Image

പോലീസുകാർ കള്ളനു കഞ്ഞി വച്ചാൽ... (ഉയരുന്ന ശബ്ദം - 54: ജോളി അടിമത്ര)

Published on 15 July, 2022
പോലീസുകാർ കള്ളനു കഞ്ഞി വച്ചാൽ... (ഉയരുന്ന ശബ്ദം - 54: ജോളി അടിമത്ര)

സർവ്വീസിലിരിക്കെ ഇല്ലാത്ത ധൈര്യം ,റിട്ടയർ ചെയ്ത ശേഷം ഉണ്ടാകുന്ന മനോഹര കാഴ്ചയിൽ രോമാഞ്ചം കൊള്ളുകയാണിപ്പോൾ മലയാളികൾ. പലരും ആത്മകഥകൾ പച്ചക്കള്ളം ചേർത്ത്എഴുതുന്നു. ചിലർ സർവീസ് സ്റ്റോറികൾ എഴുതുന്നു. മറ്റു ചിലർ സ്വന്തം ചാനലുകൾ തുടങ്ങി 'സത്യങ്ങൾ' വിളിച്ചു പറയുന്നു. സർവ്വീസിലിരിക്കെ കമാന്ന് വായ തുറക്കാത്ത മുൻ ഡിജിപി ആർ.ശ്രീലേഖയാണ് രഹസ്യങ്ങളുടെ വലിയ സ്റ്റീൽ ബോംബുകളുമായി സ്വന്തം ചാനലിലൂടെ ലോക മലയാളികളിലേക്കെറിഞ്ഞത്. രണ്ടു വർഷമായി ഇത് മടിയിൽ വച്ച് അക്ഷമയായി കാത്തിരിക്കയായിരുന്നു.33 വർഷമായി പോലീസ് ഡിപ്പാർട്ടുമെൻ്റിൽ നടക്കുന്ന പല നടപടിക്രമങ്ങളും ശ്രീലേഖ ചികഞ്ഞിളക്കി പുറത്തിട്ടിട്ടുണ്ട്. ചീഞ്ഞളിഞ്ഞ കഥകൾ കേട്ട് പൊതുജനം അമ്പരന്നു.


കേരളം സസ്നേഹം വരവേറ്റ ഐ.പിഎസുകാരിയാണ് ശ്രീലേഖ. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐപിഎ സുകാരി. കേരളത്തിലെ ആദ്യ വനിതാ ഡിജിപി.


പോലീസ് മെഡലും രാഷ്ട്രപതിയുടെ മെഡലും നേടിയ പ്രശംസാർഹമായ സേവനം.നിരവധി ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കൃതികളും രചിച്ചിട്ടുള്ള മിടുക്കിയായ എഴുത്തുകാരി. ആനുകാലികങ്ങളിൽ എഴുതുന്ന അനുഭവക്കുറിപ്പുകൾക്ക് വായനക്കാർ ഏറെ.. മികവും കഴിവും അംഗീകാരവും ഒപ്പത്തിനൊപ്പം.. എന്നിട്ടുമെൻ്റെ ശ്രീലേഖേ...


25 വർഷത്തിനുമപ്പുറത്താണ് ഞാൻ ആദ്യം ആർ.ശ്രീലേഖയെ കാണുന്നത്. അവരുടെ ഇൻറർവ്യൂ എടുക്കാൻ ചെന്നതാണ്. മാന്യമായ, ജാഡകളില്ലാത്ത പെരുമാറ്റം, ഹൃദ്യമായ സംസാരം. കേരളത്തിലെ സ്ത്രീകൾ അവരെനെഞ്ചിലേറ്റി. പുരുഷ പോലീസിനോടു പറയാൻ വയ്യാത്ത കാര്യങ്ങൾ തുറന്നു പറയാൻ തങ്ങൾക്ക് ഒരു രക്ഷകയെത്തി എന്നവർ വിശ്വസിച്ചു.ആ വിശ്വാസം ഇവിടുത്തെ സ്ത്രീകളെ തുണച്ചില്ല എന്ന് പുതിയ വെളിപ്പെടുത്തലിലൂടെ നാം അറിയുന്നു.


ശ്രീലേഖയുടെ തുറന്നു പറച്ചിൽ ആരെ രക്ഷിക്കാനാണെന്ന ചോദ്യം അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്.നടിയെ പീഡിപ്പിച്ച കേസ് കോടതിയിൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഈ വെളിപ്പെടുത്തൽ. സ്വന്തം യുട്യൂബ് ചാനലിൻ്റെ പ്രമോഷനു വേണ്ടിയുള്ള തന്ത്രമാണിതെന്ന് ഒരു കൂട്ടർ പറയുന്നു. അതല്ല ദിലീപിനു വേണ്ടിയാണ് ഈ രംഗ പ്രവേശം എന്ന് വലിയൊരു വിഭാഗം ആരോപിക്കുന്നു. ദിലീപിൻ്റെ പണം വാങ്ങി കൂലിപ്പണിയെടുക്കേണ്ട ഗതികേട് ശ്രീലേഖയ്ക്കില്ല. 33 വർഷത്തെ സർവ്വീസിനിടയ്ക്ക് അത്തരം ആരോപണങ്ങൾ അവർക്കെതിരെ ഉയർന്നിട്ടില്ല. ഉന്നതരായ പല പുരുഷ പോലീസുകാരും കൈക്കൂലി - സാമ്പത്തിക ത്തട്ടിപ്പ് ആരോപണങ്ങളെ നേരിട്ടപ്പോൾ ശ്രീലേഖയുടെ പേര് വേറിട്ടതായി. പക്ഷേ,കരിയറിൽ ജനം പ്രതീക്ഷിച്ചത്ര അവർ ശോഭിച്ചില്ല. സ്ത്രീകളുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. അതിനും കാരണങ്ങളുണ്ട്.


മാറി മാറി വരുന്ന സർക്കാറുകളെ സോപ്പിട്ടും സേവ പാടിയും നിൽക്കുന്ന ശിങ്കിടികൾ ഉന്നത സ്ഥാനങ്ങളിൽ ഇരുത്തപ്പെടുന്നത് നമ്മൾ കാണാറുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ ഗുഡ് ഗേളും ഗുഡ് ബോയിയുമായി അവരൊക്കെ.പക്ഷേ ശ്രീലേഖ നടുവ് വളച്ചില്ല. ഭരിക്കുന്നവരുടെ നിർദ്ദേശങ്ങൾക്ക് ഓശാന പാടാത്തവർ അപ്രസക്തമായ സ്ഥാനങ്ങളിലേക്ക് ഒഴിവാക്കപ്പെടും. ശ്രീലേഖ രാഷ്ട്രീയക്കാർക്ക് ഓശാന പാടാത്ത ഐ.പിഎ സുകാരിയായിരുന്നു. അതൊക്കെ അവരുടെ നല്ല ഗുണങ്ങൾ. ഇവയെല്ലാം ഒറ്റ ചാനൽ വീഡിയോയിലൂടെ തകർന്നു.മലയാളികൾക്ക് അവമതിപ്പുളവാക്കുന്നതായി ഈ വീഡിയോ. പറ്റിയത് വലിയ മണ്ടത്തരം ആയിപ്പോയി. ഒരു പക്ഷേ ദിലീപിനോടുള്ള ആരാധനയാവാം കാരണം.ദിലീപിനെ കുറ്റവാളിയായി കാണാൻ ആഗ്രഹിക്കാത്ത ആളാണ് ഞാനും.. ലോകം മുഴുവൻ അവനെ ക്രൂശിക്ക എന്നാർത്തു വിളിച്ചതുകൊണ്ട് ഒരാൾ കുറ്റവാളിയാകണമെന്നില്ല. കോടതി ആ സത്യം കണ്ടെത്തി വിധിക്കട്ടെ. പക്ഷേ, കേസ് കോടതിയിൽ നിൽക്കുന്ന ' പീക്ക് ടൈമിൽ' ദിലീപിനെ പിന്തുണച്ചുള്ള മുൻ ഡിജിപിയുടെ പ്രസ്താവന കോടതിയെ എങ്ങനെ ബാധിക്കുമെന്ന വല്ലാത്ത ഭയം മലയാളികൾക്കുണ്ട്പക്ഷേ ശരാശരി മലയാളിക്ക് പിടികിട്ടാത്തത് ശ്രീലേഖ എന്തിന് കള്ളന് കഞ്ഞി വച്ചു എന്നതാണ്.


ക്രിമിനലായ പൾസർ സുനി ഈ കേസിലെ നടിയെ പീഡിപ്പിച്ചതു പോലെ മറ്റു പല നടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചിട്ടുണ്ടത്രേ. ബ്ളാക്ക് മെയ്ൽ ചെയ്തു തുടങ്ങിയപ്പോൾ തങ്ങളുടെ കരിയറും പേരും ഓർത്ത് ആ  നടികൾ പണം നൽകി രക്ഷപ്പെട്ടു. ശ്രീലേഖയോട് അവരത് തുറന്ന് വെളിപ്പെടുത്തി. പക്ഷേ നടിമാർ പരാതി നൽകാൻ തയ്യാറല്ലാത്തതിനാൽ ഡി ജി പി ഒരു നടപടിയുമെടുത്തില്ല. കഷ്ടം.ഒരു വനിതാ ഡി.ജി പി യ്ക്ക് പൊതുജന താൽപ്പര്യം മുൻനിർത്തി സ്ത്രീ സുരക്ഷയ്ക്കായി, നടപടിയെടുക്കയോ മുഖ്യമന്ത്രിയെത്തന്നെ അറിയിക്കയോ ചെയ്യാമായിരുന്നു. അത്രകണ്ട് പ്രമാദമായ കുറ്റകൃത്യമാണിത്.


പൾസർ സുനിയെ കണ്ടു പഠിച്ച് എത്രയെത്ര സുനിമാർ എത്രയെത്ര നടിമാരെ ഇങ്ങനെ ബ്ളാക്ക് മെയിൽ ചെയ്ത് പണമുണ്ടാക്കിക്കാണണം,.ആ ചതിയ്ക്ക് ഒരർത്ഥത്തിൽ ശ്രീലേഖ ഓശാന പാടുകയായിരുന്നില്ലേ ?.ദിലീപ് കുറ്റക്കാരനല്ലെന്ന് വരുത്തി തീർക്കാൻ പെൻഷൻ പറ്റി രണ്ടു വർഷത്തിനു ശേഷം ബോംബുമായെത്തിയിരിക്കുന്നു.
ദിലീപിൻ്റെ അഞ്ചു വയസ്സുകാരി മോൾക്ക് നഷ്ടപ്പെട്ട സ്വാതന്ത്രത്തെപ്പറ്റി ഓർത്ത് മുതലക്കണ്ണീരൊഴുക്കുന്ന ശ്രീലേഖയെ കഴിഞ്ഞ അഞ്ചു വർഷമായി അപമാനിതയായി കഴിയുന്ന നടിയുടെ ദുരവസ്ഥ വേദനിപ്പിക്കാത്തതെന്താണ്? സർവ്വീസിലിരിക്കെ അവളെ പോയി കണ്ടാൽ തെറ്റിധരിക്കപ്പെടുമെന്നാണെങ്കിൽ റിട്ടയർ ചെയ്ത ശേഷം രണ്ടു വർഷത്തിനിപ്പുറത്തും പോകാത്തതെന്തേ?. അപ്പോൾ ജയിലിൽ ദിലീപിനു നൽകിയ കമ്പിളിക്കഥയും മറ്റൊരു തടവുകാരന് ചെവിയിൽ മരുന്നൊഴിച്ചതും 'അമ്പടാ, ഞാനേ' ആയിരുന്നില്ലേ? ഒരു
വനിതാ മാസികയിലെ പംക്തിയിൽ നവജാത ശിശുവിനെ കൊന്ന അമ്മയെ   അറസ്റ്റു ചെയ്യാതെ വിട്ടന്നെഴുതിയത് ഭാവന മാത്രമായിരുന്നെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പരസ്യമായി തെളിയിച്ചത് മറക്കവയ്യാ. തെറ്റാണെങ്കിൽ ജോമോനെതിരെ മാനനഷ്ടക്കേസ് നൽകാതിരുന്നതെന്തുകൊണ്ട്?.


സ്വന്തം പോലീസ് ഡിപ്പാർട്ടുമെൻറിനെതിരെയും ശ്രീലേഖ ഉടവാൾ എടുത്തു. ദിലീപിൻ്റെ ഒപ്പമുള്ള പൾസർ സുനിയുടെ ഫോട്ടോ ഫോട്ടോഷോപ്പായിരുന്നെന്ന് സമർത്ഥിച്ചു കളഞ്ഞു. ഒപ്പമുള്ള ഉന്നത പോലീസുദ്യോഗസ്ഥൻ പറഞ്ഞത് - തെളിവിനായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന്. കേരള പോലീസുകാർക്കിടയിൽ ഇത്തരം ചതിയന്മാരുമുണ്ടെന്നു പറഞ്ഞു വച്ചതും 'തള്ളാണോ ' ശ്രീലേഖാ  ?. അയാളുടെ പേരും തുറന്നു പറയണം. ഇനി എന്തിന് പേടിക്കണം.
പിന്നെ ശ്രീലേഖ വലിയൊരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നു. കേരളത്തിലെ പത്രങ്ങളെ .നിയന്ത്രിക്കാർ ചില ശക്തി കേന്ദ്രങ്ങളുണ്ട്. അവർ പറയുന്ന പോലയേ വാർത്ത എഴുതാൻ പറ്റൂ. അവർ വായനക്കാരെ തെറ്റിധരിപ്പിക്കയാണ്.


25 വർഷത്തോളം പ്രശസ്തമായ ഒരു പത്രത്തിലെ പത്രാധിപ സമിതി അംഗമായിരുന്നു ഞാൻ. പ്രമുഖമായ 10-12 പത്രങ്ങളിലും നാളെ എന്ത് എങ്ങനെ നൽകണമെന്ന് തീരുമാനിക്കുന്ന ആ വലിയ ശക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.ആരോഗ്യകരമായ മത്സരം നിലനിൽക്കുന്ന പത്രങ്ങളിൽ ആര്  പൊതു നിർദ്ദേശം നൽകും? തൽസമയം ചാനലിൽ കാണുന്ന വാർത്തയാണ് നാളെ പത്രത്തിൽ അടിച്ചു വരുന്നത്. എങ്ങനെ.ജനത്തെ കളിപ്പിക്കാനാവും ശ്രീലേഖാ?
ഇങ്ങനെ മണ്ടത്തരം വിളിച്ചുകൂവരുത്.

എന്തായാലും സ്ത്രീപീഢകനെതിരെ വെളിപ്പെടുത്തലുണ്ടായിട്ടും നടപടിയെടുക്കാത്ത ശ്രീലേഖ സ്ത്രീകളെ അപമാനിക്കയായിരുന്നു. നിങ്ങളിൽ നിന്ന് വലിയ നീതി പ്രതീക്ഷിച്ച കേരളത്തിലെ പെണ്ണുങ്ങളെയാണ് നിങ്ങൾ ചതിച്ചത്..അതിപ്പോൾ നിങ്ങളുടെ സ്വന്തം നാവിൽ നിന്ന് പുറത്തു വന്നിരിക്കുന്നു.


നിങ്ങൾക്കൊരു മകളില്ലാത്തതിൽ എനിക്ക് വേദനയുണ്ട്.  ഒരു പെണ്ണ് വസ്ത്രാക്ഷേപം ചെയ്യപ്പെട്ടുമ്പോൾ, പീഡനത്തിനിരയാകുമ്പോഴുള്ള വേദന ഒരു മകളുണ്ടായിരുന്നെങ്കിൽ ശ്രീലേഖയ്ക്ക് കുറെക്കൂടി മനസ്സിലാകുമായിരുന്നു. അല്ല, പെണ്ണിനൊപ്പം നിൽക്കാൻ എന്തിന് അമ്മയാകണം? അതിന് മുഖം മൂടിയില്ലാത്ത ഒരു മനസ്സ്‌ ഉണ്ടാവേണ്ടിയിരുന്നു. 'തള്ളി 'കിട്ടുന്ന തരം താണ പ്രശസ്തിയേക്കാൾ നീതി നൽകുമ്പോഴുള്ള ചാരിതാർഥ്യമാണ്  വലുത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക