നീതിദേവതേ, നേന്ത്രങ്ങളെപ്പോഴും,
മൂടിക്കെട്ടിയിരിക്കുവതെന്തിന്?
നേരിനായി നിരന്തമാളുകള്‍,
ആ മുഖത്തുറ്റുനോക്കുന്നു, കേഴുന്നു;
മാത്രതോറുമനീതിതന്‍ ഗര്‍ജ്ജനം,
മാത്രമായ് കാതില്‍ ഭീതിദമാംവിധം;
ആത്മവേദനയാര്‍ന്ന നിലവിളി,
മാറ്റൊലിയായ് നിലച്ചു പോകുന്നുവോ?
പോരടിക്കുന്നുവല്ലൊ പരസ്പരം,
പാരിടമെങ്ങും മാനവര്‍, കേമന്മാര്‍;
സ്വത്തും സ്വാധീനശക്തിയുമൊന്നിച്ച്,
സത്യധര്‍മ്മങ്ങള്‍ മൂടിവയ്ക്കുന്നുവോ?
സ്‌നേഹവാത്സല്യകാരുണ്യഭാവങ്ങള്‍,
ശൂന്യമായിരുള്‍ മൂടിയോ മാനസം?
കൃത്യമായ നിയമങ്ങളൊക്കെയും,
കൈക്കരുത്ത് വളച്ചൊടിക്കുന്നുവോ?
മന്നിലെത്രയോ ശൈശവബാല്യങ്ങള്‍,
അന്‍പിനായ് സദാ കൈക്കുമ്പിള്‍നീട്ടുന്നു,
പെണ്ണായമ്പേ പിറന്നതുമൂലമോ,
കണ്ണുനീര്‍ക്കടല്‍ നീന്തുന്നബലകള്‍?
രക്ഷിതാക്കളാമച്ഛന്‍, സഹോദരന്‍,
രക്തബന്ധം സ്വയം വിസ്മരിക്കുന്നവര്‍,
ഉഗ്രമാം വിഷസര്‍പ്പങ്ങളെന്നപോല്‍,
ചുറ്റിവരിഞ്ഞ് നിശ്ശബ്ദരാക്കുന്നു ഹാ!
പീഡിതരിവര്‍ ജന്മഗേഹത്തിലും,
പേടിയോ,ടാശയറ്റവരാകുന്നു;
ലിംഗനീതികിട്ടാത്ത ഹതഭാഗ്യര്‍,
സ്ഥാനമാനങ്ങള്‍ നോക്കാതിരിക്കട്ടെ,
ന്യായാന്യായങ്ങള്‍ വേര്‍തിരിക്കുന്നവര്‍,
ചെയ്യാത്ത തെറ്റിന് ശിക്ഷ വിധിക്കുമാര്‍,
ആര്‍ക്കധികാരമെന്നോര്‍ക്കാമിടയ്ക്ക്.
പോര്‍വിളിച്ചു കലഹം വിതയ്ക്കുന്നു,
നാശകാരികളാകുന്നു വേട്ടക്കാര്‍,
രക്ഷയ്ക്കിരകള്‍ പായുന്നു ദയയ്ക്കായ്,
ചുറ്റും വളയുന്ന രാക്ഷസരമ്പേ,
ആവൃതി വിട്ടിറങ്ങുന്നുവീഥിയില്‍,
സ്വത്വം തിരയുന്നു സന്യസ്തര്‍പോലും,
ആരെയും മുഖം നോക്കാതെയാകട്ടെ,
നീതിദേവതേ, നിന്‍ വിധിന്യായങ്ങള്‍.