Image

യുഎഇയില്‍ നാലു മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറുന്നു

Published on 16 July, 2022
 യുഎഇയില്‍ നാലു മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍; നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറുന്നു

അബുദാബി: സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. കുറഞ്ഞത് നാലു മണിക്കൂര്‍ മുതല്‍ 4 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തു ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ പുതിയ നടപടി ക്രമം നിലവില്‍ വരും. ഇതോടെ മന്ത്രാലയ സേവനത്തിനായി പ്രവര്‍ത്തിക്കുന്ന ഹാപ്പിനെസ് സെന്ററുകള്‍ അടച്ചുപൂട്ടും . മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നീ പ്ലാറ്റ്‌ഫോമിലൂടെയാകും അറ്റസ്റ്റേഷന്‍ നടക്കുന്നത്.

സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ വീടുകളില്‍ നിന്നും ശേഖരിച്ച് അറ്റസ്റ്റേഷന്‍ പൂര്‍ത്തീകരിച്ച് തിരിച്ചു വീടുകളില്‍ എത്തിക്കും. എക്‌സ്പ്രസ് സേവനം ആവശ്യപ്പെട്ടാല്‍ നാലു മണിക്കൂറിനുള്ളില്‍ വരെ സേവനം പൂര്‍ത്തീകരിക്കും. നിലവിലുള്ള നിരക്കിന് പുറമെ 40 മുതല്‍ 300 ദിര്‍ഹം വരെ അധികം നല്‍കേണ്ടി വരുമെന്നാണ് സൂചിപ്പിക്കുന്നത്.


ജനനം, മരണം, കോടതി, വിദ്യാഭ്യാസം, സ്വഭാവം തുടങ്ങിയ രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് 150 ദിര്‍ഹമാകും നല്‍കേണ്ടി വരിക. കൊമേര്‍ഷ്യല്‍ രേഖകളാണെങ്കില്‍ 2000 ദിര്‍ഹം വരെ നല്‍കണം. ഒരിക്കല്‍ രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങളുടെ പുരോഗമനം വെബ്‌സൈറ്റിലൂടെ നിരീക്ഷിക്കാനും അവസരമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും, പ്രത്യേക വിഭാഗത്തില്‍ ഉള്ളവര്‍ക്കും 800 44 444 എന്ന നന്പറില്‍ ബന്ധപ്പെട്ട് സേവനം ആവശ്യപ്പെടാവുന്നതാണ്.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക