HOTCAKEUSA

ഹൃദയം കവർന്ന വാക്കുകൾ: ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ കേട്ട് കണ്ണ് നനഞ്ഞു  

Published on 11 July, 2022
ഹൃദയം കവർന്ന വാക്കുകൾ: ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ കേട്ട് കണ്ണ് നനഞ്ഞു  

ഫൊക്കാന ചെയ്ത നന്മയ്ക്ക് മുന്നിൽ കൈകൾ കൂപ്പുന്നുവെന്ന്  പറഞ്ഞ മജീഷ്യൻ ഗോപിനാഥ് മുതുകാട് സ്വന്തം ജീവിത കഥ വരച്ചു കാട്ടിയപ്പോൾ  കാണികളുടെ കണ്ണ്  നനഞ്ഞു, ഹൃദയം ആർദ്രമായി 

അച്ഛൻ കുട്ടിക്കാലത്ത് പറഞ്ഞുതന്ന കഥകളാണ് മാജിക്കിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ ജനിപ്പിച്ചത്. ഏഴാം വയസ്സിൽ മാജിക് പഠിച്ചുതുടങ്ങുകയും പത്താം വയസ്സിൽ സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് 45 വർഷം മാജിക് അല്ലാതെ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. പി.എസ്.സി ടെസ്റ്റ് ഞാൻ എഴുതിയിട്ടില്ല, ഒരു ജോലിക്കും അപേക്ഷിച്ചിട്ടില്ല. ഇതൊരു മോശം മേഖലയാണെന്നു  നിരവധി ആളുകളിൽ നിന്ന് കേട്ടിട്ടുണ്ട്. തെരുവിലാണ് മാജിക്കുകാരന്റെ സ്ഥാനമെന്നും പലരും പറഞ്ഞിരുന്നു.

കോട്ടയത്തും തിരുവനന്തപുരത്തും റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും കിടന്നുറങ്ങി.  പ്രോഗ്രാമിന് വേദി ലഭിക്കാൻ ആദ്യകാലത്ത് ഒരുപാട് അലഞ്ഞിട്ടും കഷ്ടപ്പെട്ടിട്ടുമുണ്ട്. അന്നൊക്കെ, ജീവിതത്തിന്റെ അവസാനശ്വാസം വരെ മജീഷ്യനായി തുടരാനാണ് ആഗ്രഹമെന്ന് ഞാൻ പറയുമായിരുന്നു. 

എന്നാൽ, നമ്മുടെ ചിന്തകൾ ഏത് നിമിഷമാണ് വഴിമാറി ഒഴുകുക എന്നു പറയാനാകില്ല. ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി കേരള സർക്കാർ കാസർഗോഡ് നടത്തിയ പരിപാടിയിൽ പങ്കെടുത്തതാണ് എന്റെ ജീവിതലക്ഷ്യം മാറ്റിമറിച്ചത്. എൻഡോസൾഫാന് ഇരയായ നിരവധി കുരുന്നുകൾ കാസർഗോഡ് ഉണ്ടെന്ന് നമുക്കറിയാം. ഒരു മാസം മുൻപാണ്  28 വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളെ നിസ്സഹായയായ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ വായിച്ചത്. 

ആറുമാസം പ്രായമായ കുട്ടിയെ എന്നപോലെ മകളെ എടുത്തുകൊണ്ടുവന്ന അമ്മയുടെ ചിത്രം കണ്ണിൽ നിന്നുമായില്ല .32 കാരിയായ ആ മകളുടെ ദാരുണ അവസ്ഥയ്ക്ക് കാരണം എൻഡോസൾഫാൻ ആണെന്ന് വേദനയോടെ ആ അമ്മ പറഞ്ഞു. സ്റ്റേജിൽ പരിപാടി അവതരിപ്പിക്കാൻ കയറുന്നതിന് മുൻപും കർട്ടൻ ഉയരുന്നതുവരെയും ഭിന്നശേഷിക്കാരായ കുട്ടികളാണ് എന്റെ മുന്നിലിരിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. സെറിബ്രൽ പാൾസി ബാധിച്ച, കണ്ണുകാണാത്ത, കാതുകേൾക്കാത്ത, വലിയ തലയുള്ള മക്കളെക്കണ്ട് എന്റെ ഉള്ള് പിടഞ്ഞു. 

അമ്മ ഭക്ഷണം വായിൽ വച്ച് ചവച്ചരച്ച് കൊടുക്കുമ്പോഴല്ലാതെ സ്വയം ചവയ്ക്കാൻ പോലും അറിയാത്ത കുട്ടിയെക്കുറിച്ച് കേട്ടപ്പോൾ എന്റെ കയ്യിലെ ഭക്ഷണപാത്രം താഴെ വീണു. അതുവരെ നമ്മുടെ ചിന്തകളിലൂടെ കടന്നുപോകാതിരുന്ന നിരവധി പ്രശ്നങ്ങളാണ് അവിടത്തെ അമ്മമാർക്ക് പറയാനുണ്ടായിരുന്നത്. അവരിൽ പലരെയും ഭർത്താക്കന്മാർ ഉപേക്ഷിച്ചുപോയിരുന്നു. ആ അമ്മമാരുടെ കണ്ണീർ തുടയ്ക്കുന്നതിനും അവരുടെ ചുണ്ടുകളിൽ ചിരി വിരിയിക്കുന്നതിനും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഞാൻ കെ.കെ.ശൈലജ ടീച്ചറോട് പങ്കുവച്ചു. 

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ മാജിക്  പഠിപ്പിക്കാനായിരുന്നു എന്റെ തീരുമാനം.  അതിന് ആറു മാസത്തിന് ശേഷം എന്റെ ജീവിതത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ നിമിഷമായിരുന്നു. വൈസ് പ്രസിഡന്റ്, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ ആ കുഞ്ഞുമക്കൾ മാജിക് ഷോ അവതരിപ്പിച്ച് താരങ്ങളായി. അവർ പെർഫോം ചെയ്യുന്ന സമയം മുഴുവൻ ഞാൻ സ്റ്റേജിനു പുറകിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു. ലോകത്തെവിടെ ആയിരുന്നാലും അവരുമായി വീഡിയോ കോളിലൂടെ എന്നും  സംസാരിക്കാറുണ്ട്. അവർക്ക് എന്നെയോ എനിക്ക് അവരെയോ ഒരുദിവസം പോലും കാണാതിരിക്കാൻ കഴിയാത്തത്ര സുദൃഢമായ ആത്മബന്ധമാണ് ഇന്നുള്ളത്. ഇരുന്നൂറ് മക്കളുടെ അച്ഛനാണ് ഞാൻ. 

മാജിക്കിന്റെ ഉപകരണങ്ങളും അതിനായി പടുത്തുയർത്തിയ സാമാജ്യവും ഇന്ന് പൊടിപിടിച്ചു കിടക്കുകയാണെങ്കിലും, അതൊന്നും എന്നെ ബാധിക്കുന്നതേ ഇല്ല. അവസാനശ്വാസം വരെ, ഇനി ആ കുരുന്നുകൾക്ക് വേണ്ടി ജീവിക്കണമെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. പണത്തിന് പിറകേ ഒരുകാലത്തും പറക്കരുതെന്ന് ഞാൻ എന്റെ കുട്ടികളോട് എപ്പോഴും പറഞ്ഞുകൊടുക്കാറുണ്ട്. പണം സമ്പാദിച്ചുകൂട്ടുന്നതിൽ ഒരർത്ഥവുമില്ല.

ഒരു രാജ്യം കഴിഞ്ഞാൽ അടുത്ത രാജ്യം എന്ന രീതിയിൽ എല്ലാം വെട്ടിപ്പിടിച്ചയാളാണ് അലക്‌സാണ്ടർ ചക്രവർത്തി. സോക്രട്ടീസിൽ നിന്ന് പ്ലാറ്റോയിലേക്കും,  പ്ലാറ്റോയിൽ നിന്ന് അരിസ്റ്റോട്ടിലിലേക്കും, അരിസ്റ്റോട്ടിലിൽ നിന്ന് അലക്‌സാണ്ടറിലേക്കും ശിഷ്യഗണങ്ങൾ മാറുന്ന സമയത്ത് സോക്രട്ടീസ് എവിടെ നിൽക്കുന്നു,അലക്‌സാണ്ടർ എവിടെനിൽക്കുന്നു? ഇക്കാര്യം ചിന്തിക്കണം. 

അലക്‌സാണ്ടറിന് ആകെ ഉണ്ടായിരുന്നത് ലോകം വെട്ടിപ്പിടിക്കണമെന്ന മോഹമായിരുന്നു. അലക്‌സാണ്ടർ കൊട്ടാരത്തിൽ ജീവിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ, ദൂരെ ഒരു കുടിലിലാണ് കഴിഞ്ഞിരുന്നത്. മകനേ എനിക്ക് വയ്യ, അടുത്തേക്ക് വരൂ എന്നുപറഞ്ഞ് ആ അമ്മ പലപ്പോഴും കൊട്ടാരത്തിലേക്ക് ദൂതന്മാരെ അയച്ചിരുന്നു. പക്ഷേ, ഒരു രാജ്യം കൂടി കീഴടക്കിയിട്ട് അമ്മയെ വന്ന് കാണാമെന്ന് അലക്‌സാണ്ടർ പറഞ്ഞുകൊണ്ടേയിരുന്നു. അരിസ്റ്റോട്ടിൽ അലക്‌സാണ്ടറിനോട് ഡയോജനിസിനെ പോയി കാണണമെന്ന് ഉപദേശിച്ചിരുന്നു. റാന്തൽ വിളക്കുമായി നടന്നിരുന്ന അയാൾ എന്താണ് അന്വേഷിക്കുന്നതെന്ന് ചോദിക്കുമ്പോൾ 'ഒരു മനുഷ്യനെ' എന്നാണ് മറുപടി പറഞ്ഞിരുന്നത്. 

കുതിരപ്പുറത്ത് അയാളെ തിരഞ്ഞിറങ്ങിയ അലക്‌സാണ്ടർ കാണുന്നത്, തന്റെ നായയ്‌ക്കൊപ്പം സംതൃപ്തനായി പുഴയിലേക്ക് നോക്കി, സൂര്യനെക്കാൾ തേജസോടെ കിടക്കുന്ന ഡയോജനിസിനെയാണ്. എങ്ങനെ ഇതുപോലെ സ്വസ്ഥനായി കിടക്കാൻ സാധിക്കുന്നു എന്നത് അലക്‌സാണ്ടറിനെ അമ്പരപ്പിച്ചു. രാജ്യം വെട്ടിപ്പിടിക്കാനുള്ള ചിന്തയിൽ അസ്വസ്ഥനായി എത്രയോ രാത്രികളിൽ ഉറങ്ങിയിട്ടില്ലല്ലോ എന്ന് സ്വയം ചിന്തിച്ചു. എവിടേക്കാണ് പോകുന്നതെന്ന് അയാൾ അലക്‌സാണ്ടറോട്‌ ചോദിച്ചു.രാജ്യം വെട്ടിപ്പിടിക്കാൻ എന്നായിരുന്നു ഉത്തരം. 

അതിനുശേഷം എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ ലോകം മുഴുവൻ കയ്യിലിട്ട് അമ്മാനമാടിയ ശേഷം വിശ്രമിക്കും എന്നായിരുന്നു മറുപടി. ഇതുകേട്ട് ഡയോജനിസ് പൊട്ടിച്ചിരിച്ചു.ഇതൊന്നുമില്ലാതെ താനും തന്റെ നായയും സുഖമായി വിശ്രമിക്കുന്നില്ലേ എന്നത് ഡയോജനിസ് അലക്‌സാണ്ടറെ ചൂണ്ടിക്കാട്ടി. 

എത്രനാളായി താനൊന്ന് സ്വസ്ഥമായി ഉറങ്ങിയിട്ടെന്ന് സങ്കടം പറഞ്ഞ അലക്‌സാണ്ടറിന് തന്റെ നായ കിടന്ന ഇടം ഡയോജനിസ് ഒഴിഞ്ഞുകൊടുത്തു. ലോകം വെട്ടിപ്പിടിച്ച ചക്രവർത്തിക്ക് സ്വസ്ഥമായി കിടന്നുറങ്ങാൻ ഒരു നായ കിടന്നിരുന്ന സ്ഥലം മതി. കൈകൂപ്പി നിന്ന് എന്താണ് പകരം തരേണ്ടതെന്ന് ചോദിച്ച അലക്‌സാണ്ടറോട്, 'എന്റെ സൂര്യനെ മറയ്ക്കാതിരിക്കൂ' എന്നാണ് ഡയോജനിസ് പറഞ്ഞത്. 

ഇത്ര  മണിക്കൂറിനുള്ളിൽ അലക്‌സാണ്ടർ മരണപ്പെടുമെന്നും ഡയോജനിസ് പറഞ്ഞു. അതില്ലാതാക്കാൻ ഒരു  പോംവഴി നിർദ്ദേശിച്ചാൽ തന്റെ കൊട്ടാരവും പിടിച്ചടക്കിയ രാജ്യങ്ങളും പകരമായി തരാമെന്ന് അലക്‌സാണ്ടർ ഡയോജനിസിനോട് ആവർത്തിച്ചു. അമ്മയെ ഒരു നോക്ക് കാണണമെന്നുണ്ടെന്നും അതിനായി മരണം 24 മണിക്കൂർ നീട്ടിവയ്ക്കാൻ വഴിയുണ്ടോ എന്നുമായി പിന്നീടുള്ള അഭ്യർത്ഥന. ഒന്നും സാധിക്കില്ല എന്നായിരുന്നു മറുപടി. എല്ലാം വെറുതെയായിരുന്നു എന്നും ഡയോജനിസ് ഓർമ്മപ്പെടുത്തി.

അലക്‌സാണ്ടറിന്റെ മൃതദേഹം സംസ്കരിക്കുമ്പോൾ കൈകൾ പുറത്തേക്ക് ഇടണമെന്നും, ലോകം കീഴടക്കിയ ചക്രവർത്തിയും മരണപ്പെടുമ്പോൾ വെറുംകയ്യോടെയേ മടങ്ങൂ എന്ന് ആളുകൾ അതിൽ നിന്ന് പഠിക്കട്ടെ എന്നും ഡയോജനിസ് ഉപദേശിച്ചു. പക്ഷേ, അതിലൂടെയും നമ്മൾ പാഠം പഠിച്ചില്ല. 

സ്വഭാവഗുണമാണ് ഒരുമനുഷ്യന് ഏറ്റവും വേണ്ടത്. ജീവിക്കാൻ പണം ആവശ്യമാണെന്നത് ശരിയാണ്. എന്നാൽ, പണത്തിനു വേണ്ടി മാത്രമായിരിക്കരുത് ജീവിതം. ജീവിതത്തിൽ മറ്റെല്ലാം മാറും, സ്വഭാവം മാത്രം നിലനിൽക്കും.'Never follow money'. 

മാജിക് അവതരിപ്പിച്ച് നടന്ന സമയത്തെ അപേക്ഷിച്ച്, ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്തെന്നാൽ, ആ കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിച്ചു തുടങ്ങിയതോടെയാണ് ഞാൻ സമാധാനത്തോടെ ജീവിച്ചുതുടങ്ങിയത്. എന്റെ മകനിൽ നിന്നുപോലും കിട്ടുന്നതിനേക്കാൾ ആഴത്തിലുള്ള സ്നേഹമാണ് ആ കുഞ്ഞുങ്ങൾ എനിക്ക് നൽകുന്നത്. നിഷ്കളങ്കമായി ഒഴുകുന്ന സ്നേഹത്തിൽ 'അങ്കിളേ' എന്നുള്ള വിളി കേൾക്കുമ്പോൾ എല്ലാ വിഷമങ്ങളും ഞാൻ മറക്കും. ആ സ്നേഹത്തിന്റെ ആഴം എന്താണെന്നറിയാൻ ഒരിക്കലെങ്കിലും നിങ്ങളവിടെ നേരിട്ട് വരണം. 

നാലുവർഷമായി അവരുടെ അമ്മമാർക്ക്  വേണ്ട ഭക്ഷണം നൽകിവരികയാണ്. കരിസ്മ എന്നൊരു സെന്റർ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇവിടെയാണ് ഫൊക്കാനയുടെ പ്രസക്തി. കലാ ഷാഹി,പോളേട്ടൻ,ജോർജി തുടങ്ങി ഇതിന്റെ ഭാരവാഹികൾ എല്ലാം ചേർന്നാണ് കരിസ്മ യാഥാർഥ്യമാക്കിയത്. ആ അമ്മമാരുടെ കണ്ണീരിന്റെ നനവും സ്നേഹവും ഒരു പുണ്യമായി എന്നും ഫൊക്കാനയ്‌ക്കൊപ്പമുണ്ടാകും. നിങ്ങൾ കണ്ണീരൊപ്പിയ ഇരുന്നൂറ് അമ്മമാർക്ക് വേണ്ടി ഞാൻ ഇവിടെ കൂപ്പുകൈകളോടെ നിൽക്കുകയാണ്.

പ്രവാചകന്മാരേ... 2022-07-12 14:31:20
അധാർമിക ധന സമ്പാദനത്തിനു എല്ലാ തിന്മകളെയും നീതി ബോധങ്ങളായി സാമാന്യവത്കരിക്കുന്ന ഒരു സമൂഹം വളർന്നു വരുമ്പോൾ - " പ്രവാചകന്മാരേ... പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ?" - ധര്മത്തിനുവേണ്ടി യുദ്ധം ചെയ്യാൻ മുന്നിൽ നിരായുധനായ അർജുനനെ നിർത്തിയിരിക്കുന്ന ഈ കാലത്തു, പ്രഭാതങ്ങൾ അ വർക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്നു .നല്ല മനസ്സുകൾക്ക് വേണ്ടി വയലാറിൻെറ ആ വരികൾ വീണ്ടും പാടി ഈശ്വരനോട് ചോദിക്കാം ." പ്രവാചകൻമാരെ .......
പ്രവാചകന്മാരേ... 2022-07-12 14:59:54
അധാർമിക ധന സമ്പാദനത്തിനു എല്ലാ തിന്മകളെയും നീതി ബോധങ്ങളായി സാമാന്യവത്കരിക്കുന്ന ഒരു സമൂഹം വളർന്നു വരുമ്പോൾ - " പ്രവാചകന്മാരേ... പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ?" - ധര്മത്തിനു എതിരെ യുദ്ധം ചെയ്യാൻ മുന്നിൽ നിരായുധനായ അർജുനനെ നിർത്തിയിരിക്കുന്ന ഈ കാലത്തു, പ്രഭാതങ്ങൾ അ വർക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്നു .നല്ല മനസ്സുകൾക്ക് വേണ്ടി വയലാറിൻെറ ആ വരികൾ വീണ്ടും പാടി ഈശ്വരനോട് ചോദിക്കാം ." പ്രവാചകൻമാരെ .......
വിദ്യാധരൻ 2022-07-12 15:29:28
കണ്ണു നനയിപ്പിക്കുന്ന അനേകം സംഭവങ്ങൾ നമ്മളുടെ ചുറ്റും നടക്കുമ്പോൾ അതിനെക്കുറിച്ച് അറിയാൻ അല്പം പോലും താത്‌പര്യം കാണിക്കാത്തവർ മുതുകാടിന്റെ ഈ സംഭവത്തെക്കുറിച്ചുള്ള വാക്കുകൾ കേൾക്കുമ്പോൾ കരയുന്നെങ്കിൽ അത് ആ സംഭവം ഹൃദയത്തെ അലിയിപ്പിച്ചതുകൊണ്ടായിരിക്കില്ല , നേരെമറിച്ചു മുതുകാട് അത് ഹൃദയത്തിൽ തട്ടുംവിധം അവതരിപ്പിച്ചുകൊണ്ടായിരിക്കും. നിഷ്കളങ്കരായ സ്‌കൂൾ കുട്ടികളെ കൂട്ടകൊല നടത്തിയിട്ടും അതൊന്നും ഹൃദയത്തിൽ തട്ടാതെ AR -15 തോക്കുകൾ വിറ്റഴിക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ ഇതൊന്നും കേട്ടാൽ കരയാൻ ആർക്കു സമയം . ഇത്തരം സംഭവങ്ങൾ നിത്യസംഭവങ്ങൾ ആയി തീരുമ്പോൾ , ഒരു കള്ളം ആയിരം പ്രാവശ്യം പറയുമ്പോൾ സത്യം ആകുന്നതുപോലെ അത് ഹൃദയത്തെ കഠിനമാക്കി ഒരിക്കലും കരയാത്തവനാക്കി മസിലു പിടിച്ചു നിൽക്കുന്ന മലയാളി ആക്കി കൊള്ളും. മലയാളിക്ക് കരയാനും അറിയില്ല ചിരിക്കാനും അറിയില്ല മുഖത്തു നോക്കി സംസാരിക്കാനും അറിയില്ല. 'കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരും വിസ്‌മൃതമാകുമിപ്പോൾ എണ്ണീടുകാർക്കുമിതുതാൻ ഗതി, സാദ്ധ്യമെന്ത് കണ്ണീരിനാൽ അവനി വാഴ്വു കിനാവു കഷ്ടം'' (വീണപൂവ് - ആശാൻ ) വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക