ബി ജെ പി ക്ക് ഒരു ബിഗ് സല്യൂട്ട്!(നടപ്പാതയിൽ ഇന്ന്-45:ബാബു പാറയ്ക്കൽ)

Published on 24 July, 2022
 ബി ജെ പി ക്ക് ഒരു ബിഗ് സല്യൂട്ട്!(നടപ്പാതയിൽ ഇന്ന്-45:ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, ഇന്ന് പതിവില്ലാതെ ഒരു ചെറിയ ദേശീയ പതാകയൊക്കെ കയ്യിൽ പിടിച്ചു കൊണ്ട് നടക്കാനിറങ്ങിയത്? ഇന്ന് സ്വാതന്ത്ര്യ ദിനമൊന്നുമല്ലല്ലോ!"
"എടോ, ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും അഭിമാന ദിവസമാണെടോ."
"ഇന്നെന്താ പിള്ളേച്ചാ പ്രത്യേകിച്ച് സംഭവിച്ചത്?"
"എടോ, ഇന്ന് ചരിത്രത്തിൽ ആദ്യമായി ഒരു ആദിവാസി ഗോത്രവർഗക്കാരി ഇന്ത്യയുടെ പ്രസിഡന്റ് ആയില്ലേ!"
"അതിലെന്താ ഇത്ര വലിയൊരു കാര്യം? ഇന്ത്യയുടെ പ്രസിഡന്റ് പദവി എന്ന് പറഞ്ഞാൽ വെറുമൊരു 'സെറിമോണിയൽ പോസ്റ്റ്' അല്ലേ?"
"പൊതുവെ അങ്ങനെ പറയാമെങ്കിലും യഥാർഥത്തിൽ വലിയ അധികാരങ്ങളും ഉണ്ടെടോ. ഇന്ത്യയുടെ മൂന്നു സൈനിക വിഭാഗങ്ങളുടെയും തലവനായി കാണുന്നത് പ്രെസിഡന്റിനെയാണ്. ഇപ്പോൾ പുതിയൊരു പോസ്റ്റ് ഒരാൾക്ക് നല്കിയിട്ടുണ്ടെകിൽ പോലും. പല ഓർഡിനൻസുകളും പ്രസിഡന്റ് ഒപ്പു വച്ചെങ്കിൽ മാത്രമേ നിയമം ആവുകയുള്ളൂ. അതുപോലെ സംസ്ഥാന മന്ത്രിസഭ പിരിച്ചു വിടേണ്ട സാഹചര്യമുണ്ടായാൽ ഗവർണർ ഭരണം നടത്തുന്നത് പ്രസിഡന്റിനു വേണ്ടിയാണ്. പിന്നെ പ്രോട്ടോകോൾ അനുസരിച്ചു വലിയ പദവിയുമല്ലേ!"
"അതെ. അങ്ങനെ നോക്കുമ്പോൾ വലിയ പദവി തന്നെയാണ്. പിന്നെ അതൊരു ഗോത്രവർഗക്കാരിക്ക് ലഭിച്ചു എന്ന് പറയുമ്പോൾ അതൊരു വലിയ സംഭവുമാണ്."
"അതിലും വലിയ സംഭവം അവർ ബിജെപി യുടെ സ്ഥാനാർഥി ആയിരുന്നു എന്നതാണ്."
"അത് ശരിയാണ്. ബിജെപി ഒരു ഹിന്ദുത്വ പാർട്ടി ആയിരിക്കെ ന്യൂന പക്ഷമായ ഇവരെ എങ്ങനെയാണ് സ്ഥാനാർത്ഥിയാക്കിയത്?"
"അതാണെടോ, രാഷ്ട്രീയ തന്ത്രം. ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ആഗ്രഹിക്കുമ്പോഴും ന്യൂന പക്ഷത്തെ ചേർത്ത് നിർത്താൻ ഇങ്ങനെയുള്ള അവസരങ്ങൾ ബിജെപി ഉപയോഗിക്കാറുണ്ട്. പണ്ട്, ഇന്ദിരാ ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഡോ. പി.സി. അലക്‌സാണ്ടറിനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രസിഡന്റ് സ്ഥാനാർഥിയായി ബിജെപി അല്ലേ നോമിനേറ്റ് ചെയ്തത്?"
"അതെ. അന്ന് അലക്‌സാണ്ടർക്കിട്ടു പാര വച്ചതു കോൺഗ്രസ്സ് പാർട്ടി ആയിരുന്നു എന്നതാണ് സത്യം. അതിന്റെ കാരണങ്ങളൊക്കെ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ഇന്ന് കമ്മ്യൂണിസ്ററ് പാർട്ടി പോലും ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാതിരുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അടിസ്ഥാനപരമായി പിന്നെ എന്ത് ആദർശം ആണ് ഇവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്?”
"കമ്മ്യൂണിസ്ററ് പാർട്ടിക്ക് എന്ത് ആദർശമാണെടോ ഇന്നുള്ളത്? ദ്രൗപതി മുർമു ബിജെപി യുടെ സ്ഥാനാർഥിയായതു കൊണ്ട് മാത്രമാണ് ബാക്കി എല്ലാവരും കൂടി എതിർത്ത് കൊണ്ട് മറ്റൊരു സ്ഥാനാർഥിയെ കൊണ്ടുവന്നത്. പക്ഷേ, ബിജെപി യ്ക്ക് നല്ല മൈലേജ് ആണ് ഇതിൽ നിന്നും ലഭിച്ചത്."
"ഈ ദ്രൗപതി മുർമു ഗോത്ര വർഗക്കാരുടെ ഒരു കുഗ്രാമത്തിൽ നിന്നും എങ്ങനെയാണ് പിള്ളേച്ചാ ഇന്ദ്രപ്രസ്ഥത്തിലെ ചക്രവർത്തിനി ആയത്?"
"എടോ, അവരുടെ കഥ സമാനതകളില്ലാത്തതാണ്. ഒഡീഷ്യയിലെ ഉപാർബേദ എന്ന അപരിഷ്‌കൃത ഗ്രാമത്തിലെ 'സാന്താൾസ്' എന്ന ഗോത്രത്തിലാണ് ജനിച്ചത്. കിലോമീറ്ററുകൾ താണ്ടിയാണ് എന്നും സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. ആ ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ലാതിരുന്നതിനാൽ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഇരുന്നാണ് പഠിച്ചത്. മൊബൈൽ ഫോൺ വന്നു കഴിഞ്ഞപ്പോൾ പോലും ഗ്രാമീണർ അര മണിക്കൂർ നടന്നു പോയിട്ടാണ് ഫോൺ ചാർജ് ചെയ്തിരുന്നത്."
"ഗോത്ര വർഗക്കാരെ ഉദ്ധരിക്കാൻ സർക്കാരിന് വളരെയധികം പദ്ധതികളുണ്ടായിട്ടും എന്താ ഇവരുടെയൊക്കെ ഗതി ഇങ്ങനെ?"
"അതാണെടോ ഇനിയിപ്പോൾ മാറാൻ പോകുന്നത്. രാജ്യത്തിന്റെ ജനസംഖ്യയിൽ 10% ആദിവാസി ഗോത്ര വർഗക്കാരാണ്. ഒഡീഷ്യയിൽ അത് 25% ആണ്. അവർ പരമ്പരാഗതമായി കോൺഗ്രസ്സ് പാർട്ടിയെ അനുകൂലിക്കുന്നവരായിരുന്നു. ഇവിടെ ഒരു മുഴം മുൻപേ എറിഞ്ഞാണ് ബിജെപി കളിച്ചത്. ഇവരെ കൂടെ നിർത്താൻ കഴിഞ്ഞാൽ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ആധിപത്യം ഉറപ്പിക്കാനാകും."
"തന്നെയുമല്ല പിള്ളേച്ചാ, സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനം തങ്ങളുടെ അജണ്ടയിൽ മുന്പിലാണെന്നു കാണിച്ചു കൊടുത്തില്ലേ?"
"ഇയാൾ പറഞ്ഞത് ശരിയാണ്. വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന താണ ജാതിക്കാരും ആദിവാസികളും ബിജെപിയുടെ സവർണ ഹിന്ദു മേധാവിത്വത്തിന്റെ തിക്താനുഭവങ്ങൾ ദശാബ്ദങ്ങളായി അനുഭവിച്ചു വരുന്നവരാണ്. അതുകൊണ്ടാണ് പ്രാദേശിക പാർട്ടികൾക്ക് അവിടെ നല്ല വളക്കൂറുള്ളത്. ആ വ്യവസ്ഥിതിയും പൊതുധാരണയും ഇതോടെ അവർ പൊളിച്ചടുക്കിയിരിക്കയാണ്. ഒപ്പം, ആദിവാസികളുടെ പാരമ്പര്യവും അവരുടേതായ സംസ്‌കാരവും ഭാഷയും ജീവിതരീതിയും അന്യം നിന്ന് പോകുമെന്ന് ഭയപ്പെട്ടിരുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഗോത്രവർഗ്ഗത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ്‌."
"അതുകൊണ്ടായിരിക്കാം ദ്രൗപതി മുർമു ഈ സ്ഥാനലബ്‌ധി കൈവരിച്ചപ്പോൾ അവരുടെ ഗ്രാമത്തിൽ ആളുകൾ അവർ ദൈവികമെന്നു കരുതി ആരാധിക്കുന്ന മരങ്ങളുടെ ചുവട്ടിൽ വട്ടം ചുറ്റി നിന്ന് ഡാൻസ് കളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്."
"അവർക്കതിനു കാരണവും ഉണ്ടെടോ. മുർമു പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ തന്നെ ഏതാനും ആഴ്ചകൾക്കു മുൻപ് ആ ഗ്രാമത്തിൽ അധികൃതർ ധൃതിപിടിച്ചു വൈദ്യുതി എത്തിച്ചു കഴിഞ്ഞു."
"എന്തായാലും ഇത് ബിജെപിയുടെ ഒരു തന്ത്രപരമായ നീക്കമായിട്ടാണ് കാണേണ്ടത്."
"ഇത് ആത്മാർഥമാണോ എന്ന് മാത്രം അറിഞ്ഞാൽ മതി. ആണെങ്കിൽ ന്യൂനപക്ഷങ്ങൾക്കാശ്വസിക്കാൻ വകയുണ്ട്. അതിനു പുറമേ ഇന്ത്യയുടെ 15- ആമത്തെ പ്രെസിഡന്റും രണ്ടാമത്തെ വനിതാ പ്രെസിഡന്റുമായി ദ്രൗപതി മുർമു വരുന്നതിൽ സ്ത്രീകൾക്കും അഭിമാനിക്കാം. ജനാധിപത്യ ഭാരതത്തിനും."
"ബിജെപി യ്ക്ക് ഒരു ബിഗ് സല്യൂട്ടും! അല്ലേ പിള്ളേച്ചാ?”
"തീർച്ചയായും."

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക