Image

ഞായർ സായന്തനങ്ങൾ : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 11 )

Published on 09 July, 2022
ഞായർ സായന്തനങ്ങൾ : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 11 )

"ജീവിച്ചതല്ല ജീവിതം, പറഞ്ഞു കേൾപ്പിക്കുവാൻ വേണ്ടി നാം എന്ത് ഓർമ്മയിൽ വയ്ക്കുന്നു, എങ്ങനെ ഓർമ്മയിൽ വയ്ക്കുന്നു എന്നതാണ് ജീവിതം ".(ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ Living to tell the tale 'കഥ പറയാനൊരു ജീവിതം' എന്നു വിവർത്തനം ചെയ്യുമ്പോൾ - സുരേഷ് എം. ജി.)

ഈ കുഞ്ഞു ജീവിതത്തിൽ നമ്മൾ കൂടെക്കൂട്ടാത്ത എന്തെങ്കിലുമുണ്ടോ?
കഴിഞ്ഞ രണ്ടുമൂന്നു മെഡിക്കൽ ഡയറികൾ വായനക്കാരെ വല്ലാതെ കരയിച്ചു എന്നറിഞ്ഞു. അതുകൊണ്ട് രോഗികളുമായി ബന്ധമില്ലാത്ത ഒരു കഥ പറഞ്ഞാലോ എന്നൊരു തോന്നൽ. ഇതിനും പക്ഷേ അടുക്കും ചിട്ടയുമുള്ള ഓർമ്മകൾ വേണം . നിങ്ങൾക്കറിയുമോ അന്നേസ്തെഷ്യയിൽ നിന്നുണർന്ന ഉടനെ ഒരു രോഗി എന്താണ് എന്നോട് ആവശ്യപ്പെട്ടതെന്നു?!
'ഡോക്ടറേ എനിക്കിത്തിരി കള്ളു തരുമോ..' സംഭവം  കെ.എം.സി മണിപ്പാലിൽ അന്നേസ്തെഷ്യ പി. ജി ചെയ്യുന്ന ആദ്യ കാലം . കോഴിക്കോട്ടു നിന്നു വന്ന് എന്റെ ടേബിളിൽ ഓപ്പറേഷൻ കഴിഞ്ഞ ഒരു രോഗിയാണിത് ചോദിക്കുന്നത് . എന്റെ ടേബിൾ ചാർജ് ആയ Dr. Aathma Prasanna എന്നോട് ചോദിച്ചു - "whats he asking for "? 
അല്പം പരുങ്ങലോടെ ഞാൻ പറഞ്ഞു,
'sir he is asking for Toddy.' 
Toddy??
Yes toddy 
ഞാൻ repeat ചെയ്തു. 
അല്പം violent ആകാൻ തുടങ്ങിയ രോഗിയെ റിക്കവറി റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു. ഹോസ്പിറ്റലിൽ അകപ്പെട്ടു പോയ അങ്ങേർക്കു alcohol withdrawal സിംപ്‌റ്റം ആയി എന്നു പറഞ്ഞാൽ മതി. ശേഷം അങ്ങേരെ psychiatric വാർഡിലേക്ക് മാറ്റി.

ഇതിൽ പിന്നെ കള്ളെന്നു കേട്ടാൽ എനിക്കാകെ ഒരു പരുങ്ങലാണ് . ഈ പാലാക്കാരാണേൽ സ്വന്തം തെങ്ങു ചെത്തി നല്ല മധുരക്കള്ളുണ്ടാക്കും. ചെത്തുകാരനും ഉടമസ്ഥനും പങ്കുകള്ളുണ്ട്. അപ്പോൾ വീട്ടിൽ കുറെ ജൈവ തെങ്ങിൻകള്ളു കിട്ടുന്ന കാലം. 
ഓ... എന്റെ ഗതികേടിനു ഞാനിത് എന്റെ അടുത്ത ചില സ്ത്രീ സുഹൃത്തുക്കളോട് പറഞ്ഞു പോയി. അപ്പോൾ തുടങ്ങി എല്ലാത്തിനും മധുരക്കള്ളു കുടിക്കാൻ ഒരേ ശാഠ്യം . 
ആഴ്ച്ച അവസാനം വീട്ടിൽ പോയി വരുന്നവർ ഹോസ്റ്റലിൽ കുത്തിയിരിക്കുന്നവർക്ക് കപ്പ, ചക്ക, beef fry, fish fry, ഞണ്ട്, വണ്ട്, കല്ലിന്മേൽക്കായ എന്നിവ കൊണ്ടു വരണമെന്നുള്ളത് ഒരു അലിഖിത നിയമമാണ്.സത്യത്തിൽ മെഡിക്കൽ കോളേജ് മെസ്സിലെ ഫുഡ്‌ അത്യാവശ്യം നല്ലതായിരുന്നു. തിങ്കൾ, വ്യാഴം അത്താഴത്തിനു ചിക്കൻ കറി. ബാക്കി ദിവസങ്ങളിൽ ബീഫ് ഫ്രൈ. ലഞ്ചിന് എന്നും മീൻ കറി or ഫ്രൈ. ഒരു pure നോൺ വെജ് ആയ ഞാൻ മറ്റു പല കറികളിലേക്കും നോക്കിയിരുന്നില്ല. നല്ല ഒന്നാന്തരം മോരുണ്ടാവും എന്നും. 

വീട്ടിൽ പോയി വരുന്നവരൊക്കെ മേൽപ്പറഞ്ഞ ഐറ്റംസ് കൊണ്ടുവരുന്നത് ഒരു ബോണസ് ആണ്. ഈ കള്ളു കേസ് പക്ഷേ ആദ്യമാണ്.. ആദ്യത്തെ പ്രതി ഞാനും.

അമ്മയോട് ശനിയാഴ്ച ഞാൻ വിവരം പറഞ്ഞു. എനിക്കു നാളെ പോകുമ്പോൾ കൊണ്ടുപോകാൻ കുറച്ചു കള്ളു വേണം.

അമ്മയെന്നെ ആദ്യം കാണുന്ന മാതിരി മിഴിച്ചു നോക്കി. അപ്പുറം ഇപ്പുറം നോക്കിയിട്ട് അമ്മ പറഞ്ഞു 'എന്നോട് പറഞ്ഞതു പറഞ്ഞു, ഇനി മിണ്ടിപ്പോകരുത്, പറഞ്ഞേക്കാം. ചാച്ചനെങ്ങാൻ അറിഞ്ഞാൽ ഇതോടെ പഠിത്തം കഴിഞ്ഞു'. 
അതു ചെയ്യുന്ന അപ്പനാ എന്റെ അപ്പൻ. ഞാൻ ദിവസം മുഴുവൻ വീർപ്പിച്ചു നടന്നു. എന്നാലും കിട്ടിയതൊക്കെ കുശാലായി കഴിച്ചു. 

ഞായറാഴ്ച ചെത്തുകാരൻ വന്നു പോകുന്നത് ഞാൻ ശരിക്കും  കണ്ടു. ആകാശത്തിനന്ന്‌ നല്ല തെളിമയുണ്ടായിരുന്നു. അമ്മച്ചി വീതക്കള്ളു വാങ്ങി അകത്തു വച്ചത് ഞാനെന്റെ കണ്ണു കൊണ്ടു കണ്ടതാണ്. അമ്മയുടെ കണ്ണു വെട്ടിച്ചു മോട്ടിക്കാം എന്നു വിചാരിച്ചാൽ വീടു നിറച്ച് ആളുകളുള്ള സമയം.. നിനക്കെന്താ ഒരു പ്രസാദമില്ലാത്തത്? അങ്ങളമാരിൽ ആരോ തിരക്കി.

ഒന്നിനെയും നമ്പാൻ കൊള്ളില്ല. കള്ളില്ലാതെതന്നെ ഞാൻ പോകാൻ തീരുമാനിച്ചു. എന്റെ അഭിമാനത്തിനാണ് ക്ഷതമേൽക്കാൻ പോകുന്നത്..ഞാനൊരു നുണച്ചി ആണല്ലോ എന്നെന്റെ സുഹൃത്തുക്കൾ വിചാരിക്കും എന്നതാണ് എന്നേ ഏറെ വ്യാകുലപ്പെടുത്തിയത്.
ഞാൻ ഉച്ചതിരിഞ്ഞു മടക്കയാത്രയ്ക്കൊരുങ്ങി. 
അമ്മ തന്ന എല്ലാത്തിനോടും  'No' എന്നു പ്രതികരിച്ചു. 
യാത്ര പറഞ്ഞിറങ്ങാൻ ഞാൻ അമ്മയെ കണ്ടു. 
അമ്മ പേപ്പറിൽ പൊതിഞ്ഞ എന്തോ ഒന്ന് എനിക്കുനേരേ നീട്ടി.
"ഇതാ അരക്കുപ്പിയുണ്ട്, ബാഗിലിട്ടു വേഗം സ്ഥലം വിട്ടോ".

ഞാൻ അമ്മയെ നന്ദിയോടെ നോക്കി. 
ഇതിനു നല്ല മധുരമുണ്ടാകുമോ?മധുരക്കള്ളെന്നല്ലേ ഞാൻ ഗമ പറഞ്ഞു വച്ചിരിക്കുന്നത്. ഞാനതിൽ രണ്ടു സ്പൂൺ പഞ്ചസാര കൂടി ഇട്ടുകൊടുത്തു. 

അമ്മ കണ്ടില്ല, ഞാൻ വേഗം പടികളിറങ്ങി. ഏതോ കഞ്ചാവ്, കള്ളപ്പണം, സ്വർണ്ണം , ഓട്ടുരുളി ഇവ കടത്തിക്കൊണ്ടുപോകുന്ന ഒരുവളെ നോക്കും പോലെ അമ്മയെന്നെ നോക്കി നിന്നു. 

റബ്ബർത്തോട്ടത്തിലെ നിഴലുകൾക്കിടയിലൂടെ നടക്കുമ്പോഴും എനിക്കുള്ളിൽ അഭിമാനം തോന്നി. എന്റെ ബാഗിൽ ദാ നല്ല ജൈവ മധുരക്കള്ള്. 
ഞാൻ ആകാശത്തിലെ മേഘത്തുണ്ടുകളോടു പറഞ്ഞു, വഴിയിൽ കണ്ട പട്ടിയോടും പൂച്ചയോടും പറഞ്ഞു, വഴിയരികിലെ പുഴയോടും പറഞ്ഞു - 
ദാ ഈ ബാഗിൽ കൂട്ടുകാർക്കുള്ള മധുരക്കള്ളുണ്ട്. 

ബസ്സ്റ്റോപ്പിലേക്കുള്ള ഒരു കിലോമീറ്റർ ദൂരത്തിന്റെ പകുതി എത്തിക്കാണും - ബാഗിനുള്ളിൽ നിന്നും  'കിം ണിം ' എന്നൊരു അത്യപൂർവ്വ ശബ്ദം ... 
ഞാൻ വഴിയിൽ പകച്ചുനിന്നു. 

കള്ളുകുപ്പി പൊട്ടിയിരിക്കുന്നു. ബാഗ് എങ്ങും തട്ടിയില്ല പിന്നെങ്ങിനെ ഇത് ? 
ഞാൻ ബാഗ് തുറന്ന് വേഗം പേഴ്സ് കയ്യിലെടുത്തു. നോട്ട് നനയരുതല്ലോ. 

ആകെ കള്ളുനാറ്റം. 
വീട്ടിലേക്കു തിരിച്ചു പോകുന്ന കാര്യം ആലോചിക്കുകയേ വേണ്ട. 

പൊട്ടിയ കുപ്പിത്തുണ്ടുകൾ ശ്രദ്ധയോടെ പുറത്തെടുത്ത് വഴിയരികിൽ നിന്ന കാഞ്ഞിര മരച്ചുവട്ടിൽ തട്ടി. അവിടെ അന്ന് ഈ ഒരു കാഞ്ഞിരമരമേ ഉണ്ടായിരുന്നുള്ളു. കാഞ്ഞിരത്തിനു ചില പ്രത്യേകതകളൊക്കെയുണ്ട്. ഒരു വശത്ത് അത് ഔഷധവും മറുവശത്ത് അത് വിഷവുമാണ്.  അത് ഉപയോഗം പോലിരിക്കും . 

കുപ്പിച്ചീളുകൾ കളഞ്ഞ്  ഒന്നും അറിയാത്ത പോലെ ഞാൻ ബസ് സ്റ്റോപ്പിലേക്കു നടന്നു. . എന്നെ കണ്ടാൽ കിണ്ണം കട്ടവൻ എന്നു തോന്നുമോ എന്ന ഒരു  ഭാവം എന്റെ മുഖത്തുണ്ടായിരുന്നു ..

കവലയിൽ ചെന്നതും ബസ് വന്നു. കള്ളുനാറുന്ന ബാഗും താങ്ങി ഞാൻ ബസ്സിൽ കയറി. കണ്ടക്ടർ വരുമ്പോൾ  ഗമയിൽ കള്ളുപറ്റാത്ത നോട്ടെടുത്തു കൊടുത്തു. എന്നിട്ടും അയാൾ എന്നെ തുറിച്ചുനോക്കി. മൂക്കു വിടർത്തി മണം പിടിച്ചു. പിന്നീടയാൾ എന്നെവിട്ട് അപ്പോൾ കയറിയ ചില പുരുഷന്മാരുടെ അടുക്കലേക്കു പോയി. 

ബസ് മുഴുവൻ കള്ളു നാറിയാൽ പിന്നെ യഥാർത്ഥ പ്രതിയെ കണ്ടുപിടിക്കാൻ പാടാണ്. 
സ്ത്രീകൾ കുടിച്ചിട്ടു വരില്ലല്ലോ. 
ഒരു സ്ത്രീ ആയതിൽ ഞാൻ അഭിമാനിച്ച നിമിഷങ്ങൾ.
           ബസ്സിനുള്ളിലെ ഒരു മണിക്കൂർ പലരും എന്നെ സംശയിച്ച പോലെ എനിക്കു തോന്നി .. അതൊക്കെ ഞാനങ്ങ് ധൈര്യപൂർവ്വം മടക്കിവിട്ടു. 

മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്സ്റ്റലിനു മുൻപിൽ ബസ്സിറങ്ങിയ എന്റെ വരവും കാത്ത് ചിലർ മുപ്പത്തി അഞ്ചാം നമ്പർ റൂമിൽ അക്ഷമരായി കാത്തിരിക്കുന്നു . കപ്പയും, കല്ലിന്മേൽ ക്കായയും, ബീഫ് ഫ്രൈയും കൂടെ ജൈവ മധുരക്കള്ളും കൂട്ടി സൺ‌ഡേ ഈവെനിംഗ് അടിച്ചു പൊളിക്കാൻ. 

റൂമിൽ കയറിയപാടെ അവരെന്റെ ബാഗിനു പിടുത്തമിട്ടു.
"എടുക്കൂ മധുരക്കള്ള് " അവർ കോറസായി. 

ബാഗ് വലിച്ചെറിഞ്ഞിട്ട് കട്ടിലിൽ കമിഴ്ന്നു കിടന്നു ഞാൻ കുടുകൂടാ പൊട്ടിച്ചിരിച്ചു. 

മെഡിക്കൽ ഹിസ്റ്ററി എടുക്കും പോലെ ഹിസ്റ്ററി എടുത്ത അവർ ഒറ്റക്കെട്ടായി ഒരു diagnosis ൽ എത്തി. ആഡ് ചെയ്ത ഷുഗറാണ് ഈ പൊട്ടിത്തെറിക്കു പിന്നിലെ കാരണം. 'മണ്ടശിരോമണീ 'അവർ കൂകി വിളിച്ചു..

"അതിൽപിന്നെ 'അവൾ' കള്ളിനോട് കളിച്ചിട്ടില്ല ".. ദൈവത്തിനു സ്തുതി.

Dr. Kunjamma george 7/72022.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക