Image

വ്യത്യസ്തതയുടെ കരുത്തും തന്റേടവും - ഇല വീഴാ പൂഞ്ചിറ . : പ്രകാശൻ കരിവെള്ളൂർ

Published on 19 July, 2022
വ്യത്യസ്തതയുടെ കരുത്തും തന്റേടവും - ഇല വീഴാ പൂഞ്ചിറ . :  പ്രകാശൻ കരിവെള്ളൂർ

സിനിമ കണ്ട് ശീലിച്ചവർ  
പുതുതായി കാണുന്ന സിനിമകളിൽ വ്യത്യസ്തത വല്ലതും തിരയുന്നത് നല്ലതാണ്. എന്നാൽ അത്തരം പ്രേക്ഷകർക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. അതുകൊണ്ടു തന്നെ രചനയിലോ സംവിധാനത്തിലോ അഭിനയത്തിലോ 
തനതായി വല്ലതും ചെയ്യാൻ ശ്രമിച്ചാൽ അത് ശ്രദ്ധിക്കാൻ പൊതുവേ മുഖ്യധാരാ പ്രേക്ഷകരെ കിട്ടാറില്ല.

എന്നാൽ കലയുടെ മുദ്രകൾ സിനിമയിൽ തിരയുന്ന പ്രേക്ഷകരെ മുഖവിലക്കെടുത്തും ചില  സാഹസങ്ങൾ അപൂർവമായി സംഭവിക്കാറുണ്ട്. അതിന് ഇപ്പോൾ കിട്ടിയ തെളിവാണ് നിതീഷ് ജി എഴുതി സൗബിനും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുകയും ഷാഹി കബീർ സംവിധാനിക്കുകയും ചെയ്ത ഇല വീഴാ പൂഞ്ചിറ .

ആദ്യ ദൃശ്യത്തിലെ അറ്റുപോയൊരു കാൽപ്പാദം കൊണ്ട് ശ്വാസമടക്കിപ്പിടിച്ചിരിക്കാൻ സിനിമ പ്രേക്ഷകർക്ക് കൊടുത്തൊരു നിർദ്ദേശമുണ്ട് - ഈ പൂഞ്ചിറയിൽ ഒരു ഇല വീഴുന്നത് എപ്പോഴാണെന്ന് നോക്കിയിരിക്കാൻ 

മിന്നൽ അപകടത്തിന് സാധ്യതയുള്ള ആ പോലീസ് വയർലസ് സ്റ്റേഷൻ തന്നെയാണ് കഥയുടെ പ്രതീകാത്മക സൂചന .
ഒരിടത്ത് കാലും മറ്റൊരിടത്ത് കൈയുമായി വിന്യസിക്കപ്പെട്ട ഒരു പെൺ മൃതശരീരത്തിന്റെ  ഒരു കൈ വയർലസ് കേന്ദ്രത്തിലാണെന്ന സംഭവത്തോടെ ചിറയിൽ ഒരില വീഴുന്നുണ്ട്. കൊലയാളി മധുവാണെന്ന് സമർത്ഥിക്കാനുള്ള സുധിയുടെ വ്യഗ്രതയുടെ പൊരുൾ നമുക്ക് മനസ്സിലാവുന്നത് , വിവാഹ നിശ്ചയം കഴിഞ്ഞതോടെ സുധി തഴഞ്ഞ ഗർഭിണിയായ കാമുകി മധുവിന്റെ ഭാര്യ അമൃതയാണെന്ന് മനസ്സിലാവുമ്പോഴാണ് . ആ കൈപ്പത്തി നല്ലൊരു നോൺ വെജി ഐറ്റമായി സുധിയെ തീറ്റിച്ച് പിന്നീട് അവനെ കൊല്ലുന്നു. ഉള്ള തെളിവ് കാറ്റിൽ പറത്തി അന്യേഷണം മധു എന്ന സാധുവിനെ വെറുതേ വിടുന്നു. എന്നാലും പിന്നാലെ മണത്തോടാൻ ഒരു പട്ടി ബാക്കിയുണ്ട്

ക്ഷമിക്കുക - നിതീഷിന്റെ ഈ കഥയാണ് ഈ സിനിമയുടെ മോഹൻലാൽ .പിന്നെ ഷാഹി കബീർ ... രണ്ട് നടന്മാർ . വഞ്ചിക്കപ്പെടുന്ന പുരുഷൻ / സ്ത്രീ  ഒരു പാവമാണെങ്കിൽ ... ഈ പ്രമേയം എന്തൊക്കെ തലങ്ങളിലേക്ക് വളരുന്ന നല്ലൊരു മന:ശാസ്ത്രാന്വേഷണവും ഇവിടുണ്ട്

ആത്മഹത്യ ചെയ്ത അമൃതയുടെ ശരീര ഭാഗങ്ങൾ വെട്ടി നുറുക്കി പലയിടങ്ങളിലായി നിക്ഷേപിച്ചതിന് ശേഷമുള്ള മധുവിന്റെ വയർലസ് സ്റ്റേഷനിലേക്കുള്ള യാത്രയിലാണ് സിനിമ ആരംഭിക്കുന്നത്. ഒട്ടും വാചാലമല്ലാതെ കഥാപാത്രത്തിന്റെ സംഘർഷങ്ങൾ സൗബിൻ ഷാഹിറിൽ ഇരമ്പുന്നത് കാണേണ്ട കാഴ്ച്ച തന്നെ . അതിനെ അഭിനയമെന്നോ ജീവിതമെന്നോ അല്ല പറയേണ്ടത്. ഒരു തരം ആയിത്തീരലാണത്. കഥാപാത്രത്തിൽ പെട്ടു പോയ നടന്റെ രാസപരിണാമം . ഇത്രയും പ്രകടനപരതയില്ലാതെ അഭിനയിക്കുക എന്നത് സിനിമാഭിനയത്തിലെ വെല്ലുവിളിയാണ്. സൗബിനും ഫഹദുമൊക്കെച്ചേർന്ന് അഭിനയത്തിന്റെ സാധ്യതകളെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കൊണ്ടു പോവുന്നത് ഇപ്പോഴത്തെ ചില സിനിമകൾ കാണുമ്പോൾ കിട്ടുന്ന വലിയ സന്തോഷമാണ്.

സുധി കോപ്പയെപ്പറ്റി പറയാതെ ഇല വീഴാ പൂഞ്ചിറ ചർച്ച ചെയ്യാനാവില്ല. കഥാപാത്രമനോനിലകൾ ഇത്രയും സൂക്ഷ്മതലത്തിൽ ഏറ്റെടുത്ത ഭാവചലനങ്ങൾ ഈ നടന്റെ അപാരസാധ്യതകൾ വിളിച്ചു പറയുന്നു. സുധി എന്ന് തന്നെ കഥാപാത്രത്തിന് പേരായത് പോലും എത്ര അന്വർത്ഥം. നടൻ തന്നെ കഥാപാത്രം. കഥാപാത്രം തന്നെ നടൻ. സൗബിൻ - സുധി കാസ്റ്റിങ്ങ് തന്നെയാണ് നിതീഷിന്റെ കഥയെ ഇങ്ങനെ സിനിമാറ്റിക് ആയി വളർത്താൻ ഷാഹി കബീറിനെ സഹായിച്ചത്.

മധു തുടക്കത്തിൽ സഞ്ചരിക്കുന്ന ആ ബസ്സിൽ ഒരാൾ പാടിയ പ്രണയ കവിത കഥയിലേക്കുള്ള വേദനാജനകമായ സൂചനയാണെന്ന് ക്ലൈമാക്സിലേ നമ്മൾ അറിയൂ, ഒന്നിച്ച് ഉണ്ടുറങ്ങി കളിച്ച് ചിരിച്ച് ജീവിക്കുന്ന സഹപ്രവർത്തകനായ കൂട്ടുകാരന്റെ ഭാര്യയെ പ്രണയം നടിച്ച് പാട്ടിലാക്കി , തന്റെ വിവാഹഘട്ടത്തിൽ ഗർഭിണിയായ അവളെ തഴയുന്ന പോലീസുകാരന് അർഹമായ ശിക്ഷ എന്ന വിധി നിർണയവുമായേ പ്രേക്ഷകന് ഈ സിനിമ കണ്ടിറങ്ങാൻ കഴിയൂ.

നിസ്സഹായനായ ഒരു സാധു മനുഷ്യന്റെ പ്രതികാരം ഇങ്ങനെയൊരു നിഗൂഢതയിലൂടെ ആ വിഷ്ക്കരിക്കാൻ കഴിഞ്ഞതാണ് സിനിമയുടെ മഹാവിജയം. ഏത് നിമിഷവും മിന്നലേൽക്കാനുള്ള ആ സാധ്യത പൂഞ്ചിറയെ കഥയ്ക്ക് യോജിച്ച സ്ഥലമാക്കി മാറ്റുന്നു. ഇത് എം ടി - ഭരതൻ ടീമിന്റെ താഴ് വാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവിടെ ഏത് നിമിഷവും അടി പൊട്ടാനുള്ള സാധ്യതയാണ്. ഇത് മിന്നലാണ്. അക്ഷരാർത്ഥത്തിൽ മിന്നൽ.

പാർവതി കുളിക്കുന്നിടത്ത് ദേവന്മാർ ഒളിഞ്ഞു നോക്കുന്നത് അവിടെ മരങ്ങൾ ഇല്ലാതാവട്ടെ എന്ന് ശിവൻ ശപിച്ചതു കൊണ്ടാണ് ഇവിടം ഇല വീഴാ പൂഞ്ചിറയായത്. പ്രണയമില്ലാത്ത കാമം മാത്രമായി ബന്ധങ്ങൾ അധ:പതിക്കുന്ന കാലത്ത് നൈതികത , ധാർമ്മികത , മനുഷ്യത്വം ഇവയ്ക്കൊന്നും പ്രസക്തിയില്ലാതാവുകയാണ്. പിന്നെ , അമൃതയെ തുണ്ടം തുണ്ടമാക്കി പലയിടത്ത് നിക്ഷേപിച്ച മധുവിന്റെ ചെയ്തിയിൽ പോസ്റ്റ് മാർട്ടത്തിൽ അവൾ ഗർഭിണിയാണെന്ന് തെളിയുമോ എന്ന പേടി മാത്രമാണോ ? അല്ലെന്ന് തോന്നുന്നു. മനോനിലയ്ക്ക് തകരാറുള്ള ഒരു പോലീസുകാരനെ ഒടുവിൽ അയാളിൽ കാണാൻ പ്രേരണയുമാകുന്നു ആ തുണ്ടം തുണ്ടമാക്കൽ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക