Image

മലയാള ഭാഷയുടെ പ്രാധാന്യം തിരിച്ചറിയണം : ഗോപിനാഥ് മുതുകാട്

Published on 09 July, 2022
മലയാള ഭാഷയുടെ പ്രാധാന്യം തിരിച്ചറിയണം : ഗോപിനാഥ് മുതുകാട്

നമ്മുടെ നാട്ടില്‍ പോലും മലയാള ഭാഷയ്ക്ക് നമ്മള്‍ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഫൊക്കാന കണ്‍വെന്‍ഷന്‍ സാഹിത്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനായി ഫൊക്കാന ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. മലയാള ഭാഷയ്ക്ക് മലയാളക്കര എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്  എന്നത് വ്യക്തമാക്കാന്‍ ഉദാഹരണമായി എംടിയുടെ ഒരു കഥ പറഞ്ഞു കൊണ്ടാണ് മുതുകാട് തുടങ്ങിയത്. 

പാഷ, ഹൗഡിനി എന്നിങ്ങനെ രണ്ട് പേരാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കഥയില്‍ മാന്ത്രികരായ ഇരുവരും തമ്മില്‍ മത്സരം നടക്കുകയും പാഷ ഹൗഡിനിയെ തോല്‍പ്പിക്കുയും ചെയ്യുന്നു. നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ജാലവിദ്യക്കാരന്‍ എന്ന് പറഞ്ഞുകൊണ്ട് ഹൗഡിനി തന്റെ മാന്ത്രിക കിരീടം പാഷയെ അണിയിക്കുന്നു. പാഷ ലോകത്തിന്റെ പല കോണുകളിലും പോയി ജാലവിദ്യകള്‍ കാണിക്കുന്നു, നിരവധി പാരിതോഷികങ്ങളും അഭിനന്ദനങ്ങളും ലഭിക്കുന്നു. അവസാനം ഒരു കടലോര ഗ്രാമത്തിലെത്തി അവിടെയും തന്റെ മാജിക് കാണിക്കുന്നു. പക്ഷേ, അവിടെ കാണികളുടെ മുഖത്ത് പുച്ഛഭാവം മാത്രം. പാഷ എന്തൊക്കെ കാണിച്ചിട്ടും ജനങ്ങള്‍ അതൊക്കെ വെറും ട്രിക്കാണെന്ന് പുച്ഛിച്ചുതള്ളി. 

ഒടുവില്‍ നിരാശനായ പാഷ കത്തിയെടുത്ത് സ്വന്തം നെഞ്ചില്‍ കുത്തിക്കീറി ഹൃദയം പുറത്തെടുത്ത് ഇതുമതിയോ നിങ്ങള്‍ക്ക് എന്നു ചോദിച്ചു. എന്നാല്‍, ഇത് വെറും പ്ലാസ്റ്റിക് ഹൃദയമാണ് എന്നായിരുന്നു ആളുകളുടെ മറുപടി. മരിച്ചുവീഴുന്നതിനു മുന്‍പ് പാഷ ശിഷ്യരോട് ചോദിച്ചു 'ഇതേതാണ് സ്ഥലം' എന്ന്. ശിഷ്യര്‍ മറുപടി പറയുന്നു 'ഇതാണ് കേരളം'. 

ഈ കഥയൊരു ഉദാഹരണമാണ്. മലയാള ഭാഷയുടെ പ്രാധാന്യം കേരളത്തിലുള്ളവര്‍ തിരിച്ചറിയുന്നതിലുമധികമായി പുറത്തുള്ളവര്‍ മനസ്സിലാക്കുന്നു. ഏത് രാജ്യത്ത് പോയിക്കഴിഞ്ഞാലും നമ്മുടെ മാതൃഭാഷയായ മലയാളം മനോഹരമാണ്. മണ്ണിന്റെ മണമുള്ള നമ്മുടെ ഭാഷയെ പരിപോഷിപ്പിക്കുന്നതിനും ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നതിനും വേണ്ടി ഫൊക്കാന നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയം കൊണ്ട് ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും മുതുകാട് പറഞ്ഞു. ഞാനും ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ആത്മകഥാ സ്പര്‍ശമുള്ള എന്റെ പുസ്തകത്തിന്റെ പേര് ഓര്‍മ്മകളുടെ മാന്ത്രിക സ്പര്‍ശം എന്നാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക