അവൾക്ക് നരകങ്ങളെ - ക്കുറിച്ചറിയാമായിരുന്നു...
പറഞ്ഞില്ല
തേളുകളുടെ
വാൽമുനക്കുത്തുകളെ
പുതിയ കാക്കപ്പുള്ളികൾ എന്നാണ്
കണ്ണിറുക്കി ചിരിച്ചത്
കാൽത്തുടകളിലെ
കറുത്തുകുഴിഞ്ഞ
വലിയ പുള്ളികളെക്കുറിച്ചും
അവൾ ഉത്തരമില്ലാത്ത
കുട്ടിയെപ്പോലെ കണ്ണിറുക്കി..
ഇടക്കെപ്പോഴോ ഇരുതുള്ളി
നരകത്തിലെ നാരക നീര്
കണ്ണിലൂടെ കിനിഞ്ഞിറങ്ങുന്നുവെന്നു
തോന്നിയപ്പോഴാണ്
ഷാളിൻ തുമ്പാൽ തോർത്തിക്കളഞ്ഞത്
നിന്നിടമെങ്ങാനും ദ്രവിച്ചു പോയെങ്കിലെന്നാവും..
ഞാൻ ചോദിച്ചില്ല...
മടുത്തു കരിഞ്ഞപ്പോഴാവണം
എനിക്കാ നരകത്തിലേക്ക് പോവണ്ടപ്പാ
എന്നൊരു വട്ടം
അവളെന്നിൽ മുറുകി ഞെരിഞ്ഞാർന്നത്..
ഞാൻ നൂൽപ്പാലത്തിനപ്പുറത്തെ
സ്വർഗ്ഗത്തെയോർമ്മിപ്പിച്ചു
തലോടിയിറക്കി
ഞാൻ ,
കാണാത്ത സ്വർഗത്തെ കാട്ടിക്കൊടുക്കണേ
എന്നു പ്രാർത്ഥിച്ചു പടിയിറക്കുമ്പോ
അവള്
കണ്ടുമടുത്ത നരകത്തിലേക്ക്
കനൽ വാലുള്ള ഒച്ചുപോലെ
വേച്ചു നീങ്ങി...
പിന്നെ കുഞ്ഞ് വിളിച്ചില്ല
നരകത്തിലെ തീക്കൊള്ളികളെ
പേടിക്കേണ്ടെന്നു പറഞ്ഞില്ല
പാമ്പുകൾക്ക് വിഷം കാണില്ലെന്ന്
ചിരിച്ചില്ല....
പഴുതാരയുടെ കാലുകൾക്ക്
വാതമായിരിക്കുമെന്നു
നിശ്വാസപ്പെട്ടില്ല...
മിനിറ്റുകൾ നീളുന്ന
മൗനം കൊണ്ട് ഞങ്ങടെ
തിരക്കുകളെ
വീർപ്പു മുട്ടിച്ചില്ല..
ഇന്നലെ കാണുമ്പോ
കഴുത്തിന് ചുറ്റും
ചുവപ്പ് നാട ചുറ്റിയ പോലൊരു
പാടുണ്ടായിരുന്നു..
നരകത്തിലെ തീക്കയ്യുള്ള
നീരാളിപ്പിടുത്തത്തിൽ
ഞെരിഞ്ഞതിന്റെയായിരിക്കണം
കവിളേലടിച്ചു കൂവിയിട്ടും
കണ്ണടച്ചു കിടന്നതല്ലാതെ
ഒന്നും പറഞ്ഞില്ല...!
അവൾക്ക്
നരകത്തെക്കുറിച്ച്
എല്ലാമറിയാമായിരുന്നു..
സ്വർഗ്ഗത്തിൽ പോണെന്ന
നനഞ്ഞ കുറിപ്പിൽ
'അപ്പന് 'എന്ന മുറിപ്പാട്
വായിച്ച് വായിച്ച്
കണ്ണിന് തീപ്പിടിക്കുവോളം
ഞനൊന്നും ചോദിച്ചില്ല...!