Image

പങ്കു കച്ചവടത്തിന്റെ പുത്തൻ കൂറ്റുകാർ ( ലേഖനം - പ്രകാശൻ കരിവെള്ളൂർ )

Published on 23 July, 2022
പങ്കു കച്ചവടത്തിന്റെ പുത്തൻ കൂറ്റുകാർ ( ലേഖനം - പ്രകാശൻ കരിവെള്ളൂർ )

ചൂഷണം സർവ്വമണ്ഡലങ്ങളിലും ഒരു സുകുമാരകലയായി വളർന്നു പടർന്ന് പന്തലിച്ചിരിക്കുകയാണ്. നീതിന്യായങ്ങളും സമതയും ഉറപ്പു വരുത്താൻ ഉത്തരവാദിത്വമുള്ള കോടതിയും ഭരണകൂടവുമൊക്കെ പല തരത്തിൽ അഴിമതിവൽക്കരിക്കപ്പെട്ടിരിക്കുന്നു. പണത്താൽ

പ്രലോഭിതമാകാത്ത ഏത് മേഖലയാണ് ഇന്ന് നമ്മുടെ ജനാധിപത്യത്തിൽ ബാക്കിയുള്ളത് ?

എല്ലാത്തരം ചൂഷണങ്ങൾക്കും എതിരെ നിലകൊള്ളുക എന്ന മാർക്സിയൻകാഴ്ച്ചപ്പാടിനെ സമൂഹത്തിന്റെ മുഖ്യധാരയിൽ സ്ഥാപിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. പുരോഗമനാശയങ്ങൾക്ക് വലിയ പ്രചാരം ലഭിച്ചു തുടങ്ങിയ ഒരു കേരളീയ കാലഘട്ടത്തിൽ വിശ്വാസചൂഷണങ്ങളെ  വിചാരണ ചെയ്യാൻ വയലാർ എഴുതിയ , മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ശാശ്വതഗാനം അര നൂറ്റാണ്ട് തികയ്ക്കുമ്പോൾ മലയാളിസമൂഹത്തിന്റെ ചൂഷണവിരുദ്ധ മനോഭാവങ്ങളുടെ വർത്തമാന നില ഒന്ന് വിലയിരുത്തേണ്ടതാണ്.

ഹൃദയമില്ലാത്ത ലോകത്തിന് ഒരു ഹൃദയമേകാനാണ് മതത്തെ സൃഷ്ടിച്ചത്. ആശ്വാസ നിശ്വാസമാകാൻ അതിന്റെ കേന്ദ്രമായി ദൈവത്തെയും പ്രതിഷ്ഠിച്ചു. രണ്ടും ചെയ്തത് മനുഷ്യ വർഗം തന്നെയാണ്. ഈ രണ്ടും ഉപയോഗിച്ച് സമൂഹത്തിന്റെ വിശ്വാസം ചൂഷണം ചെയ്യാമെന്നും അതു വഴി അധികാരം സ്ഥാപിക്കാമെന്ന് കണ്ടെത്തിയതും മനുഷ്യ വർഗം തന്നെ.

വലിയൊരു വിഭാഗത്തെ ഇരകളായും ഒരു ന്യൂനപക്ഷത്തെ വേട്ടക്കാരായും മാറ്റിയ അനീതി അവിടം തൊട്ടാരംഭിക്കുന്നു. ചൂഷണ സംവിധാനങ്ങളുടെ വളർച്ചയിൽ ഒരിടത്തെ ഇര മറ്റൊരിടത്തെ വേട്ടക്കാരനും ഒരിടത്തെ വേട്ടക്കാരൻ മറ്റൊരു സന്ദർഭത്തിലെ ഇരയുമായി മാറുന്ന പരിണിതിയും സംജാതമായി. മതത്തെയും ദൈവത്തെയും വച്ച് മണ്ണും മനസ്സും പങ്കു വെച്ചത് അന്ന് പൗരോഹിത്യ - മുതലാളിത്ത കൂട്ടുകെട്ടാണെങ്കിൽ ഇന്നാ പങ്കു കച്ചവടത്തിൽ രാഷ്ട്രീയവും കക്ഷി ചേർന്നിരിക്കുന്നു. രാഷ്ട്രീയം എന്ന് സാമാന്യവൽക്കരിച്ചു പറയുന്നതിൽ അരാഷ്ട്രീയതയുണ്ട്. കൃത്യമായി പറഞ്ഞാൽ വലതുപക്ഷ രാഷ്ട്രീയം .

നേതൃത്വം നൽകുന്ന കക്ഷി ഇടതായാൽ പോലും പ്രായോഗികമായി ഇടപെടുമ്പോൾ കാര്യങ്ങൾ വലത്തോട്ട് ചായുന്നതാണ് സമകാലീനാനുഭവം. മുതലെടുപ്പുകൾ നടത്തുന്നവരും നടത്താത്തവരും തമ്മിലുള്ള അതിർ വരമ്പുകൾ തേഞ്ഞുമാഞ്ഞ് പോവുകയാണ്. ജാതി മതങ്ങളെ ഉപയോഗപ്പെടുത്തുന്നതിലുള്ള ഏറ്റക്കുറച്ചിലല്ലാതെ അതിനെതിരെയുള്ള കർശന നിലപാട് തത്വത്തിൽ ഉന്നയിക്കുന്ന ചില വീരവാദങ്ങൾ കേൾക്കാമെങ്കിലും പ്രയോഗത്തിൽ വലിയ അന്തരം കാണാൻ കിട്ടുന്നില്ല. 

റഫീഖ് അഹമ്മദിന്റെ ഒരു കവിതയിൽ പണ്ട് വിശ്വാസം സൃഷ്ടിച്ചു വച്ച  ദൈവപ്പെരുമാളെയും ഇന്ന് പണദൈവം പടുത്തുയർത്തുന്ന പെരും മാളുകളെയും ചേർത്തു വെക്കുന്നുണ്ട്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മിനാര ഗോപുരങ്ങളേക്കാൾ ഉയരത്തിൽ കൊടി നാട്ടുന്ന വ്യാപാര വാണിജ്യക്കെട്ടിട സമുച്ചയങ്ങൾ .

ന്യൂജൻ വിശ്വാസങ്ങൾ ഗുരുവായൂരിലും പറശ്ശിനിക്കടവിലും മാത്രമല്ല ലുലു മാളിലും അഭിരമിക്കുന്നുണ്ട്. ക്ഷേത്രക്കുളങ്ങളേക്കാൾ ജനപ്രിയമാണ് ജാതി മതഭേദമന്യേ വാട്ടർ തീം പാർക്കുകൾ . പണത്തിന്റെയും പ്രശസ്തിയുടെയും സിനിമാ - ക്രിക്കറ്റ് കോടിപതികളെ സർവ്വ ഗ്ളാമറോടും കൂടി അണി നിരത്തുന്ന മാധ്യമ വ്യവസായം പണ്ട്  മതം സൃഷ്ടിച്ച ആ പാവം ദൈവത്തെ തുറുപ്പുചീട്ടായി ഉപയോഗിക്കുന്നു ഇന്നും എന്നത് ശരി.

അതിലുപരി ഹൈടെക്കും സിക്സ് പാക്കും തൊലി വെളുപ്പുമൊക്കെയായ് വരുന്ന എത്രയെത്ര ആൺ-പെൺ അവതാരങ്ങളാണ് ഇന്ന് ജനകോടികളുടെ മനസ്സ് വീതിച്ചെടുത്തിരിക്കുന്നത്. പൊതു ഇടങ്ങളെല്ലാം മുതലാളിത്തം സൃഷ്ടിച്ച പുത്തൻ ദൈവങ്ങൾ പങ്കിട്ടെടുത്തിരിക്കുന്നു.

പണത്തിനും അധികാരത്തിനും എടുത്ത് പെരുമാറാനുള്ള കളിക്കോപ്പുകൾ മാത്രമല്ലേ മതങ്ങൾ സൃഷ്ടിച്ച ദൈവങ്ങൾ . അവരാണോ വർത്തമാന ലോകത്തിന്റെ മണ്ണും മനസ്സും ഭരിക്കുന്നത് ? അല്ല , എക്കണോക്രസിക്കും ടെക്നോക്രസിക്കും വഴി മാറിയ നമ്മുടെ ഡെമോക്രസിയിലെ പണ/അധികാര ദൈവങ്ങളോ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക