സ്പോർട്സ് ബ്രാ തേടി അമ്മമാരുടെ കൂട്ടയോട്ടം !. കേരളത്തിലെ കൊള്ളാവുന്ന വസ്ത്രശാലകളിൽ, മെറ്റൽ
ഇല്ലാത്ത ബ്രാ തേടിയാണ് സ്ത്രീകളുടെ കൂട്ടപ്പാച്ചിൽ. അത്തരം ബ്രായുണ്ടെന്ന് ഉൾഗ്രാമങ്ങളിലെ അമ്മമാർ പലരും അറിഞ്ഞതു തന്നെ NEET [ നീറ്റ് ] പരീക്ഷ കഴിഞ്ഞ ശേഷമുണ്ടായ പുകിലിനു പിറ്റേന്നാണ്. എന്തായാലും ഒരു ഫാഷൻ ഷോയ്ക്ക് കഴിയാത്ത ബോധവത്ക്കരണം ഒറ്റ NEET Exam [നീറ്റ് എക്സാം ] - നു കഴിഞ്ഞു. അടുത്ത പരീക്ഷാസമയത്ത് മെറ്റലില്ലാ ബ്രായ്ക്ക് ഷോർട്ടേജുണ്ടായാലോ എന്ന് ആശങ്കപ്പെട്ടാണ് ' ആടി ' സെയിൽക്കാലത്ത് ഇത് വാങ്ങാൻ അമ്മമാർ തിരക്ക് കൂട്ടുന്നത്.
അടി വസ്ത്രം ഉരിഞ്ഞുള്ള പ്രാകൃതപരിശോധന ഇത്തവണ ഈ കേരളത്തിൽ മാത്രമാണ് നടന്നത്.
ലക്ഷക്കണക്കിന് കുട്ടികൾ എഴുതിയ ദേശീയ പരീക്ഷയിൽ മറ്റൊരു പരീക്ഷാ സെൻററിലും ഈ നാറിയ നടപടി ഉണ്ടായില്ല. ആയൂരിലെ മാർത്തോമ്മ കോളേജിൽ നടന്ന നാണംകെട്ട പരിശോധനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള സ്ഥിരം തന്ത്രമാണ് ഇവിടെയും പയറ്റുന്നത്. അന്വേഷണം പ്രഖ്യാപിച്ചതോടെ അഞ്ചാറു പേർ അറസ്റ്റിലായി.രണ്ടാഴ്ച കഴിഞ്ഞാൽ ഒക്കെ തേഞ്ഞു മാഞ്ഞോളുമെന്ന് അവർക്കറിയാം.
ജീവിതത്തിലെ ഏറ്റവും വലിയ കടമ്പകളിൽ ഒന്നായിട്ടാണ് കുട്ടികൾ നീറ്റ് പരീക്ഷയെ കാണുന്നത്. അവരുടെ ജീവിതത്തിന് ഒരു പ്രതീക്ഷ പകരാൻ കഴിവുള്ള പരീക്ഷയാണ് ഇതെന്നാണ് അവരുടെ വിശ്വാസം. ജീവിതവിജയമെന്നാൽ ഡോക്ടറാവുക, എഞ്ചിനിയറാവുക എന്ന രണ്ടു ലക്ഷ്യങ്ങളേ ഉള്ളെന്ന് വിശ്വസിച്ചു ജീവിക്കുന്ന അച്ഛനമ്മമാർ .അവരുടെ മക്കൾക്ക് മുട്ടിലിഴയും കാലം മുതൽ നൽകുന്ന ബ്രെയിൻ വാഷിംഗ് .. അപ്പോൾ അത്തരം ഒരു പരീക്ഷയ്ക്ക് വേണ്ടി മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ തയ്യാറെടുത്ത കുഞ്ഞുങ്ങളാണ് ഈ നാണംകെടിന് വിധേയമാകേണ്ടിവന്നത്.
അടിവസ്ത്രങ്ങളുടെ പേരിൽ വലിയ വിവാദം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് കേരളത്തിൽ ഇപ്പോൾ. കേരള രാഷ്ട്രീയത്തെ പോലും പിടിച്ചു കുലുക്കുന്ന വിധത്തിൽ ജെട്ടി വിവാദം കൊഴുത്തു കഴിഞ്ഞു. 70 സെ.മീറ്ററിൻ്റെ തൊണ്ടിമുതൽ ജെട്ടി 20 സെ.മീറ്ററായി താനേ ചുരുങ്ങുന്ന മാജിക്.
ഇതൊക്കെ ഈ കേരളത്തിൽ നടക്കും. അതിൽ അത്ഭുതമൊന്നുമില്ല!.മയിൽപ്പീലി പ്രസവിക്കുമെന്ന് കുഞ്ഞു പ്രായത്തിൽ നമ്മളൊക്കെ വിശ്വസിച്ചിട്ടില്ലേ...
അപ്പോ ദാ വരുന്നു ബ്രാ വിവാദം. അങ്ങനെ ജട്ടിയും ബ്രായും കൈകോർത്തപ്പോൾ സമരാവേശത്തിന് അണ പൊട്ടി. പതിവുപോലെ തെരുവുയുദ്ധം കൊഴുത്തു.
നൂറുകണക്കിന് സമരക്കാർക്ക് മർദ്ദനമേറ്റു.പിന്നെ പതിവുപോലെ തൽക്കാലം ശാന്തം.
ആയൂരിലെ പരീക്ഷാ സെൻററിലെ ആ ഇടുങ്ങിയ മുറിയിൽ കുന്നുകൂടിയ ഇളം ബ്രാകളുടെ കാഴ്ച പരീക്ഷാനടത്തിപ്പിനു വന്ന ഏതു സ്ത്രീയ്ക്കാണ് രോമാഞ്ചം നൽകിയതെന്ന് കണ്ടു പിടിച്ചേ മതിയാവൂ.
ഒരു സ്ത്രീയുടെ വാശി കാരണമാണ് അടി വസ്ത്രം ഊരേണ്ടി വന്നതെന്ന് കുട്ടികൾ പറയുന്നു.
നാഷണൽ ടെസ്റ്റ് ഏജൻസി ( NTA) യാണ് പരീക്ഷാ നടത്തിപ്പുകാർ.
വിദ്യാർത്ഥികൾക്കുള്ള ഡ്രസ്സ് കോഡിന്റെ വിശദാംശങ്ങൾ പരീക്ഷാ വിജ്ഞാപനത്തിൽ ഉണ്ട് .ഏത് സാഹചര്യത്തിലും അടിവസ്ത്രം അഴിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും എൻ ടി എ പറഞ്ഞു .വസ്ത്രം അഴിപ്പിച്ചത് തെറ്റായ നടപടി ആണെന്നും അത് പരിശോധിക്കുമെന്നും എൻ ടി എ വ്യക്തമാക്കിയിട്ടുണ്ട് ധാരാളം കുട്ടികൾ പരാതി നൽകുവാൻ തയ്യാറെടുത്തു
മുൻപോട്ട് വന്നിട്ടുണ്ട്.ദേഹ പരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയും ആയിരുന്നു ഇവർ ഇതിനുവേണ്ടി നിയോഗിച്ചത്.ഈ എട്ടംഗ
ടീമിലെ അംഗങ്ങളുടെ വിവരങ്ങൾ കേട്ട് കണ്ണു തള്ളരുത്. ഒരാൾ അന്നാട്ടിലെ ബേക്കറിജീവനക്കാരിയാണ് !.
റൊട്ടിക്ക് മാവു കുഴയ്ക്കും പോലെ എളുപ്പമാണ് നീറ്റു പരീക്ഷ എഴുത്തെന്ന് ആ സ്ത്രീ ചിന്തിച്ചതിൽ കുറ്റം പറയാനില്ലല്ലോ !. ഇതാണ് കേരളം.
സംസ്ഥാനത്ത് ആയൂരിൽ മാത്രമാണ് അടി വസ്ത്രം അഴിപ്പിച്ചത്.
ബ്രാ അഴിച്ച് വച്ച് പരീക്ഷ എഴുതിയാൽ ആകാശം ഇടിഞ്ഞു വീഴുമോ? പഠിച്ചതൊക്കെ മറന്നു പോകുമോ, ബ്രായിലാണോ ഓർമ ശക്തി നിലനിൽക്കുന്നത് എന്നൊക്കെ എതിർവാദം ഉന്നയിക്കുന്നവരുണ്ട്.
പണ്ടൊക്കെ നമ്മുടെ പെൺമക്കൾ സ്ത്രീയാകുന്നത് - ഋതുമതിയാകുന്നത് 15 വയസ്സിലായിരുന്നു.ഇപ്പോഴത് ഒമ്പതും പത്തും വയസ്സിലാണ്. നമ്മുടെ ലൈഫ് സ്റ്റൈൽ മാറിയതനുസരിച്ച് അതും മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. കുട്ടികളെക്കെ ബേക്കറി ഫുഡും ഫാസ്റ്റ്ഫുഡ്ഡും കോളയും വിഴുങ്ങി തടിച്ചുകൊഴുത്തു. പണ്ട് പതിന്നാലും പതിനഞ്ചും വയസ്സാകുമ്പോഴായിരുന്നു പെൺ ശരീരത്തിന് വളർച്ചയും മുഴുപ്പും രൂപലാവണ്യവും ഉണ്ടാകുന്നത്.ഇന്നത് എട്ടു വയസ്സിലായി. കുട്ടി തൻ്റെ ശരീരവളർച്ചയെപ്പറ്റി തെല്ലും ബോധവതിയല്ല. കുഞ്ഞു മനസ്സും വലിയ സ്ത്രീ ശരീരവും. അപ്പോൾ പണ്ട് 15 - o വയസ്സിൽ പെറ്റിക്കോട്ടിനു അടിയിൽ മകളെ അണിയിച്ചിരുന്ന സുരക്ഷാ കവചം അമ്മമാർ പുറത്തെടുത്തു എട്ടാം വയസ്സിലേ ധരിപ്പിക്കേണ്ട ഗതികേടിലായി. അല്ലെങ്കിൽ കുട്ടി ഓടിനടക്കുമ്പോൾ ശരീരം ഇളകും. മൂന്നു വയസ്സുകാരിയെയും 84 കാരിയെയും സമഭാവനയോടെ പീഢിപ്പിക്കുന്ന മലയാളി പുരുഷൻ്റെ വികാരം എട്ടാം വയസ്സുകാരിയെ കണ്ട് മദം പൊട്ടിയാലോ എന്ന ഭയം .ആ മഹാകവചം അവൾക്ക് കവച കുണ്ഡലങ്ങളാണ്.
പരീക്ഷ എഴുതാൻ ഓടുമ്പോൾ ആ കവച കുണ്ഡലം അഴിച്ചു വച്ചിട്ട് വസ്ത്രക്ഷേപം നേരിട്ടവളായി നൂറുകണക്കിന് കാണികൾക്കിടയിലേക്കവൾ നടക്കേണ്ടി വന്ന ഗതികേട്. രണ്ടാൺ കുട്ടികൾക്ക് നടുവിലിരുന്ന് പരീക്ഷ എഴുതുന്ന വിധമാണത്രേ പരീക്ഷാ ക്രമീകരണം. ഇടതും വലതും ഒപ്പമിരിക്കുന്ന ആൺകുട്ടികൾ, തൻ്റെ കവചം കൈമോശം വന്നതറിയുമോ എന്ന ചങ്കിടിപ്പ്, അടിവസ്ത്രം ഊരേണ്ടി വന്നതിൻ്റെ ജാള്യത, അപമാനം... ആ കുട്ടി എത്ര മിടുക്കിയായാലും മനസ്സ് കൈവിട്ടു പോയിരിക്കണം.ആ പ്രായത്തിലെ കുട്ടിയെ സംബന്ധിച്ച് അതൊരു വലിയ ഷോക്കു തന്നെയാണ്.
ഇതു വല്ലതും പറഞ്ഞാൽ ആ തുണിയഴിപ്പിച്ച താടകയ്ക്ക് മനസ്സിലാവുമോ എന്തോ?.
അതവിടെ നിൽക്കട്ടെ, അതിലും ഗൗരവതരമായ ചില കാര്യങ്ങൾ ബാക്കി നിൽക്കുന്നു.
ഒരേയൊരു പരീക്ഷാ സെൻ്ററിൽ മാത്രം നടന്ന ഈ സംഭവത്തിനു പിന്നിൽ ഒരു വില്ലനുണ്ടോ ?
ആ സ്ത്രീ കാണിച്ചു കൊടുത്ത ഇടുങ്ങിയ മുറിയിൽ കുട്ടികൾ വസ്ത്രം മാറ്റുന്ന ദൃശ്യങ്ങൾ ഹിഡൻ ക്യാമറ വച്ച് ഒപ്പിയെടുത്തിട്ടുണ്ടോ ?.കേരളത്തിലെ ചില പ്രശസ്ത ടെക്സ്റ്റൈൽ ഷോപ്പുകളിൽ ഡ്രസ്സ് പാകമാണോ എന്ന് ധരിച്ചുനോക്കുന്ന റൂമിൽ അടുത്തിടെ ഒളിക്യാമറ കണ്ടെത്തിയത് വിവാദമായിരുന്നു. മധ്യ തിരുവിതാംകൂറിലെ ഒരു സ്കൂളിലെ ശുചി മുറിയിൽ ഒളിക്യാമറ വച്ചെടുത്ത ദൃശ്യങ്ങൾ സമൂഹത്തിൽ പ്രചരിച്ചിരത് മറന്നിട്ടില്ല. അത്രമാത്രം വൈകല്യം നിറഞ്ഞ മനസ്സാണ് ചില മലയാളികളുടേത്.
ടോപ്പൂരി, പെറ്റിക്കോട്ടൂരി, ബ്രാ ഊരുന്ന ദൃശ്യം ചിത്രീകരിക്കാനുള്ള തന്ത്രമായിരുന്നോ ഈ ഒരേയൊരു കേന്ദ്രത്തിൽ നടന്നതെന്ന് കണ്ടു പിടിച്ചേ മതിയാകൂ. ആരുടെ നിർദ്ദേശപ്രകാരമാണ് സ്ത്രീ അങ്ങനെയൊരു പിടിവാശി കാണിച്ചതെന്ന് കണ്ടെത്തിയേ തീരൂ.
ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷ എഴുതുന്ന നിമിഷം അവളുടെ ആത്മവിശ്വാസത്തെ അടിച്ചു തകർത്ത നീക്കം ഒരിക്കലും ന്യായീകരിക്കാനാവുന്നില്ല. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാവണം. ഏജൻസികൾ നിലവാരമുള്ളതാവണം. ദേശീയ പ്രവേശന പരീക്ഷയ്ക്ക് തയ്യാറായി വരുന്ന കുട്ടികളുടെ ശാരീരിക പരിശോധനയ്ക്ക് ചുമതലപ്പെടുത്തേണ്ടത് ഇത്തരം കൂലിത്തൊഴിലാളികളെ ആയിരിക്കരുത്.