MediaAppUSA

പള്ളി പൊതുയോഗങ്ങള്‍, കലക്കൽ വിദഗ്ദർ (ലേഖനം, പോൾ ചാക്കോ)

Published on 26 July, 2022
 പള്ളി പൊതുയോഗങ്ങള്‍, കലക്കൽ  വിദഗ്ദർ (ലേഖനം, പോൾ ചാക്കോ)

പള്ളി പൊതുയോഗങ്ങള്‍.

പേര്‌ പോലെ തന്നെ ഇടവക ജനങ്ങള്‍ക്ക്‌ വേണ്ടി കാലാകാലങ്ങില്‍
നടത്തുന്ന യോഗമാണ്‌ പള്ളികളിലെ പൊതുയോഗം. പാരീഷ്‌
കൌണ്‍സില്‍ മീറ്റിങ്ങില്‍ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ മാത്രം
പങ്കെടുക്കുമ്പോള്‍ പൊതുയോഗത്തില്‍ ഇടവക സമൂഹം ഒന്നടങ്കം
പങ്കെടുക്കാം. പൊതു താല്‍പര്യമുള്ള വിഷയങ്ങളും സെക്രട്ടറിയുടെ
റിപ്പോര്‍ട്ടും അക്കൗണ്ട്‌സ്‌ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിയും വേറെ
ട്രസ്റ്റിമാര്‍ ഉണ്ടെങ്കില്‍ അവരുടെ റിപ്പോര്‍ട്ടുകളും പൊതുയോഗങ്ങളില്‍
അവതരിപ്പിക്കുക സര്‍വ്വസാധാരണമാണ്‌. പിന്നീട്‌ യോഗത്തില്‍
അതിനെപ്പറ്റിയുള്ള ചൂടുപിടിച്ച ചര്‍ച്ചയും വാക്കുതര്‍ക്കവും
ചിലപ്പോള്‍ കൈയേറ്റവും പൊതുയോഗങ്ങളില്‍ കഴ്‌ച്ചവക്കാറുണ്ട്‌,
എല്ലായിടത്തും അല്ലെങ്കിലും.

പൊതുയോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഇടവകാംഗം ആയിരിക്കണം
എന്നതാണ്‌ ഒരു മാനദണ്ഡം. അവര്‍ പള്ളീല്‍ ആക്‌റ്റീവ്‌ ആണോ
അല്ലയോ എന്നതില്‍ പ്രസക്തി ഇല്ലാന്ന്‌ തോന്നുന്നു. അതുകൊണ്ട്‌ തന്നെ ഈ അവസരം മുതലാക്കാന്‍ ചില വ്യക്തികള്‍ ശ്രമിക്കാറുണ്ട്‌.
വാവിനും ചങ്ക്രാന്തിക്കും മാത്രം പള്ളീല്‍ പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടരുടെ
ഉദ്ദേശം പലതാണ്‌; ആവശ്യമില്ലാത്തിടത്ത്‌ അപ്രസക്തമായ
വിഷയങ്ങളില്‍ കേറി പിടിച്ച്‌ യോഗത്തില്‍ ക്രമസമാധാനം
നശിപ്പിക്കുക. ആളാവാന്‍ ശ്രമിക്കുക. അലമ്പുണ്ടാക്കുക.
വിശ്വാസികളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുക, അവരെ
തമ്മിലടിപ്പിക്കുക.

അവര്‍ ഉയര്‍ത്തി കാട്ടുന്ന വിഷയങ്ങള്‍ അവര്‍ക്കോ യോഗത്തില്‍
പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കോ യാതൊരു വിധത്തിലും ബാധിക്കുന്ന
വിഷയങ്ങള്‍ ആവില്ല. എന്നാല്‍ ക്രമാസമാധാനക്കേടിന്റെ ഒരന്തരീഷം സൃഷ്ടിച്ച്‌ മലപ്പടക്കത്തിന്‌ തീ കൊടുത്തിട്ട്‌ അവര്‍ മുങ്ങും.
കണക്കില്‍ കാണുന്ന ഏതെങ്കിലും ഒരു ചെറിയ വിഷയമാവും ഇവര്‍
തലനാരിഴ കീറി പരിശോധിക്കാന്‍ ഉയര്‍ത്തി പിടിക്കുക. യോഗത്തില്‍
പങ്കെടുക്കുന്ന മറ്റ്‌ ഇടവകാംഗങ്ങള്‍ക്ക്‌ അയാള്‍ ഉയര്‍ത്തി കാട്ടുന്ന
വിഷയം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണെന്ന്‌ തോന്നിയില്ലെങ്കിലും
ഈ മാന്യന്മാര്‍ അവരുടെ വാദഗതികളില്‍ കടിച്ചു തൂങ്ങി കിടക്കും.
ചര്‍ച്ച ചൂടുപിടിച്ചാല്‍ പിന്നെ അവരെ മഷിയിട്ട്‌ നോക്കിയാല്‍
കാണില്ല. തര്‍ക്കത്തിലേക്ക്‌ മറ്റുള്ള നിരപരാധികള്‍ അവര്‍ പോലും
അറിയാതെ വലിച്ചിഴക്കപ്പെടുമ്പോഴേക്ക്‌ ചര്‍ച്ചക്ക്‌ തുടക്കമിട്ട
വിമര്‍ശകന്‍ സ്ഥലം കാലിയാക്കിയിരിക്കും.

ഈ ചര്‍ച്ചയും ട്രസ്റ്റികളെ പ്രതിസ്ഥാനത്ത്‌ നിറുത്തിയുള്ള ചോദ്യം
ചെയ്യലും പലപ്പോഴും നിര്‍ദ്ധിഷ്ട സമയത്തിലും അപ്പുറത്തായിരിക്കും.
അഞ്ചു മിനിറ്റ്‌ കൊണ്ട്‌ ചര്‍ച്ച ചെയ്‌തവസാനിപ്പിക്കേണ്ട വിഷയം
മണിക്കൂറുകള്‍ വലിച്ചു നീട്ടാനും ട്രസ്റ്റികളെയും സെക്രട്ടറിയേയും
വിയര്‍പ്പിക്കാനും അവര്‍ക്ക്‌ യാതൊരു സങ്കോച്ചവുമില്ല.
ഇക്കൂട്ടര്‍ക്ക്‌ ഇതുകൊണ്ട്‌ കിട്ടുന്ന പ്രയോജനം, ആശ്വാസം, സന്തോഷം,
സായൂജ്യം എന്താണെന്ന്‌ ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും കിട്ടുന്നില്ല.

ഒരു പള്ളിയുടെ കൈക്കാരനാവുക, സെക്രട്ടറി ആവുക, അല്ലേല്‍
ഫുഡ്‌ കമ്മിറ്റി ചെയര്‍മാനാവുക എന്നതൊന്നും അത്ര ഈസിയായ
കാര്യങ്ങളല്ല. അവര്‍ക്കുമുണ്ട്‌ വീടും കൂടും കുടുംബവും ജോലിയും
പേഴ്‌സണല്‍ ലൈഫും മറ്റും. സ്വന്തം വീട്‌ ഓടിക്കുന്നതിനേക്കാള്‍
ക്ലേശകരവും അധ്വാനം നിറഞ്ഞതുമാണ്‌ ഒരു പള്ളി ട്രസ്റ്റിയുടെ
ചുമതലകള്‍. വീട്ടില്‍ ഒരു പൈപ്പ്‌ പൊട്ടിയാല്‍ അതിന്‍റെ
അറ്റകുറ്റപ്പണികള്‍ പിന്നത്തേക്ക്‌ വക്കാം പക്ഷെ പള്ളീല്‍ ഒരു പൈപ്പ്‌
പൊട്ടിയാല്‍, അല്ലെങ്കില്‍ മഞ്ഞു വീണ്‌ പാര്‍ക്കിംഗ്‌ ലോട്ട്‌
ഉപയോഗശൂന്യമായാല്‍ അതിനുടനെ പരിഹാരം കാണുക, പള്ളിയില്‍
പിരിഞ്ഞു കിട്ടുന്ന പണം പല കാറ്റഗറിയായി തിരിക്കുക, അവ
അക്കൗണ്ടില്‍ ചേര്‍ക്കുക, പണം ബാങ്കില്‍ നിക്ഷേപിക്കുക, കണക്ക്‌
ടാലി ആയില്ലെങ്കില്‍ മണിക്കൂറുകളോളം മിനക്കെട്ട്‌ അത്‌ ടാലി
ആക്കുക എന്നിങ്ങനെ ഉള്ള ജോലികള്‍ ട്രസ്റ്റിമാരാണ്‌ സ്വന്തം വീട്ടില്‍
ചെയ്യുന്നതിനേക്കാള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത്‌ ചെയ്യുക.

സ്വന്തം കുടുംബവുമായി സന്തോഷത്തില്‍ ചെലവഴിക്കേണ്ട വിലപ്പെട്ട
സമയമാണ്‌ പള്ളിക്ക്‌ വേണ്ടിയും പള്ളിക്കാര്‍ക്ക്‌ വേണ്ടിയും ഇവര്‍
വിനിയോഗിക്കുന്നത്‌. അവരും മനുഷ്യരാണ്‌. അവര്‍ക്കുമുണ്ട്‌ ജീവിതം.
അവരെ ചോദ്യം ചോദിച്ചു ഉത്തരം മുട്ടിക്കാനും വിയര്‍പ്പിക്കാനും
ആര്‍ക്കാണ്‌ അവകാശം കൊടുത്തത്‌. അല്ലെങ്കില്‍ ചോദ്യം ചെയ്യാന്‍
വരുന്നവര്‍ ഈ ജോലി ഏറ്റെടുത്ത്‌ കൊണ്ടുപോകുക.

ട്രസ്റ്റി തൊഴിലില്‍ നിന്നും സമ്പാദിച്ച്‌ വീട്ടില്‍ കൊണ്ടോകാനോ
ബാങ്കില്‍ നിക്ഷേപിച്ച്‌ അക്കൗണ്ട്‌ ബാലന്‍സ്‌ കൂട്ടാനോ പുതിയ
വണ്ടികള്‍ മേടിക്കാനോ ഒന്നുമല്ലല്ലോ ഈ അധ്വാനം.
പള്ളിക്കാശുകൊണ്ട്‌ കൊട്ടാരം പണിത ആരേയും ഇതുവരെ കണ്ടിട്ടില്ല.
പ്രതിഫലമായി മനുഷ്യരുടെ പരിഹാസവും മേല്‍പ്പറഞ്ഞ

വിധത്തിലുള്ള ചോദ്യം ചെയ്യലും സാമ്പത്തിക/സമയ/ആരോഗ്യ
നഷ്ട്‌ടവും മാത്രമാണ്‌ പള്ളി കമ്മിറ്റിക്കാര്‍ക്കുള്ള നീക്കിയിരുപ്പ്‌.
പലപ്പോഴും പള്ളി ആവശ്യങ്ങള്‍ക്കായി സ്വന്തം പോക്കറ്റില്‍ നിന്നും
പണം ചിലവക്കാറുണ്ട്‌ എന്നാല്‍ അവയൊന്നും കണക്കു നിരത്തി
എഴുതി മേടിക്കാറില്ലവര്‍. നഷ്ട്‌ടം അവര്‍ക്ക്‌ തന്നെ ആണെങ്കിലും
ട്രസ്റ്റിയായിരിക്കുക എന്നത്‌ ലാഭവും നഷ്ട്‌ടവും നോക്കി ചെയ്യുന്ന ഒരു
ബിസിനസ്‌ അല്ലാത്തതിനാല്‍ അവരത്‌ സഹിക്കുന്നു എന്ന്‌ മാത്രം.

ഫുഡ്‌ കമ്മിറ്റിയുടെ കാര്യം എടുത്താല്‍ അതും കഷ്ടമാണ്‌.
പള്ളിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചിട്ട്‌ പായസത്തിന്‌
പുളി പോരാ, പഴത്തിന്‌ ഉപ്പില്ലാ എന്നിങ്ങനെയുള്ള കുറ്റോം പറഞ്ഞ്‌
മറ്റുള്ളവര്‍ കഴിച്ചു തീരുന്നതിന്‌ മുന്‍പ്‌ വീട്ടിലേക്ക്‌ പൊതിഞ്ഞു കെട്ടി
പോകുന്ന മാന്യര്‍ ഭക്ഷണ പിരിവിന്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നതും
ഹാള്‍ വൃത്തിയാക്കാന്‍ ഒരു കൈ സഹായം പോലും ചെയ്യാതെ
ഒഴിഞ്ഞുമാറി നില്‍ക്കുന്നതും പതിവ്‌ കാഴ്‌ച്ചയാണ്‌. ട്രസ്റ്റിമാരെ
പോലെയും സെക്രട്ടറിയെ പോലെയും ഫുഡ്‌ കമ്മിറ്റിയും ഒരു
സേവനമാണ്‌. പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്ന ഒരു സേവനം.

പള്ളി ഒരു കമ്യൂണിറ്റിയാണ്‌. അച്ചനും അള്‍ത്താര ശുശൂഷികളും
ഗായകസംഘവും ട്രസ്റ്റിമാരും സെക്രട്ടറിയും ഫുഡ്‌ കമ്മിറ്റിയും മറ്റു
പോഷക സംഘടനകളും ഇടവക ജനങ്ങളും ഒത്ത്‌ ചേര്‍ന്ന്‌
ഒരുമയോടെ പ്രവര്‍ത്തിക്കേണ്ട ഒരു കമ്യൂണിറ്റി. അവിടെ ആരും
ആരുടേയും അടിമകളല്ല. ആരും മിടുക്കന്മാരും മിടുക്കികളുമല്ല.
പരസ്‌പരം ബഹുമാനിക്കുക.
വന്ദിച്ചില്ലേലും നിന്ദിക്കരുത്‌.

Yogamkalakki 2022-07-26 16:34:08
With all that, these people want to stick on or want to continue those positions again and again or permanently. Why? Other thing the Vicari achans enjoy all sorts of facility, power, money, respect, and live and act like a a super king. They spent lot of money without much work. These clergy should be controlled.
Vayanakkaran 2022-07-27 03:30:51
ഈ വിഷയം ഈമലയാളിയിൽ പരസ്യപ്പെടുത്തുന്നത് എന്തിനാണ്? ഇതിൽ പൊതു ജനത്തിനെന്തു കാര്യം? പള്ളിയിലെ ട്രസ്റ്റിയോ സെക്രട്ടറിയോ ആയി സ്ഥാനമേൽക്കുന്നത് അവർക്കു താത്പര്യം ഉണ്ടായിട്ടാണ്. ആരും പിടിച്ചു തലയിൽ വയ്ക്കുന്നതല്ലല്ലോ. ഏറ്റെടുത്താൽ ആ ജോലി ഉത്തരവാദത്തോടു കൂടി ചെയ്യണം. പിന്നെ എന്തിനാണ് കിടന്നു മോങ്ങുന്നത്? ഒരു പള്ളിയിൽ എന്തോ പ്രശ്നമുണ്ടെന്നു കരുതി അതൊരു ആഗോള പ്രശ്നമാണെന്ന രീതിയിൽ എഴുതിയ ലേഖകന്റെ ദുരുദ്ദേശപരമായ ലക്‌ഷ്യം ആരെയോ വ്യ്ക്തിപരമായി ഉദ്ദേശിച്ചാണെന്നു വ്യക്തം. ദയവായി ഇങ്ങനെയുള്ള കാര്യങ്ങൾ അവിടെത്തന്നെ തീർക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക