Image

സൗഹൃദം (കവിത: രാജൻ കിണറ്റിങ്കര)

Published on 07 July, 2022
സൗഹൃദം (കവിത: രാജൻ കിണറ്റിങ്കര)

അത്
ഹൃദയ താളങ്ങളുടെ
നിശ്ശബ്ദമായ
തിരിച്ചറിവാണ്.

ഓർമ്മകളുടെ
മുഖപടത്തിനുള്ളിൽ
കാലം മായ്ക്കാത്ത
ചുമർ ചിത്രമാണ്

അവിചാരിതമായി
പടി കടന്നെത്തുന്ന
സമയം നോക്കാത്ത
അതിഥിയാണ്..

മണിക്കൂറുകളെ
നിമിഷങ്ങളിലേക്ക്
ആവാഹിക്കുന്ന
ചെപ്പടിവിദ്യക്കാരനാണ്

എന്തെന്നും എങ്ങിനെയെന്നും
പറയാതെയറിയുന്ന
മനസ്സിന്റെ 
വായനയാണ്

കണ്ണിർ ചാലുകളിൽ
പുഞ്ചിരിയുടെ
കടലാസുതോണിയിറക്കുന്ന
സാന്ത്വന ഛായയാണ്

ഓർമ്മകളുടെ
ഇല പൊഴിയും ചില്ലയിൽ
ചേക്കേറാനെത്തുന്ന
ഒറ്റക്കിളിയാണ്

ഏകാന്തതയുടെ
വിജന സന്ധ്യയിൽ
പടിഞ്ഞാറുദിക്കുന്ന
സൂര്യബിംബമാണ്.

സൗഹൃദം ....

Join WhatsApp News
പ്രൊഫ.കോശി തലയ്ക്കൽ. 2022-07-08 03:01:42
സൗഹൃദം പകരുന്ന വരികൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക