Image

അറസ്റ്റുകള്‍ തുടരുന്നു.(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 16 July, 2022
അറസ്റ്റുകള്‍ തുടരുന്നു.(ദല്‍ഹികത്ത് : പി.വി.തോമസ്)

ഇരുപതുവര്‍ഷം മുമ്പുനടന്ന ഗുജറാത്തു വംശഹത്യയില്‍ ഇപ്പോഴും അറസ്റ്റ് തുടരുകയാണ്. ഇപ്പോള്‍ അറസ്റ്റു ചെയ്യുന്നത് പ്രതികളെയല്ല വാദികളെ ആണെന്ന ഒരു വ്യത്യാസം മാത്രം. സാമൂഹ്യ-മാധ്യമപ്രവര്‍ത്തകയായ ടീസ്റ്റസെറ്റല്‍വാഡ് മുന്‍ ഗുജറാത്ത് ഡി.ജി.പി. ആയ ആര്‍.ബി.ശ്രീകുമാര്‍ എന്നിവരെ ജൂണ്‍ 25-ന് അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പോലീസ് ഓഫീസറും ഇപ്പോള്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതുമായ സജ്ജീവ് ഭട്ടിനെ ജൂലൈ 13-ന് ആണ് വീണ്ടും അറസ്റ്റു ചെയ്തത്. ഇവര്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കും ഗവണ്‍മെന്റിനും എതിരെ ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് ഗൗരവമേറിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാറും ഭട്ടും നരഹത്യയില്‍ മോദിയുടെ പങ്ക് എടുത്തുകാണിച്ചിരുന്നു. ടീസ്റ്റ നീണ്ട ഒരു നിയമയുദ്ധം ആണ് അധികാരികള്‍ക്കെതിരെ കലാപത്തിനിരയായവരുടെ ഒപ്പം നിന്നുകൊണ്ട് നടത്തിയത്. ഒടുവില്‍ ജൂണ്‍ 24-ന് സുപ്രീംകോടതിയുടെ വളരെ പ്രധാനപ്പെട്ട ഒരു വിധിവന്നു. സുപ്രീംകോടതി ഗുജറാത്തു കലാപത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ടീം മോദിക്ക് നല്‍കിയ ക്ലീന്‍ചിറ്റ് ശരിവച്ചു. മാത്രവും അല്ല സെറ്റല്‍വാഡിനെയും ശ്രീകുമാറിനെയും ഭട്ടിനെയും അറസ്റ്റു ചെയ്തു ഗൂഢാലോചനക്ക് അതിന് വിചാരണക്ക് വിധേയര്‍ ആക്കുവാന്‍ കല്പിച്ചു. ഇതുപ്രകാരം ഗുജറാത്തു പോലീസ് സെറ്റല്‍വാഡിനെയും ശ്രീകുമാറിനെയും പിറ്റെ ദിവസം തന്നെ കസ്റ്റഡിയില്‍ എടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഭട്ടിനെയും അറസ്റ്റു ചെയ്തു.

കലാപകാലത്ത് ഡി.ജി.പി. ആയിരുന്ന ശ്രീകുമാര്‍ മോദി ഗവണ്‍മെന്റിന്റെ പങ്കിനെ ചോദ്യം ചെയ്തു വിമര്‍ശിച്ചിരുന്നു. അദ്ദേഹം പറഞ്ഞിരുന്നു ഒരു ഗവണ്‍മെന്റ് വിചാരിച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് ഒരു കലാപം അടിച്ചമര്‍ത്തുവാന്‍ സാധിക്കും. കാരണം ഗവണ്‍മെന്റിന്റെ കയ്യില്‍ പോലീസും പട്ടാളവും അര്‍ദ്ധ സൈനീക വ്യൂഹങ്ങളും ഉണ്ട്. അതിനെ കൃത്യമായി വിന്യസിച്ച് വേണ്ട ഉത്തരവുകള്‍ നല്‍കിയാല്‍ കലാപകാരികള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. പക്ഷേ, ഇക്കാര്യത്തില്‍ അന്നത്തെ ഗുജറാത്തു ഗവണ്‍മെന്റ് പരാജയപ്പെട്ടു. ഭട്ട് ഒരു പടികൂടെ മുമ്പോട്ടുപോയി കലാപത്തില്‍ മോദിക്ക് നേരിട്ടുള്ള പങ്ക് ഉണ്ടായിരുന്നുവെന്ന് ആരോപിച്ചു. കാരണം കലാപത്തിന്റെ തലേന്ന് ഫെബ്രുവരി 27-ന് മുഖ്യമന്ത്രി മോദി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു മീറ്റിംങ്ങില്‍ കലാപകാരികള്‍ക്ക് അവരുടെ അരിശം പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കുവാന്‍ പറഞ്ഞിരുന്നത്രെ. ഭട്ടിന്റെ അവകാശവാദം പ്രകാരം അദ്ദേഹവും ഈ മീറ്റിംങ്ങില്‍ പങ്കെടുത്തിരുന്നു. പക്ഷേ, പിന്നീട് ഭട്ട് അതേദിവസം ആ സമയത്ത് മറ്റൊരിടത്തായിരുന്നുവെന്ന് ഗവണ്‍മെന്റ് ഭാഗം വാദിച്ചു. ഏതായാലും ഭട്ടിനെ വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന ഒരു കേസില്‍ അറസ്റ്റു ചെയ്തു ജീവപര്യന്തം തടവ് നേടിക്കൊടുത്തു. ഇപ്പോള്‍ വീണ്ടും അറസ്റ്റ്. ടെസ്റ്റില്‍ വാഡിന്റെ നിയമയുദ്ധങ്ങള്‍ പ്രഖ്യാതം ആണ്. വളരെയധികം ഇരകള്‍ക്ക് അവരും അവരുടെ എന്‍.ജി.ഒ.യും നീതിനേടിക്കൊടുത്തു. ഇപ്പോഴത്തെ കേസില്‍ ടീസ്റ്റസെറ്റല്‍ വാഡ് ഗുജറാത്ത് വംശഹത്യയില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ നടന്ന കൊലയില്‍ ഇരയായ മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹസാന്‍ ജാഫ്രിയുടെ വിധവ സക്കിയ ജാഫ്രിയ്‌ക്കൊപ്പം അന്വേഷണ കമ്മീഷന്റെ(എസ്.ഐ.റ്റി.) ക്ലീന്‍ചിറ്റിനെയും അത് സ്ഥിരീകരിച്ച വിചാരണകോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടെയും വിധിയ്‌ക്കെതിരായി സുപ്രീംകോടതിയില്‍ പരാതി നല്‍കി. ഇതില്‍ ഗുജറാത്ത് വംശഹത്യയില്‍ വിപുലമായ ഒരു ഗൂഢാലോചന ഉന്നതതലങ്ങളില്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. ഈ അന്വേഷണകമ്മീഷന്‍ സുപ്രീം കോടതി നിയമിച്ചത് ആയിരുന്നു. ഇത് നയിച്ചത് മുന്‍ സി.ബി.ഐ. ഡയറക്ടര്‍ കെ.രാഘവന്‍ ആയിരുന്നു. പ്രസ്തുത കമ്മീഷന്‍ ഗുജറാത്ത്ു കലാപത്തിലെ ഗവണ്‍മെന്റിന്റെ വീഴ്ചകളെ എടുത്തുകാണിച്ചിരുന്നു. എങ്കിലും അതിന്റെ നിഗമനം പ്രോസിക്യൂട്ടു ചെയ്യുവാന്‍ പറ്റിയ ഒരു തെളിവും ഗവണ്‍മെന്റിന് എതിരായി ഇല്ല എന്നായിരുന്നു. അതിനാല്‍ ക്ലീന്‍ ചിറ്റ്! സക്കിയ ജാഫ്രിയുടെയും ടീസ്റ്റയുടെ 'വിപുലമായ ഗൂഢാലോചന' ഉന്നതതലത്തില്‍ നടന്നിരുന്നുവെന്നതു തെളിയിക്കുവാന്‍ യാതൊരു വസ്തുതകളും ഹാജരാക്കുവാന്‍ ഇവര്‍ക്ക് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. അസംതൃപ്തരായ രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാരുടെയും സെറ്റല്‍വാഡിന്റെയും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യയുടെയും വ്യാജമായ പ്രചരണം ആണ് ഉന്നതതലത്തിലെ ഗൂഢാലോചനയും മറ്റും എന്ന് കോടതി കണ്ടെത്തി. അതുപോലെതന്നെ സുപ്രീംകോടതിയുടെ മറ്റൊരു വിശേഷമായ മറ്റൊരു കണ്ടെത്തല്‍ ഇതുപോലുള്ള ഒരു അവസ്ഥ നിയന്ത്രണാധീനമാക്കുവാന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടാല്‍ അത് ഗൂഢാലോചനയായി വ്യാഖ്യാനിക്കുന്നത് തികച്ചും തെറ്റാണെന്നായിരുന്നു. അതിനാല്‍ പോലീസ്  ഉദ്യോഗസ്ഥന്മാരുടെയും ടീസ്റ്റയുടെയും അറസ്റ്റ്.

വാദികളായി നീതിക്കായി ഒരു കോടതിയെ സമീപിക്കുന്ന, അതും സുപ്രീംകോടതിയെ, അശരണരായ പൗരന്മാരെ ഇതുപോലെ അറസ്റ്റു ചെയ്യുവാന്‍ ഉത്തരവിറക്കുന്നത് ന്യായം ആണോ? ഇത് കോടതിയുടെ ജോലിയാണോ? എങ്കില്‍ പിന്നെ പോലീസിന്റെ ജോലി എന്താണ്? ഇങ്ങനെ സംഭവിച്ചാല്‍ നീതിക്കായി കോടതിയെ സമീപിക്കുവാന്‍ അത് ധൈര്യപ്പെടും? കൃത്യവിലോപത ഗൂഢാലോചനയുടെ ഭാഗം ആയിരിക്കുകയില്ല. പക്ഷേ, അത് ഭരണാധികാരികളുടെ ഭാഗത്തു നിന്നും വരുമ്പോള്‍ കുറ്റകരമായ അനാസ്ഥ അല്ലേ? എ്ന്തുകൊണ്ടാണ് അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് ഗുജറാത്തു മുഖ്യമന്ത്രിയെ 'രാജ്യധര്‍മ്മം' പാലിക്കുവാന്‍ കലാപം കൊടുമ്പിരിക്കൊണ്ടുനിന്നപ്പോള്‍ ഓര്‍മ്മപ്പെടുത്തിയത്? ഭരിക്കപ്പെടുന്നവന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഭരണാധികാരിയുടെ ധര്‍മ്മം അല്ലേ? ഗുജറാത്തു വംശഹത്യ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘപരിവാര്‍ അരങ്ങേറിയ വന്‍നരഹത്യ ആയിരുന്നു. ഗോദ്ര ട്രെയിന്‍ ചുട്ടെരിച്ചത് 58 കരസേവകരെ കൂട്ടക്കൊല നടത്തിയതും മറ്റൊരു മഹാപരാധം. ഒരു തെറ്റ് അതിനേക്കാള്‍ വലിയ ഒരു തെറ്റിനെ ന്യായീകരിക്കുകയില്ല. നാനാവതി കമ്മീഷന്‍ ഗോദ്ര മനഃപൂര്‍വ്വം ആസൂത്രിതമായ കൊല ആയിരുന്നുവെന്നും യൂ.സി.ബാനര്‍ജി കമ്മീഷന്‍ അത് വെറും ഒരു അപകടം ആയിരുന്നുവെന്നുമുള്ള പരസ്പര വരുദ്ധമായ കണ്ടെത്തലുകള്‍ ആണ് നല്‍കിയത്. ഇതില്‍ ഏതാണ് സാധാരണ ജനങ്ങള്‍ സ്വീകരിക്കേണ്ടത്. ഇവിടെയും കോടതി നടപടി വേണോ?

സുപ്രീംകോടതിയുടെ വിധിവന്ന ഉടന്‍ തന്നെ ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റു ചെയ്ത് അകത്താക്കി. ഇതിനു സമാനമായ ഒരു കോടതി പരാമര്‍ശവും ജൂലൈ ഒന്നിന് സുപ്രീം കോടതി നടത്തുകയുണ്ടായി. പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി. ഔദ്യോഗിക വക്താവ് നുപൂര്‍ ശര്‍മ്മയ്ക്ക് എതിരായി ഇതെതുടര്‍ന്നുണ്ടായ മതസ്പര്‍ദ്ധക്കും ശിരസുച്ഛേദനത്തിനും നുപൂര്‍ ശര്‍മ്മയെ കാരണക്കാരിയാക്കി. എന്നിട്ട് കോടതി ആരാഞ്ഞു എ്ന്തുകൊണ്ട് ഇവരെ ഇതുവരെയും അറസ്റ്റു ചെയ്തില്ല എന്ന്. ഇതുവരെയും അത് നടന്നിട്ടുമില്ല! മോദി-ഷാ ഭരണത്തില്‍ നീതി നിര്‍വ്വഹണം വളരെ സെലക്ടീവ് ആണ് എന്നല്ലേ ഇതു തെളിയിക്കുന്നത്? സുപ്രീം കോടതി അതിന്റെ വിശദമായ വിധി ന്യായത്തില്‍ ഗുജറാത്തു വംശഹത്യ നിയന്ത്രിക്കുവാന്‍ മുഖ്യമന്ത്രി മോദി സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഇതില്‍ പട്ടാളത്തെ വിന്യസിച്ചതും ഉള്‍പ്പെടുന്നു. എന്നിട്ടും കലാപം കത്തിപ്പടരുകയും ആയിരങ്ങള്‍ കൊല ചെയ്യപ്പെടുകയും വസ്തുവകകള്‍ അഗ്നിക്കിരയാക്കിയതും എ്ന്തുകൊണ്ടാണ്? ഇതേ സുപ്രീം കോടതി മറ്റൊരവസരത്തില്‍ ഗുജറാത്തിലെ ഭരണാധികാരികളെ റോം കത്തി എരിയുമ്പോള്‍ മുഖംതിരിച്ച നീറോ ചക്രവര്‍ത്തിയോട് ഉപമിക്കുകയും ഉണ്ടായി. എന്താണ് ഇതിന്റെയൊക്കെ പൊരുള്‍? സക്കിയജാഫ്രി എന്ന വിധവയുടെ വിലാപത്തിന് നീതിയുക്തമായ ഒരുത്തരം ലഭിക്കുമോ?

ഇവിടെ പരാമര്‍ശിക്കേണ്ട മറ്റൊരു കഥ ഉണ്ട്. മായസെന്‍ കൊഡനാനിയുടേത് ആണ് അത്. കൊഡനാനി ജോലികൊണ്ട് ഒരു ഗൈനക്കോളജിസ്റ്റ് ആണ്. ഇവര്‍ മോദി ഗവണ്‍മെന്റില്‍ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു. ഗുജറാത്ത് വംശഹത്യയിലെ ഒരു പ്രതി ആയിരുന്നു ഇവര്‍. ഇവര്‍ നയിച്ച ഒരു സംഘം അക്രമികള്‍ നരോഡപതിയ എന്ന സ്ഥലത്ത് ഒരു കൂട്ടക്കൊല അഴിച്ചുവിട്ടു. 100 മുസ്ലീങ്ങള്‍ ആണ് ഇവിടെ കൊല ചെയ്യപ്പെട്ടത്. അതിദാരുണമായ കൂട്ടക്കൊലയാണ് കൊഡനാനിയുടെ നേതൃത്വത്തില്‍ നടന്നത് പോലീസ് ചാര്‍ജ്ജ് ഷീറ്റു പ്രകാരം. പക്ഷേ, കൊഡനാനി മോദിമന്ത്രിസഭയില്‍ തുടര്‍ന്ന്. 2009-ല്‍ അറസ്റ്റു ചെയ്യപ്പെടുന്നവരെ കൊഡനാനി മന്ത്രിസ്ഥാനം തുടര്‍ന്നു. 2014-ല്‍ മോശമായ ആരോഗ്യസ്ഥിതിയുടെ പേരില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കോടതി ഇവരെ 28 വര്‍ഷത്തേക്ക് ശിക്ഷിച്ചു. അപ്പീല്‍ കോടതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൊഡനാനിയുടെ ഒരു പ്രസ്താവനയെ ശരിച്ചുകൊണ്ട് സംഭവ ദിവസം കൊഡനാനിയെ അസംബ്ലിയില്‍ കണ്ടെന്നും പിന്നീട് അവര്‍ ആശുപത്രിയില്‍ ഗോദ്രയിലെ ഇരകളെ ശുശ്രൂഷിക്കുകയായിരുന്നെന്നും സാക്ഷ്യപ്പെടുത്തി. 2018-ല്‍ കൊഡനാനിയെ കോടതി വെറുതെവിട്ടു. ഇതും ഒരു നിയമവും നീതിയും ആണ്. ആദ്യം പറഞ്ഞതിന്റെ മറുവശം. അല്ലെങ്കില്‍ അനുബന്ധം. ശ്രീകുമാറും ഭട്ടും ടീസ്റ്റയും കൊഡനാനിയും എല്ലാം ഒരു വ്യവസ്ഥിതിയുടെ ഭാഗം ആണ്. പക്ഷേ, അവര്‍ക്കു ലഭിക്കുന്ന നീതിയും നിയമവും വ്യത്യസ്തമാണോ? എങ്കില്‍ എന്തുകൊണ്ട്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക