Image

ലേഡീസൂപ്പർസ്റ്റാർ ; തൽക്കാലം എന്നുമെന്നേയ്ക്കും ഷീല : ആൻസി സാജൻ

Published on 03 July, 2022
ലേഡീസൂപ്പർസ്റ്റാർ ; തൽക്കാലം എന്നുമെന്നേയ്ക്കും ഷീല : ആൻസി സാജൻ

സൂപ്പർ സ്റ്റാർ, മെഗാ സൂപ്പർ വിശേഷണമൊക്കെ സിനിമാ വ്യവസായത്തിന്റെ കുതിച്ചുപോക്കിന് കരുത്ത് പകരാനും സിനിമകൾ പണംവാരികളാകാനുമൊമൊക്കെയുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് പറയാം

സിനിമയിൽ മാത്രമല്ല ഏതു രംഗത്തും കിരീടം വെക്കാത്ത രാജാക്കൻമാരും വല്യേട്ടൻമാരുക്കെയാണ് 'തല'കൾ . പക്ഷേ, തലൈവികൾ കുറവായിരുന്നു. തമിഴ്നാട്ടിലെ തലൈവിയുഗം ഗംഭീരമായിരുന്നു എങ്കിലും അത് അവസാനിച്ചു പോയി.

എല്ലാ രംഗങ്ങളിലും ആൺകോയ്മയും പുരുഷ സൂചനയുള്ള പദങ്ങളുമാണ് സിംഹാസനമേറുന്നതായി കണ്ടുവരുന്നത്. 'അവനാ രാജാവ് ' എന്നല്ലാതെ 'അവളാ റാണി' എന്ന് പൊതുവിൽ പറയാറില്ല. രാജ്ഞിമാരും രാജകുമാരിമാരും കൊട്ടാര അലങ്കാരങ്ങൾ മാത്രമാണ്. അച്ഛനിങ്ങു വരട്ടെ എന്നല്ലാതെ അമ്മയിങ്ങു വരട്ടെ എന്നാരും പിപ്പിടി പറയില്ല. ഭരണതലപ്പങ്ങളിലും എന്തിന് , വീടുകളിൽ പോലും പുരുഷന്മാരാണ് പ്രജാപതികൾ.

( കുറച്ചുകാലമായി കേരളത്തിൽ സ്ത്രീകളുടെ നിയന്ത്രണത്തിലാണ് അല്ലെങ്കിൽ അവരുടെ നാവിൻ തുമ്പിലെ സരസ്വതീ വിളയാട്ടമാണ് ഭരണമാറ്റങ്ങൾക്കുപോലും കാരണഭൂതമാകുന്നതെന്ന് പരക്കെ പറയപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യുന്നത് മറന്നല്ല ഇതെഴുതുന്നത്)


ആദ്യം പറഞ്ഞ പോലെ സൂപ്പർ സ്റ്റാർ , മെഗാ സൂപ്പർ എന്നതൊക്കെ നായകൻമാർക്ക് ചാർത്തുന്ന കിരീടങ്ങളായിരുന്നു. എന്നാലിപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്നൊരു അലങ്കാരപ്പേരു കൂടിയുണ്ടല്ലോ. മലയാളത്തിലിപ്പോൾ മഞ്ജു വാര്യർക്കാണ് ആ' എടുപ്പനാലിറ്റി' ചാർത്തിക്കൊടുത്തിരിക്കുന്നത്. നയൻതാരയും ലേഡി സൂപ്പർ സ്റ്റാറാണെന്ന് കേൾക്കുന്നു. മലയാളിയാണെങ്കിലും മലയാളത്തിലല്ല എന്നതാണ് വ്യത്യാസം.

മഞ്ജു ഏറെ പ്രതിഭയുള്ള അഭിനേത്രി തന്നെ. അതിൽ ഒരു സംശയവുമില്ല. ആദ്യവരവിൽ അഭിനയ വൈഭവം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവർ പ്രിയങ്കരിയായ നടിയായി. എന്നാൽ നീണ്ട ഇടവേളയ്ക്കുശേഷം വന്നപ്പോഴാണ് അവർ ലേഡി സൂപ്പർ സ്റ്റാറായത്.

സ്വകാര്യ ജീവിതത്തിൽ പുലർത്തിയ ആർജ്ജവവും വ്യതിരിക്തതയും മഞ്ജുവിനെ സൂപ്പറാക്കി എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അതുപോലെ സംസാരത്തിലും പെരുമാറ്റത്തിലും അവർ പുലർത്തുന്ന മാന്യതയും അന്തസ്സും ഏറ്റം ഉയർന്നതുതന്നെ. മലയാള ഭാഷയുടെ മനോഹാരിത തന്നെ മഞ്ജുവിന്റെ സംസാരത്തിൽ നിന്ന് പൊഴിച്ചെടുത്ത് നമുക്ക് സന്തോഷിക്കാൻ കഴിയും.

എല്ലാം ശരിതന്നെ. എന്നാൽ പുതിയ സിനിമകളിലെയൊക്കെ അവരുടെ പ്രകടനം പ്രേക്ഷകർ  നിരാകരിക്കും പോലെയാണ് തോന്നുന്നത്.

ഹൗ ഓൾഡ് ആർ യു? എന്ന ചിത്രത്തിൽ മഞ്ജുവിനെക്കണ്ടതിൽ നിന്നും എത്രയോ മാറ്റമായി പിന്നീട്. രൂപത്തിലും സൗന്ദര്യത്തിലും മഞ്ജു വാര്യരിൽ ഒരുപാട് ആകർഷകത്വം കൈവന്നു. വിവിധങ്ങളായ വേഷങ്ങളണിഞ്ഞ് പ്രസരിപ്പ് വാരിവിതറി മഞ്ജു കടന്നുവരുന്നത് സ്നേഹത്തോടെ നോക്കിനിന്നു നമ്മളെല്ലാം . പക്ഷേ അത് കുറെ ഫോട്ടോകൾക്കും അല്ലെങ്കിൽ സ്റ്റേജ് പ്രോഗ്രാമുകൾക്കും അല്ലെങ്കിൽ അഭിമുഖങ്ങൾക്കും ഒക്കെ കൊള്ളാം. അതും കടന്ന് സിനിമയിലെ കഥാപാത്രങ്ങളിലെത്തുമ്പോൾ പോരാ എന്നൊരു തോന്നൽ ആരാധകർക്കുപോലും തോന്നിത്തുടങ്ങിയിട്ടുണ്ട്.. അഭിനേത്രിയുണരുന്നില്ല. ധരിക്കുന്ന വസ്ത്രങ്ങളൊക്കെ അടിപൊളി തന്നെ. അതൊക്കെയിട്ട് ഒഴുകിയും ഓടിച്ചാടിയും നടന്നാൽ കഥാപാത്രത്തിന്റെ മേന്മ കൂടാൻ സാധ്യതയുമില്ല. മഞ്ജുവിന്റെ പുതിയ സിനിമകളൊക്കെ കണ്ടവർക്ക് അതനുഭവപ്പെട്ടു തുടങ്ങി.
കഥയില്ലായ്മകൾ ചലച്ചിത്രമാക്കുന്നതാണോ കാരണം? സിനിമകൾ ഒരുപാട് വരുന്നുണ്ട്. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതാണ് അധികവും. പുതിയവരൊക്കെ അതിലൊക്കെ അഭിനയിച്ചു പോട്ടെ. സൂപ്പർ സ്റ്റാർ പട്ടധാരികൾ സൂക്ഷിക്കേണ്ടതുണ്ട്. ചുമ്മാ വീട്ടിലിരുന്ന് കാണാൻ അവസരമുണ്ടെങ്കിൽ കൂടി കഷ്ടി അരമണിക്കൂറിനപ്പുറം കണ്ടിരിക്കാൻ പറ്റാതെ നിർത്തിയെണീക്കാൻ ആളുകൾ മടിക്കാത്തത് വളരെ സൂക്ഷിക്കേണ്ടതുണ്ട്.
ഇങ്ങനെയൊക്കെയെങ്കിൽ,മലയാളത്തിൽ എക്കാലവും തിളങ്ങിനിന്ന ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ഷീലയാണെന്നു പറഞ്ഞു കൂടേ..? നിത്യഹരിത നായകൻ
പ്രേംനസീറിനൊപ്പം 101 ചിത്രങ്ങളിലാണവർ നായികയായത്. മൊത്തം 500 - ലധികം ചിത്രങ്ങളും.
ഷീല ഇപ്പോഴും സൂപ്പറാണ്. കെട്ടിലും മട്ടിലും രാജ്ഞിയാണ്. ജീവിതത്തെ വളരെ ബുദ്ധിപൂർവം സജ്ജീകരിച്ച് വിജയം കൈവരിച്ച സ്ത്രീയാണ്.

ഈയിടെയുള്ള ഷീലയുടെ അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളിലുള്ള കടന്നുവരവുമൊക്കെ തികഞ്ഞ ആരാധനയോടെയാണ് മലയാളികൾ കണ്ടതും കേട്ടതും. കഥയെഴുത്തിലും സിനിമാ സംവിധാനത്തിലും ചിത്രം വരയിലുമെല്ലാം ആ അഭിനേത്രി പ്രഗൽഭയാണ്. അതുകൊണ്ടൊക്കെ തൽക്കാലം , മലയാളത്തിന് എന്നുമെന്നേയ്ക്കും കണ്ടു സന്തോഷിക്കാനുള്ള ലേഡി സൂപ്പർ സ്റ്റാർ ഷീല തന്നെയെന്ന് പറയാൻ ആഗ്രഹിക്കുന്നു.

ഒപ്പം
മികവേറിയ അഭിനയത്തോടെ ലേഡി സൂപ്പർസ്റ്റാറുകൾ ഇനിയും മുന്നേറട്ടെ എന്ന് ആശംസകളും..

Join WhatsApp News
Sudhir Panikkaveetil 2022-07-03 11:23:39
ഉജ്ജയിനിയിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക... അവളുടെ മഞ്ജീരശിഞ്ചിതത്തിൽ സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു.... ഈ നക്ഷത്രത്തിന് തിളക്കം കുറയുകയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക