Image

മരിച്ചവരുടെ കൂടിക്കാഴ്ചകൾ ( കവിത : ഷലീർ അലി )

Published on 13 July, 2022
മരിച്ചവരുടെ കൂടിക്കാഴ്ചകൾ  ( കവിത : ഷലീർ അലി )

നീ മരിച്ചു പോയെന്നു തന്നെയാണ് 
ഞാൻ വിശ്വസിച്ചിരുന്നത്.. 
നിന്റെ നീലക്കണ്ണുകളിൽ മുട്ടയിട്ടുപോയ 
മേഘച്ചിറകുകളെ കുറിച്ചെഴുതിയ കവിതയിലും നീ.... 
മരിച്ചുപോയവൾ തന്നെയായിരുന്നു....!

പരസ്പരം നിഴലുപെറുക്കി നടന്നൊരു 
പ്രണയകാലത്തിനെ അടുക്കിവെച്ച 
അക്ഷരങ്ങൾക്കിടയിലും നീ 
കടവിറങ്ങിപ്പോയ കണ്ണീർ മുത്തായിരുന്നു..
അത്രമേൽ കാത്തുവെച്ച 
മനസ്സിൽ കയറി  തൂങ്ങിമരിച്ചവൾ...!

നഖമുനകളാൽ കുത്തിക്കോറിയ 
മരണക്കുറിപ്പിലെ ആരോപണങ്ങൾ 
ആത്മഭിത്തിയിലിന്നും തെളിവുകളില്ലാതെ 
അനാഥമായിക്കിടക്കുമ്പോൾ, 

എന്നിൽനിന്നുമാത്രം 
ആത്മഹത്യ ചെയ്തിറങ്ങിപ്പോയ
കൺകെട്ടുകാരീ...
മരിച്ച പ്രണയത്തിന് കാവലിരുന്ന് 
മീസാൻ കല്ലായിപ്പോയ ഒരുവന്റെ കഥ , 
ഉണ്ണാതെ കരയുന്ന ഉച്ച മുറുക്കങ്ങളിൽ 
നീ..  നിന്റെ അരുമവിത്തുകൾക്ക് വിളമ്പിക്കൊടുക്കുക...

വിരുന്നു പോക്കുകളുടെ 
വയൽ വരമ്പുകളിലൊന്നിൽ 
എന്നെങ്കിലും തമ്മിലുടക്കി..
നമ്മൾ നടന്നു പോവുമ്പോൾ 
മരിച്ചവരുടെ കൂടിക്കാഴ്ചകളെ കുറിച്ചും..
തുറിച്ചു വിടരുന്ന കുരുന്നു മിഴികളിലേക്കൊരു 
കഥ നെയ്തു വിരിക്കാം നിനക്ക്...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക