Image

കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-16 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Published on 24 July, 2022
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-16  (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)

Part 5
ഇന്നു നാട്ടിലേക്കു വിളിച്ചപ്പോള്‍ പലരും ചോദിച്ചു, മകളെ കെട്ടിച്ചയയ്ക്കുന്നതില്‍ സങ്കടമുണ്ടോ എന്ന്. സന്തോഷമേ തോന്നിയിട്ടുള്ളു എന്നതാണു സത്യം!
പതിനെട്ടാംവയസ്സില്‍ ഷിക്കാഗോയിലേക്കു പോയതുമുതല്‍ അവള്‍ ഒറ്റയ്ക്കായിരുന്നു. ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനുശേഷം മിലിട്ടറിയിലേക്ക്. നാലു വര്‍ഷത്തെ മിലിട്ടറി ജീവിതവും കഴിഞ്ഞു വീണ്ടും കോളേജിലേക്ക്. ഇരുപത്തിയേഴാംവയസ്സില്‍ അവള്‍ക്കൊരു നല്ല കൂട്ടുകാരനെ കിട്ടുന്നതില്‍ മനസ്സുനിറയെ സന്തോഷമല്ലാതെ മറ്റൊന്നുമില്ല!
'കെട്ടിച്ചയയ്ക്കുക' എന്ന പ്രയോഗത്തിന് ഇവിടെ പ്രസക്തിയൊന്നുമില്ല. അപ്രതീക്ഷിതമായി ഒരുദിവസം ഹെന്‍ട്രി അവളോടു വിവാഹാഭ്യര്‍ത്ഥന നടത്തി. കരുതിവച്ചിരുന്ന മോതിരം അവളുടെ വിരലിലണിയിച്ചു. അതുവഴി കടന്നുപോയ ഒരപരിചിതന്‍, ആ മനോഹരമുഹൂര്‍ത്തം ക്യാമറയില്‍ പകര്‍ത്തി അവര്‍ക്കു സമ്മാനിച്ചു. പിന്നീടു രണ്ടാളും, സാന്‍ഫ്രാന്‍സിസ്‌കോയുടെ ചാരുതയുള്ള പശ്ചാത്തലത്തില്‍ അവരുടെ കുറച്ച് എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പകര്‍ത്തിയതോടെ ആ ചടങ്ങു പൂര്‍ത്തിയായി!
പരസ്പരം സമ്മാനങ്ങള്‍ കൈമാറി, ഹെന്‍ട്രിയുടെ കുടുംബത്തോടൊപ്പം ഞങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു. റോഷേലും ഹെന്‍ട്രിയുമൊരുമിച്ച് ഒരു തോണി തുഴയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ആ തോണിക്കുചുറ്റും ഒരു സുരക്ഷിതാവരണം തീര്‍ത്തു. പൊന്നും പണവുംകൊണ്ടല്ല; സ്‌നേഹവും സഹകരണവുംകൊണ്ട്! അവര്‍ക്കാവശ്യം അതു മാത്രമായിരുന്നു.

Part 6
മകളുടെ വിവാഹദിവസം രാവിലെ കണ്ണു തുറന്നത് ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നതുകേട്ടാണ്. ചെന്നുനോക്കിയപ്പോള്‍ അത്ഭുതംകൊണ്ടും സന്തോഷംകൊണ്ടും കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായി, ഞാന്‍. നാട്ടില്‍നിന്നു പ്രിയപ്പെട്ടവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍, മുന്‍കൂട്ടിയറിയിക്കാതെ എത്തിയിരിക്കുന്നു! അപ്രതീക്ഷിതമായി എല്ലാവരേയും കണ്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അവര്‍ക്ക് എന്തുതരം ഭക്ഷണമാണ് ഉണ്ടാക്കിക്കൊടുക്കേണ്ടത്? ആലോചിച്ചുനില്‍ക്കാന്‍ സമയമില്ല.


അപ്പോഴേക്കും ചിലര്‍ സമ്മാനങ്ങളുമായി വന്നുതുടങ്ങി. അവരോടെല്ലാം സംസാരിക്കണമെന്നുണ്ട്. എന്നാല്‍, പള്ളിയിലേക്കു പോകുമ്പോള്‍ കൈയില്‍ കരുതേണ്ട കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് അപ്പോഴാണ് ഓര്‍മ വന്നത്. നേരത്തേ എല്ലാം എടുത്തുവയ്‌ക്കേണ്ടതായിരുന്നു. ഓരോന്നോരോന്ന് അവിടെനിന്നും ഇവിടെനിന്നുമൊക്കെ തപ്പിയെടുത്തു കൊച്ചുപെണ്ണിനെ ഏല്‍പ്പിച്ചു. അക്കൂട്ടത്തില്‍ വിവാഹമോതിരവുമുണ്ടായിരുന്നു. റിസപ്ഷന് എനിക്കുടുക്കാന്‍ വാങ്ങിവച്ചിരുന്ന വസ്ത്രം എത്ര തെരഞ്ഞിട്ടും കാണുന്നില്ല! സ്‌ക്കൂളില്‍ ഇനിയും വിളിച്ചുപറഞ്ഞിട്ടില്ല. സെല്‍ഫോണും കണ്ടില്ല. നേരത്തേ വിളിച്ചുപറയേണ്ടതായിരുന്നു. വന്ന അതിഥികള്‍ ഓരോരോ സമ്മാനങ്ങള്‍ തരാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ മനസ്സ് എങ്ങും നില്‍ക്കുന്നില്ല. പള്ളിയിലേക്കിറങ്ങാന്‍ സമയമായോ എന്നു സംശയിച്ചുനില്‍ക്കുമ്പോള്‍ അലാറമടിക്കുന്നതു കേട്ടു. കണ്ണുമിഴിച്ചു നോക്കിയപ്പോഴാണ്, ഞാന്‍ സ്വപ്നംകാണുകയായിരുന്നെന്നു മനസ്സിലായത്!
സംഭവിക്കാനുള്ളതൊക്കെ സംഭവിക്കുമെന്നു വിശ്വാസമുള്ളതുകൊണ്ട് മകളുടെ വിവാഹദിനത്തെക്കുറിച്ചു കാര്യമായ പിരിമുറുക്കമൊന്നുംതന്നെയില്ലാതിരിക്കെ, ഇത്തരമൊരു സ്വപ്നം എങ്ങനെയുണ്ടായി എന്ന കണ്‍ഫ്യൂഷനിലാണിപ്പോള്‍. സ്വപ്നത്തെക്കുറിച്ചു റോഷിനോടു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞത്, നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും കുറച്ചൊക്കെ തെറ്റുകുറ്റങ്ങളുണ്ടാവുമെന്നും അതുകൊണ്ട് അവളും ആ ദിവസത്തെക്കുറിച്ചോര്‍ത്ത് ഒട്ടും ആശങ്കപ്പെടാറില്ലെന്നുമാണ്!
വിവാഹദിനത്തിലേക്ക് ഇനി നൂറ്റിപ്പത്തു ദിവസങ്ങളുടെ ദൂരം മാത്രം.

106
ഓര്‍മകളിലേക്കു കൊണ്ടുപോകുന്ന സ്വരങ്ങള്‍

ഇവിടുത്തെ ഡൗണ്‍ടൗണുകള്‍ വെറുതെ ചുറ്റിയടിക്കാനും കൊച്ചുവര്‍ത്താനം പറഞ്ഞിരിക്കാനും പറ്റിയ സ്ഥലങ്ങളാണ്. ഇവിടെയെത്തിയിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഏറ്റവുമടുത്ത ഡൗണ്‍ടൗണ്‍ അത്ര പരിചിതമായിരുന്നില്ല. ഇന്ന്, അവിടെയുള്ള ഒരു ഡാന്‍സ് അക്കാദമിയില്‍ കൊച്ചുപെണ്ണിനെ കൊണ്ടാക്കായിട്ട്, കാതടപ്പിക്കുന്ന സംഗീതത്തില്‍നിന്നു രക്ഷപ്പെടാനായി പുറത്തിറങ്ങി ചാരുബെഞ്ചിലിരുന്നു. നനുത്ത തണുപ്പും മങ്ങിയ വെളിച്ചവും മനംമയക്കുന്ന മാസ്മരഭംഗിയും ആസ്വദിച്ചിരുന്നപ്പോള്‍, താമസിക്കുന്നത് അമേരിക്കയാലാണെന്നോര്‍മിപ്പിക്കുന്ന അപൂര്‍വ്വനിമിഷമായി ആ നേരം മാറി. പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണത്!
ഒരാഴ്ചയ്ക്കുശേഷം, ഡാന്‍സ് സ്‌ക്കൂളിന്റെ മുമ്പിലെ അതേ ചാരുബെഞ്ചില്‍ വീണ്ടും. മങ്ങിയ വെളിച്ചത്തില്‍, എപ്പോഴോ ചിന്തകള്‍ കാടുകയറി. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ടെക്സ്റ്റ് മെസ്സേജുകളുടെ കാലമായിരുന്നു. അതിനുമുമ്പുതന്നെ എന്റെ ഫോണ്‍വിളികള്‍ വല്ലാതെ കുറഞ്ഞുകുറഞ്ഞ് ഇല്ലാതായിരുന്നു.
ഇന്നലെ രാത്രി, നാട്ടിലുള്ള ബന്ധുക്കളില്‍ പലരോടും ഫോണില്‍ സംസാരിച്ചു. മകളുടെ വിവാഹമറിയിക്കാന്‍ വിളിച്ചതാണ്. ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം പലരുടെയും സ്വരങ്ങള്‍ കേട്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞുപോയി. അച്ചാച്ചന്‍മാരും ചേച്ചിമാരും, പിന്നെ കൂടെ കളിച്ചുവളര്‍ന്നവരും. എന്റെ കുഞ്ഞുകുഞ്ഞോര്‍മകളില്‍, ഒപ്പം ചിരിച്ചവരും കരഞ്ഞവരും അവരില്‍പ്പെടുന്നു.

107
'റോസ് അണ്ടര്‍ ഫയര്‍'

കഴിഞ്ഞ കുറേ ദിവസങ്ങളായി എലിസബത്ത് ഇ വെയ്ന്‍ എഴുതിയ 'റോസ് അണ്ടര്‍ ഫയര്‍' എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പലപ്പോഴും ബാക്കി വായിക്കാന്‍ കഴിയാതെ അടച്ചുവച്ച ബുക്ക് വീണ്ടും തുറന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തടവുകാരിയായി പിടിക്കപ്പെട്ട റോസിന്റെയും കൂട്ടുകാരികളുടെയും കഥയാണത്. പന്ത്രണ്ടു വയസ്സില്‍ പ്ലെയിന്‍ പറത്തിത്തുടങ്ങിയ റോസ്, അമേരിക്കന്‍ എയര്‍ഫോഴ്‌സില്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റായിരുന്നു. എഴുത്തുകാരിയും മെഡിക്കല്‍ സ്റ്റുഡന്റുമായിരുന്ന റോസ്, നാസികളുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ കണ്ടതും അനുഭവിച്ചതും വിവരിക്കുന്ന 'ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍'.
റോഷേല്‍ എയര്‍ഫോഴ്‌സിലായിരുന്ന സമയത്ത്, ചില നിമിഷങ്ങളില്‍ എനിക്കുണ്ടായ പേടി അക്ഷരങ്ങളായി മുമ്പില്‍ വന്നതുപോലെ! അവളുടെ, നാലു വര്‍ഷത്തെ പട്ടാളവാസം അവസാനിക്കാറായപ്പോഴാണ്, ഉത്തരകൊറിയയുമായുള്ള യുദ്ധസാധ്യത തെളിഞ്ഞുവന്നത്. ആവശ്യമെങ്കില്‍ മിലിട്ടറിയില്‍ തുടരാന്‍ തയ്യാറാണെന്ന് അവള്‍ എഴുതിക്കൊടുത്തതായി പറഞ്ഞപ്പോള്‍ വിഷമം തോന്നിയെങ്കിലും അത്ഭുതപ്പെട്ടില്ല. അമേരിക്കന്‍ പട്ടാളക്യാമ്പുകളിലൂടെ ഒരിക്കല്‍ അവള്‍ക്കൊപ്പം സഞ്ചരിച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത്, അവളുടെ കാറില്‍ നമ്മുടെ ദേശീയപതാക പാറിക്കളിക്കുന്നതായിരുന്നു!

നോയൽ

108
മനസ്സ് ശരീരത്തെ ജയിക്കുമ്പോള്‍

ഇന്നലെ രാത്രി കിടക്കുന്നതിനുമുമ്പ്, പതിവില്ലാതെ ചില കാര്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, അത്യാവശ്യം സുഖമായിക്കഴിയാന്‍ എത്രപേര്‍ക്കു കഴിയുന്നുണ്ടാകും?
ആ ചിന്തയ്ക്ക് അധികം ആയുസ്സുണ്ടായില്ല. രാത്രിയിലെപ്പോഴോ ഇടതുകാല്‍ പണിമുടക്കി. അനക്കാന്‍ പറ്റാത്ത വേദന! സ്വപ്നമാണോ സത്യമാണോ എന്നു തിരിച്ചറിയാന്‍ സാധിക്കാഞ്ഞതിനാല്‍ വീണ്ടും കിടന്നുറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍, വേദന കടുത്തു ഞെട്ടിയുണര്‍ന്നു. സംഭവം സത്യമാണോ എന്നറിയാന്‍ ഒന്നെഴുന്നേറ്റുനോക്കാന്‍ തീരുമാനിച്ചു. ഇടതുകാലിനു നല്ല വേദന. ആരെയുമുണര്‍ത്താതെ, താഴെപ്പോയി ഒരു കാപ്പി കുടിക്കണമെന്നു തോന്നി. പടികള്‍വരെ ഒരു തരത്തിലെത്തി. ഏതു സ്ട്രാറ്റജി ഉപയോഗിച്ചാല്‍ അധികം വേദനയില്ലാതെ പടികളിറങ്ങാം എന്നാലോചിച്ച്, കുറച്ചുനേരം അവിടെത്തന്നെ നിന്നു. പിന്നെ രണ്ടുംകല്‍പ്പിച്ച്, കഷ്ടപ്പെട്ടു പടികളിറങ്ങി.
ഒരടി വയ്ക്കാതെ എങ്ങനെ കോഫിയുണ്ടാക്കാം എന്നതായി അടുത്ത ചിന്ത. കൈകള്‍ നീട്ടിക്കുത്തി കാര്യം സാധിച്ചു. ഇനിയത്തെ കടമ്പ അല്‍പ്പം കടുപ്പമുള്ളതാണ്. കോഫിയുമായി സോഫയില്‍ പോയിരിക്കണം! സര്‍ക്കസുകാരെപ്പോലെ അഭ്യാസം നടത്തി, അതിലും വിജയംവരിച്ചു!
എനിക്കു സുഖമില്ലാതിരിക്കുന്നതു മക്കള്‍ ഇന്നേവരെ കണ്ടിട്ടില്ല. അവര്‍ രാവിലെ എഴുന്നേറ്റുവരുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നു വെറുതെ ആലോചിച്ചു. എന്റെ ചിന്തകള്‍ക്കു വിപരീതമായി, രണ്ടാളും നല്ല തമാശമൂഡിലായിരുന്നു! എന്നെ ഓഫീസ് ചെയറിലിരുത്തി തള്ളിക്കൊണ്ടുനടന്നും കളിയാക്കിച്ചിരിച്ചുമൊക്കെ ഗംഭീരമായി ആഘോഷിച്ചു. തമ്പി പ്രഭാതഭക്ഷണമുണ്ടാക്കിത്തന്നിട്ടു ജോലിക്കു പോയി.
നോയല്‍ കൊച്ചുപെണ്ണിനെ ഹോഴ്‌സ് റൈഡിംഗിനു കൊണ്ടാക്കി തിരിച്ചുവന്നപ്പോള്‍ ഞാന്‍ ബിരിയാണിയുടെ പണിപ്പുരയിലായിരുന്നു. അവന്‍ അല്‍പ്പമൊന്നമ്പരന്നപ്പോള്‍ ഞാനവനോടു പറഞ്ഞു, 'എന്റെ ഒരു കാലല്ലേ പണിമുടക്കിയുള്ളു, മറ്റേ കാലും രണ്ടു കൈകളും വര്‍ക്കിംഗ് കണ്ടീഷനിലാണല്ലോ' എന്ന്. അപ്പോള്‍ അവന്‍ ചോദിക്കുകയാണ്, 'എന്നിട്ടെന്താ ഇന്നുരാവിലെ ഒന്നുമെഴുതി പോസ്റ്റ് ചെയ്യാതിരുന്നത്' എന്ന്!

109
സ്ഥിരോത്സാഹത്തിന്റെ പഴങ്ങള്‍

അബുദാബിയില്‍ ഒരു കൊച്ചു ഷെയ്ക്കിന്റെ പ്രൗഢിയില്‍ വളര്‍ന്ന നോയല്‍, അമേരിക്കയിലെ ആദ്യവര്‍ഷങ്ങളിലുണ്ടായ ചില പ്രതിസന്ധികളില്‍ ഏറെ നീറിയിട്ടുണ്ടാവണം. ചെറുപ്പംമുതല്‍ എല്ലാ സ്‌ക്കൂളുകളിലും ചേച്ചിയുടെ സംരക്ഷണത്തില്‍ അവന്‍ വലിയ സുരക്ഷിതത്വമനുഭവിച്ചിരുന്നു. ഇവിടെ ഒറ്റപ്പെട്ടുപോയ അവന്റെയുള്ളില്‍ കടന്നുകൂടിയ സ്പാര്‍ക്കായിരുന്നു, മിലിട്ടറിയില്‍ ചേരുക എന്നത്. അതറിഞ്ഞ് അന്തംവിട്ട ചേച്ചി, അവനുവേണ്ടി കൂടുതല്‍ പട്ടാളവിവരങ്ങള്‍ അന്വേഷിച്ചുതുടങ്ങി. എഴുത്തുപരീക്ഷയില്‍, നോയല്‍ നല്ല മാര്‍ക്കോടെ പാസ്സായി, എയര്‍ഫോഴ്‌സില്‍ ചേരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അവസാനനിമിഷം, കണ്ണിന്റെ പ്രശ്‌നം കാരണം പ്രവേശനം തടസ്സപ്പെട്ടു. പിന്നീടു നേവിയില്‍ ചേരാനുള്ള ആലോചനയായി. ദിവസവും നാലുമണിക്കുണര്‍ന്നു നീന്തല്‍ പരിശീലിച്ചു. കണ്ണിന്റെ പ്രശ്‌നം അവിടെയും വില്ലനായി. അതോടെ കോളേജില്‍ ചേര്‍ന്നു വാശിയോടെ പഠിച്ചു.
ഇതിനിടെ ചേച്ചി മിലിട്ടറിയില്‍ ചേര്‍ന്ന്, ബൂട്ട് ക്യാമ്പിനും ട്രെയിനിംഗിനും ശേഷം അരിസോണയിലെ റ്റൂസാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ ജോലിയിലായി. പിന്നെ ഒട്ടും താമസിച്ചില്ല, അരിസോണ യൂണിവേഴ്‌സിറ്റിയില്‍ ജോയിന്‍ ചെയ്ത്, അവന്‍ ചേച്ചിയുടെകൂടെ താമസമാക്കി. ലേസിക് ചെയ്തു കണ്ണിന്റെ പ്രശ്‌നം പരിഹരിച്ചു. പഠനംകഴിഞ്ഞ്, നല്ല ജോലികിട്ടി കാലിഫോര്‍ണിയയില്‍ വന്നു.
ചേച്ചിക്കു കൂട്ടായി ഹെന്‍ട്രിയെ കിട്ടിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതു നോയലാണ്. കാരണം, ഹെന്‍ട്രിയും അവനും 'ബെസ്റ്റ് ബഡീസ്' ആണ്!
ഡാഡിയുടെ ഫൈനാന്‍സ് അഡൈ്വസറും മമ്മിയുടെ സേര്‍ച്ച് എന്‍ജിനും ചേച്ചിയുടെ എന്റര്‍ടെയ്‌നറും കൊച്ചുപെങ്ങളുടെ സ്റ്റഡി ഗൈഡുമൊക്കെയായ ഒറ്റമൂലിയാണവന്‍; അടുത്തായാലും അകലെയായാലും!

read more: https://emalayalee.com/writer/225

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക