ക്കുവാൻ ആകില്ലല്ലോ.

ബൈ...

Dr. Kunjamma George 30/06/2022.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക