തൂങ്ങി മരിച്ചവന്റെ
കഴുത്തിലെ പാടിലൂടെ
വിരൽ തഴുകി നോക്കാൻ
തോന്നിയിട്ടുണ്ടോ..?
ഒരാൾക്ക് മാത്രം
ഇറങ്ങിപ്പോവാൻ പാകത്തിൽ
ഒരു പിരിയൻ ഗോവണിയാണത്
പെട്ടെന്ന് കൈ
ഞെട്ടിയെടുത്തില്ലെങ്കിൽ പിന്നെ
ആത്മ സംഘർഷങ്ങളുടെ
കടന്നൽക്കൂട്ടം
തലയ്ക്കുള്ളിൽ
മുരണ്ടുകയറുന്ന
തനിച്ചിരിപ്പുകളിലൊക്കെയും
കുരുക്കിനുള്ളിൽ
കറുത്ത വാതിലുകളുള്ള
ഒരു കയർ
മുന്നിൽ കാത്തു
നിൽക്കുന്നുവെന്നു
തോന്നിയേക്കും
പാതാളത്തിലേക്ക് വാലുള്ള
പാമ്പൻഗോവണി
ആഴങ്ങളോടുള്ള
ആത്മാവിന്റെ ഉന്മാദത്തിന്
ചൂടു പിടിപ്പിച്ചേക്കും..
ഓരോ അകപ്പെടലുകളിലും,
മുൻപേ ചാടിപ്പോയവരുടെ
പാതകളിലേക്കുള്ള ജനാലകളാണ്
ആദ്യം തിരയുകയെന്നിരിക്കെ..
വെറുതെ പോലും
തൂങ്ങിമരിച്ചവന്റെ
കഴുത്തിലെ കയർച്ചാലിലൂടെ
വിരൽ തഴുകി നോക്കരുത്..!