Image

രാഷ്ട്രപതിക്ക് ഭാവുകങ്ങള്‍ (രാജു മൈലപ്രാ)

Published on 23 July, 2022
രാഷ്ട്രപതിക്ക് ഭാവുകങ്ങള്‍ (രാജു മൈലപ്രാ)

പണ്ട്, പ്രാദേശിക സര്‍ക്കാര്‍ സംവിധാനത്തന്, ഇന്നത്തെപ്പോലെ അധികാരമില്ലാതിരുന്ന കാലത്ത് മൈലപ്രായില്‍ നടന്ന ഒരു സഹകരണ സംഘ തെരഞ്ഞെടുപ്പ്, അസാധുവാക്കാന്‍ വേണ്ടി, ജിയിച്ച പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ക്കെതിരേ ബലാത്സംഗ പീഢനമാരോപിച്ച്, തെരഞ്ഞെടുപ്പില്‍ തോറ്റ ഒരു 'മഹിള' പോലീസില്‍ പരാതി നല്‍കി. 

പ്രതി ദാവീദ്- അറുപത് കഴിഞ്ഞ ഒരു വയോധികന്‍- നല്ല ഉയരമുണ്ടെങ്കിലും വളരെ മെലിഞ്ഞ ശരീരപ്രകൃതം. കഷണ്ടി ആക്രമിച്ച ശിരസില്‍ അവശേഷിച്ചിരിക്കുന്ന കുറച്ചു നര- ദന്തനിര എന്നു പറയുവാന്‍ പറ്റത്തക്കപോലെ പല്ലുകളൊന്നും വായില്‍ അവശേഷിച്ചിട്ടില്ല. ദാവീദ് ജനിച്ചത് തന്നെ ഒട്ടിയ കവിളുകളുമായാണ്. കുഴിഞ്ഞ കണ്ണുകള്‍- കൈലിമുണ്ടും, വല്ലപ്പോഴുമൊക്കെ- തലയിലേക്കൊരു സ്ഥാനക്കയറ്റം കിട്ടുന്ന തോളില്‍ കിടക്കുന്ന തോര്‍ത്തും വേഷം- പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരം ഈ ദാവീദാണ് പീഢനവീരന്‍-

കേസ് കോടതിയിലെത്തി- 'മൈലപ്രാ പടിഞ്ഞാറേതില്‍ പരേതനായ പത്രോസ് മകന്‍ ദാവീദ് '- കോടതി ശിപായി മൂന്നു തവണ പ്രതിയുടെ പേര് നീട്ടി വിളിച്ചു. ദാവീദ് വിറച്ചുകൊണ്ട് പ്രതിക്കൂട്ടില്‍ കയറി നിന്ന് വില്ലുപോലെ വളഞ്ഞ് 'ഹോണറബിള്‍ ജഡ്ജി'യെ തൊഴുതു. 

ജഡ്ജി, ദാവീദിനെ ആപാദചൂഢം സസൂക്ഷ്മം നിരീക്ഷിച്ചു. വാദിയായ യുവതിയേയും നോക്കി- ചിരിയടക്കാന്‍ പാടുപെട്ട ജഡ്ജി, പെട്ടെന്ന് ചേംബറിലേക്ക് മടങ്ങി- കുറച്ച് സമയം കഴിഞ്ഞ്, ആത്മസംയമനം വീണ്ടെടുത്ത്, അദ്ദേഹം വീണ്ടും ചെയറില്‍ കയറി ഉപവിഷ്ഠനായി. 

വാദ പ്രതിവാദങ്ങളോ, വിചാരണയോ ഒന്നും കൂടാതെ അദ്ദേഹം വിധി പ്രഖ്യാപിച്ചു. 
'ദാവീദിനെ വെറുതെവിട്ടിരിക്കുന്നു'. 

**** **** **** **** 

ഞങ്ങളുടെ അമ്മയ്ക്ക്, പ്രാദേശിക വാര്‍ത്തകള്‍ പതിവായി എത്തിച്ചുനല്‍കിയിരുന്ന ഒരു സില്‍ബന്തിയുണ്ടായിരുന്നു. വയസ് എഴുപതിനോടടുത്തെങ്കിലും, പിറന്നുവീണപ്പോള്‍ മാതാപിതാക്കള്‍ സ്‌നേഹത്തോടെ നല്‍കിയ പേര് ഇന്നും അതേപടിയില്‍ തുടരുന്നു- 'കുഞ്ഞുചെറുക്കന്‍'. 

'കൊച്ചമ്മേ,! ദാവീദ് വെറുമൊരു പാവമാണ്-'
പീഢന കേസും, അതിന്റെ വിധിയും, ദാവീദിനെക്കുറിച്ചുള്ള ദൃഢമായ അഭിപ്രായവുമെല്ലാം ഒരൊറ്റ വാചകത്തില്‍ ചുരുക്കി കുഞ്ഞുചെറുക്കന്‍ അമ്മയെ അറിയിച്ചു-

അതിനുള്ള അമ്മയുടെ മറുപടി അല്പം ക്രൂരമായിപ്പോയി എന്നു പറയാതിരിക്കാന്‍ മകനായ എനിക്കുപോലും കഴിയുന്നില്ല-

'എടാ കുഞ്ഞുചെറുക്കാ, ഈ ദാവിദിന് സൗന്ദര്യമുണ്ടോ, ആരോഗ്യമുണ്ടോ, പണമുണ്ടോ- ചുമച്ചും കൊരച്ചും നടക്കുന്ന അവന്‍ പാവമല്ലേ പിന്നെ എന്തുചെയ്യാനാണ്?'

മണിയാശാന്റെ നാടന്‍ ഭാഷയില്‍ അമ്മ പറഞ്ഞ ഈ മറുപടി 'പാര്‍ലമെന്ററി' അല്ലാത്തതുകൊണ്ട് രേഖകളില്‍ നിന്നും നീക്കി അമ്മയ്ക്ക് മാപ്പുകൊടുക്കാം. 

**** **** **** **** 

പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ദ്രൗപതി മുര്‍മു, വ്യക്തിപരമായി എന്തുകൊണ്ടും ആ മഹനീയ സ്ഥാനത്തിന് അര്‍ഹതയുള്ള ആളാണ്. 'പിന്നോക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ഗോത്രവര്‍ഗ്ഗക്കാരിയായ ഒരു ആദിവാസി മഹിള ഇന്ത്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ നമുക്ക് ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാം' എന്നാണ്  അധികാരികള്‍ ഇതിനെപ്പറ്റി വീമ്പു പറയുന്നത്. അടുത്ത കാലത്ത് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഈ പരമോന്നത സ്ഥാനത്ത് എത്തുവാനുള്ള ക്വാളിഫിക്കേഷന്‍സ്- ദരിദ്ര കുടുംബത്തില്‍ ജനിച്ചവരായിരിക്കണം- പിന്നോക്ക വര്‍ഗ്ഗത്തില്‍പ്പെട്ടവരായിരിക്കണം, ദളിതനായിരിക്കണം, സ്ത്രീയായിരിക്കണം, വലിയ പേഴ്‌സണാലിറ്റിയൊന്നും പാടില്ല' അങ്ങനെയുള്ള ചില കാര്യങ്ങളാണ്. 

ശ്രീമതി ദൗപതി മുര്‍മുവിന്റെ വിജയത്തെപ്പറ്റി ഒരു കേന്ദ്രമന്ത്രി ചാനലുകളുടെ മുന്നില്‍ വന്നു പ്രതികരിച്ചത് ഇങ്ങനെ- 'അധ:കൃത വര്‍ഗ്ഗത്തില്‍പ്പെട്ട, പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു ഗോത്രവര്‍ഗ്ഗക്കാരിയെ  പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ നമുക്ക് അഭിമാനിക്കാം-' എന്നാണ്. 

അവര്‍ക്ക് നല്‍കുന്ന ഓരോ വിശേഷണങ്ങളും അവരെ അപമാനിക്കുന്നതരത്തിലായിപ്പോകുന്നില്ലേ എന്നു സംശയിച്ചുപോകുന്നു. 

പിന്നോക്ക വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെ ഇന്ത്യന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതുകൊണ്ട് മാത്രം, ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ പറ്റില്ല. കാരണം, ഇന്ത്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോക രാഷ്ട്രങ്ങള്‍ക്ക് ഒരു വിഷയമേ അല്ല. 

പല പദവികളലങ്കരിച്ച പരിചയസമ്പത്തുമായി ഇന്ത്യയുടെ പരമോന്നത അധികാര പദവിയിലെത്തുന്ന ബഹുമാനപ്പെട്ട ദ്രൗപതി മുര്‍മുവിന്, ഡോ. രാധാകൃഷ്ണനെപ്പോലെയും, അബ്ദുള്‍ കലാമിനെപ്പോലെയുമുള്ള മഹാരഥന്മാര്‍ അലങ്കരിച്ച സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുവാനുള്ള ആര്‍ജ്ജവം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 

ബഹുമാനപ്പെട്ട ദ്രൗപതി മുര്‍മുവിന് എല്ലാവിധ ആശംസകളും നേരുന്നു. 

**** **** **** **** 
ഇന്നത്തെ വാചകം: പണ്ട് ഭൂമി പരന്നതായിരുന്നു. 
കാലം കഴിഞ്ഞപ്പോള്‍ അത് അണ്ഢാകൃതിയിലായി. 

Join WhatsApp News
Mylaprakaran 2022-07-23 15:17:19
Great Mylapra. Same thing with Nanchiyamma for best playback singer! Can she sing another song for a movie?
BLM 2022-07-23 17:44:13
Black Lives Matters too.
Ramakrishna Pilla 2022-07-23 15:54:00
It takes guts to call a spade a spade without fearing negative comments from the hypocrats. Keep it up Mylapra. Congratulations.
Right Thinker 2022-07-23 21:46:09
സംവരണത്തിന്റെ പേരും പറഞ്ഞു ക്വാളിഫിക്കേഷൻസ് ഇല്ലാത്ത കണ്ട അണ്ടനേയും അടകോടനേയും പിടിച്ചു പോലീസിലും, ഭരണത്തിലും നിയമിക്കുന്നത് കൊണ്ടാണ് നമ്മുടെ നാട് ഗതി പിടിക്കാത്തത്‌. സംവരണം പാടെ എടുത്തു കളഞ്ഞു ജാതിമതം നോക്കാതെ കഴിവുള്ള ആളുകളെ വേണം നിയമിക്കുവാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക