Image

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-13 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 05 July, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-13    (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

83
എല്ലാം നല്ലതിനോ?

കോഴി, കോഴ, ക്വട്ടേഷന്‍, അഴിമതി, മനുഷ്യക്കടത്ത്- ഇതൊക്കെ എല്ലാക്കാലത്തുമുണ്ടായിരുന്നെങ്കിലും ഇത്ര ശക്തമായി പുറത്തുവരുന്നത് ഇക്കാലത്താണെന്നുമാത്രം. ജനശ്രദ്ധയാകര്‍ഷിക്കാന്‍ മത്സരബുദ്ധിയോടെ കണ്ണും കാതും തുറന്നുവച്ചിരിക്കുന്ന മാധ്യമപ്പടതന്നെയാണ് ഇതിനു കാരണം. പതുക്കെപ്പതുക്കെ, സമൂഹത്തിനു ഗുണകരമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നഒരു പുതുതലമുറ രൂപപ്പെട്ടുവരുന്നത് ആശാവഹമാണ്. ഒരു സാധാരണക്കാരനെപ്പോലെ ഒരു പ്രമുഖനെ അറസ്റ്റ് ചെയ്ത് അകത്താക്കിയതിലൂടെ, പുതുതലമുറയ്ക്ക് ഒരു പുതിയ വെളിച്ചം കൈവന്നിരിക്കുകയാണ്. പണവും പദവിയുമുണ്ടെങ്കില്‍ എന്തുമാവാമെന്ന ചൊല്ല് പഴങ്കഥയായി മാറുന്ന കാഴ്ച!
എല്ലാം നല്ലതിനാണെന്ന് നാഴികയ്ക്കു നാല്‍പ്പതു തവണ പറയാറുള്ള ഞാന്‍, 'സ്ത്രീപദ' ത്തിലെ ബാലയുടെ പ്രതികരണംകേട്ട് അമ്പരന്നുപോയി. അങ്ങനെ പറയുന്നവരോടുപോലും വെറുപ്പായിത്തുടങ്ങിയെന്നാണ് ബാല സഹോദരനോടു പറയുന്നത്. ശരിയാവാം.

84
ചാനലുകള്‍ സമക്ഷം!

പണ്ട്, മക്കള്‍ ചെറുതായിരുന്ന കാലത്താണ് മലയാളം ചാനലും സീരിയലുമൊക്കെ വെളിച്ചംകണ്ടു തുടങ്ങിയത്. അന്ന് അതൊന്നും കാണാന്‍ വേണ്ടത്ര സമയമുണ്ടായിരുന്നില്ലെങ്കിലും നമ്മുടെ അമ്മച്ചിമാരുടെ ജീവിതസായാഹ്നത്തിലെ വൈകുന്നേരങ്ങള്‍ സീരിയലുകളാല്‍ സമ്പന്നമാകുന്നതോര്‍ത്തു വളരെയേറെ സന്തോഷിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിവീട്ടില്‍ കറണ്ടില്ലാത്ത സമയത്തു സംപ്രേഷണം ചെയ്യുന്ന 'സ്ത്രീ' സീരിയലിന്റെ കഥ എറണാകുളത്തുനിന്ന് അമ്മച്ചിക്കു പറഞ്ഞുകൊടുക്കാനാണ് ആദ്യമായി സീരിയല്‍ കണ്ടുതുടങ്ങിയത്.
ജീവിതസായാഹ്നത്തിലെത്തിയാല്‍ ഇതൊക്കെയാവാമെന്നു കരുതിയിട്ടാവും ഈ അവധിക്കാലം മുഴുവന്‍ ഒരു കുറ്റബോധവും കൂടാതെ ടെലിവിഷനുമുമ്പില്‍ സത്യാഗ്രഹമിരുന്നത്! പക്ഷേ, ഇത്തവണ ഒരു സിനിമപോലും മുഴുവനായി കാണുകയുണ്ടായില്ല. ഭീകരന്യൂജെന്‍ സിനിമകളായതുകൊണ്ട് ഒന്നുമങ്ങോട്ടു കൃത്യമായി പിടികിട്ടുന്നില്ല.
ഉരുളയ്ക്കുപ്പേരിയെന്നതുപോലെ ഉത്തരം പറയുന്ന ചര്‍ച്ചകളും വാര്‍ത്തകളുമാണ് കൂടുതല്‍ സമയവും അപഹരിക്കുന്നത്.
ഭാവിയില്‍ സ്‌ക്രിപ്റ്റില്ലാതെ, ലൈവായി ടെലിക്കാസ്റ്റ് ചെയ്യുന്ന ധാരാളം പരിപാടികളുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.

85
മതേതരം

തീരെ ചെറുതായിരുന്നപ്പോള്‍ പഠിച്ചതാണ്, 'ഇന്ത്യ ഒരു മതേതരരാഷ്ട്രമാണ്' എന്ന്. അതിന്റെ അര്‍ത്ഥമെന്താണെന്ന് അപ്പോള്‍ ഒരു പിടിയുമില്ലായിരുന്നു. പിന്നീട്, 'മതേതരം' എന്ന വാക്കിനു കല്‍പ്പിച്ചുവച്ചിരുന്ന അര്‍ത്ഥത്തിന്റെ വ്യാപ്തി എത്ര വലുതാണെന്നും ചുറ്റുമുള്ള, വിവിധമതങ്ങളിലുള്ളവര്‍ എത്ര ഒരുമയോടെയാണു കഴിയയുന്നതെന്നും അത്ഭുതത്തോടെ മനസ്സിലാക്കിയ കാലമോര്‍ക്കുന്നു.
പഴയ രാഷ്ട്രപതിയും പുതിയ രാഷ്ട്രപതിയും ഒരേ ദിവസം പറഞ്ഞ വാചകങ്ങള്‍ക്ക് ഒരേയര്‍ത്ഥംതന്നെയായിരുന്നു. ആക്രമിക്കപ്പെടുമെന്ന ഭീതിയില്ലാതെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണമെന്നും നാനാത്വത്തില്‍ ഏകത്വം എന്നതായിരുന്നു നമ്മുടെ രാജ്യത്തിന്റെ ശക്തി എന്നുമൊക്കെയാണ് അവര്‍ പറഞ്ഞത്. ഇതൊക്കെ ഇനി നടക്കുമോ എന്തോ!

86
മാറ്റങ്ങള്‍

ഇന്നലെവരെ പ്രമുഖരാണെങ്കില്‍ അറസ്റ്റ് ചെയ്യില്ലായിരുന്നു. ഇന്നിപ്പോള്‍ പ്രമുഖരായതുകൊണ്ടുമാത്രം ജാമ്യംപോലും കിട്ടില്ല.
ഇന്നലെവരെ ദൃശ്യമാധ്യമങ്ങള്‍ക്കുമുമ്പില്‍ പുഞ്ചിരിച്ചു കൈകൂപ്പി നിന്നവര്‍ ഇന്ന് അവയുടെ മുമ്പില്‍നിന്ന് ഓടിയൊളിക്കുന്നു.
ഒരു വാക്കു പിഴച്ചാല്‍ ഏതു നിമിഷവും പ്രതിക്കൂട്ടിലായേക്കാവുന്ന അത്യാസന്നനിലയില്‍ നിന്നുകൊണ്ട്, കണ്ണും കാതും തുറന്ന്, ഊണും ഉറക്കവുമുപേക്ഷിച്ച്, വാര്‍ത്തകള്‍ക്കായി പരക്കംപാഞ്ഞ്, പണവും പ്രശസ്തിയുമുണ്ടെങ്കില്‍ ആര്‍ക്കും എന്തുമാവാമെന്ന പാഠം തെറ്റാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന മാധ്യമപ്പടയ്ക്കു നമോവാകം. എന്നാലും അമിതമായാല്‍ അമൃതും വിഷമാണല്ലോ. ഭാവിയില്‍ ഈ മാധ്യമപ്പടതന്നെ പലതും പടച്ചുവിടുന്ന സ്ഥിതിയാകുമോ ആവോ!


87
കാന്താ, കാതോര്‍ത്തിരിപ്പൂ ഞാന്‍
വരാത്തതെന്തേ കാന്താ...!

സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ ചെറിയ തോതിലോ വലിയ തോതിലോ പനിയും കുളിരുമൊക്കെ വരാനും വരാതിരിക്കാനുമൊക്കെ സാധ്യതയുണ്ടെന്നറിഞ്ഞ് രണ്ടുദിവസം കട്ടിലുപിടിച്ചു. ചില നേതാക്കള്‍ ഇലക്ഷനു മത്സരിക്കുമോ ഇല്ലയോ എന്നറിയാത്തതുപോലെ ആകെ കണ്‍ഫ്യൂഷന്‍.
ചിലപ്പോള്‍ത്തോന്നും പനി ദാ വന്നു എന്ന്. മറ്റു ചിലപ്പോള്‍ത്തോന്നും, പനി ദാ പോയി എന്ന്!
ചിലരൊക്കെ സീറ്റിനുവേണ്ടി ആക്രാന്തം കാണിക്കുകയും കിട്ടാതെവരുമ്പോള്‍ കളംമാറ്റിച്ചവിട്ടുകയും കിട്ടിക്കഴിഞ്ഞാല്‍ വോട്ടിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുകയും ചെയ്യുന്നതെല്ലാം പാവപ്പെട്ട ജനങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കുളിരുകോരുന്നത് പനിയാണെന്നു തെറ്റിദ്ധരിച്ചാവാം!

88
പിന്നെയും പിന്നെയും വാര്‍ത്തകള്‍!

ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ ആരംഭിച്ച സമയങ്ങളില്‍ വിവരമുള്ളവര്‍ വന്നിരുന്ന് ഓരോരോ കാര്യങ്ങള്‍ പറയുമ്പോള്‍, എല്ലാവര്‍ക്കും എല്ലാം ക്ലിയറായല്ലോ, ഇനി എല്ലാം ശരിയായിക്കോളുമെന്നു തോന്നിയിരുന്നു. എന്നാല്‍ ഒന്നും ശരിയായതായി ഒരിക്കലും കേട്ടിട്ടില്ല. അങ്ങനെ അത്തരം ചര്‍ച്ചകളോടുള്ള താല്‍പ്പര്യം കുറഞ്ഞുതുടങ്ങി.
ഒരിടയ്ക്ക്, ഭക്ഷണം കഴിക്കാന്‍ 'ചക്കപ്പഴം' സീരിയല്‍ വേണമായിരുന്നു. അതിലെ ബഹളം വല്ലാതെ കൂടിയപ്പോള്‍ മറ്റു പല സീരിയലുകളും തിരിച്ചും മറിച്ചും കണ്ടുനോക്കി. അവസാനം, 'പിന്നെയും ശങ്കരന്‍ തെങ്ങേല്‍' എന്നു പറഞ്ഞതുപോലെ വീണ്ടും വാര്‍ത്തകളില്‍ച്ചെന്നു വീണു!
എല്ലാ ചാനലുകളിലും നല്ല മിടുക്കിപ്പെണ്‍കുട്ടികള്‍ കട്ടയ്ക്കുനിന്നു വാര്‍ത്ത നയിക്കുന്നതാണ് ഒരാശ്വാസം.

89
കിളിക്കൂട്

ഒരുപാടു കിളിക്കുഞ്ഞുങ്ങളുണ്ടായിരുന്ന ഒരു കൂട്ടിലെ ഏറ്റവും ചെറിയ കിളിയായിരുന്നതുകൊണ്ടുതന്നെ, പിച്ചവയ്ക്കുംമുമ്പ് വലിയ കളിക്കുഞ്ഞുങ്ങള്‍ ഓരോരുത്തരായി കൂട്ടില്‍നിന്നു പറന്നകന്നുതുടങ്ങിയിരുന്നു. ഏകദേശം ഒരേ പ്രായക്കാരായ ഇളയ മൂന്നു കിളികള്‍ കളിച്ചും ചിരിച്ചും ഒരുമിച്ചു വളര്‍ന്നെങ്കിലും ഒരിക്കല്‍ ചെറിയ കിളിയും ഒറ്റപ്പെടലിന്റെ നോവെന്തെന്നറിഞ്ഞു.
പിന്നീട്, അന്നേവരെ അറിയാത്തവരോടൊത്ത് മറ്റോരു കൂട്ടിലേക്ക്... കഴിഞ്ഞതൊക്കെ മുജ്ജന്‍മത്തിലായിരുന്നെന്നു തോന്നിക്കുന്ന പുതിയതരം കൂടും കൂട്ടരും. ആ പുതിയ കൂട്ടില്‍നിന്ന് അമ്മക്കിളിയായി പരിണമിച്ച്, മറ്റൊരു കുഞ്ഞിക്കൂട്ടിലേക്ക്. കുഞ്ഞിക്കിളികളെ ചിറകിന്‍കീഴിലൊതുക്കി, പുതിയ മാനം നോക്കിനോക്കി പറന്നുയര്‍ന്നു. അകല്‍ച്ച അനിവാര്യമായിരിക്കുന്നിടത്ത്, ആ കുഞ്ഞിക്കിളികളും പറക്കമുറ്റി, പറന്നുതുടങ്ങിയിരിക്കുന്നു!
താമസിയാതെ എല്ലാം മറന്ന്, എല്ലാവരേയും മറന്ന് ഈ അമ്മൂമ്മക്കിളി, ഏതോ കൂട്ടില്‍ ഒറ്റയ്ക്കാവുന്ന കാലത്തിന്റെ തുടക്കത്തിലേക്കു പറക്കുന്നു!

90
മടി മടുത്തപ്പോള്‍

വല്ലപ്പോഴും ചെയ്തിരുന്ന, വജ്ജ്രാസനമുള്‍പ്പെടെയുള്ള യോഗ നിര്‍ത്തിയിട്ടു വര്‍ഷങ്ങള്‍ പലതായി. ഇടയ്ക്ക്, ചെറുതായൊന്നു നടക്കാനും നീന്താനുമൊക്കെ തുടങ്ങിയിരുന്നെങ്കിലും എല്ലാം പെട്ടെന്നുതന്നെ ആവിയായിപ്പോയി. എന്റെ ചെറുത് അല്‍പ്പസ്വല്‍പ്പം ചിട്ടയൊക്കെ കാണിക്കുമ്പോള്‍, ജീവിതത്തിലിന്നുവരെ ഒരു നിഷ്ഠയും പാലിച്ചിട്ടില്ലാത്ത എന്റെ കണ്ണ് ചെറുതായിട്ടൊന്നു തള്ളാറുണ്ട്! അവള്‍ അല്‍പ്പാഹാരിയാണെങ്കിലും അതു സമയത്ത്, ഡൈനിംഗ് ടേബിളിലിരുന്നു കഴിക്കുമ്പോള്‍ അവളുടെ അമ്മയായ ഞാന്‍ അസമയങ്ങളില്‍ ടി വിയുടെ റിമോട്ടും കൈയില്‍പ്പിടിച്ച് കൗച്ചിലിരുന്നേ കഴിക്കാറുള്ളു! ഹോഴ്‌സ് റൈഡിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ ചെറുത് കൃത്യമായി വര്‍ക്കൗട്ട് ചെയ്ത് മസില്‍സൊക്കെ ടോണ്‍ ചെയ്‌തെടുക്കുമ്പോള്‍ 'ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്റീശ്വരാ' എന്നോര്‍ത്ത്, അമ്മയായ ഞാന്‍ വെറുതെ ചുരുണ്ടുകൂടി കൗച്ചിലിരിക്കും.
ഒരിക്കല്‍ അങ്ങനെ ചുരുണ്ടുകൂടിയിരിക്കുന്ന സമയത്ത്, ഒരു വെളിപാടുണ്ടായതുപോലെ ചാടിയെഴുന്നേറ്റ് ട്രെഡ്മില്ലില്‍ നടക്കാന്‍ തുടങ്ങി. ഷുഗറും കൊളസ്‌ട്രോളുമൊക്കെ പടിവാതിലിലെത്തി എന്നറിയുന്നതിനു കുറച്ചു മുമ്പായിരുന്നു അത്. ഉന്തിന്റെകൂടെ ഒരു തള്ളുമെന്നു പറഞ്ഞതുപോലെ, അതങ്ങു ക്ലച്ചുപിടിച്ചു!
എന്തായാലും അറുപതോടടുത്തപ്പോഴാണ് ആദ്യമായി കഠിനവ്യായാമമാരംഭിച്ചത്. മുട്ടുചിരട്ട ഒന്നു തെറ്റിയാല്‍ തീരാവുന്നതേയുള്ളു ഈ കസര്‍ത്തും അഭ്യാസവുമൊക്കെ.
എന്നാലും എപ്പോഴായാലും കഷ്ടപ്പെട്ടു ചെയ്യുന്നതിനേക്കാള്‍ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ് അതിന്റെയൊരിത്!

read more: https://emalayalee.com/writer/225

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക