MediaAppUSA

തിരിച്ചറിവ് (ചെറുകഥ:ജെസ്സി ജിജി)

Published on 16 July, 2022
തിരിച്ചറിവ് (ചെറുകഥ:ജെസ്സി ജിജി)

ശനിയാഴ്ച വൈകുന്നേരം. പതിവുപോലെ മാളുകളുംഷോപ്പിംഗ് സെന്ററുകളും ഒക്കെ തിരക്കുകളിലേക്ക്ആഴ്ന്നിറങ്ങി.വാരാന്ത്യത്തിൽ ഷോപ്പിങ്ങിനായുള്ള തിരക്കുകൾ അമേരിക്കൻ നഗരങ്ങളിലെഒരു സാധാരണ കാഴ്ചആണ്. ആഴ്ചയിൽ അഞ്ചുദിവസംസ്കൂളുകളിലും ഓഫീസുകളിലും ഒക്കെയായി ചിലവിട്ടതിനുശേഷംവീണുകിട്ടുന്ന രണ്ടുദിവസം ഷോപ്പിങ്ങിനും റെസ്റ്റോറന്റുകളിൽപോയി ഭക്ഷണം കഴിക്കുന്നതിനും , വെറുതെ കറങ്ങുന്നതിനും ഒക്കെ മാറ്റിവെയ്ക്കുന്നവർ.. കോവിഡിനോടൊപ്പം ജീവിക്കാൻ പഠിച്ചവർ,

മാസ്ക് വെച്ചവരും  വെയ്ക്കാത്തവരും ഇടകലർന്ന ലൈനിലൂടെ ബില്ലടയ്ക്കാൻഊഴം കാത്തുനിൽക്കുമ്പോഴാണ് അയാൾഎന്റെ ശ്രദ്ധയിൽ പെട്ടത്. സ്വയം പ്രവർത്തിപ്പിക്കുന്ന ഒരുവീൽച്ചെയറിൽ വളരെ കുറച്ചുസാധനങ്ങളുമായി ബില്ലടയ്ക്കാൻ ഊഴം കാത്തുനിൽക്കുകയായിരുന്നുഅയാൾ. വെറുതെ അയാളുടെഷോപ്പിംഗ് കാർട്ടിലേക്കു നോക്കി അയാൾ വാങ്ങിയസാധനങ്ങളിലൂടെ കണ്ണോടിച്ച എന്റെ മിഴികൾഒരുനിമിഷം അയാളുടെ കണ്ണുകളിൽ ഉടക്കി. അയാളുടെ കണ്ണുകളിൽ തെളിഞ്ഞ ഭാവം , അത് തിരിച്ചറിവിന്റെയോ അതോനിസ്സംഗതയുടെയോ .. അയാളുടെ കണ്ണുകളിൽ തെളിഞ്ഞആ തീക്ഷ്ണഭാവത്തെ നേരിടാനാവാതെഞാൻ വേഗം ദൃഷ്ടികൾമാറ്റി. ഇയാളെ ഞാൻഇതിനു മുൻപ് കണ്ടിട്ടുണ്ടോ ? 

വളരെ കുറച്ചുഅത്യാവശ്യ സാധനങ്ങൾ മാത്രം ആയിരുന്നുഅയാളുടെ ഷോപ്പിംഗ് കാർട്ടിൽ ഞാൻകണ്ടത്. എന്തോ അയാളറിയാതെഅയാളെ ശ്രദ്ധിക്കണമെന്ന് എനിക്ക്തോന്നി. അയാൾക്ക്‌ പിന്നാലെ ബില്ലടച്ചു, കള്ളം കാണിക്കുന്ന ഒരുകുട്ടിയെപ്പോലെ , ഷോപ്പിംഗ് കാർട്ടും തള്ളിഞാൻ പതുക്കെ  കടയിൽ നിന്നുമിറങ്ങി. അയാളുടെ നോട്ടം എന്റെ നേരെവരുന്നുണ്ടോ എന്ന് ഒളികണ്ണിട്ടുനോക്കി സാവധാനം അയാൾക്ക്‌ പിന്നാലെ പാർക്കിംഗ് ലോട്ടിലേക്കു ഞാൻനടന്നു. അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ടുചലിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ അയാൾ എന്നെശ്രദ്ധിക്കില്ല എന്ന വിപദിധൈര്യത്തോടെ . 

പാർക്കിംഗ് ലോട്ടിനടുത്തു  ആൾക്കാർക്ക്ഇരിക്കാനായി പണി കഴിപ്പിച്ചിട്ടിരിക്കുന്നഒരു സിമെന്റ് ബെഞ്ചിനടുത്തേക്കാണ്അയാൾ തന്റെ വീൽചെയറുംസാധനങ്ങളും ആയി പോയത്. അവിടെ അയാളെ കാത്തെന്നവണ്ണംമറ്റൊരു വീൽച്ചെയറിൽ  ഒരുസ്ത്രീ ഇരിപ്പുണ്ടായിരുന്നു.അവരുടെഅടുത്തെത്തി, നെറ്റിയിൽ ഒരു സ്നേഹചുംബനവുംനൽകി , അയാൾ തന്റെഷോപ്പിംഗ് കാർട്ടിൽ നിന്നും എന്തോഭക്ഷണം എടുത്തു, അവരുടെവായിലേക്ക് സ്നേഹത്തോടെ വെച്ചുകൊടുത്തു.. ശേഷംഒരു ടിഷ്യു എടുത്തുഅവരുടെ ചുണ്ടുകൾ അയാൾഒപ്പിക്കൊടുത്തു. അവരുടെ കൺകോണിൽ ഉരുണ്ടുകൂടിയനീർമുത്തുകൾ സ്വന്തം കയ്യാലെ ഒപ്പുന്നഅയാളുടെ കൺകോണിലും അശ്രുകണങ്ങൾ കണ്ടപ്പോഴാണ്ആ സ്ത്രീയുടെ കൈകൾഞാൻ ശ്രദ്ധിച്ചത്. ചലനമറ്റ, ഉണങ്ങിയ രണ്ടു വിറകുകൊള്ളികൾപോലെ, ഉപയോഗശൂന്യമായി അവതൂങ്ങിക്കിടക്കുന്നു. ശോഷിച്ച ശരീരത്തിന് അലങ്കാരംപോലെ.ശോഷിച്ച കാലുകളും. പക്ഷെ അവരുടെ കൺകളിൽഞാൻ കണ്ടത് നൈരാശ്യത്തിന്റെനിസ്സംഗത ആയിരുന്നില്ല. അയാളുടെ കൺകളിൽ തെളിഞ്ഞു കണ്ട അവരുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി ആയിരുന്നു. 

പതുക്കെ അവരുടെ ദൃഷ്ടിയിൽ പെടാതെ പിൻവലിഞ്ഞ ഞാൻ പാർക്കിംഗ് ലോട്ടിലേക്കു നടക്കുമ്പോൾ വെറുതെ  തിരിഞ്ഞുനോക്കി. എന്റെ കണ്ണുകൾ വീണ്ടും അയാളുടെ കൺകളിൽ കോർത്തപ്പോൾ തിരിച്ചറിവിന്റെ ഒരു നുറുങ്ങുവെട്ടം എന്റെ തലച്ചോറിലേക്കരിച്ചിറങ്ങി. 

ഇയാൾ , അയാൾ തന്നെയല്ലേ? ഇയാളെ താൻ ഓഫീസിൽകാണാറില്ലേ? നിശബ്ദനായി, ഓഫീസും , ബാത്റൂമുകളുംഒക്കെ തുടച്ചുവൃത്തിയാക്കുന്ന , ഹൗസ്കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നമനുഷ്യൻ.ദിവസവും കാണുന്ന, എന്നാൽഒരിക്കൽ പോലും താൻഗൗനിച്ചിട്ടില്ലാത്തയാൾ. പലപ്പോഴും വളരെ സാവധാനത്തിൽജോലി ചെയ്യുന്ന , മുഷിഞ്ഞയൂണിഫോമിൽ വരുന്ന അയാളെ , ആരുംതന്നെ ഗൗനിച്ചിരുന്നില്ല, എന്ന്മാത്രമല്ല, പലപ്പോഴും അയാളോട് എല്ലാവരുംമുഷിഞ്ഞു സംസാരിച്ചുമിരുന്നു. കാരണം തിരക്കിൻറെലോകത്തു പലപ്പോഴും എല്ലാവരുടെയും തിരക്കിനൊപ്പംസഞ്ചരിക്കാൻ അയാൾക്ക്‌ പറ്റിയിരുന്നില്ല. ആരൊക്കെശകാരിച്ചാലും , ഒന്നും മിണ്ടാതെ അയാൾതല കുനിച്ചു ചെയ്യുന്ന ജോലി തുടർന്നുകൊണ്ടിരിക്കും. 

ഒരിക്കൽ പോലും താൻഅയാളോടൊന്നും സംസാരിച്ചിട്ടില്ല. ജോലിഭാരത്തെപ്പറ്റി ആവലാതികളും പരിഭവങ്ങളും സഹപ്രവർത്തകരുമായിചേർന്ന് ചർച്ച ചെയ്യുമ്പോൾ , നിശ്ശബ്ദനായ ഒരു കേൾവിക്കാരനായിപലപ്പോഴും എന്തെങ്കിലും ഒക്കെ ചെയ്തോണ്ട്അയാൾ അവിടെയുണ്ടാകും. അയാളുടെപേരെന്താണ്? ഞാൻ ഓർക്കാൻശ്രമിച്ചു. അല്ല , അതിനു അയാളുടെപേര് എനിക്കറിയില്ലല്ലോ. അറിയാൻഞാൻ ശ്രമിച്ചിട്ടുമില്ല എന്ന്പറയുന്നതല്ലേ ശരി. 

തിരിച്ചറിവിന്റെനോവോടെ ഞാൻ സിമന്റുബെഞ്ചിലേക്കു ദൃഷ്ടി പായിച്ചു. എന്റെ കണ്ണുകൾ വീണ്ടും അയാളുടെ കണ്ണുകളുമായി കൂട്ടിമുട്ടിയപ്പോൾ,അയാളുടെ കണ്ണുകളിൽ തെളിഞ്ഞുകണ്ടത്, അയാളുടെ കൺകളിൽ പ്രതിബിംബിച്ചു കണ്ട ,ആ സ്ത്രീയുടെമുഖത്ത് തെളിഞ്ഞ പുഞ്ചിരി ആയിരുന്നു. 

Sudhir Panikkaveetil 2022-07-19 22:43:13
ജീവിതം ഒരു പനിനീർമലർ മെത്തയല്ല. അതിൽ കിടക്കുന്നവർ ചുറ്റും കാണുന്നില്ല ഇങ്ങനെ എഴുത്തുകാർ നമ്മുടെ ശ്രദ്ധ തിരിക്കുമ്പോഴല്ലാതെ.
JG 2022-07-21 23:40:35
Thank you sir for your valuable comments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക