StateFarm

വീട്ടിലേക്ക് ഒരു തിരിച്ചുപോക്ക് (ഡോ. തോമസ് പാലക്കലിന്റെ 'പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം,' -സുധിർ പണിക്കവീട്ടിൽ)

Published on 14 July, 2022
വീട്ടിലേക്ക് ഒരു തിരിച്ചുപോക്ക് (ഡോ. തോമസ് പാലക്കലിന്റെ 'പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം,' -സുധിർ   പണിക്കവീട്ടിൽ)

ജനിച്ച വീടും, നാടും, അതുവരെ നയിച്ച ജീവിതവുമായി വീണ്ടും ഒരാൾ ബന്ധപ്പെടാൻ മോഹിക്കുന്ന ഗൃഹാതുരത്വത്തിന്റെ  ആവിഷ്കാരങ്ങളാണ് ആത്മകഥകൾ.  ജീവിതയാത്രയുടെ പ്രയാണം മുന്നോട്ടാണെങ്കിലും ഒരു നിശ്ചിതദൂരം കടന്നുകഴിഞ്ഞാൽ ഒരു തിരിഞ്ഞുനോട്ടം മനുഷ്യസഹജമാണ്. വീട്ടിലേക്ക് ഒരു തിരിച്ചുപോക്ക്. പോകാതിരിക്കാൻ ആർക്കും കഴിയുകയില്ല.  വീടുകൾ എത്രതന്നെ വാങ്ങി താമസിച്ചാലും ജന്മഗൃഹം സ്വർഗ്ഗം പോലെ  മനുഷ്യമനസ്സുകളിൽ  നിറഞ്ഞുനിൽക്കാതിരിക്കുകയില്ല. വാസ്തവത്തിൽ ഭൂതകാലാനുഭൂതികൾ അല്ലെങ്കിൽ വേദനകൾ, ദുഃഖങ്ങൾ ഇതെല്ലാം ഒരാളുടെ ജീവിതത്തിൽ സ്വാധീനമുണ്ടാക്കുന്നു.  ഭാവിയെ ലക്ഷ്യമാക്കി മുന്നേറുമ്പോഴും നാം തിരിഞ്ഞുനോക്കുന്നു. അതാണത്രേ ഭാവിയെ സുരക്ഷിതമാക്കാൻ വർത്തമാനം നമ്മെ പഠിപ്പിക്കുന്ന വിദ്യ.
ആത്മകഥകളെ ഓർമ്മകളുടെ ഒരു കൊളാഷ് (Collash) എന്ന് വേണമെങ്കിൽ പറയാം.  കാലാകാലങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നപ്പോൾ ഉണ്ടായ വ്യത്യസ്തമായ അനുഭവങ്ങൾ ഒന്നിച്ചുചേർക്കുകയാണ് ആത്മകഥാകാരൻ.  പഴയകാലങ്ങൾ ഓർക്കുകയല്ല വർത്തമാനം അവയെ ഓർമ്മിപ്പിക്കുകയാണ്.  ഭൂതകാലവും വർത്തമാനകാലവും ബന്ധപ്പെട്ടുകിടക്കുന്നെങ്കിൽ  തീർച്ചയായും ഒരാൾ ആത്മകഥ എഴുതിയിരിക്കും. ഒരേ അനുഭവങ്ങൾക്ക് ഓരോ പ്രായത്തിലും വ്യത്യസ്ത അനുഭൂതി ഉളവാകുമ്പോൾ ഒന്നുകൂടി പുറകോട്ട് സഞ്ചരിക്കുവാൻ ഒരു പ്രേരണ നല്കുന്നതുകൊണ്ടാണ് അതെല്ലാം എഴുതിവയ്‍ക്കാൻ പലരും താത്‌പര്യപ്പെടുന്നത്.

ഡോ.  പാലക്കലിന്റെ ജീവിതകഥയെ "ഒരു ഫ്യുഡൽപ്രഭുവിൽ നിന്ന് ശാസ്ത്രജ്ഞനിലേക്കുള്ള ദൂരം" എന്ന് വേണമെങ്കിൽ നിർവ്വചിക്കാം.  കാരണം വൈക്കത്തെ സമ്പന്ന കതോലിക്ക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവിന് ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു.  കലാലയ വിദ്യാഭ്യാസവും ഉന്നത ബിരുദങ്ങളും സ്വപ്നം കണ്ട മകനോട് പിതാവ് പറയുന്നുണ്ട്. നമുക്ക് ധാരാളം ഭൂമിയുണ്ട്, അവിടെയെല്ലാം ജോലിക്കാരെ ആവശ്യമുണ്ട്. നീ  ജോലിചെയ്യിപ്പിച്ച് കൂലി കൊടുക്കുക അല്ലാതെ ജോലി ചെയ്‌തു കൂലി വാങ്ങിക്കുകയല്ല വേണ്ടത്. പക്ഷെ വിദ്യഭ്യാസയോഗ്യതകൾ നേടി ഒരു ഉദ്യോഗം നേടുക എന്നതായിരുന്നു മകന്റെ ആഗ്രഹം.  സ്നേഹനിധിയായ പിതാവ് അതിനു എതിര് നിന്നില്ല. അതുകൊണ്ട് അദ്ദേഹം പഠിച്ച് ജർമ്മനിയിൽ നിന്നും അമേരിക്കയിൽ നിന്നും ബിരുദങ്ങൾ നേടി ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടി. 

സമ്പത്തിന്റെ സുഖലോലുപതയിൽ അലസനായി  ജീവിതം കഴിക്കുന്ന ഒരു യുവാവായി ജീവിക്കുന്നതിനേക്കാൾ സ്വയം ഒരു ജീവിതം കെട്ടിപ്പടുക്കണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് മറ്റുള്ള യുവാക്കൾക്ക് മാതൃകയാകുന്നത്‌.  സ്വന്തം കഴിവിലുള്ള വിശ്വാസവും അതിനെ ബലപ്പെടുത്താൻ നേടേണ്ട വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബോധവും.  ധിഷണാശാലിയായിരുന്നു അദ്ദേഹം. വിദേശസർവ്വകലാശാലകൾ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചു.  ഓരോ വ്യക്തിയും മഹാനാകുന്നത് അദ്ദേഹത്തിന്റെ പ്രവർത്തികളിലൂടെയെയാണ്.  പഠനാനന്തരം കുറച്ചുനാൾ കോളേജ് അധ്യാപകനായെങ്കിലും വിദേശത്തുപോയി ഡോക്ടറേറ്റ് എടുത്തു  അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ അവിടെ  മറ്റുള്ളവർക്ക് വേണ്ടി ജോലിചെയ്യാതെ സ്വന്തം  ലബോറട്ടറി സ്ഥാപിച്ച് ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്ന മുതലാളിയായി. അങ്ങനെ പിതാവിന്റെ ആഗ്രഹം നിറവേറ്റി.

ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം പ്രസന്നവദനനായ,  പൊക്കമുള്ള, ചുരുളൻ മുടിയുള്ള ഒരു സുന്ദരനായിരുന്നു.  ആകാരം പോലെ തന്നെ സ്നേഹസ്വരൂപനും ആയിരുന്നു. ( ഇപ്പോൾ അങ്ങനെയല്ലെന്നർത്ഥമില്ല, ആ പ്രായം കടന്നുപോയതുകൊണ്ട് ഭൂതകാലത്തിൽ എഴുതിയെന്നു മാത്രം). സുഹൃത്ബന്ധത്തിനുപരി  ഭ്രാതൃസ്നേഹഭാവങ്ങളും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു. മൂന്നു ജേഷ്ഠസഹോദരിമാർക്ക് കുഞ്ഞാങ്ങളയായി ജനിച്ച് അവരുടെ അതിരറ്റ സ്നേഹം അനുഭവിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ സ്നേഹവാത്സല്യങ്ങൾക്ക് പ്രാധാന്യമുണ്ടായിരുന്നു. സ്നേഹവതിയായ മൂത്തചേച്ചി മരിച്ചവിവരം അറിഞ്ഞു ബോധംനഷ്ട്ടപ്പെട്ട്  വിങ്ങിക്കരഞ്ഞ സംഭവം വിവരിക്കുമ്പോൾ അന്നൊഴുക്കിയ കണ്ണീരിൽ വാക്കുകൾ കുതിരുന്നത് നമ്മൾ അറിയുന്നു.  വിധിയുടെ ക്രൂരവിനോദമായിരിക്കാം അദ്ദേഹം കുഞ്ഞേച്ചി എന്നു  വിളിച്ചിരുന്ന മൂന്നാമത്തെ പെങ്ങളും അകാലത്തിൽ ചരമമടഞ്ഞത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു.

സ്വന്തം ചേച്ചിമാരെ മതിവരുവോളം സ്നേഹിച്ചു  തീരുന്നതിനു മുമ്പ് അവരെ ദൈവം തിരികെവിളിച്ചപ്പോൾ ആ സ്നേഹം അദ്ദേഹം മറ്റുള്ളവർക്ക് പകർന്നുകൊടുത്തുകൊണ്ടിരുന്നു. മനസ്സിൽ നന്മയും സ്നേഹവുമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് തന്റെ കർമ്മവീഥികളിലെല്ലാം വിജയത്തിന്റെ പതാകകൾ പറപ്പിക്കാൻ കഴിഞ്ഞത് എന്നു കാണാം. ബുദ്ധിശക്തിയും അറിവും അദ്ദേഹത്തിന് കരുത്തു പകർന്നു. ചെറുപ്പത്തിലേ രോഗബാധിതനായി ഒരു വർഷം വിദ്യാഭ്യാസം മുടങ്ങിയപ്പോൾ  അമ്മ മകനെ പൊന്നുപോലെ നോക്കിയതും അദ്ദേഹം ഹൃദയത്തിൽ ഇപ്പോഴും സൂക്ഷിക്കുന്നു. ആണ്മക്കൾക്ക് അമ്മമ്മാരോട്  പ്രത്യേക സ്നേഹമുണ്ടാകുമെങ്കിലും ഡോക്ടർ പാലക്കൽ അതിനേക്കാൾ കൂടുതൽ അമ്മയോട് വളരെ അടുത്തിരുന്നു. അമ്മയും അതേപോലെ മകനെ സ്നേഹിച്ചു. രാഷ്ട്രീയകാര്യത്തിൽ ഒരേ ഒരു തവണ അപ്പന്റെ നിർദ്ദേശം അനുസരിക്കാതിരിക്കാൻ തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നതുമൂലം അമ്മയെപോലും തന്റെ ഇഷ്ടങ്ങൾക്ക് പാത്രമാക്കിയത് അപ്പനെ കോപിപ്പിച്ചുവെന്നു മറയില്ലാതെ വിവരിച്ചിട്ടുണ്ട്. പക്ഷെ തന്റെ തീരുമാനം ശരിയായിട്ടും അപ്പന് ഇഷ്ടമല്ലെന്നറിഞ്ഞു അത് മാറ്റുകയും അപ്പന്റെ ഏതാജ്ഞയും ശിരസ്സാ വഹിക്കാൻ തയ്യാറാകുകയും ചെയ്തു. പിന്നീട് ഒരിക്കൽ പോലും അപ്പന് അപ്രിയമായതു ഒന്നും ചെയ്തില്ല.  അമേരിക്ക എന്ന രാജ്യത്തുവന്നു പലരും ജോലി നേടുമ്പോൾ ഡോക്ടർ പാലക്കൽ അപ്പന്റെ ആഗ്രഹത്തെ  മുന്നിൽ കണ്ട് സ്വന്തമായി ഒരു സ്ഥാപനം സ്ഥാപിച്ചത് മുമ്പ് സൂചിപ്പിരുന്നല്ലോ. മാതാ പിതാ ഗുരു ദൈവമെന്ന ആപ്തവാക്യത്തെ ഈ മകൻ എപ്പോഴും മുറുക്കെ പിടിച്ചിരിക്കുന്നത് കാണാം. മാതാപിതാക്കളെ വന്ദിക്കുക ബഹുമാനിക്കുക എന്നീ ഗുണങ്ങൾ ചെറുപ്പം മുതൽ ശീലിച്ചതുകൊണ്ടായിരിക്കും ജീവിതത്തിലെ വെല്ലുവിളികളെയും പരീക്ഷണങ്ങളെയും അദ്ദേഹം തരണം ചെയ്ത വിജയശ്രീലാളിതനായത് എന്നു  അനുമാനിക്കാം.  ഓരോ ജീവിതകഥയും വായിക്കുന്നവർക്ക് ഓരോ പാഠങ്ങൾ ലഭ്യമാകുന്നു. ഡോക്ടർ പാലക്കലിന്റെ ജീവിതവും നന്മയുടെ പന്ഥാവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ''


ജീവചരിത്രങ്ങൾ എഴുതുന്നയാളിന്റെ ഓർമ്മകൾ മുഴുവൻ പകർത്തുന്നതുകൊണ്ടു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മാത്രമല്ല ജനിച്ചു  വളർന്ന നാടിന്റെ ചരിത്രവും നമുക്കു  കിട്ടുന്നു.  ഡോക്ടർ പാലക്കൽ അധ്യാപകനായിരുന്നതു കൊണ്ടുകൂടിയാകാം അദ്ദേഹത്തിന്റെ വിവരണങ്ങൾ സ്ഫടികസങ്കാശയങ്ങളാകുന്നത്. വാക്കുകളുടെ ഒഴുക്കു  ഓരോ വിവരണങ്ങളെയും അതീവഹൃദ്യമാക്കുന്നു. വായനക്കാരന്റെ ജിജ്ഞാസ വർധിപ്പിച്ച് അവനെ വായനയിൽ നിമഗ്നനാക്കുന്നു. കുട്ടിക്കാലത്തെ ബന്ധുവീടുകളിലെ സന്ദർശനവും വഴിയോര കാഴ്ച്ചകളും വർണ്ണിക്കുമ്പോൾ അധികം വിദൂരമല്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ നേർചിത്രം നമുക്ക് മുന്നിൽ ചുരുളഴിയുന്നുണ്ട്.  അവുധിക്കാലത്ത് അമ്മയുടെവീട്ടിൽ ചിലവഴിച്ച ദിവസങ്ങളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് ആലപ്പുഴയിലെ കൈനിക്കര എന്ന പ്രദേശത്ത് കുടിവെള്ളത്തിന് പ്രയാസമുണ്ടായിരുന്നുവെന്നാണു. എന്നാൽ ഇന്നത്തെപോലെ അതൊരു പ്രശ്നമാക്കി വിഷമിക്കാതെ ആലപ്പുഴയിൽ നിന്നും വഞ്ചിമാർഗം ചെമ്പുകാലങ്ങളിലും, കുട്ടകങ്ങളിലും വെള്ളം കൊണ്ടുവന്നു പരിഹാരം കണ്ടിരുന്നു.  വളരെ സുഖകരമായ ഒരു കാലത്തിന്റെ മധുരസ്മരണകൾ മനോജ്‌ഞമായ ശൈലിയിൽ ഡോക്ടർ പാലക്കൽ വിവരിക്കുമ്പോൾ നമ്മളും ആ കാലഘട്ടത്തിലെ നല്ല നാളുകൾ കൊതിച്ചുപോകും. നമ്മളുടെ മുന്നിൽ ആ കാഴ്ചകൾ മിന്നിമറയുന്നതായി തോന്നും.


ഡോക്ടർ പാലക്കലിന്റെ മാതാപിതാക്കൾ കൗമാരകാലത്ത് വിവാഹിതരായി. അന്നത്തെ കൗമാരവിവാഹ ആചാരസമ്പ്രദായത്തിലേക്ക് ആ വിശേഷം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. തന്നെയുമല്ല ധനികരായവരുടെ വിവാഹത്തോടനുബന്ധിച്ച് വരനെയും വധുവിനെയും കെട്ടുകഴിഞ്ഞതിനുശേഷം  വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വഴിനീളെ കലാപ്രകടനങ്ങൾ നടത്തിക്കാറുണ്ടായിരുന്നു.  ഡോക്ടർ പാലക്കലിന്റെ അമ്മയ്ക്ക് വിവാഹസമയത്ത് പതിമൂന്നുവയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. അവർ കൗതുകത്തോടെ പല്ലക്കിലിരുന്നു പ്രസ്തുത വിനോദങ്ങൾ ആസ്വദിച്ചകാര്യം  മക്കളോട് പറഞ്ഞതിൽ നിന്നും ഓർമ്മിച്ചെടുത്ത് ഡോക്ടർ എഴുതിയിട്ടുണ്ട്.  മുമ്പ് പ്രസ്താവിച്ചപോലെ ഓർമ്മകൾ പെയ്തിറങ്ങുകയാണ് ഓരോന്നായി. ചിലതെല്ലാം സന്തോഷകരമാകുമ്പോൾ ആ പ്രകാശം മഴത്തുള്ളികളിൽ തട്ടി സംതൃപ്തിയുടെ മഴവിൽ അദ്ദേഹം വിരിയിക്കുന്നു. 


 മലയാളത്തിലെ രസകരമായ പഴഞ്ചൊല്ലുകൾ കാലാകാലങ്ങളിൽ നഷ്ടപ്പെടുകയും പുതിയത് ഉണ്ടാകുകയും ചെയ്യുന്നു. അന്നുകാലത്ത് ഇംഗ്ളീഷ് കലണ്ടറുകളെക്കാൾ മലയാളം കലണ്ടറുകൾ ഉപയോഗിക്കുന്നതും കാലാവസ്ഥക്കനുസരിച്ച് പഴമൊഴികൾ പറഞ്ഞിരുന്നതും ഓർത്തെടുത്ത് ഡോക്ടർ എഴുതുന്നുണ്ട്. ഡോക്ടർ പിന്നിട്ട കാലത്തേക്ക് വായനക്കാരനെ നിഷ്പ്രയാസം  കൂട്ടിക്കൊണ്ടുപോകുന്ന ജാലവിദ്യ. ഓരോ വിവരണങ്ങളിൽ നിന്നും പ്രകൃതിയും പരിസരങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ഒരു മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം എന്ന് മനസ്സിലാക്കാം. അന്നു സാഹിത്യരചനകൾ നടത്തിയിരുന്നതായി സൂചിപ്പിക്കുന്നില്ലെങ്കിലും മലയാളഭാഷയ്ക്ക് വളരെയധികം സംഭാവനകൾ ചെയ്യാനുള്ള വിഷയങ്ങളുടെ കാലവറയായിരുന്നു ആ മനസ്സെന്നു അദ്ദേഹത്തിന്റെ പിൽക്കാല രചനകൾ സാക്ഷ്യം വഹിക്കുന്നു.  നാട്ടിലെ ചില കഥാപാത്രങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ രസാവഹമായി പ്രതിപാദിച്ചിട്ടുണ്ട്. അതിലൊന്നാണ് ഉള്ളാടൻ കിട്ടു.  ആ മനുഷ്യൻ അപ്പന്റെ സമ്മതം നേടി പറമ്പിലുണ്ടായിരുന്ന തോട്ടുവക്കത്തെ മരത്തിൻ കീഴിൽ നിന്നു ആമകളെ പിടിച്ച സംഭവം  വിവരിച്ചിരിക്കുന്നത് നമ്മൾ അതിശയത്തോടെ വായിക്കും.  പുതിയ തലമുറക്കാർക്ക് ആ വിവരങ്ങൾ വളരെ കൗതുകകരമായിരിക്കും. ഇന്നും ആമകൾ ഉണ്ടായിരിക്കും. പക്ഷെ ഉള്ളാടന്മാർ ഇല്ല.  ആമകളുടെ പുണ്യകാലം. 
 അപ്പന്റെ സമ്മതത്തോടെ തന്നെ അദ്ദേഹത്തിന്റെ തോക്കുമെടുത്തു നായാട്ടിനുപോയി ആനന്ദിച്ചിരുന്ന കാലത്തു  ഒരു കുളക്കോഴിയെ വെടിവയ്ക്കാൻ പാത്തും പതുങ്ങിയും കാട്ടിലൂടെ നടക്കുമ്പോൾ മറുകരയിലെ കുളത്തിൽ അതീവസുന്ദരിയായ ഒരു യുവതി കുളിക്കുന്നത് കാണുന്നു. അത് നോക്കിനിൽക്കുന്നതു  തെറ്റാണെന്ന ബോധമുണ്ടായിട്ടും യുവത്വത്തിന്റെ ലഹരിയിൽ വശംവദനായി ആ കാഴ്ച കണ്ടുനിന്നു. കൂടെയുണ്ടായിരുന്നയാൾ പുറകെനിന്നു  വിളിക്കുന്നതും യുവതി ലജ്ജിച്ച് കുളത്തിലേക്ക് ചാടിയതുമൊക്കെ ഓർമ്മിച്ചെഴുതുമ്പോൾ ആ വരികളിൽ പ്രതിബിംബിക്കുന്ന ചാരുതയാർന്ന വർണ്ണനയിൽ നിന്നും  ഒരു എഴുത്തുകാരനെ നമുക്ക് തിരിച്ചറിയാം. ഭാവനയുടെ ചിറകുകളിൽ പറന്നു നടക്കാൻ മോഹിച്ചിരുന്ന ഒരു യുവത്വം. ഭാഷയോടുള്ള സ്നേഹം ആ ചിറകുകൾക്ക് വളർച്ചയും വർണ്ണങ്ങളും നൽകി. വൈക്കം പല സർഗ്ഗപ്രതിഭകളെയും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.  വൈക്കത്തുനിന്നും കോഴിക്കോട്ടെക്ക്പോയി അവിടെ ബേപ്പൂർ സുൽത്തനായി വാണ വൈക്കം മുഹമ്മദ് ബഷീറും ജീവിതത്തെ വളരെ സസൂക്ഷ്മം നിരീക്ഷിച്ച വ്യക്തിയാണ്.  പാത്തുമ്മയുടെ ആടുപോലുള്ള കൃതികൾ എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ഡോക്ടർ പാലക്കലിന്റെ വിവരണങ്ങൾ വായിക്കുമ്പോഴാണ് നമ്മുടെ കണ്ണിനു മുന്നിൽ ഉണ്ടായിട്ടും നമ്മൾ അവ നോക്കി മനസ്സിലാക്കിയില്ലല്ലോ എന്ന് ഓർക്കുക. വൈക്കത്ത് ജനിച്ചുവളർന്ന ഡോക്ടർ പാലക്കലിനേയും സർഗ്ഗപ്രതിഭ ആശ്ലേഷിച്ചുകാണും. അതുകൊണ്ടല്ലേ ഭൂഖണ്ഡങ്ങൾ താണ്ടിയിട്ടും ലോകത്തിലെ വൻകിട രാജ്യമായ അമേരിക്കയിൽ നാല് പതിറ്റാണ്ടുകളോളം താമസമാക്കിയിട്ടും സരളസുന്ദരമായ മലയാളത്തിൽ അദ്ദേഹത്തിന് എഴുതാൻ കഴിയുന്നത്. 


അന്നുകാലത്ത്  നെല്ല് പുഴുങ്ങുന്നതും, കുത്തി അരിയാക്കുന്നതും, അതിനായി നിയോഗിക്കപ്പെട്ട പെണ്ണുങ്ങളും, കറി വയ്ക്കാനുപയോഗിച്ചിരുന്ന വിവിധ തരം കലച്ചട്ടികളും, മറ്റും വിവരിച്ചിരിക്കുന്നത് കലാപരമായിട്ടാണ്.   നേരത്തെ സൂചിപ്പിച്ചപോലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ വിസ്തരിച്ചും, വ്യക്തമായും അദ്ദേഹം എഴുതുന്നു.  ഒരു എഴുത്തുകാരനും ഒരു അധ്യാപകനും അദ്ദേഹത്തിൽ അന്നുമുതൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രചനയിൽ ഒരു ചരിത്രകാരനും പ്രകടമാണ്. ചരിത്രകാരന്മാർ പഴയകാല സംഭവങ്ങളെ നമ്മളിൽ ജിജ്ഞാസയുളവാകും വിധം അവതരിപ്പിക്കുന്നു.  ഡോക്ടർ പാലക്കൽ തന്റെ വിവരണങ്ങളിലൂടെ  ചരിത്ര വിദ്യാർത്ഥികൾക്ക് എന്തെങ്കിലും കണ്ടുപിടിക്കാൻ സഹായിക്കുന്നവിധത്തിലുള്ള  (heuristic) വിവരങ്ങൾ നൽകുന്നു.


ധനികപുത്രനായി ജീവിച്ചിട്ടും ഒരിക്കലും അഹങ്കാരം അദ്ദേഹത്തെ സ്പർശിച്ചിട്ടില്ല. വിനയത്തോടെ, താഴ്മയോടെ, സുസ്മേരവദനായിട്ടാണ് അദ്ദേഹം എവിടെയും  പ്രത്യക്ഷപ്പെടുക. അമേരിക്കൻ മലയാളിസമൂഹത്തിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളിൽ അദ്ദേഹം അംഗത്വവും ഭാരവാഹിത്വവും ഏറ്റെടുത്തിരുന്നു.  "ഞാൻ..ഞാൻ" എന്ന പ്രയോഗം ഇദ്ദേഹത്തിനിഷ്ടമേയല്ല. അമേരിക്കൻ  സർഗ്ഗവേദി എന്ന സാഹിത്യസംഘടനയെ പഴയകാല കവി ചെറിയാൻ കെ ചെറിയാൻ പിളർത്തി വേറൊന്നു തുടങ്ങിയപ്പോൾ സർഗ്ഗവേദിയെ പരിപോഷിപ്പിച്ച് വളർത്തിയത് ഇദ്ദേഹമാണ്.  അത് ചരിത്രമാണ്, രേഖകളുണ്ട്.എന്നിട്ടും അതേക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നില്ല.  ഒരു പക്ഷെ പള്ളിക്കായി സ്വന്തം ചിലവിൽ നിർമ്മിച്ചു  കൊടുത്ത കുരിശ്ശിന്റെ ചുവട്ടിൽ തന്റെ പേര് കണ്ട് അതു  വേണ്ടെന്നു  നിർബന്ധിപ്പിച്ച്‌ അരം കൊണ്ട് രാവിച്ചുകളയിപ്പിച്ച പ്രിയ പിതാവിന്റെ എളിമ അദ്ദേഹം പ്രകടിപ്പിക്കുകയായിരിക്കും. വൈക്കം കായലിലെ ഓളങ്ങൾ ഡോക്ടർ പാലക്കലിന്റെ വന്ദ്യപിതാവിന്റെ നിസ്വാർത്ഥ സേവനങ്ങൾ ഓർത്ത് കരയിൽ വന്നു  അദ്ദേഹത്തെക്കുറിച്ച് മന്ത്രിക്കുന്നുണ്ടാകും.  സഹൃദയനും എഴുത്തുകാരനുമായ മകന് അത് കേൾക്കാൻ കഴിയുമെന്ന് അവർക്കറിയാം. 


അമേരിക്കയിലെ ന്യുയോർക്കിൽ താമസിച്ച് ഇവിടത്തെ സംഘടനകളിൽ ഭാഗഭാക്കായപ്പോൾ അവിടത്തെ സാഹിത്യ വിഭാഗത്തിന്റെ നടത്തിപ്പ്  ഇദ്ദേഹം സമർത്ഥമായി നിർവ്വഹിച്ചു. അമേരിക്കൻ മലയാളികളുടെയും അവരുടെ തലമുറകളുടെയും ചരിത്രങ്ങൾ എഴുതി. കാലം മാറുമ്പോൾ തലമുറകളുടെ വിടവിനു പ്രസക്തിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഡോക്ടർ പാലക്കലിന്റെ ഈ ആത്മകഥ വായനക്കാർക്ക് അറിവ് പകരുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് തീർച്ചയാണ്. കൂടുതൽ അതേപ്പറ്റി എഴുതാതെ വായനക്കാരോട് പ്രസ്തുത കൃതി വായിച്ച് ആനന്ദിക്കുവാൻ താല്പര്യപ്പെടുന്നു. 
ഡോക്ടർ പാലക്കലിന് ആയുരാരോഗ്യങ്ങൾ നേരുന്നു.  ആയുഷ്മാൻ ഭവ:.
ശുഭം
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക