Image

നമുക്കും എംടിയ്ക്കു പഠിയ്ക്കാം! (വിജയ് സി. എച്ച് )

വിജയ് സി. എച്ച് Published on 14 July, 2022
നമുക്കും എംടിയ്ക്കു പഠിയ്ക്കാം!  (വിജയ് സി. എച്ച് )

നിളയുടെ തീരത്ത് വര്‍ഷങ്ങള്‍ക്കു മുന്നെ നടന്ന ഒരു സൗഹൃദ സംഭാഷണത്തില്‍, 'പാവങ്ങള്‍' വാങ്ങി വായിക്കണമെന്ന് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി. ഫ്രഞ്ച് സാഹിത്യകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന വിക്ടര്‍ യൂഗോ രചിച്ച Les Misérables എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 'പാവങ്ങള്‍'. 
തങ്ങളുടെ പുസ്തകങ്ങള്‍ വായിക്കൂ എന്നു പറയുകയോ, കയ്യൊപ്പിട്ട കോപ്പികള്‍ സമ്മാനിച്ചു വായിക്കാന്‍ പ്രചോദിപ്പിക്കുകയോ ചെയ്യാറുള്ള എഴുത്തുകാരില്‍ നിന്ന് വിഭിന്നനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ എന്നറിഞ്ഞപ്പോള്‍ ആശ്ചര്യമല്ല, ആരാധനയാണ് തോന്നിയത്! 


സ്വന്തം രചനകളായ 'നാലുകെട്ടും', 'അസുരവിത്തും', 'മഞ്ഞും', 'കാലവും', 'രണ്ടാമൂഴവും' മറ്റും ഞാന്‍ മുമ്പേ തന്നെ വായിച്ചുകാണുമെന്ന് കരുതിയതു കൊണ്ടായിരിയ്ക്കുമോ, മറ്റൊരാളുടെ സൃഷ്ടി വായിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞത്? സാധ്യതയില്ല, 'പാവങ്ങള്‍' വായിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കരുതുന്നതിനാല്‍ തന്നെയാണ്! 


എംടി വൃത്യസ്തനാണെന്നു കരുതാന്‍ ഈ ലേഖകനു ഇനിയുമേറെ കാരണങ്ങളുണ്ട്. പത്തുമുപ്പത്തഞ്ചു വര്‍ഷമായി അദ്ദേഹത്തെ അടുത്തറിയാം. വാസ്വേട്ടന്‍ എന്നു വിളിയ്ക്കാനുള്ള സ്വാതന്ത്ര്യം ആ ബാന്ധവത്തില്‍ നിന്നു ലഭിച്ചതുമാണ്. 


ഇരുപത്തിമൂന്നാം വയസ്സിലെഴുതിയ പ്രഥമ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരന്‍ വേറിട്ടൊരു സര്‍ഗധനന്‍! അസന്ദിഗ്ദ്ധമായി തന്നെ പറയാം. 
എത്രയോ എഴുത്തുകാരുടെ സൃഷ്ടികളാല്‍ ശ്രേഷ്ഠമായിത്തീര്‍ന്ന മലയാള ഭാഷയില്‍, ഒരൊറ്റ വ്യക്തിയുടെ നാമത്തിലേ ഒരു പ്രത്യേക പ്രയോഗമുള്ളൂ -- എംടിയ്ക്കു പഠിയ്ക്കുക! മറ്റൊരു സാഹിത്യകാരനെപ്പോലെ ആകണമെന്നോ, എഴുതണമെന്നോ ഉദ്ബോധിപ്പിയ്ക്കുന്ന ഇതുപോലെയൊരു വാക്യം കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, നമുക്കും എംടിയ്ക്കു പഠിയ്ക്കാം! 

ഗ്രിഗേറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 15-ന് അദ്ദേഹത്തിന് 89 തികയുന്നു. കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളില്‍ ജനിച്ച അക്ഷരശ്രീയ്ക്ക് ഇനിയുമെത്രയോ ജന്മദിനങ്ങള്‍ കാണാന്‍ അവസരമുണ്ടാകട്ടെയെന്നാണ് ആശംസ! 
''ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്രങ്ങള്‍, വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ!''  -- എംടി, രണ്ടാമൂഴം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക