MediaAppUSA

ഇത് , വരവിസ്മയങ്ങളുടെ ദീപ്തി : മീര കൃഷ്ണൻകുട്ടി, ചെന്നൈ

Published on 14 July, 2022
ഇത് , വരവിസ്മയങ്ങളുടെ   ദീപ്തി :  മീര  കൃഷ്ണൻകുട്ടി, ചെന്നൈ

മഹാമാരി അടിച്ചേല്പിച്ചിരുന്ന  അടച്ചിരുപ്പിന്റെ 
കാലത്തായിരുന്നു,
സാമൂഹ്യ  മാധ്യമങ്ങളിൽ പലപ്പോഴായി   പ്രത്യക്ഷപ്പെട്ടിരുന്ന ഏതാനും രേഖാ ചിത്രങ്ങളും പെയിന്റിംഗുകളും, പ്രത്യേകമായ  ശ്രദ്ധ പിടിച്ചെടുത്തുകൊണ്ട്   
മനസ്സിൽ വർണ്ണ വിലാസങ്ങൾ പതിപ്പിച്ചു തുടങ്ങിയത്. .

വരഭംഗിക്കുമപ്പുറം ആഴമേറിയ  ചിന്താ ശകലങ്ങളും  പ്രസരിപ്പിച്ചുകൊണ്ട്, തുടർന്നും  അവ  മനസ്സിൽ നിരന്തര  പ്രതിഷ്ഠകളായപ്പോഴാണ്, അവയുടെ രചയിതാവിനെ ഒന്നു  പരിചയപ്പെടാതെ  വയ്യെന്നു തോന്നിയത് .

അങ്ങിനെയാണ് 
ചെന്നൈയിൽ സ്ഥിര താമസക്കാരിയായ ആലങ്കോട്  സ്വദേശിയായ, പന്ത്രണ്ടു വർഷക്കാലമായി വരയോടൊപ്പം അദ്ധ്യാപനവും ജീവിതത്തിന്റെ ഭാഗമായി തുടർന്നു വരുന്ന, ദീപ്തി ജയൻ  എന്ന കലാകാരിയുമായി സംസാരിക്കുന്നത്.

പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയിരുന്ന രാജു വേളയാട്ടാണ് ദീപ്തിയുടെ അച്ഛൻ . അമ്മ ശാന്തകുമാരി . ഏക സഹോദരൻ  
ആയുർവേദ ഡോക്ടറും ചിത്രകാരനുമായ ദീപൻ.

ഇനി ദീപ്തി ജയൻ ആരാണെന്നറിയേണ്ടേ?

പതിനെട്ടോളം ഗ്രൂപ്പ് എക്സിബിഷനുകളിലേക്ക്‌,സ്വന്തം ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പടാനിടയായ  ഒരു യുവ ചിത്രകാരി....!

 കാശ്മീർ ലളിതകലാ അക്കാദമിയുടെ അന്തർദ്ദേശീയ സമൂഹ ചിത്ര പ്രദർശനത്തിൽ കഴിഞ്ഞ നാലു വർഷമായി പങ്കാളിത്തം ഉറപ്പിക്കാനായ  കലാകാരി ....!

കേരള ലളിത കലാ അക്കാദമിയുടെ, തൃശ്ശൂരിലും കാലടിയിലും കോഴിക്കോട്ടും നടന്ന പ്രദർശനങ്ങളിലും, കൊച്ചിയിലെ ആർട്ട്‌ മേസ്ട്രോ ഇന്റർനാഷണൽ വേദിയിലും,  സ്വന്തം കൈയൊപ്പു  ചാർത്തിയ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കാനായ  രചയിതാവ്....!

തീർന്നില്ല, എല്ലാറ്റിനുമുപരി കേരളത്തിലും തമിഴ് നാട്ടിലുമായി മൂന്ന് സോളോ പ്രദർശനത്തിനുശേഷം, ജഹാംഗീർ ആർട്ട് ഗാലറിയിൽ നാലാമത്തെ സോളോവിന് ക്ഷണം കിട്ടിയിട്ടുള്ള ചിത്രകാരിയുമാണ്, ദീപ്തി ജയൻ!


തുർക്കിയിലെ ഇസ്മിർ എന്ന നഗരത്തിൽ വെച്ച്, അവരുടെ ദശ വർഷാഘോഷങ്ങളുടെ ഭാഗമായി, ആഗോള തലത്തിലുള്ള നിരവധി ആർട്ടിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ,
ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന , ചിത്രപ്രദർശനത്തിലേക്കും, ചിത്ര മത്സരവേദിയിലേക്കും, സ്വന്തം സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുളളതാണ് , ദീപ്തിയുടെ  പുതിയ  സന്തോഷമാകുന്നത്.

പി.വത്സലയുടെ 'അമരാന്ത' എന്ന കഥക്ക് വരകൾ ചമച്ചു കൊണ്ടായിരുന്നു ദീപ്തിയുടെ രേഖാചിത്ര ലോകത്തേക്കുള്ള രംഗപ്രവേശം. 

വർണ്ണക്കൂട്ടുകളുടെയും, വരകളുടെയും ലോകത്ത് തന്നതായൊരിടം ഉറപ്പാക്കി,ദേശീയ തലത്തിനുമപ്പുറവും, ആരാധകരെ  സൃഷ്ടിക്കാനായ  
ദീപ്തി ജയന്റെ  , സ്വന്തം ജീവിതത്തെ അപ്പാടെ മാറ്റി മറിച്ച  ഒരു പിടി പഴയ കാല മധുരമുഹൂർത്തങ്ങളുടെയും അനുഭവങ്ങളുടെയും ഓർമ്മച്ചിത്രശേഖരത്തിനും മിഴിവേറെയായിരുന്നു.  


"നീ അസ്സലായി വരക്കുന്നുണ്ടല്ലോ!"ഭർത്താവ് പറഞ്ഞു . അപ്രതീക്ഷിതമായ ഏതോ ഒരു കണ്ടെത്തലിന്റെ വിസ്മയത്തോടെ !

എൽ കെ ജി യിൽ പഠിച്ചിരുന്ന മൂത്ത മകനുവേണ്ടി അവന്റെ ചിത്രപുസ്തകത്തിൽ ഞാനൊരു പടം വരച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു, അത്. വർഷങ്ങൾക്കുമുൻപ്!"

ദീപ്തി  ഓർമ്മിച്ചു.

"വരയ്ക്കാൻ നല്ല  ഇഷ്ടമാണല്ലേ? നിനക്കു ചിത്രം വര പഠിക്കണോ?" കൗതുകത്തോടെയായിരുന്നു അടുത്ത ചോദ്യം. 

"വേണം! "
 ഉത്തരം പെട്ടെന്നായിരുന്നു. കാരണം വരകളോടുണ്ടായിരുന്ന എന്റെ സ്വകാര്യ പ്രണയം അത്രമേൽ തീവ്രമായിരുന്നു!

 അതു മനസ്സിലാക്കിയിട്ടോ എന്തോ ,അന്നു തന്നെ അദ്ദേഹം വരയ്ക്കാനുള്ള സാമഗ്രികൾക്ക്‌ ഏർപ്പാടാക്കി.
 ചിത്ര രചനയുടെ ഓൺലൈൻ പഠനത്തിനും  സൗകര്യമൊരുക്കി. അതായിരുന്നു തുടക്കം.   
കലാ പാരമ്പര്യമുള്ള കുടുംബമായിരുന്നിട്ടും,  വരകളെ എന്തുകൊണ്ടോ ഞാൻ  നോട്ടുപുസ്തകങ്ങളിൽ ഒളിപ്പിച്ചു വെച്ചിരുന്നു. 
ഡിഗ്രി കഴിഞ്ഞയുടനെ വിവാഹമായി.
തമിഴ് നാട് ഇലക്ട്രി സിറ്റി വകുപ്പിൽ ഉദ്യോഗസ്ഥനായ ഭർത്താവുമൊന്നിച്ചു സംസ്ഥാനത്തെ പല  ഗ്രാമ ങ്ങളിലും  താമസിച്ച ശേഷമാണ് ചെന്നൈ യിലേക്കെത്തുന്നത്. 
എന്നാൽ, എന്നും  എപ്പോഴും എവിടെയും, വരയെന്റെ ജീവാത്മാവായി ഒപ്പമുണ്ടായിരുന്നു.

അതേസമയം, വിവാഹത്തോടെ പല പ്രിയതാത്പര്യങ്ങളും ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ള ഒരു പാട്  പെൺകുട്ടികളെ പരിചയമുണ്ടായിരുന്ന  എനിക്ക്,  വര വീണ്ടെടുത്ത് പ്രകാശിപ്പിക്കാനാവുമെന്ന  പ്രതീക്ഷ  ലവലേശമില്ലായിരുന്നു.

കൂടെയുള്ളയാൾ പിന്തുണച്ചില്ലായിരുന്നെങ്കിൽ, ഒരുപക്ഷെ, എന്റെ തലവരയും വേറെയാകുമായിരുന്നു! "

ദീപ്തി  തുടർന്നു  പറയുന്നു. 

ഭർത്താവും രണ്ട് ആൺകുട്ടികളുമടങ്ങുന്ന മൂന്നു ആൺപ്രജകളുടെ കാര്യാന്വേഷണങ്ങളും,  വീട്ടു ജോലികളും , ഓൺലൈൻ പഠനവും സമയത്തെ ഉരുക്കി കളയുന്നതിനിടയിൽ    ദീപ്തിയുടെ 
ഉറക്കവും ഉണർച്ചയും പലപ്പോഴും ക്യാൻവാസ്സിനു മുന്നിൽ തന്നെയാകുമായിരുന്നു .

"ഓൺലൈൻ വഴിയുള്ള പഠനത്തിനിടക്ക്, പ്രശസ്ത 
 ചിത്രകാരനായ സദു അലിയാർ മാഷിൽ നിന്ന് വാട്ടർ കളറിങ്ങിന്റെ പല വശങ്ങളും,   മികച്ച  ആർട്ടിസ്റ്റായ എബി എൻ. ജോസഫിൽ നിന്ന് അക്രലിക്ക് പെയിൻറിങ്ങിന്റെ സൂക്ഷ്മ തലങ്ങളും മനസ്സിലാക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി.

ആർട്ടിസ്റ്റ് മദനൻ മാഷായിരുന്നു 
സാഹിത്യത്തിന്റ അന്ത:സത്ത ഉൾക്കൊണ്ടുകൊണ്ട്, ഇല്ലസ്ട്രേഷൻ  ചെയ്യേണ്ടതിന്റെ  പ്രാധാന്യം പറഞ്ഞു തന്നത്.

 അബ്സ്ട്രാക്ട് ആർട്ടിന്റെ പലതല  വിഷയങ്ങളും അച്യുതൻ കൂടല്ലൂർ മാഷിൽ നിന്നാണ്  അടുത്തറിഞ്ഞത് . ഇത്രയും മികച്ച ആർട്ടിസ്റ്റുകളെ പരിചയപ്പെടാനും അവരുടെ വിദഗ്ധമായ ഉപദേശങ്ങൾ നേടാനും സാധിച്ചത് എത്രയോ വലിയ അനുഗ്രഹം! സദുമാഷ്  ഇന്നില്ലെന്നത് തീരാ വേദനയായി ബാക്കിയാകുന്നു."

കഠിനാധ്വാനവും, ഉറച്ച ലക്ഷ്യബോധവുമുണ്ടെങ്കിൽ, വിവാഹ ശേഷവും കുടുംബവും ഇഷ്ടശീലങ്ങളും പരസ്പര പൂരകങ്ങളാക്കാം, എന്നു തെളിയിക്കാനായ ദീപ്തി, സ്വന്തം മനസ്സിൽ കോറിയിട്ടിരുന്ന തന്റേതായ യാത്രാപഥ ചിത്രങ്ങൾ ഇങ്ങിനെ പലതായിരുന്നു. 

കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയുള്ള , കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ, ദീപ്തിയുടെ 'ഓവിയം’, എന്ന പേരിലുള്ള ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുവെന്നതും, ദീപ്തിയ്ക്കു ലഭിച്ച മികച്ച ഒരംഗീകാരമാണ്.

സൂക്ഷ്മ ഗ്രാഹിത്വത്തിന്റെ മികവോടെ കുറഞ്ഞ വരകളിൽ കുറെയേറെ കാര്യങ്ങൾ പറയുന്നവയാണ്, ദീപ്തിയുടെ ഓരോ ചിത്രവും .

തിരുവനന്തപുരത്തെ ലളിത കലാ അക്കാദമി യുടെ
' ചിത്ര സഞ്ചാരം' എന്ന പ്രദർശനത്തിൽ വെച്ചിരുന്ന,  'പ്യൂരിറ്റി ഓഫ് അഫെക്ഷൻ" എന്ന അക്രൈലിക് പെയിന്റിംഗും അതെടുത്തു പറയുന്ന  ഒരു രചനയാണ് .

പേരക്കുട്ടിയെ ചേർത്തുപിടിച്ച് വടികുത്തിയിരിയ്ക്കുന്ന ഒരു അപ്പൂപ്പന്റെ വാത്സല്ല്യത്തിന്റെ തനിപകർപ്പായിരുന്നു ആ ചിത്രം. മനുഷ്യ  ബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്കു  
വഴിയൊരുക്കിയ  ഒരു സൃഷ്ടിയുമായി  അത്‌. 

'പൊതുസ്ഥലങ്ങളിലോ നേരിട്ടോ, ആരെങ്കിലുമൊക്കെ സംസാരിക്കുന്നത് കേൾക്കുമ്പോഴും, കാണുമ്പോഴും, ശബ്ദമല്ല മറിച്ച് അവരുടെ ശരീരഭാഷയും മുഖവുമായിരിക്കും ഞാൻ ശ്രദ്ധിക്കുക.
പല തരം വരകളാണെന്റെ മനസ്സിൽ അപ്പോൾ തെളിയുക. തങ്ങുക." ദീപ്തി യുടെ വാക്കുകൾ. 

പ്രസാധകൻ മാസിക, കലാ കൗമുദി, തുടങ്ങിയവയിലെല്ലാം വരകളിലൂടെ  നിരന്തരം  അടയാളപ്പെടുത്തികൊണ്ടിരുന്ന  ദീപ്തിക്ക്‌, പിന്നീട്, ശ്രീകുമാരൻ തമ്പി, സച്ചിദാനന്ദൻ, പെരുമ്പടവം ശ്രീധരൻ, സി രാധാകൃഷ്ണൻ, പ്രഭാ വർമ്മ, മധുപാൽ, റഫീഖ് അഹമ്മദ്, വി എം ഗിരിജ, ജയകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ, മ്യൂസ് മേരി, വി ടി ജയദേവൻ, സതീഷ് ബാബു പയ്യന്നൂർ, കെ പി സുധീര, കല്പറ്റ നാരായണൻ, രഞ്ജി പണിക്കർ , ശങ്കരനാരായണൻ തുടങ്ങി,  ഒട്ടനവധി എഴുത്തുകാരുടെ രചനകൾക്കും  ചിത്രങ്ങൾ വരയ്ക്കാനായി.ജേക്കബ് എബ്രഹാമിന്റെ 'കുമരി'  എന്ന നോവലിനും, മധുപാലിന്റെ "പല്ലാണ്ട് വാഴ്ക" എന്ന കഥാ സമാഹാരത്തിനു വേണ്ടിയും , ദീപ്തി  വരച്ചിട്ടിട്ടുണ്ട്. 

'അഷിതയുടെ ഹൈക്കു കവിതകൾ' എന്ന പുസ്തകത്തിലെ കുറുങ്കവിതകൾക്കായി എൺപത്തി ഏഴോളം രംഗചിത്രീകരണങ്ങളും, കവർ ചിത്രവും, ചെയ്യാനായതും  തന്റെ  മറക്കാനാവാത്ത അനുഭവമായി    ദീപ്തി കാണുന്നു.

പകർത്തിയതത്രയും   
പ്രിയസൃഷ്ടികളാവുമ്പോഴും , ദീപ്തി നെഞ്ചോട്‌ ചേർക്കുന്ന ഒരു ചിത്രം പൂരം കഴിഞ്ഞുള്ള രണ്ടു ചെണ്ടക്കാരുടെ , ഗ്രാമ വയലിലൂടെയുള്ള മടക്കയാത്രയുടെ ദൃശ്യാവി ഷ്ക്കാരമാണ്.   
 
 "ഏതൊരു പ്രവാസമാനസത്തിലെയും എന്നപോലെതന്നെ നാട്ടുകാഴ്ച്ചകൾ എന്റെ മനസ്സിലെയും ഹരിത സൂക്ഷിപ്പുകളാണ്." ദീപ്തി പറയുന്നു. അതേസമയം ആതിഥേയ നഗരമായ ചെന്നൈയെ തന്റെ വളർച്ചയുടെ വലിയൊരു പ്രചോദകഘടകമായാണ് ദീപ്തി കാണുന്നത്."എന്നിലെ ചിത്രകാരിയെ തിരിച്ചറിഞ്ഞ
നഗരമാണ് ചെന്നൈ. ചിത്രകലയിൽ മാസ്റ്റർ ഡിഗ്രി എടുക്കാൻ കഴിഞ്ഞത് ചെന്നൈയിൽ വെച്ചാണ്".
ദീപ്തി ഓർക്കുന്നു.

ചെന്നൈ സ്കെച്ചുകൾ എന്നപേരിലുള്ള ദീപ്തിയുടെ രേഖാ ചിത്രങ്ങൾ   അതുകൊണ്ടു തന്നെ,
ചെന്നൈ നഗരത്തെയും അവിടത്തെ 
സാധാരണ മനുഷ്യരേയും വിഷയമാക്കികൊണ്ടുള്ള, ആത്മാർപ്പണസമാനമായി അടയാളപ്പെടുത്തപ്പെട്ട ചിത്രങ്ങളായി കാണാം.. 

തന്നെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളിൽ വെച്ച് 2017, '18 വർഷങ്ങളിലെ 'ഹാർട്ട് ഓഫ് ആർട്ട്‌ കോണ്ടെസ്റ്റി'ൽ നേടിയ സ്പെഷ്യൽ അവാർഡ്,   'ഇന്റർനാഷണൽ കലാരത്നം അവാർഡ് 2020', 'യുണൈറ്റഡ് ആർട്ടിസ്റ് അവാർഡ് 2017,'    സ്പെഷ്യൽ അവാർഡ് ഓഫ് അമേസിങ് ആർട്ട്‌  2017, 2018,'
എന്നിവ ദീപ്തി   ഏറെ വിലമതിക്കുന്നവയാണ്. 

"മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചലച്ചിത്രത്തിലെ  കാഴ്ചകൾക്ക് 
സമാനമായ,   ഒരു പായ് കപ്പലിന്റെ അക്രിലിക് പടം,  മോഹൻലാൽ ഏറെ ഇഷ്ടത്തോടെ   വാങ്ങിയപ്പോൾ, മനസ്സിലും സന്തോഷക്കടലായിരുന്നു.    
ആസ്വാദകരാണ് എന്നും എന്റെ ഊർജ്ജവും, പ്രചോദനവും!

അന്താരാഷ്ട്ര ആർട്ട് ഗാലറികളുടെ വിപണികളിൽ അപ്‌ലോഡ് ചെയ്തിരുന്ന  മറ്റൊരു  ചിത്രം ,  അറിയപ്പെടുന്നൊരു ഇംഗ്ലീഷ്  ആർട്ട്‌ കളക്ടർ   വളരെ താത്പര്യത്തോടെ  നല്ലൊരു  തുക  തന്നു വാങ്ങിയതും,
തമിഴ് നടനും , സംവിധായകനും, നിർമ്മാതാവുമായ അർജുൻ വലിയൊരു  അക്രിലിക് വർക്ക്  ചോദിച്ചു  മേടിച്ചതും ഒരുപാട് 
ആത്മവിശ്വാസം പകർന്നു  തന്നു.  

പോർട്രേറ്റ് വരയ്ക്കാനായി, പ്രമുഖരടക്കം, പല വ്യക്തികളും സമീപിക്കാറുണ്ട്. അതൊരു ബഹുമതിയായി ഞാനെടുക്കുന്നു.ഏറ്റവും ആരാധ്യനായ ഇ. കെ  നായനാർ എന്ന മഹാന്റെ ചിത്രം  എന്റെ സ്വപ്‍നസാഫല്യമാണ്..

 ജി. ദേവരാജൻ മാസ്റ്ററുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തിൽ ചെന്നൈയിൽ വെച്ചു നടന്ന പ്രശസ്തമായ 'ദേവരാഗസ്മൃതി' എന്ന പരിപാടിക്ക് വേണ്ടി , പത്നി ലീലാമണിയമ്മയ്ക്ക് സമ്മാനിക്കാനുള്ള പോട്രൈറ്റ് വരയ്ക്കാനായതും ദൈവാനുഗ്രഹമായി  കരുതുന്നു.

അന്ന്, സന്തോഷം ആഘോഷിക്കാൻ   എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മൂത്ത മകൻ വൈശാഖിനോടൊപ്പം  ഇളയവൻ വിവേകും, ഭർത്താവും  ഓടിവന്ന് ,    അനുമോദിച്ചപ്പോൾ , സ്വർഗം കിട്ടിയ സന്തോഷമായിരുന്നു.
എല്ലാം ദൈവത്തിന്റെ  സമ്മാനങ്ങൾ!ഇതിനൊക്കെയും കുടുംബത്തിനോടും, ഗുരുക്കന്മാരോടും ദൈവത്തിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല."

ദീപ്തി  പറഞ്ഞു  നിർത്തി.  കൃതാർത്ഥതയുടെ മറ്റൊരു  ചിത്രമായി സ്വയം  മാറി ക്കൊണ്ട്!

Father Pathrose 2022-07-14 06:52:06
ദീപ്തിയുടെ ജീവിതവും ദീപ്തമായ വരകളും ഹൃദ്യമായി
kanakkoor 2022-07-15 02:10:45
nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക