MediaAppUSA

കഥ മെനയുന്നവർ : രമണി അമ്മാൾ

Published on 12 July, 2022
 കഥ മെനയുന്നവർ : രമണി അമ്മാൾ

നാട്ടുമ്പുറത്തിന്റെ നന്മകളെക്കുറിച്ചോർത്തിരുന്ന എനിക്ക് പഴയൊരു കാര്യം ഓർമ്മ വന്നു.
നാട്ടിൽ പറഞ്ഞു പഴകിയ ഒരു കഥയോർമ്മ.

കുറച്ചു കാലം മുമ്പ് സാവിത്രിയാണതോർമ്മിപ്പിച്ചത്. പണ്ടത്തെ കൂട്ടുകാരി.
സാവിത്രി പറഞ്ഞതിങ്ങനെ .

അവരുടെ വീടിനെക്കുറിച്ച് ....

റോഡു സൈഡിലുളള വീടായതുകൊണ്ട്  എന്തൊരു ശല്യമാണെന്നോ..!
താഴിട്ടു പൂട്ടിയ ഗേറ്റിൽ വന്നു തട്ടും, അന്വേഷണങ്ങൾക്ക്..
പാതിരയാണെങ്കിലും,


വെളുപ്പാംകാലമാണെങ്കിലും വകതിരിവില്ലാതെ..
മനപ്പൂർവ്വം ശല്യപ്പെടുത്തുന്നവരുമുണ്ടാവുമോ...
അമ്മയടക്കം ഞങ്ങൾ മൂന്നുപെണ്ണുങ്ങളുളള വീടല്ലേ..!

വടക്കേഭാഗത്തെ ആമപ്പുറത്തിന്റെ വീടന്വേഷിച്ചുവരുന്നത് കൂടുതലും രാത്രികാലങ്ങളിലാണ്..
ആമപ്പുറമെന്നത്
ലീലാവതിച്ചേച്ചിയുടെ വീട്ടുപേരാണ്..
ചിലരൊക്കെ  ശീലാവതീന്നും വിളിച്ചു പരിഹസിക്കും..
ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയല്ലേ.. 
അവർക്കിത്തിരി
ദുർന്നടപ്പൊക്കെയു
ണ്ടെന്ന് പകൽമാന്യന്മാർ..
ഇരുട്ടിന്റെ മറപറ്റി ആണുങ്ങളന്വേഷിച്ചുവരണമെങ്കിൽ
എന്തെങ്കിലും കാര്യമുണ്ടാകില്ലേ...! 

നാലുംകൂടിയ ജംഗ്ഷനിൽ ബസ്സിറങ്ങിക്കഴിഞ്ഞാൽ എങ്ങോട്ടു തിരിയണമെന്നുളള സന്ദേഹത്തിൽ നിൽക്കുമ്പോഴാവും , അടുത്ത് ലൈറ്റുവെട്ടമുള്ള വീടിന്റെ ഗേറ്റിൽ തട്ടുന്നത്..
" നല്ല നേരമാണെങ്കിൽ
അപ്പാപ്പൻ വിളിച്ചുകൂവും..
 "ആമപ്പുറോം മുയലുപുറോം  കുറച്ചു വടക്കുമാറിയാണേ...."
പിന്നല്ലെങ്കിൽ അപ്പാപ്പൻ പച്ചത്തെറികൾ വിളിച്ചുകൂവി അന്വേഷകരെ അവിടുന്നു പറപ്പിക്കും..

ആമപ്പുറം ലീലാവതിച്ചേച്ചിയെ
നാട്ടിലെ ഏതു കൊച്ചുകുട്ടികൾക്കുമറിയാം...അൻപതിൽ 
താഴെ പ്രായമുളള അരോഗദൃഢഗാത്രയാണവർ.. വലിയ വട്ടമുളള കടുംചുവപ്പ് സിന്ദൂരപ്പൊട്ടിന്റെ കുഞ്ഞുതരികൾ നീണ്ട മൂക്കിൻതുമ്പറ്റംവരെ ചിതറിക്കിടക്കും..
ഒരിക്കലും അഴിച്ചിട്ടു 
കണ്ടിട്ടില്ലാത്ത, 
കറുകറുത്ത വലിയ മുടിക്കെട്ട്.
ഒട്ടും ഉടയാത്ത വടിവൊത്ത ഇരുനിറമുളള ശരീരം..
നിറം മങ്ങിത്തുടങ്ങിയ കോട്ടൻസാരി
അലസമായി വാരിച്ചുറ്റിയാലും അതിനുമുണ്ടൊരു ചന്തം..

ദിവസത്തിൽ  രണ്ടു ട്രിപ്പുമാത്രം അങ്ങോട്ടുമിങ്ങോട്ടും ബസ്സോടുന്ന നാട്ടിൻപുറത്തെ വീതികുറഞ്ഞ റോഡിലൂടെ, വൈകുന്നേരം അലസം,
മന്ദഗമനയായി കടന്നുപോകുന്ന ആമപ്പുറത്തിനെ
ആരുമൊന്നു നോക്കിപ്പോവും.. 

മാതാപിതാക്കൾ ജീവിച്ചിരുന്നപ്പോൾ മാന്യമായരീതിയിൽ കല്യാണംകഴിപ്പിച്ചയച്ചതാണ്.. ആറുമാസം തികച്ചവിടെ നിൽക്കാതെ ലീലാവതി സ്വന്തം വീട്ടിലേക്കു പോന്നു.. 
അയാളു ഷണ്ഡനായിരുന്നത്രേ..

അമ്മയും ലീലാവതിച്ചേച്ചിയും ഒരുമിച്ചൊരേസ്കൂളിൽ
ഏഴാംക്ളാസ്സുവരെ പഠിച്ചവരാണ്. ഇന്നും നിലനില്ക്കുന്ന സൗഹൃദം..
ചന്തയ്ക്കകത്തുളള
വലിയ ഹോട്ടലിൽ ഭക്ഷണമുണ്ടാക്കുന്ന ജോലിയാണ് ചേച്ചിക്ക്.
ആഴ്ചയിൽ എല്ലാ ദിവസവും..
തോളിലെ പളള വീർത്ത സഞ്ചിയിൽ
ഹോട്ടലിൽ മിച്ചംവന്ന
ആഹാരസാധനങ്ങളുണ്ടാവും.
പ്രത്യേകം
പൊതിഞ്ഞുവച്ച ഒരു പൊതി
വീട്ടിൽക്കയറി  അമ്മയെ
ഏല്പിക്കാൻ മറക്കില്ല..
ആഢ്യത്വം മാത്രം കൈമുതലായുളള
തറവാട്ടിലെ  ശേഷിക്കുന്ന കണ്ണികൾക്ക്
ലീലാവതിച്ചേച്ചിയുടെ കനിവ്.

അതു വല്ലതും നാട്ടുകാർക്കറിയണോ..
ഓരോരുത്തർക്ക് അടയാളം വരച്ച് കഥകളുണ്ടാക്കി തലമുറകൾക്ക് കൈമാറലല്ലേ അവരുടെ പണി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക