ഇക്കാണുന്ന കടലുണ്ടല്ലോ
വെള്ളം നിറഞ്ഞൊരു
രാജ്യത്തിന്റെ
ആകാശമാണത്..
അവരുടെ മേഘങ്ങളെ
തിരകളെന്നു വിളിച്ച്
അവരുടെ ആകാശ ജീവികളെ
പിടിച്ചു തിന്നുന്ന
ഏലിയൻസുകളാണ് നമ്മൾ..
തിരയെടുക്കാൻ
നമ്മളെഴുതുന്ന
മണൽക്കുറികളാണവരുടെ
ഗ്യാലക്സികൾ
നമ്മളെറിയുന്ന
ചൂണ്ടകൾ കാണിച്ച്
ചതിയെ കുറിച്ച്
ക്ലാസ്സെടുക്കുന്ന,
നമ്മളെറിയുന്ന
ചൂണ്ടകളിൽ ചാടിക്കടിച്ച്
ആത്മഹത്യ ചെയ്യുന്ന,
നമ്മളെറിയുന്ന
ചൂണ്ടകളിലെ
മരണം കാണാനാവാത്ത വിധം
വിശപ്പ് കൊണ്ട് കീഴടക്കപ്പെട്ട
എണ്ണമറ്റ ജീവിതങ്ങളെ
ഉപ്പിലിട്ട രാജ്യമാണ് കടൽ..!