കോഴിക്കോട് പട്ടണത്തെ എന്നും ഒരുപാട്
ഇഷ്ടമായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ അപ്പനോടൊപ്പം കോഴിക്കോട് ആദ്യം എത്തിയപ്പോൾ താമസിച്ചത് പാളയത്തെ ഇംപീരിയൽ ഹോട്ടലിന്റെ
പതിമൂന്നാം നമ്പർ മുറിയിലായിരുന്നു.
ഇന്നും കോഴിക്കോട് എത്തിയാൽ ഇംപീരിയലിലെ
പതിമൂന്നാം നമ്പർ മുറിയിലാണ് ഞാൻ താമസിക്കുന്നത്.
കോഴിക്കോട്ടെ എൻ്റെ വീട്.
കോഴിക്കോട്ടെ കലാസാംസ്കാരിക രംഗത്തെ
പ്രമുഖരെ അക്കാലത്ത് ഇംപീരിയലിലെ പതിമൂന്നാം
നമ്പർ റൂമിൽ പലപ്പോഴായി ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.
1983ൽ പൗരധ്വനിയുടെ കോഴിക്കോട്ടെ പുതിയ
ഏജൻ്റായി ടി.പി നന്ദകുമാർ എന്ന പൊടിമീശക്കാരൻ,
ഡിഗ്രി വിദ്യാർത്ഥിയെ സെലക്ട് ചെയ്തതും ഇംപീരിയലിൻ്റെ പതിമൂന്നാം നമ്പർ റൂമിൽ വെച്ചായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ക്രൈം നന്ദകുമാറായി വളർന്നത് ചരിത്രം.
തെരുവത്ത് രാമൻ ചേട്ടൻ്റെ സായാഹ്ന
ദിനപ്പത്രമായ "പ്രദീപം" കോഴിക്കോടിന്റെ
ശബ്ദമായിരുന്നു. ഉച്ചതിരിയുമ്പോൾ "പ്രദീപേ..."
എന്ന് ഈണത്തിൽ വിളിച്ച് പത്രം വിൽക്കുന്ന
ഒരു മനുഷ്യനുണ്ടായിരുന്നു ആ കാലത്ത്. ഈണത്തിലുള്ള
ആ വിളി കോഴിക്കോടിന്റെ മുഖമുദ്രയായിരുന്നു.
പ്രദീപം പത്രം നിർത്തിയപ്പോൾ മാതൃഭൂമി നാലു
കോളം തലക്കെട്ടിൽ അന്ന് വാർത്ത എഴുതി,
"ആ വിളി നിലച്ചു.."
പറയാൻ ഉദ്ദേശിച്ചത് ഇതൊന്നുമല്ല, 1991ൽ,
മുട്ടാണിശ്ശേരിൽ കോയാക്കുട്ടി സാഹിബ്
പരിഭാഷപ്പെടുത്തിയ പരിശുദ്ധ ഖുറാൻ്റെ
പ്രിൻ്റിംഗുമായി ബന്ധപ്പെട്ട് ഞാൻ കോഴിക്കോട്
ഇംപീരിയലിൽ താമസിക്കുന്ന കാലം.
റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ
കാലിക്കട്ട് ടൈംസിലാണ് പ്രിൻ്റിംങ്ങ്.
ഈ കാലഘട്ടത്തിൽ ഞങ്ങൾ സുഹൃത്തുക്കൾ
ചേർന്ന് നടത്തിയ ഒരു വൈറ്റ് കോളർ
ഗുണ്ടായിസത്തെക്കുറിച്ചാണ് ഈ ഓർമ്മക്കുറിപ്പ്.
വൈറ്റ് കോളർ ഗുണ്ടായിസമെന്ന് വിശേഷിപ്പിച്ചത്
മറ്റാരുമല്ല, കേരളം കണ്ട പ്രമുഖ ക്രിമിനൽ
അഭിഭാഷകൻ, കുഞ്ഞുരാമ മേനോൻ വക്കീലായിരുന്നു.
കുഞ്ഞുന്നാളു മുതൽ എൻ്റെ ചങ്ങാതിയായിരുന്ന
സുരേഷ് മാത്യു അന്ന് കാലിക്കട്ട് ടൈംസിൽ
ജോലി ചെയ്യുന്നുണ്ട്. സുരേഷിന്റെ ബന്ധുക്കളായ
മനോജ് ചാണ്ടി, സുബിൻ തുടങ്ങി വലിയൊരു
സൗഹൃദവലയം കോഴിക്കോട് ഞങ്ങൾക്ക്
അന്നുണ്ടായിരുന്നു. എൻ്റെ നീല മാരുതി വാൻ
സന്ധ്യ ആയാൽ ഒരു ചെറിയ ബാറായി രൂപാന്തരപ്പെടും.
മാവൂർ റോഡിലെ ടോപ്പ് ഫോം ഹോട്ടലിന്റെ
സൈഡിലെ റോഡിലാണ് വാൻ പാർക്ക് ചെയ്യുന്നത്.
ഒരിക്കൽ ഇംപീരിയലിൽ പതിമൂന്നാം നമ്പർ റൂമിൽ
എത്തിയ സുരേഷിന്റെയും, സുബിൻ്റെയും, മനോജിൻ്റെയുമൊപ്പം പുതിയൊരു
പയ്യനുണ്ടായിരുന്നു. പേര് പറഞ്ഞ് എന്നെ
പരിചയപ്പെടുത്തി, പക്ഷേ ആ പേരിൽ ആ പാവത്തിനെ
ആരും അറിയുകയില്ല. എരുമ എന്നു പറഞ്ഞാലേ അറിയൂ.
ബൈപ്പാസിൽ ഉള്ള ഒരു പ്രമുഖ പാൽ കമ്പനിയിലെ
പാൽ എടുത്ത് കോഴിക്കോട് നഗരത്തിൽ വിതരണം
നടത്തുന്നുണ്ട് കക്ഷി, അങ്ങനെ വന്ന വിളിപ്പേരാണ്
എരുമ. എരുമ ഒരു പ്രശ്നത്തിലാണ്. പാൽ
കമ്പനി മുതലാളിക്ക് യഥാ സമയം പൈസ കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ, ആയാൾ എരുമയുടെ പുതിയ ബൈക്ക് പിടിച്ചു വെച്ചിരിക്കയാണ്.
ബൈപ്പാസിലെ പാൽ കമ്പനിയിൽ ബൈക്ക്
ഇരുപ്പുണ്ട്, അവിടെ നിന്നും അവർ അറിയാതെ ആ ബൈക്ക് പൊക്കണം. സംഭവം കേട്ടിട്ട് കൊള്ളാമല്ലോ
എന്ന് എനിക്ക് തോന്നി. ഒരു ത്രിൽ ഉണ്ട്. ഞാൻ സുരേഷിന്റെ
മുഖത്തേക്ക് നോക്കി, അവൻ രണ്ടു വട്ടം ഓകെയാണ്.
അങ്ങനെ ആ "ക്വട്ടേഷൻ" ഞങ്ങൾ ഏറ്റെടുത്തു.
വൈകുന്നേരം പതിവിലും നേരത്തെ അന്ന്
വീട്ടിൽ എത്താനും, വീടിന് മുൻപിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് പാരസെറ്റമോൾ മരുന്ന് വാങ്ങാനും, പലചരക്ക് കടയിൽ നിന്ന് പൊടിയരി വാങ്ങാനും, ഈ സമയത്ത് തനിക്ക് പനിയാണന്ന് കടകളിൽ പറയാനും ഏൽപ്പിച്ച് എരുമയെ
അന്ന് ഞങ്ങൾ യാത്രയാക്കി.
അന്ന് രാത്രി തന്നെ "ഓപ്പറേഷൻ" ഞങ്ങൾ പ്ലാൻ ചെയ്തു.
പാതിരാത്രിയിൽ ബൈപ്പാസിലുള്ള പാൽ കമ്പനിയുടെ
പുറകു വശത്തെ കൂറ്റൻ മതിൽ ചാടി ഞാനും, സുബിനും അകത്തു കടന്നു. കമ്പനിയുടെ മുൻവശത്ത്
ടാങ്കർ ലോറിയിൽ നിന്നും അകത്തേക്ക് പാൽ പമ്പ്
ചെയ്യുന്നുണ്ട്. പുറകു വശത്ത് ഇരുപതോളം സ്റ്റെപ്പുകൾ
കയറി ചെന്നപ്പോൾ ഒരു മുറിയിൽ കവാസാക്കി ബൈക്ക്
കണ്ടെത്തി. കൈയ്യിൽ കരുതിയിരുന്ന മാരുതി വാനിന്റെ
താക്കോൽ ഇട്ട് തിരിച്ചപ്പോൾ ഇഗ്നീഷ്യൻ ഓണായി. കുപ്പിയിൽ കൊണ്ടു വന്ന പെട്രോളും ഒഴിച്ച്, ഞങ്ങൾ
സ്റ്റെപ്പുകളിലൂടെ ശ്രമപ്പെട്ട് ബൈക്ക് താഴെയിറക്കി.
കമ്പനിയുടെ ഉള്ളിൽ തൊഴിലാളികൾ പാൽ പാക്കറ്റ്
ട്രേയിലേക്ക് മാറ്റുന്ന ജോലി ചെയ്യുകയാണ്.
താഴെയെത്തിയപ്പോഴാണ് അടുത്ത പ്രശ്നം,
ഗെയിറ്റിൽ സെക്യൂരിറ്റി കാവലുണ്ട്.
സുബിൻ കമ്പനിയുടെ പുറകിലൂടെ മറുവശത്തെത്തി
കൈയ്യിൽ ഇരുന്ന പഴയ ഒരു ട്രേ മുന്നിലേക്ക് എറിഞ്ഞു.
ശബ്ദം കേട്ട് സെക്യൂരിറ്റി ആ വശത്തേക്ക് പോയി.
ഈ സമയം ഞാൻ ബൈക്ക് തള്ളി ഗെയിറ്റ് കടത്തി
സ്റ്റാർട്ട് ചെയ്തിരുന്നു, ഓടി വന്ന് സുബിൻ ബൈക്കിൻ്റെ
പിന്നിൽ കയറിയതും, വണ്ടിയുമായി ഞങ്ങൾ പറപറന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ പിറ്റേന്ന് പതിനൊന്നു
മണിയോടെ നടക്കാവ് പോലീസ് സ്റ്റേഷനിൽ നിന്നും
എരുമയെ അന്വേഷിച്ച് വീട്ടിൽ രണ്ട് പോലീസുകാർ
എത്തി. കൃത്യമായി അവർ കവലയിലെ കടകളിൽ
അന്വേഷിച്ച ശേഷമായിരുന്നു വീട്ടിലെത്തിയത്.
പോലീസുകാരോട് എരുമയുടെ അപ്പനും, അമ്മയും
മകന് പനിയാണന്നും, രാത്രിയിലും, രാവിലെയും അവൻ വാങ്ങിക്കൊണ്ടു വന്ന പൊടിയരി കൊണ്ട് കഞ്ഞി ഉണ്ടാക്കി
കൊടുത്തെന്നും മൊഴി നൽകി. ഈ സമയം കമ്പിളി
പുതച്ച് ഇറങ്ങി വന്ന എരുമയെ കൂടി കണ്ടതോടെ
പോലീസുകാർ തിരികെ പോയി.
പക്ഷേ ഇവിടം കൊണ്ട് അന്വേഷണം നിന്നില്ല, പാൽ
കമ്പനി മുതലാളിയും സ്ഥലം CIയുമായുള്ള ഇരുപ്പു വശത്തിൽ അന്വേഷണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. മറുവശത്ത് പാൽ മുതലാളി എരുമയുടെ വീട്ടിലേക്ക്
ഫോൺ വിളിച്ച് അവനുമായി സംസാരിച്ചു.
"നീയറിയാത ബൈക്ക് കമ്പിനിയുടെ ഉള്ളിൽ നിന്നും
ആരും കൊണ്ടു പോകില്ല എന്നെനിക്ക് നന്നായി അറിയാം.
ആരാണ് ഇത് ചെയ്തതെന്ന് പറഞ്ഞാൽ തരാനുള്ള കാശും
നീ തരേണ്ട, ബൈക്കും എടുത്തോ.."
പാൽ മുതലാളിയുടെ പുതിയ അടവ് എരുമ വിളിച്ചു പറയുമ്പോൾ ഞങ്ങൾ ഒന്ന് വിരണ്ടു.
കാരണം പാൽ മുതലാളിയുടെ ഉന്നം എരുമയല്ല
ഞങ്ങളാണന്ന് വളരെ വേഗം ഞങ്ങൾ മനസ്സിലാക്കി.
പോലീസ് എരുമയെ പൊക്കിയിട്ട് നാലടി കൊടുത്താൽ തത്ത
പറയുന്നതുപോലെ നടന്നതെല്ലാം അവൻ വിളിച്ചു പറയും.
അതോടെ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി, ഒരു
വക്കീലിനെ കാണുക. വേണ്ടി വന്നാൽ ഒരു മുൻ
കൂർ ജാമ്യത്തിന് നിയമോപദേശം തേടുക.
മനോജിന്റെ ഒരു സുഹൃത്ത് പ്രമുഖ അഭിഭാഷകനായ കുഞ്ഞിരാമ മേനോൻ വക്കീലിന്റെ ജൂണിയറായി
പ്രാക്ടീസ് ചെയ്യുന്നുണ്ട്, അതുവഴി ഞങ്ങൾ
കുഞ്ഞുരാമ മേനോൻ വക്കീലിന്റെ മുന്നിലെത്തി.
നടന്ന കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ വക്കീൽ
ഒന്ന് അമർത്തി മൂളി, എന്നിട്ട് പറഞ്ഞു.
"വൈറ്റ് കോളർ ഗുണ്ടായിസം. അതും
കൊള്ളാവുന്ന വീടുകളിലെ ചെറുപ്പക്കാർ.."
പിന്നെ അങ്ങോട്ട് ഉപദേശമായിരുന്നു.
"ഇതിന് ഞാൻ നിനക്കൊക്കെ മുൻ കൂർ ജാമ്യമെടുത്ത് തന്നാൽ, നീയൊക്കെ അതൊരു ലൈസൻസായി കണക്കാക്കും, അതുകൊണ്ട് രണ്ടു ദിവസം അകത്തു കിടന്നു പഠിക്ക്. അതിന്റെ ഒരു സ്വാദ് അറിയട്ടെ, എന്താ..?"
വക്കീൽ പറഞ്ഞ് അവസാനിപ്പിച്ചു.
ഞങ്ങൾ തല കുനിച്ച് ഇരിക്കുകയാണ്.
"അപ്പോൾ ശരി, എനിക്ക് കുറച്ച് തിരക്കുണ്ട്.." വക്കീലിന്
താൽപര്യമില്ല എന്ന് മനസ്സിലാക്കി ഞങ്ങൾ പോകാൻ
എണീറ്റു. വളരെ ദയനീയമായി ഞാൻ വക്കീലിനെ
ഒന്ന് നോക്കിയിട്ട് ചോദിച്ചു.
"ഞാനൊരു കാര്യം പറയട്ടെ.."
"ഉം.. എന്താ"
"അല്ല വക്കീൽ സാറേ പാൽ കമ്പനി മുതലാളി പോലീസ്
സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടല്ലോ, ബൈക്ക്
മോഷണം പോയതായി.."
"അതിന്.."
"കൊടുക്കാനുള്ള പൈസ്സ റെഡിയാണന്നും, ബൈക്ക്
തിരികെ വേണമെന്നും പറഞ്ഞ് നമുക്ക് പോലീസ്
സ്റ്റേഷൻ വഴിയൊന്നു മൂവ് ചെയ്താലോ..?
കുഞ്ഞു രാമ മേനോൻ വക്കീലിന്റെ മുഖത്ത് സൂര്യനുദിച്ചു.
അങ്ങനെ വാദി പ്രതിയായി. പാൽ കമ്പനി മുതലാളി
എരുമയുടെ മുന്നിൽ അടിയറവ് പറഞ്ഞു. പക്ഷേ പിന്നീട് വളരെ കാലം എരുമയോട് അയാൾ ചോദിക്കുമായിരുന്നു,
അന്ന് ആരാണ് അത് ചെയ്തതെന്ന്!!!
#വാൽകഷ്ണം
പ്രിയപ്പെട്ട പാൽ കമ്പനി മുതലാളീ..
ഈ കുറിപ്പ് നിങ്ങൾ വായിക്കുകയാണങ്കിൽ,
ഇപ്പോൾ മനസ്സിലായി കാണുമല്ലോ ആ
ക്വട്ടേഷൻ്റെ പുറകിൽ ആരൊക്കെയായിരുന്നന്ന്.
പ്രതികാരം ചെയ്യരുത്, ഞങ്ങൾ നാലു പേരും
ഭാര്യയും, കുഞ്ഞു കുട്ടി പരാധീനങ്ങളുമായി
ജീവിക്കുന്നവരാണ്...
മാപ്പാക്കണം!!!