Image

കേളി അസീസിയ സൂപ്പര്‍ കപ്പ് : അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കളായി

Published on 23 July, 2022
കേളി അസീസിയ സൂപ്പര്‍ കപ്പ് : അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കളായി

 

റിയാദ് : കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് 2022 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കളായി. ന്യൂ സനയ്യ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റിയാദ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കളായത്. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോട് മുന്നോടിയായാണ് ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നത്.


റിയാദ് ഫുട്ബാള്‍ അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്ത എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് കേളി മുഖ്യ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര അധ്യക്ഷതയും കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഇതാര്‍ ഹോളി ഡേയ്‌സ് പ്രതിനിധി യാസിര്‍, ഡോക്ടര്‍ സമീര്‍ പോളി ക്ലിനിക് പ്രതിനിധി റഫീഖ് ഹസ്സന്‍, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ടൂര്‍ണമെന്റിന്റെ കിക്കോഫ് കേളി കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷറഫുദീന്‍ നിര്‍വ്വഹിച്ചു.


ഫൈനലില്‍ റിയാദ് ബ്ലാസ്റ്റേഴ്‌സ്-അറേബ്യന്‍ ചാലഞ്ചേഴ്‌സ് മത്സരം 1-1 സമനിലയില്‍ കലാശിച്ചു. ടൈബ്രേക്കറില്‍ അറേബ്യന്‍ ചാലഞ്ചേഴ്‌സ് 5-4ന് ജേതാക്കളായി. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (റീഫ) റഫറി പാനലാണ് കളി നിയന്ത്രിച്ചത്. സമാപനച്ചടങ്ങില്‍ കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, സംഘാടകസമിതി കണ്‍വീനര്‍ ഷാജി റസാഖ്, ഇതാര്‍ പ്രതിനിധി യാസിര്‍, അസീസിയ ഏരിയ ആക്ടിംഗ് സെക്രട്ടറി സുധീര്‍, സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര, അസീസിയ ഏരിയ ട്രഷറര്‍ സുഭാഷ്, റീഫ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കും റണ്ണേഴ്‌സിനുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മിഡ്‌ലാന്റ് കെമിക്കല്‍സ്, ഇതാര്‍ ഹോളിഡേയ്‌സ്, റബു അല്‍ റെയില്‍ ട്രേഡിങ്, ഡോക്ടര്‍ സമീര്‍ പോളി ക്ലിനിക്, സിറ്റിഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവരാണ് വിവിധ സമ്മാനങ്ങളും ട്രോഫികളും സ്‌പോണ്‍സര്‍ ചെയ്തത്. അസീസിയ ഏരിയ ആക്ടിംഗ് സെക്രട്ടറി സുധീര്‍ സമാപന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക