Image

അമേരിക്കൻ മലയാളിയുടെ പുറത്തെ വരകൾ (നർമ്മവീക്ഷണം:സുധീർ പണിക്കവീട്ടിൽ)

Published on 20 July, 2022
 അമേരിക്കൻ മലയാളിയുടെ പുറത്തെ വരകൾ (നർമ്മവീക്ഷണം:സുധീർ പണിക്കവീട്ടിൽ)

READ MORE: https://emalayalee.com/writer/11

ആദ്യം നരകത്തിൽ നിന്നു അവിടത്തെ ജോലിക്കാരുടെ പൊട്ടിച്ചിരികൾ ഉയർന്നു.എല്ലാ വേദനയും മറന്നു അവിടത്തെ അന്തേവാസികളും ചിരിക്കാൻ തുടങ്ങി. യമരാജനും, സാത്താനും, മാലിക്കുമൊക്കെ അവരുടെ ചിരിയിൽ പങ്കു ചേർന്നു. ഇവർ മൂന്നുപേരും പ്രമുഖ മൂന്നു മതങ്ങളിലെ നരകം സൂക്ഷിപ്പുക്കാർ.  അമേരിക്കൻ മലയാളികളിൽ ഓരോരുത്തരായി മരിച്ചു ചെന്നപ്പോഴാണ് പൊട്ടിച്ചിരികൾ ഉയർന്നത്. പാവം അമേരിക്കൻ മലയാളി. അവൻ എവിടെ പോയാലും ആളുകൾ അവനെ കോമാളിയായി കാണുന്നു. ഈ കഥ ഭൂത, വർത്തമാന, ഭാവി എന്നിങ്ങനെ ത്രികാലങ്ങളിൽ നടക്കുന്നു. അതുകൊണ്ടു ചിലരെല്ലാം ഇപ്പോൾ ജീവിച്ചിരിക്കുന്നെങ്കിലും ഭാവിയിൽ മരിച്ചു ചെല്ലുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് വിവരിക്കുന്നത്.

നല്ലവരും സാത്ഥികരുമാണെങ്കിലും  സ്വർഗ്ഗവാസികളും ഉത്കണ്ഠകുലരായി. അവർ പൊട്ടിച്ചിരികൾക്ക്  കാരണം അന്വേഷിച്ചു നരകലോകത്തേക്ക് കാതോർത്ത് പിടിച്ചു. കരച്ചിലും, അലറലും, പല്ലുകടിയും കേട്ടിരുന്നേടത്തു നിന്നും പൊട്ടിച്ചിരികൾ, ചില കോട്ടയം ശൈലിയിലുള്ള തമാശകൾ. എന്താണ് നരകലോകത്ത് സംഭവിക്കുന്നത്?
ഇസ്‌ലാം പറയുന്നത് നരകത്തിനു ഏഴ് അടുക്കുകൾ ഉണ്ടെന്നു. ഇറ്റാലിയൻ കവിയും ചിന്തകനും എഴുത്തുകാരനുമായ ഡാന്റെ പറയുന്നത് നരകത്തിനു  ഒമ്പത് അടുക്കുകൾ (layers) ഉണ്ടെന്നാണ്. അദ്ദേഹം കൃസ്തീയ വിശ്വാസപ്രകാരമായിരിക്കും ആ കണ്ടെത്തലുകൾ നടത്തിയത്. ഹിന്ദുക്കൾ പറയുന്നത് ഇരുപത്തിയെട്ട് നരകങ്ങൾ ഉണ്ടെന്നാണ്. അമേരിക്കൻ മലയാളികളിൽ അധികവും കൃസ്തീയ വിശ്വാസികൾ ആയതുകൊണ്ട് ഡാന്റെ പറഞ്ഞ നരകത്തിലായിരിക്കും അവർ ചെന്നുപെടുക. അതായത് അവർ ഒമ്പത് അടുക്കുകളിൽ നാലാമത്തേതിൽ ആയിരിക്കും ചെല്ലുക. അതിന്റെ പേരാണ് “Greed”  അതായത് അതൃപ്തി, അത്യാഗ്രഹം അതിമോഹം എന്നിവയുള്ളവർ ചെന്നുപെടുന്ന സ്ഥലം. മറ്റു അടുക്കുകൾ limbo, lust, gluttony, wrath, heresy, violence, fraud, treachery. പള്ളിക്കാര്യങ്ങളും, അൽപ്പം സാഹിത്യവും സാമൂഹ്യപ്രവർത്തനങ്ങളുമായി നടക്കുന്നതുകൊണ്ട് അമേരിക്കൻ മലയാളി ഡാന്റെ കണ്ട മറ്റു നരകക്കുഴികളിൽ ഒന്നും വീണുകിടക്കാൻ വഴിയില്ല.  ഇതിൽ heresy (നാസ്തികത്വത്തിൽ)  എന്ന അടുക്കിൽ ചിലരൊക്കെ ചെന്നുപെടാനും മതി. നരകകുഴിയായ ഒമ്പതാം അടുക്കിലേക്കും (Treachery) ചില മലയാളികൾ എടുക്കപ്പെട്ടു.
യമലോകജോലിക്കാർക്ക് വളരെ പുതുമയും കൗതുകവുമുണ്ടാക്കികൊണ്ടു അമേരിക്കൻ മലയാളികൾ അവരുടെ സമയമെടുത്തപ്പോൾ യമൻ അയച്ച രഥങ്ങളിലേറി സ്വർഗ്ഗം സ്വപ്നം കണ്ടുകൊണ്ടു യാത്രയായി. ആദ്യമാദ്യം ചെന്നവരിൽ ഭൂരിപക്ഷം സ്ത്രീകളായിരുന്നു. അവരിൽ പലരും ആതുരശുശ്രുഷ രംഗത്ത് സേവനമനുഷ്ഠിച്ചതുകൊണ്ടു നേരെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.  സ്ത്രീകളായതുകൊണ്ടായിരിക്കും ആരും അവരുടെ പുറത്തോട്ട് നോക്കി കാണില്ല. അതുകൊണ്ട് അവരുടെ വരവ് വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയില്ല.

പിന്നെ ചില സംഘടനാനേതാക്കൾ. അവർ നാട്ടിലുള്ള പാവം മനുഷ്യർക്ക് കക്കൂസ് പണിതു കൊടുത്തതുകൊണ്ട് ചിത്രഗുപ്‌തൻ ഒരു ചിരി പാസ്സാക്കി പറഞ്ഞു. ശോധനയാണ്‌ മനുഷ്യർക്ക് ഏറ്റവും ആശ്വാസം നൽകുന്നത്. അതിനുള്ള ചുറ്റുപാടുകൾ ഒരുക്കി കൊടുത്തതുകൊണ്ട് നിങ്ങൾ സ്വർഗത്തിന് അവകാശികളാണ്. എന്നാൽ നേതാക്കൾക്ക് അത് സന്തോഷം നൽകിയില്ല.  സ്വർഗ്ഗമാണു കിട്ടുന്നതെങ്കിലും അത് കക്കൂസ് പണിതതിനാകുമ്പോൾ വില കുറഞ്ഞുപോയി.  ഞങ്ങൾ വേറെയും നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് അതൊന്നും വരവ് വച്ചിട്ടില്ലേ എന്ന് ചിലർ ചോദിച്ചപ്പോൾ ചിത്രഗുപ്തന്റെ മറുപടി അതൊക്കെ പേരിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ലേ എന്നായിരുന്നു. അതിൽ നന്മയില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഇവരൊക്കെ പുറം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടാൻ തുടങ്ങിയത്. പരദൂഷണം, പാരവെപ്പു, ചതി തുടങ്ങിയ തിന്മകളിൽ മുഴുകി നടന്നവരും എത്തി. അവരെ നരകത്തിലെ അവസാനത്തെ, ഒമ്പതാമത്തെ അടുക്കിലേക്ക് തള്ളിയിട്ടു അവരും പുറം തിരിഞ്ഞപ്പോൾ യമലോക ജോലിക്കാരും ചിത്രഗുപ്തനും ചിരിയടക്കാതിരിക്കാൻ കഴിഞ്ഞില്ല.

നരകത്തിലെ ജനങ്ങളുടെ അമിതമായ ആഹ്ളാദം സ്വർഗ്ഗവാസികളെ ചിന്തിപ്പിച്ചു. അമേരിക്കൻ മലയാളികളിൽ അപൂർവം പേർ  സ്വർഗ്ഗത്തിനു അവകാശികളായി എത്തിയപ്പോൾ അവിടെയുള്ളവരും ചിരി തുടങ്ങി. അങ്ങനെ നരകത്തിലും സ്വർഗ്ഗത്തിലും ചിരിയുടെ മലപടക്കങ്ങൾ പൊട്ടി പൊട്ടി അന്തരീക്ഷം ശബ്ദായമാനമായി. മറ്റു രാജ്യക്കാരും മറ്റു സ്ഥലങ്ങളിൽ നിന്നും വന്ന മലയാളികളും അമ്പരപ്പോടെ സ്ഥിതിഗതികൾ വീക്ഷിച്ചു. അല്ലെങ്കിലും അമേരിക്കൻ മലയാളികൾ വിശേഷാൽ പ്രതികളാണ്. അവർ എപ്പോഴും വിശിഷ്ട വ്യക്തികളായി പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നു. പരേതരായ അമേരിക്കൻ മലയാളികൾ പരലോകത്ത് അതുവരെ ഇല്ലാതിരുന്ന ഒരു വിശേഷം ഉണ്ടാക്കുന്നു. സ്ത്രീപുരുഷഭേദമെന്യേ അവരിൽ ചിലർ  പുറം തിരിയുമ്പോൾ അവിടെയുള്ളവർ പൊട്ടി പൊട്ടി ചിരിക്കയായി. കാരണം അവരുടെ  പുറത്ത് നിറയെ വരകൾ. നഖങ്ങൾ കൊണ്ട് കീറിയ ചാലുകൾ, എന്നാൽ ചുരുക്കം പേർക്ക് വരകളില്ല. നരകത്തിലെയും സ്വർഗ്ഗത്തിലെയും ജനങ്ങൾക്ക് നോൺ സ്റ്റോപ്പ് എന്റർടൈൻമെന്റ് നൽകുന്ന അമേരിക്കൻ മലയാളികളുമായി പരലോകത്തെ മാധ്യമ വിചാരണകാർ അഭിമുഖത്തിന് തയ്യാറായി. അവർ ചോദിച്ചു. എന്താണ് നിങ്ങളുടെ പുറത്തുള്ള ഈ വരകൾ.? എന്തുകൊണ്ട് ഇത് ചിലരിൽ കാണുന്നില്ല.?

വാസ്തവത്തിൽ പാവം അമേരിക്കൻ മലയാളികൾ അപ്പോഴാണ് അങ്ങനെ ഒരു സംഭവം ഉണ്ടെന്നു അറിയുന്നത്. അവരുടെ കണ്ണുകൾക്ക് എത്താൻ കഴിയാത്ത പുറത്തു എങ്ങനെ വരകൾ വന്നു?  ഈ വരകൾ ഉണ്ടായിരിക്കുന്നത് മനുഷ്യനഖങ്ങളിൽ നിന്നാണ്.  അതുകൊണ്ടു  ഈ വരകൾ ദൈവീകമല്ല. ചിലയിടത്ത് നഖങ്ങൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ശ്രീരാമൻ തടവിയപ്പോൾ അണ്ണാറക്കണ്ണന് പുറത്ത് വരകൾ ഉണ്ടായപ്പോലെ. ഒരിക്കൽ ഭൂമിയിലെ സമ്പന്നരായിരുന്ന ജനസമൂഹത്തെ മാധ്യമപ്രവർത്തകർ സുസ്മേരവദനരായി വീക്ഷിച്ചു.

പെട്ടെന്ന് അമേരിക്കൻ മലയാളികൾക്ക്  മറുപടി പറയാൻ കഴിഞ്ഞില്ല. പുറത്തു വരകൾ ഇല്ലാത്തവർ നിശ്ശബ്ദത പാലിച്ചു. ഓരോരുത്തരും ഓർക്കാൻ തുടങ്ങി. അപ്പോഴാണ് ഒരാൾ വിളിച്ച് പറഞ്ഞത് അമേരിക്കൻ മലയാളികളിൽ പലരും പുറം ചൊറിയൽ എന്ന  രണ്ടു വാക്കുകൾ ധാരാളമായി ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. ചിലരൊക്കെ അങ്ങനെ ചെയ്യുന്നുവെന്ന ആരോപണവും ഉണ്ടാകാറുണ്ട്. അങ്ങനെ ചൊറിയുമ്പോൾ പുറത്ത് പാടുകൾ വീഴുന്നതാവാം. മാധ്യമ പ്രവർത്തകൻ ചോദിച്ചു "എന്തുകൊണ്ടാണ് ഇതിനു മാത്രം ചൊറിച്ചൽ"  ഹൈജീൻ കുറവുകൊണ്ടും ഇങ്ങനെ വരാം. അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന സോപ്പ് ശരിയല്ലായിരിക്കും.  പുറത്തു വരകളുമായി വന്ന അമേരിക്കൻ മലയാളികൾ എല്ലാവരുംകൂടെ  കോറസ് പോലെ പറഞ്ഞു തൊലിയുടെ ചൊറിച്ചിൽ അല്ല. ചിലർ നന്മകൾ ചെയ്യുന്നത് കാണുമ്പോൾ, ചിലർ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കാണ് ചൊറിച്ചിൽ. ആ ചൊറിച്ചിൽ സഹിക്കാതെ വരുമ്പോൾ അത് മറ്റുള്ളവരുടെ മേൽ ഞങ്ങൾ ആരോപിക്കുന്നു. പുറംചൊറിയുന്നു എന്ന് ഞങ്ങൾ ആക്ഷേപിച്ചവർ യഥാർത്ഥത്തിൽ പുറം ചൊറിഞ്ഞിരുന്നില്ല. അതുകൊണ്ടു അത് പറഞ്ഞു നടന്ന ഞങ്ങളുടെ പുറത്ത് പാടുകൾ വീണു. അതും മരിച്ചു കഴിഞ്ഞു ഇവിടെ എത്തിയപ്പോൾ. ഞങ്ങൾ ആക്ഷേപിച്ചവരുടെ പുറത്ത് വരകൾ വീണില്ല. ഞങ്ങൾ പറഞ്ഞിരുന്നത് ദൈവത്തിനിഷ്ടമില്ലാത്ത തിന്മയാണെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ല. മറ്റുള്ളവർ പുറം ചൊറിയുന്നു  എന്ന് പറഞ്ഞു നടന്ന ഞങ്ങളുടെ പുറം ദൈവം നിലം ഉഴുത പോലെയാക്കി. എന്നാൽ ഞങ്ങളിൽ ചിലർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായം ചെയ്യാറുണ്ട്. ഒരാൾ ഒരു ഉപകാരം ചെയ്‌താൽ ആ ആൾ തിരിച്ച് ഇങ്ങോട്ടും ഉപകാരം ചെയ്യും. അതിനെയാണ് ശരിക്കും പുറം ചൊറിയൽ എന്ന് പറയേണ്ടത്.   അങ്ങനെ ഞങ്ങളുടെ ഇടയിൽ  പുറം ചൊറിയൽ ഒരു ആചാരമായി കഴിഞ്ഞു. ഇത് മറച്ചുവച്ചുകൊണ്ടു മറ്റുള്ളവരെ അപഹസിക്കാൻ  ഞങ്ങൾ ഈ രണ്ടു വാക്കുകൾ എല്ലായിടത്തും ഉപയോഗിച്ചു. അത് ഞങ്ങളിൽ പ്രതിദിനം ജ്വലിച്ചുകൊണ്ടിരുന്ന അസൂയയുടെ പ്രകടനമായിരുന്നു. നിഷ്ക്കാമ കർമ്മം ചെയ്യുന്നവരെ തളർത്താൻ ഞങ്ങൾ പരദൂഷണകൂട്ടായ്മക്കാർ ചെയ്യുന്ന ഒരു ദ്രോഹം മാത്രമാണിത്. അതിപ്പോൾ ഞങ്ങൾക്ക് തന്നെ പാരയായി.  എല്ലാവരും അങ്ങനെ ചൊറിയുന്നവരും തിരിച്ച് ചൊറിയുന്നവരുമല്ല. ഈ വരകൾ ശാശ്വതമായി ഞങ്ങളുടെ പുറത്ത് നിലകൊള്ളുമോ? ഭൂമിയിലുള്ളവരുടെ പുറത്തും ഈ വരകൾ പ്രത്യക്ഷപെടുമോ? ദൈവമേ പരദൂഷണവും അസൂയയും ഞങ്ങളുടെ മനസ്സിൽ നിറച്ച  സാത്തനെ ശിക്ഷിക്കേണമേ?

മാധ്യമപ്രവർത്തകർ എല്ലാം കേട്ടുകഴിഞ്ഞു പറഞ്ഞു. ഇനി മുതൽ അമേരിക്കൻ മലയാളികൾ മരണാനന്തരം നരകത്തിലോ സ്വർഗ്ഗത്തിലോ എത്തുമ്പോൾ അവർ രണ്ടായി വിഭജിക്കപ്പെടും. പുറത്ത് വരകൾ ഉള്ളവർ ഇല്ലാത്തവർ.  പുറത്ത് വരകൾ ഉള്ളവർ ശ്രദ്ധിക്കുക. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തപ്രകാരം നിങ്ങളുടെ തലമുറകൾ ഇങ്ങനെ പുറത്ത് വരകളുമായി ജനിക്കുമെന്നാണ്. പാവം കുട്ടികൾ. അവരുടെ പൂർവികർ ചെയ്ത പാപത്തിന്റെ ഫലം പേറേണ്ടിവരുന്നവർ. പുറത്തു വരയുള്ള മനുഷ്യർ. അത് മനുഷ്യന്റെ സൃഷ്ടി.
ശുഭം  

 

Join WhatsApp News
Aami Lakshmy 2022-07-21 02:13:42
ചിരിച്ചു ചിരിച്ചു വയ്യാതായി! ഇത്തരം എഴുത്തുകൾ ഇനിയും തുടരട്ടെ!
Humorist 2022-07-22 18:01:01
ഇത് രാജു മൈലാപ്ര സാർ എഴുതിയെങ്കിൽ കുറേകൂടി ജനകീയമാകുമായിരുന്നു. സുധീറിന്റെ ഹാസ്യം ഇത്തിരി കട്ടി. ഇവിടെ എത്രപേർക്ക് അറിയാം ഡാന്റെയുടെ ഡിവൈൻ കോമഡിയെപ്പറ്റി. മൈലാപ്ര സാർ മനസ്സ് വച്ച് ഞങ്ങളെയൊക്കെ ഒന്ന് ചിരിപ്പിക്കു.
പരേതൻ മത്തായി 2022-07-22 23:01:43
കാനാവിലെ കല്യാണത്തിന് പോയി കർത്താവ് വാറ്റി തന്ന സ്വയമ്പൻ സാധനം അടിച്ചാണ് ഞാൻ ഒരു മദ്യപാനി ആയി തീർന്നത് . അതിനെ തുടർന്ന് പത്തു കൽപ്പനകളും ലംഘിച്ചു അടിച്ചുപൊളിച്ചു ജീവിക്കുമ്പോളാണ് ഞാൻ രക്ഷിക്കപ്പെട്ടത് . മരിച്ചു കഴിഞ്ഞപ്പോൾ ഞാൻ സും എന്ന് പറഞ്ഞാണ് സ്വർഗ്ഗത്തിലേക്ക് പോന്നത് -- പീറ്റർ എന്നെ കണ്ടപ്പോൾ ഒരു സലാം തന്നിട്ട് കേറി പൊക്കോ ഇന്റർവ്യൂ ഒന്നും ഇല്ല എന്ന് പറഞ്ഞത് . ഇതുപോലത്തെ ഒരു ബോറൻ സ്ഥലം കണ്ടിട്ടില്ല . ഏതു നേരോം പ്രാർത്ഥന ഉപവാസം തമ്പേറടി എന്ന് വേണ്ട ഏതെങ്കിലും സുന്ദരി മാലാഖയെ നോക്കി പോയാൽ പ്രശ്‌നം . അങ്ങനെ ഇരിക്കുമ്പോളാണ് നരകത്തിൽ നിന്നും ചിരി വെറും ചിരിയല്ല പൊട്ടി ചിരി കേട്ടത് . അന്ന് രാത്രി പെട്ടീം പ്രമാണം എടുത്തു സ്വർഗ്ഗത്തിൽ നിന്ന് സ്ഥലം വിട്ടു കൂട്ടത്തിൽ ഒരു മാലാഖയും ഉണ്ട് അവൾ പറഞ്ഞു എന്റെ ചേട്ടാ ചേട്ടൻ ഇല്ലാതെ എനിക്ക് ഇവിടെ കഴിയാൻ പറ്റില്ല എന്ന് . ഞങ്ങൾ രണ്ട്‌പേരും ദിവസത്തിൽ മൂന്നു പ്രാവശ്യം വെള്ളം അടിക്കും പിന്ന പ്രണയ ചേഷ്ടകളിലും സെക്സിസിലും കലാശിക്കും . വൈകിട്ട് നരകത്തിലെ ചിരി ക്ളബ്ബിൽ പോകും പരമ സുഖം . ഇവിട വ്യഭിചാരികൾ , കള്ളന്മാർ, ചുങ്കക്കാർ കൂടാതെ നമ്മുടെ യേശുവും ഉണ്ട് . പുള്ളി പറയുന്നത് വ്യഭിചരികളും കള്ളമാരും ചുക്കുകാരും ഇല്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് ചിന്തിക്കാനൂടെ വയ്യെന്ന് . സുധീർ പണിക്ക വീട്ടിലിനും ഒരു സ്ഥലം ഒരുക്കി വച്ചിട്ടുണ്ട് . ഒന്നുകൊണ്ടും ചേട്ടൻ വിഷമിക്കണ്ട . എല്ലാം ശരിയാക്കി തരാം
Sudhir Panikkaveetil 2022-07-24 02:27:37
അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. പ്രത്യേകിച്ച് അമേരിക്കൻ മലയാളികളുടെ അഭിമാനമായ അവരുടെ ഹാസ്യസങ്കല്പങ്ങൾക്ക് അക്ഷരരൂപം നൽകി പൊട്ടിച്ചിരിപ്പിച്ച എല്ലാ വായനക്കാരുടെയും പ്രിയങ്കരനായ നർമ്മചക്രവർത്തി ശ്രീ രാജു മൈലാപ്ര സാറിനെ ഓർത്ത കമന്റുകാരനും നന്ദി.
ചുമ്മാർ 2022-07-24 05:55:09
ഏതായാലും താങ്കളുടെ തന്നെ ഈ ചിരികുടുക്ക ലേഖനം നന്നായിരിക്കുന്നു. അതിൽ താങ്കൾ തന്നെ ഒരു മുഖ്യകഥാപാത്രമായി തീർന്നിരിക്കുന്നു എന്നതിലും സന്തോഷമുണ്ട്. -അതിനാലാണ് അതിന് ജീവിതഗന്ധി എന്ന് പറയുന്നത്. എൻറെ പ്രിയപ്പെട്ട എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
Thamaskaaran 2022-07-24 12:12:20
ഞാനും വായിച്ചു . അമേരിക്കൻ മലയാളികൾ മുഴുവൻ കഥാപാത്രങ്ങളാകുന്ന ഒരു കഥ. കൊള്ളാം ചുമ്മാർ സാർ. ചുമ്മാ പറഞ്ഞതാണോ? . പക്ഷെ humorist പറഞ്ഞതിനോട് ഒരു വിയോജിപ്പ് ഉണ്ട്. രാജു മൈലപ്രയുടെ സർഗ്ഗശക്തിയെ അനുമോദിച്ചത് ശരി പക്ഷെ ഇവിടയുള്ളവരുടെ അറിവിനെ ചോദ്യം ചെയ്തത് യോജിക്കാൻ കഴിയില്ല. ഡാന്റെ അല്ല വിശ്വസാഹിത്യകാരണമാരുടെ കൃതികളൊക്കെ അമേരിക്കൻ മലയാളികൾക്ക് ഹൃദിസ്ഥമാണ് humorist. താങ്കൾ അവരെ വിലയിടിക്കരുത് പ്ലീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക